ഉഡ്താ പഞ്ചാബിന്റെ വ്യാജ പതിപ്പ് പ്രചരിച്ചതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡാണെങ്കില്‍ വലിയ നാണക്കേട്: ആമിര്‍ ഖാന്‍

ഉഡ്താ പഞ്ചാബിന്റെ ഓണ്‍ലൈനില്‍ പുറത്തിറങ്ങിയ പതിപ്പ് സെന്‍സര്‍ കോപ്പിയാണോ എന്ന് തനിക്ക് ഉറപ്പില്ല. ഇനി അത് സെന്‍സര്‍ കോപ്പിയാണെങ്കില്‍ ഏറ്റവും നാണംകെട്ട കാര്യമാണത്.

ഉഡ്താ പഞ്ചാബിന്റെ വ്യാജ പതിപ്പ് പ്രചരിച്ചതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡാണെങ്കില്‍ വലിയ നാണക്കേട്: ആമിര്‍ ഖാന്‍

ലുധിയാന: ബോളുവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് പിന്തുണയുമായി നടന്‍ ആമിര്‍ ഖാന്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പുറത്തായതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡാണെങ്കില്‍ ഏറ്റവും നാണംകെട്ട കാര്യമാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ചിത്രം തിയേറ്ററില്‍ പോയി കാണണമെന്ന് നേരത്തേ ആമിര്‍ ഖാന്‍ ട്വിറ്ററിലൂടെ പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു.

ഉഡ്താ പഞ്ചാബിന്റെ ഓണ്‍ലൈനില്‍ പുറത്തിറങ്ങിയ പതിപ്പ് സെന്‍സര്‍ കോപ്പിയാണോ എന്ന് തനിക്ക് ഉറപ്പില്ല. ഇനി അത് സെന്‍സര്‍ കോപ്പിയാണെങ്കില്‍ ഏറ്റവും നാണംകെട്ട കാര്യമാണത്. സെന്‍സര്‍ബോര്‍ഡിന്റെ പ്രതിച്ഛായയെ മോശമായി അത് ബാധിക്കും. സിനിമാ മേഖല വളരെ കാലമായി നേരിടുന്ന വെല്ലുവിളിയാണ് വ്യാജ പതിപ്പെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.


ഉഡ്താ പഞ്ചാബിന് അനുകൂല വിധി കോടതിയില്‍ നിന്നും ലഭിച്ചതിന് പിന്നാലെയാണ് നിരവധി ടൊറന്റ് വെബ്‌സൈറ്റുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യേക്ഷപ്പെട്ടത്. സെന്‍സര്‍ കോപ്പി എന്ന് എഴുതിയ പതിപ്പാണ് പ്രചരിക്കുന്നത്. സെന്‍സര്‍ബോര്‍ഡില്‍ നിന്നാണ് സിനിമ ചോര്‍ന്നത് എന്ന ആരോപണം ശക്ത മായത് ഇതേ തുടര്‍ന്നാണ്.

സെന്‍സര്‍ബോര്‍ഡുമായുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ യുദ്ധത്തില്‍ ബോളിവുഡ് ഒന്നടങ്കം ചിത്രത്തിനൊപ്പം നിന്നിരുന്നു. ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്ന അഭ്യര്‍ത്ഥനയുമായി ബോളിവുഡിലെ പ്രശസ്തരായ താരങ്ങളും രംഗത്തെത്തി. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ആമിര്‍ ഖാന്റെ പ്രതികരണം.