ഹോമിയോപ്പതി എന്ന മരീചിക

ഹോമിയോപ്പതി ഡോക്ടർമാരോ താത്പര്യഗ്രൂപ്പുകളോ നടത്തിയ പഠനങ്ങളിലല്ലാതെ ഒരു ഫലവും ഹോമിയോക്ക് ഫലങ്ങൾ കണ്ടിട്ടില്ല. ഹോമിയോപ്പതിക്ക് ചികിത്സയെന്ന നിലയിൽ ഫലങ്ങൾ ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കണ്ണൻ കീച്ചേരിൽ എഴുതുന്നു.

ഹോമിയോപ്പതി എന്ന മരീചിക

കണ്ണൻ കീച്ചേരിൽ

ഒറ്റ ലേഖനത്തിൽ ഹോമിയോപ്പതിയെ പറ്റിയുള്ള വാദങ്ങളും എതിർവാദങ്ങളും അവതരിപ്പിച്ച്, എന്തുകൊണ്ട് ഹോമിയോ ഒരു കപടചികിത്സയാണ് എന്ന് സമർത്ഥിക്കുക അസാധ്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതലുള്ള വാദപ്രതിവാദങ്ങളും ഒഴിവുകഴിവുകളും ഒക്കെ പ്രതിപാദിച്ച് ഒരു പുസ്തകം തന്നെ എഴുതാൻ കഴിയും!

അതിനാൽത്തന്നെ ഈ ലേഖനത്തിൽ ഹോമിയോപ്പതി എന്ന ചികിത്സാസമ്പ്രദായം എന്തുകൊണ്ട് ശാസ്ത്രീയമല്ല എന്ന് ചുരുക്കത്തിൽ അവതരിപ്പിക്കാനാകും ശ്രമിക്കുക. (ഹോമിയോവിരുദ്ധ ലേഖനങ്ങൾ ഇതിനുമുൻപ് വായിച്ചിട്ടുള്ളവർക്ക് ആവർത്തനം തോന്നാം, ക്ഷമിക്കുക) ആദ്യം എന്തുകൊണ്ട് ഹോമിയോ പ്രവർത്തിക്കില്ല എന്ന ഭൗതിക വിശദീകരണവും ശേഷം എന്തുകൊണ്ട് പ്രവർത്തിക്കുന്നു എന്ന മിഥ്യാധാരണയുളവാകുന്നു എന്നുമാകും അവതരിപ്പിക്കുക.


രോഗത്തെയാണ്, ലക്ഷണത്തെ അല്ല ചികിത്സിക്കേണ്ടത് (''Treat the disease not the symptoms') എന്ന ഇംഗ്ലീഷ് ചൊല്ല് കേട്ടിട്ടുണ്ടാകും. അതിന്റെ കടകവിരുദ്ധമാണ് ഹോമിയോപ്പതിയുടെ ''സമം സമേന ശാന്തി'' എന്ന് വിളിക്കാവുന്ന ''സിമിലിയാ സിമിലിബസ് ക്യുറന്റർ'' (''Similia Similibus Curentur') എന്ന സിദ്ധാന്തം. "Homoeopathy simply means treating diseases with remedies, prescribed in minute doses, which are capable of producing symptoms similar to the disease when taken by healthy people." The North Eastern Institute of Ayurveda & Homoeopathy-യുടെ  വെബ്‌സൈറ്റിൽ നിന്ന്. ആരോഗ്യവതിയായ ഒരാളിൽ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ സൃഷ്ടിക്കുന്ന വസ്തു (ചെറിയ ഡോസിൽ എന്നതിലേക്ക് നമുക്ക് മടങ്ങിവരാം) അതേ ലക്ഷണങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കാം എന്നതാണ് സിദ്ധാന്തം. സമം സമേന ശാന്തി.

കഞ്ചാവടിച്ച ലക്ഷണങ്ങൾ ഒരാൾ കാട്ടുന്നുവെന്നിരിക്കട്ടെ: നേരെ നിൽക്കാൻ പറ്റാതിരിക്കുക, ലഹരിപിടിച്ചപോലെ പെരുമാറുക, സ്വപ്നത്തിലെന്നപോലിരിക്കുക. അയാൾക്ക് കഞ്ചാവ് കലക്കി കൊടുക്കുക! (എത്രമാത്രം കഞ്ചാവുണ്ടാകും എന്ന് ഉടനെ തന്നെ പരിശോധിക്കാം) ഇതിന്റെ അപഹാസ്യത കൂടുതൽ വിശദീകരിക്കണം എന്ന് കരുതുന്നില്ല.
ആരോഗ്യവതിയിൽ ലക്ഷണം ഉണ്ടാക്കുന്ന ശുദ്ധമായ സാമ്പിൾ (ഈ ഉദാഹരണത്തിൽ കഞ്ചാവ്) എത്രമാത്രം കലക്കിയാണ് ഉപയോഗിക്കേണ്ടത്? സാമുവൽ ഹാനേമാൻ എന്ന ഹോമിയോപ്പതിയുടെ സ്ഥാപകൻ 30C പോട്ടൻസി വരെ ഉപയോഗിച്ചിട്ടുണ്ട്; ഉപയോഗിക്കാൻ നിർദേശിച്ചിട്ടും ഉണ്ട്.

1C എന്നാൽ ''മരുന്നി''നെ നൂറിൽ ഒന്നായി ലയിപ്പിക്കുക; 2C എന്നാൽ 1C-യെ നൂറിൽ ഒന്നായി ലയിപ്പിക്കുക; ഇങ്ങനെ 30 തവണ ലയിപ്പിച്ചതാണ് 30C. 1060-ൽ ഒന്ന് അല്ലെങ്കിൽ ഒന്ന് കഴിഞ്ഞ് അറുപത് പൂജ്യമുള്ള സംഖ്യയിൽ (നവൻഡസില്യൻ, Novendecillion, എന്ന് പേര്) ഒന്നേ മരുന്ന് അതിലുണ്ടാകൂ.

കഞ്ചാവിന്റെ പ്രവർത്തനം (ലഹരിയുണ്ടാക്കൾ) രാസപ്രവർത്തനമാണ് എന്നത് നമുക്കറിയാം. ഒറ്റ തന്മാത്രയെങ്കിലും (molecule) ട്രൈഹൈഡ്രോകന്നാബിനോയിഡ് (Tetrahydrocannabinol) എന്ന രാസവസ്തു ഇല്ല എങ്കിൽ ആ പ്രവർത്തനം ഉണ്ടാകില്ല. നവൻഡസില്യനിൽ ഒന്ന് എന്നതാണ് ലയിപ്പിച്ചതിന്റെ അനുപാതം എങ്കിൽ സമുദ്രങ്ങളിലെ മൊത്തം ജലത്തോളം മരുന്ന് അകത്താക്കിയാലും ഒറ്റ തന്മാത്ര പോലും കിട്ടില്ല. അതിനാൽത്തന്നെ, ഹോമിയോപ്പതി മരുന്നുകൾ പ്രവർത്തിക്കാൻ ഒരു ഭൗതികമായ സാധ്യതയും ഇല്ലെന്നുതന്നെ പറയാം.

എന്നാൽ, അതുഭുതകരമെന്നോണം, ഹോമിയോപ്പതിക്ക് എന്തൊക്കെയോ ഫലമുണ്ടെന്ന് ഈ വിഷയത്തിൽ അലസമായി കണ്ണോടിക്കുന്നവർക്ക് തോന്നും. അതുകൊണ്ടാണ് ഹോമിയോപ്പതിയെ മരീചിക (mirage) എന്ന് വിളിച്ചത്. ശരിക്കുമുള്ള എന്തിന്റെയോ പ്രതിഫലനം സ്ഥാനം തെറ്റി, അവ്യക്തവും വികൃതവുമായി കാണുന്നതാണ് മരീചിക; നമ്മൾ കാണുന്നിടത്തല്ല, മറ്റെവിടെയോ ഒരു സ്രോതസ് ഈ വിഭ്രാന്തിക്കുണ്ട്. അതിനെയാണ് ഇനി പരിശോധിക്കുന്നത്.

രോഗങ്ങൾ അനേകം കാരണങ്ങൾ കൊണ്ട് മാറാം. ചിലത് രോഗിയുടെ സ്വാഭാവിക പ്രതിരോധം കൊണ്ടുതന്നെ മാറാം. ചിലത് നമ്മുടെ പരിസരത്തിൽ ഉള്ള ഘടകങ്ങൾ കൊണ്ടാകാം. ചിലപ്പോൾ മുൻപ് ചെയ്ത മറ്റെന്തെങ്കിലും ചികിത്സയുടെ വൈകിയുള്ള ഫലമാകാം. അതുകൊണ്ടുതന്നെ, ഒരു മരുന്ന് കഴിച്ചതിന് ശേഷം രോഗം മാറി എങ്കിൽ അത് മരുന്നിന്റെ ഫലം തന്നെയാണ് എന്ന് ഉറപ്പിക്കാൻ പാടില്ല. പക്ഷേ, നമ്മൾ എല്ലാവരും സ്വാഭാവികമായി അങ്ങനെ ചെയ്യുന്നു. ഈ ചിന്താവൈകല്യത്തിന് പോസ്റ്റ് ഹോക് എർഗോ പ്രോപ്റ്റർ ഹോക് (post hoc propter hoc) എന്നാണുപറയുക. ''കാക്ക വന്നു, പനമ്പഴം വീണു'' എന്ന ചൊല്ലുപോലെ. രണ്ടുകാര്യങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി നടന്നു എന്നതിനാൽ ആദ്യം നടന്നത് കാരണമാണ് രണ്ടാമത്തേത് എന്ന് പറയാൻ കഴിയില്ല.

മരുന്നുകഴിച്ചു, രോഗം മാറി എന്ന വ്യക്ത്യനുഭവം അതിനാൽതന്നെ മരുന്നിന്റെ ഫലപ്രാപ്തിക്ക് തെളിവായി പറയാനാകില്ല. അങ്ങനെയെങ്കിൽ മരുന്നുകൾ ഫലിക്കുന്നു എന്ന് എങ്ങനെ പറയും എന്ന അത്ഭുതമുണ്ടാകും. അതിനാണ് റാൻഡമൈസ്ഡ് കണ്ട്രോൾ ട്രയൽ (Randomized Control Trial - RCT) എന്ന രീതി ഉപയോഗിക്കേണ്ടി വരുന്നത്.

രോഗികളെ രണ്ടുവിഭാഗമായി തിരിച്ച് ഒരു ഗ്രൂപ്പിന് മരുന്നും മറ്റൊരുഗ്രൂപ്പിന് മരുന്നില്ലാത്ത ''പൊള്ളമരുന്നുകൾ'' അല്ലെങ്കിൽ പ്ലസീബോകളും (placebo) കൊടുക്കും. (ഏത് രോഗിക്ക് ഏത് കിട്ടുന്നു എന്ന് ഡോക്ടറോ രോഗിയോ അറിയുന്നില്ല, പരീക്ഷകനായി ഇരിക്കുന്ന മൂന്നാമതൊരാളായിരിക്കും അത് നോക്കുന്നത്; മാനസികപ്രതിഭാസങ്ങൾ ഇതുകൊണ്ട് രണ്ട് ഗ്രൂപ്പിലും സമാനമായി ഉണ്ടാകും) പ്ലാസീബോ ഗ്രൂപ്പിൽ കുറച്ച് ശതമാനം രോഗികൾക്കും രോഗശാന്തിയുണ്ടാകും. (പല കാരണങ്ങൾ കൊണ്ട്) അതും മരുന്ന് കഴിച്ച ഗ്രൂപ്പിലെ രോഗികളിൽ എത്ര ശതമാനം രോഗശാന്തിയുണ്ടായി എന്നതും തമ്മിൽ താരതമ്യം ചെയ്താൽ നമുക്ക് മരുന്നിന് ഫലമുണ്ടോ എന്നറിയാം.

ഇങ്ങനെയുള്ള പഠനങ്ങളുടെ ഫലങ്ങളെ ഗണിതശാസ്ത്രപരമായി അവലോകനം ചെയ്യുന്നത്തിനാണ് മെറ്റാ അനാലിസിസ് (meta analysis) എന്ന് പറയുന്നത്. ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തി പരിശോധിച്ച RCT-കളെ അനേകം മെറ്റാ അനാലിസിസുകൾക്ക് വിധേയമായിട്ടുണ്ട്. ലാൻസെറ്റിൽ (The Lancet) വന്ന പഠനമടക്കം ഹോമിയോയ്ക്ക് ഫലമില്ല എന്ന നിഗമനത്തിലാണെത്തുന്നത്!
Biases are present in placebo-controlled trials of both homoeopathy and conventional medicine. When account was taken for these biases in the analysis, there was weak evidence for a specific effect of homoeopathic remedies, but strong evidence for specific effects of conventional interventions. This finding is compatible with the notion that the clinical effects of homoeopathy are placebo effects.

Are the clinical effects of homoeopathy placebo effects? Comparative study of placebo-controlled trials of homoeopathy and allopathy; The Lancet, 27 August 2005.
ഹോമിയോപ്പതി ഡോക്ടർമാരോ താത്പര്യഗ്രൂപ്പുകളോ നടത്തിയ പഠനങ്ങളിലല്ലാതെ ഒരു ഫലവും ഹോമിയോക്ക് ഫലങ്ങൾ കണ്ടിട്ടില്ല. ഹോമിയോപ്പതിക്ക് ചികിത്സയെന്ന നിലയിൽ ഫലങ്ങൾ ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. (പരീക്ഷണങ്ങൾ നടന്നിട്ടും!)

ആരോ പറഞ്ഞതുപോലെ, ''ഇല്ലാത്ത പ്രതിഭാസത്തിന് വല്ലാത്ത വിശദീകരണം'' ആണ് ഹോമിയോപ്പതി. എന്തുകൊണ്ട് ലയിപ്പിച്ച് തന്മാത്രകൾ അനന്തതയിൽ വിതരിയിട്ടും ഫലമുണ്ടാകുന്നു എന്നത് വിശദീകരിക്കാൻ പല വിശ്വാസികളും ശ്രമിച്ചിട്ടുണ്ട്. ''ജലസ്മരണ'' (Water Memory) എന്നൊരു സിദ്ധാന്തമായിരുന്നു കുറച്ചുകാലം മുൻപുവരെ പ്രധാന സിദ്ധാന്തം. (അതിനെപ്പറ്റി ഈ ലിങ്കിൽ വായിക്കാം: http://www.nature.com/news/2004/041004/full/news041004-19.html)

നാനോ കണങ്ങൾ'' എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ വിശ്വാസികൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ലയിപ്പിച്ച് തന്മാത്രകളില്ലാതക്കലല്ല നാനോ ടെക്‌നോളജി. ആറ്റങ്ങളുടെ, തന്മാത്രകളുടെ തലത്തിൽ തിരുത്തലുകൾ മാറ്റങ്ങൾ വരുത്തലാണ്. ആ മാറ്റം വരുത്തിയ ഒരു തന്മാത്രയല്ല ഉപയോഗിക്കുന്നത്! ഒരു രൂപകം പറഞ്ഞാൽ, സാധാരണ കെമിസ്ട്രി ഒരു സൈന്യത്തെ ''ആക്രമിക്കുക'' എന്ന ഒറ്റ നിർദേശം കൊടുത്ത് അയയ്ക്കലാണ്. നാനോ ടെക്‌നോളജി ഓരോ സൈനികരേയും പരമാവധി കാര്യക്ഷമത വരുന്ന രീതിയിൽ വിന്യസിക്കുന്നതും. ഹോമിയോയുടെ ലയിപ്പിക്കൽ ഒരാൾ ഒറ്റയ്ക്ക് ചെന്ന് ഒരു രാജ്യത്തെ വെല്ലുവിളിക്കുന്നത് പോലെയാണ്! പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകില്ല.

മറ്റൊരു തട്ടിക്കൂട്ട് വിശദീകരണം മാത്രമാണ് കുറച്ചുകാലമായി ആവർത്തിച്ച് കേൾക്കുന്ന ''നാനോ'' എന്ന വാദം എന്നുകൂടി പറഞ്ഞുവയ്ക്കുന്നു എന്നുമാത്രം!
ലേഖനത്തിലെ പ്രധാന പോയന്റുകൾ ഒന്നുകൂടി ചുരുക്കി പറയാം:

1. ''സമം സമേന ശാന്തി'' (''സിമിലിയാ സിമിലിബസ് ക്യുറന്റർ'') എന്ന ഹോമിയോ സിദ്ധാന്തം യുക്തിസഹമല്ല.
2. മരുന്നായി കൊടുക്കുന്ന ഹോമിയോ ലയിപ്പിക്കലുകളിൽ ലക്ഷണം ഉണ്ടാക്കുന്ന ശുദ്ധമായ സാമ്പിളിന്റെ ഒറ്റ തന്മാത്ര പോലും ഉണ്ടാകില്ല.
3. ഹോമിയോ ചികിത്സാരീതിക്ക് ഫലമുണ്ട് എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. പഠനങ്ങൾ നടന്നിട്ടുമുണ്ട്.
4. ലയിപ്പിക്കലിന് അനേകം തട്ടിക്കൂട്ട് ന്യായീകരണങ്ങൾ കാലാകാലങ്ങളായി ആളുകൾ പറയുന്നുണ്ട്; അതിൽ ഒന്ന് മാത്രമാണ് ഇപ്പോൾ കേൾക്കുന്ന ''നാനോ''.

ഹോമിയോ എന്നതൊരു കപടചികിത്സ മാത്രമാണ്. അതിനെ വിമർശിക്കുന്നവരെ ''ലോകമെങ്ങും പ്രചാരമുള്ളതും'' (മന്ത്രവാദം ലോകവ്യപകമായുണ്ട്!) 'ഭാരതസർക്കാർ അംഗീകരിച്ചതും'' (ഇന്ത്യൻ സയൻസ് കോൺഗ്രസ് മാത്രം നോക്കിയാൽ മതി നമ്മുടെ സർക്കാരിന്റെ ശാസ്ത്രബോധം വിലയിരുത്താൻ) മെഡിക്കൽ എൻട്രൻസിലെ ഉയർന്ന റാങ്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് കോളേജുകളിൽ ചേർന്ന് പഠനം പൂർത്തിയാക്കി നിരവധി ഡോക്ടർമാർ എല്ലാ വർഷവും പഠിച്ചിറങ്ങുന്നതും'' (കുറേ ആളുകൾ പഠിക്കുന്നതുകൊണ്ട് ശരിയാകും?) 'സർക്കാർ മേഖലയിലെ നിരവധി ആശുപത്രികളും സ്വകാര്യ മേഖലയിലെ ആയിരക്കണക്കിനു ക്ലിനിക്കുകളും വഴി അനേകം രോഗികൾക്ക് ആശ്വാസം പകരുന്നതുമായ ഒരു ചികിത്സാ രീതിയെ'' (ആശ്വാസത്തെ പറ്റി വിശദീകരിച്ചിരുന്നു!) വിമർശിക്കുന്ന ''സ്ഥാപിത താത്പര്യക്കാർ'' എന്ന് വിശേഷിപ്പിക്കുന്നത് വസ്തുതകൾ അടിസ്ഥാനപ്പെടുത്തി വിമർശിക്കാനുള്ള ഒരു തുമ്പും കയ്യിലില്ലാത്തതുകൊണ്ടാനെന്ന് പറയേണ്ടിവരും! (നാരദാ ന്യൂസിൽ വന്ന ''സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ഹോമിയോ ഡോക്ടർമാർ'' എന്ന വാർത്ത)

വസ്തുതകളെ അവഗണിച്ച് വൈകാരിക വാദങ്ങളും തെളിവിലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചും സ്വന്തം വിശ്വാസത്തെ പ്രതിരോധിക്കാനാണ് ഇവർ ശ്രമിക്കുന്നത്. സത്യസന്ധമായ പ്രതികരണമല്ല അത്.

ഈ വിഷയത്തെ പറ്റി കൂടുതൽ വായിക്കണം, തെളിവുകൾ അവലോകനം ചെയ്യണം എന്നാണ് ഈ ലേഖനമവസാനിപ്പിക്കും മുൻപ് സൂചിപ്പിക്കനുള്ളത്. വൈകാരിക പ്രതികരണങ്ങളോ വ്യക്ത്യനുഭവങ്ങളോ അല്ല, വ്യക്തമായ നിരീക്ഷണ-പരീക്ഷണങ്ങളാണ് സത്യമറിയാനുള്ള വഴി എന്ന് മറക്കാതിരിക്കുക.

റഫറൻസുകൾ

1. https://en.wikipedia.org/wiki/Homeopathy
2. https://en.wikipedia.org/wiki/Mirage
3. http://neiah.nic.in/homeopathy.html
4. http://www.homeopathycenter.org/remedy/cannabis-sativa
5. http://organonofmedicine.com/aphorism-128/
6. https://en.wikipedia.org/wiki/Homeopathic_dilutions#Potency_scales
7. https://en.wikipedia.org/wiki/Names_of_large_numbers
8. https://en.wikipedia.org/wiki/Cannabis_(drug)#Mechanism_of_action
9. https://en.wikipedia.org/wiki/Randomized_controlled_trial
10. https://en.wikipedia.org/wiki/Meta-analysis
11. http://rationalwiki.org/wiki/Evidence_for_the_effectiveness_of_homeopathy
12. http://www.thelancet.com/journals/lancet/article/PIIS0140-6736(05)67177-2/abstract
13. http://www.nature.com/news/2004/041004/full/news041004-19.html
14. https://en.wikipedia.org/wiki/Nanotechnology

Story by