ഹോമിയോ ചികിത്സ ഫലപ്രദമാകുന്നത് എങ്ങനെ

ഹോമിയോ മുതലായ കപട ചികിത്സാ രീതികൾക്ക് നമ്മുടെ നാട്ടിൽ വ്യാപകമായ പ്രചാരം ലഭിക്കുന്നുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്ന ശാസ്ത്ര പ്രചാരകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആളുകളുടെ അനുഭവ സാക്ഷ്യങ്ങളാണ്. ഹോമിയോപതിയുടെ അശാസ്ത്രീയത എത്ര വിവരിച്ചു കൊടുത്താലും ആളുകൾക്ക് അവരുടെയോ അവരുടെ അടുത്ത ആളുകളുടെയോ അനുഭവങ്ങളെ തള്ളി കളയാനാകില്ലല്ലോ. അഭിനന്ദ് എം എഴുതുന്നു.

ഹോമിയോ ചികിത്സ ഫലപ്രദമാകുന്നത് എങ്ങനെ

അഭിനന്ദ് എം

പഠനങ്ങൾ നടത്തിയും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയും അറിവുകൾ പരിഷ്‌കരിച്ചും തിരുത്തിയും കൂടുതൽ മികവുറ്റതാക്കിയും ഒക്കെയാണ് ശാസ്ത്രീയമായ രീതിയിൽ ആധുനിക വൈദ്യ ശാസ്ത്രം പുരോഗമിക്കുന്നത്. അതി സങ്കീർണ്ണമായ രോഗചികിത്സയും ശസ്ത്രക്രിയകളും എല്ലാം അടങ്ങുന്ന ആധുനിക വൈദ്യശാസ്ത്ര ചികിത്സ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഫലപ്രദമായ മുഖ്യധാരാ ചികിത്സാ രീതിയാണ്.

ഏത് ചികിത്സയോ മരുന്നോ ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അത് പിന്നെ മുഖ്യധാരാ ചികിത്സയുടെ ഭാഗമാകും. എന്നാൽ Alternative ചികിത്സാ രീതികൾ എന്നറിയപ്പെടുന്ന ഹോമിയോ മുതലായവക്ക് മുഖ്യധാരാ ചികിത്സയുടെ ഭാഗമാകാൻ കഴിയാത്തത് അതിന് ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇല്ലാത്തത് കൊണ്ടാണ്.

ഇവയെ സ്യൂഡോ സയൻസ്(Pseudo Science) അഥവാ കപടശാസ്ത്രം ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇവയുടെ അശാസ്ത്രീയതയെ പറ്റി കൂടുതലായി ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ അറിയാൻ ഇന്ന് വളരെ എളുപ്പം സാധ്യമാണ്.

ഇവിടെ പറയാനുദ്ദേശിക്കുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്

ഹോമിയോ മുതലായ കപട ചികിത്സാ രീതികൾക്ക് നമ്മുടെ നാട്ടിൽ വ്യാപകമായ പ്രചാരം ലഭിക്കുന്നുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്ന ശാസ്ത്ര പ്രചാരകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആളുകളുടെ അനുഭവ സാക്ഷ്യങ്ങളാണ്. ഹോമിയോപതിയുടെ അശാസ്ത്രീയത എത്ര വിവരിച്ചു കൊടുത്താലും ആളുകൾക്ക് അവരുടെയോ അവരുടെ അടുത്ത ആളുകളുടെയോ അനുഭവങ്ങളെ തള്ളി കളയാനാകില്ലല്ലോ.

തനിക്കോ തൻറെ സുഹൃത്തിനോ ബന്ധുക്കൾക്കോ ഉണ്ടായ രോഗം ഭേധമാക്കാൻ ഹോമിയോ മരുന്നിന് ആയിട്ടുണ്ട് എന്ന അനുഭവത്തെ അവർക്ക് എങ്ങനെ തള്ളി കളയാനാകും? രോഗം ഭേധപ്പെട്ടു അല്ലെങ്കിൽ അതിന് ഒരു ശമനം വന്നു എന്ന അനുഭവം അവരിൽ ഹോമിയോ ചികിത്സയോടുള്ള വിശ്വാസം രൂഡമൂലമാക്കുന്നുണ്ട്. ഈ അടിയുറച്ച വിശ്വാസത്തിൻറെ പശ്ചാത്തലത്തിൽ ഹോമിയോയുടെ അശാസ്ത്രീയത എത്രത്തോളം നമ്മൾ വിവരിക്കുന്നുവോ അത്രത്തോളം ആധുനിക ശാസ്ത്രത്തിൻറെ കഴിവിലുള്ള വിശ്വാസം അവർക്ക് നഷ്ടമാവുകയാണ് ചെയുന്നത്. ശാസ്ത്രത്തിന് മനസ്സിലാക്കാൻ പറ്റുന്നതിനും അപ്പുറമുള്ള എന്തോ ഹോമിയോ ചികിത്സയിൽ ഉണ്ട് എന്നാണ് അവർ മനസ്സിലാക്കുക. ഇത് കൊണ്ടാണ് പലപ്പോഴും ബോധവത്കരണ ശ്രമങ്ങൾ പരാജയപ്പെടുന്നത്.

അത് കൊണ്ട് ആദ്യം ചോദ്യം ചെയേണ്ടത് ഇത്തരം അനുഭവങ്ങളുടെ ആധികാരികതയാണ്. ചികിത്സക്ക് ഒരു ഫലവും ഉണ്ടായില്ലെങ്കിൽ പോലും, ഫലം ഉണ്ടായി എന്ന അനുഭവം വിശ്വാസയോഗ്യമായ രീതിയിൽ സൃഷ്ടിക്കപ്പെടാൻ സാധ്യമാണ് എന്ന വസ്തുത അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. വ്യക്തിതലത്തിലുള്ള അനുഭവങ്ങൾ വസ്തു നിഷ്ടമാകണമെന്നില്ല എന്നും അത്തരം അനുഭവങ്ങളെ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ആധുനിക ശാസ്ത്രം തെളിവുകളായി സ്വീകരിക്കാത്തത് എന്നും കാര്യ കാരണ സഹിതം ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

ഇവിടെ നമ്മൾ പരിശോധിക്കാൻ പോകുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കപട ചികിത്സാ രീതികൾ ഒരാൾക്ക് രോഗ ശമനം വരുത്തി എന്ന തോന്നൽ ഉണ്ടാക്കുന്നത് എന്നാണ്.

1. പല രോഗങ്ങളും സെൽഫ് ലിമിറ്റിംഗ് (Self Limiting) ആണ്. ആ രോഗത്തിന് അതിൻറെ ഒരു സ്വാഭാവിക കാലഗതി (Course) ഉണ്ട്. ഗുരുതരമോ മാരകമോ അല്ലാത്ത ഇത്തരം സെൽഫ് ലിമിറ്റിംഗ് ആയിട്ടുള്ള രോഗങ്ങളുടെ ആ കാലഗതി കഴിഞ്ഞാൽ നമ്മുടെ ശരീരം അതിൻറെ ആരോഗ്യം സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ വീണ്ടെടുക്കും.

ഇത്തരം രോഗങ്ങളുടെ ഘട്ടങ്ങളിൽ (മിക്കവാറും അവസാന ഘട്ടങ്ങളിൽ) ഹോമിയോ മരുന്നു കഴിക്കുന്ന രോഗിക്ക് അതിൻറെ ഫലമായാണ് തനിക്ക് രോഗ ശമനം ഉണ്ടായത് എന്ന തോന്നൽ വരാം. ഈ വിശ്വാസം മനസ്സിൽ ഉറക്കുകയും ചെയാം.

ഇത്തരം സാഹചര്യങ്ങളിൽ ഒരു ചികിത്സാ രീതി ഫലപ്രദമാണെന്ന് തെളിയിക്കണമെങ്കിൽ അതിൻറെ വക്താക്കൾ ചെയേണ്ടത് അവരുടെ ചികിത്സയിലൂടെ രോഗശമനം വന്നവരുടെ സംഖ്യ, ഒരു ചികിത്സയുമില്ലാതെ ആരോഗ്യം വീണ്ടെടുക്കാൻ സാധ്യതയുള്ള രോഗികളുടെ സംഖ്യയെക്കാൽ വലുതാണെന്ന് കാണിക്കണം. ഏതാനും അനുഭവ സാക്ഷ്യങ്ങളല്ല, കൃത്യമായ ഡേറ്റ വെച്ചുള്ള സ്റ്റാറ്റിസ്റ്റിക്‌സ് ആണ് വേണ്ടത്.
2. പല രോഗങ്ങളും ചാക്രികമാണ് (Cyclical).

ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ലെറോസിസ് , പലതരം അലർജ്ജികൾ, വായു സംബന്ധമായ പ്രശ്‌നങ്ങൾ മുതലായവയ്ക് ഉയർച്ച താഴ്ചകളുണ്ട്. സ്വാഭാവികമായും രോഗികൾ ആ സൈക്കിളിൻറെ താഴ്ചഘട്ടത്തിൽ ആണ് ഹോമിയോ മുതലായ കപട ചികിത്സയുടെ സഹായം തേടുന്നത്. ആ സൈക്കിൾ പൂർണ്ണമാകുന്‌പോൾ രോഗിക്ക് രോഗ ശമനം ലഭിച്ചതായി തോന്നാം. ഇങ്ങനെ ആവർത്തിച്ചുള്ള സൈക്കിളുകളിൽ ചികിത്സ തേടുകയും രോഗ ശമനം എന്ന അനുഭവം ആവർത്തിച്ചുറപ്പിക്കുന്നതിനുമുള്ള അവസരം വ്യാജ ചികിത്സകൾക്ക് ലഭിക്കുകയും ചെയുന്നു. മരുന്നിൻറെ ഫലമായല്ല ഈ ശമനം സംഭവിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. രോഗത്തിൻറെ കഷ്ടതകളിൽ നിന്നും ആശ്വാസം ലഭിക്കാനുള്ള മറ്റൊരു പ്രമുഖ കാരണമാണ് പ്ലസീബോ ഇഫക്ട് (Placebo effect). സ്വയം ഉറപ്പിക്കൽ, വിശ്വാസം, പ്രതീക്ഷ, ശ്രദ്ധ തിരിക്കൽ, സ്വയം കണ്ടെത്തുന്ന വ്യാഖ്യാനങ്ങൾ, തുടങ്ങിയവയിലൂടെ ഒരു പ്ലസീബോ, അതായത് ഉപയോഗശൂന്യമായ ഫലമില്ലാത്ത ഒരു മരുന്ന്, നൽകിയ രോഗിക്ക് ഗണ്യമായ ആശ്വാസം അനുഭവിക്കാനാകും. എന്നാൽ ഇത് ഒരിക്കലും രോഗ ചികിത്സയല്ല എന്ന് അറിയണം. മരുന്നിൻറെ ഫലവുമല്ല. പ്ലസീബോ ഇഫക്ടിനെ കുറിച്ച് കൂടുതൽ വായിച്ചറിയാവുന്നതാണ്.

4. ആധുനിക വൈദ്യ ശാസ്ത്ര ചികിത്സയും സമാന്തരമായി കപട ചികിത്സയും ഒരേ സമയം സ്വീകരിക്കുന്ന പതിവ് നമ്മുടെ നാട്ടിൽ ഉണ്ട്. അലോപതി ചികിത്സ നടക്കട്ടെ നമ്മുക്ക് ഹോമിയോയൊ ആയുർവേദമോ ഒരു വശത്ത് ശ്രമിച്ച് നോക്കാം എന്ന് പറയുന്ന രീതി വ്യാപകമാണ്. രോഗി മാത്രമല്ല കപട ചികിത്സകർ തന്നെ പറയുന്ന വാചകമാണ് മുകളിൽ ഉദ്ധരിച്ചത്. ഇത്തരം ഇരട്ട ചികിത്സകൾ നടത്തുക വഴി ആധുനിക ചികിത്സയുടെ ഫലമായി ഉണ്ടാകുന്ന രോഗശമനത്തിൻറെ ക്രെഡിറ്റ് വ്യാജ ചികിത്സക്ക് ചാർത്തി കൊടുക്കാൻ രോഗിയും ചികിത്സകനും വലിയ ഉത്സാഹമായിരിക്കും. ശ്രദ്ധിച്ചാൽ മനസ്സിലാകും.

5. രോഗ നിർണ്ണയത്തിലും (Diagnosis) രോഗ പൂർവ്വ നിരൂപണത്തിലും( Prognosis) വരുന്ന പിഴവുകൾ.
ആധുനിക വൈദ്യ ശാസ്ത്ര പരിശീലനം കിട്ടിയ ഡോക്ടർക്കും രോഗ നിർണ്ണയത്തിൽ പിഴവുകൾ വരാം. അത്തരം തെറ്റായ വിവരം വെച്ച് ഏതെങ്കിലും തീർദ്ധാടനകേന്ദ്രത്തിലോ കപട ചികിത്സകൻറെ അടുത്തോ ചെന്ന് രോഗം ഭേധമായി എന്ന ധാരണയിൽ സാക്ഷ്യം പറയുന്ന സംഭവങ്ങളും ഉണ്ടാകാം. ചിലപ്പോൾ സ്വാഭാവികമായി മാറുന്ന രോഗ ലക്ഷണത്തെ മറ്റൊന്നായി തെറ്റിദ്ധരിച്ചതാകാം.

6. രോഗിയുടെ മനസ്ഥിതിയിൽ/മനോനിലയിൽ ഉണ്ടാകുന്ന ഭാവഭേധങ്ങളെ രോഗശമനമായി തെറ്റിദ്ധരിക്കുന്ന അവസ്ഥകളുണ്ട്. വിശ്വാസ ചികിത്സകരും കപട ചികിത്സകരും പൊതുവെ രോഗിയുടെ മനോനിലയെ സ്വാധീനിക്കാൻ പാകത്തിനുള്ള വ്യക്തിത്വവും വാക്ചാതുരിയും ഉള്ള ആളുകൾ ആയിരിക്കും. ഇവരുടെ പ്രഭാഷണങ്ങൾ രോഗിയുടെ മാനസിക നിലയെ ഉയർത്താൻ സഹായിക്കുകയും അതിനെ രോഗശമനമായി തെറ്റിദ്ധരിക്കുകയും ചെയാം.

7. മനശാസ്ത്രപരമായ ആളുകളുടെ ആവശ്യങ്ങളും താത്പര്യങ്ങളും അവരുടെ അറിവുകളെയും ധാരണകളെയും പ്രവൃത്തികളെയും വക്രീകരിക്കാം. കപട ചികിത്സാ രീതികളോട് അമിതമായ മാനസിക വിധേയത്തമുള്ളവർക്ക് ആ ചികിത്സ കൊണ്ട് തനിക്ക് ഗുണമുണ്ടായി എന്ന് സ്വയം ബോധ്യപ്പെടുത്താൻ സാധിക്കും. വസ്തുനിഷ്ടമായി രോഗാവസ്ഥക്ക് ഒരു പുരോഗതിയും ഉണ്ടാവാത്തപ്പോൾ തന്നെ തൻറെ രോഗാവസ്ത ഭേധപ്പെട്ടു എന്ന് ഇത്തരക്കാർ സ്വയം വിശ്വസിക്കും.

തനിക്ക് അങ്ങേയറ്റം പ്രിയമുള്ള ഒരു വിശ്വാസത്തെ ഏതറ്റം വരെയും പോയി പ്രതിരോധിക്കാൻ ആളുകൾ തയാറാകും. സമയവും പണവും ചിലവാക്കിയതിന് ശേഷവും താൻ വിശ്വസിക്കുന്ന ഒരു ചികിത്സാ രീതി ഫലമുണ്ടാക്കിയില്ല എങ്കിൽ അവർ ആ തിരിച്ചറിവിനെ നിഷേധിച്ച് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായി എന്ന് സ്ഥാപിച്ചെടുക്കും.

ഇത്തരം കപട ചികിത്സകരും അവരുടെ ഇരകളും മുകളിൽ സൂചിപ്പിച്ച സാധ്യതകളെ ദുർവ്യാഖ്യാനം ചെയ്ത് രോഗശമനം തങ്ങൾക്കുണ്ടായി എന്ന് സ്വയം വിശ്വസിക്കുകയും അനുഭവസാക്ഷ്യം പറയുകയും ചെയ്ത് കപട ചികിത്സാരീതികൾക്ക് വേണ്ട പ്രചാരവേലകൾ ചെയുന്നത് വ്യാപകമായി കാണാം.

Story by