ഇടുക്കി ആർച്ച് ഡാമിന് വെള്ളച്ചായം പൂശുന്നു

1976ൽ ആണ് ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്തത്. കമ്മിഷൻ ചെയ്തശേഷം ആദ്യമായാണ് ആർച്ച് ഡാമിന്റെ പ്രതലത്തിൽ പെയിന്റടിക്കുന്നത്.

ഇടുക്കി ആർച്ച് ഡാമിന് വെള്ളച്ചായം പൂശുന്നു

തൊടുപുഴ: ഇടുക്കി ആർച്ച് ഡാമിന് വെള്ളച്ചായം പൂശുന്നു. അണക്കെട്ടിലേക്കുള്ള ചൂട് പ്രതിരോധിക്കാനും ഡാമിലേക്കുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം ഉറപ്പാക്കാനുമാണ് വെള്ളച്ചായംതന്നെ തിരഞ്ഞെടുത്തത്.ഇടുക്കി അണക്കെട്ടിന്റെ അടിസ്ഥാനത്തിൽ നിർമിച്ച (ഫൗണ്ടേഷൻ ഹോളിൽ) ദ്വാരങ്ങളിൽ കാൽസിയം നിക്ഷേപം അടിഞ്ഞത് നീക്കംചെയ്യുന്ന ജോലികൾ പുരോഗമികയാണ് ഇപ്പോള്‍. കാലവർഷത്തിനു ശേഷം പെയിന്റിങ് നടത്താനാണു കെഎസ്ഇബിയുടെ തീരുമാനം.

പെയിന്റിങ് ജോലികൾക്ക് ഒരുകോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാണു വൈറ്റ് റിഫ്ലക്ടീവ് പെയിന്റ് എത്തിക്കുക. 1976ൽ ആണ് ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്തത്.  കമ്മിഷൻ ചെയ്തശേഷം ആദ്യമായാണ് ആർച്ച് ഡാമിന്റെ പ്രതലത്തിൽ പെയിന്റടിക്കുന്നത്. ഇടുക്കി കൂടാതെ ചെറുതോണി, കുളമാവ്, കല്ലാർ, ഇരട്ടയാർ എന്നിവയാണു ജില്ലയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് അണക്കെട്ടുകൾ.  ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്‌ഥാനത്ത് കെഎസ്ഇബി, ജലവിഭവവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള 53 അണക്കെട്ടുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണു ഈ പദ്ധതി നടത്തുന്നത്.  അണക്കെട്ടുകളുടെ നവീകരണത്തിന് 300 കോടി രൂപയാണു ചെലവു വരിക. 80 ശതമാനം ലോകബാങ്ക് വായ്‌പയായി അനുവദിക്കും. 45 വർഷത്തിനകം തിരിച്ചടച്ചാൽ മതിയെന്നാണ് കരാർ.

കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ പ്രതലത്തിൽ പെയിന്റ് ചെയ്യേണ്ടെന്നാണു കെഎസ്ഇബി തീരുമാനം. ഇടുക്കി ആർച്ച് ഡാമിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരീക്ഷണ ക്യാമറകളും, ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിക്കാനും ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും തീരുമാനിച്ചു. ലോകബാങ്ക് നിർദേശം അനുസരിച്ച് നവീകരണ പ്രവർത്തനങ്ങൾ 2018 ജൂണിനകം പൂർത്തിയാകും.