ജയയെ കല്ലെറിയുന്നവരുടെ ശ്രദ്ധയ്ക്ക്

പെർഫോർമൻസ് ആർട്ട് ഒരു അബ്‌സ്ട്രാക്റ്റ് കലയാണു. വിഷയത്തിലെ സ്‌ട്രൈക്കിംഗ് ആയ ഒരു അംശം അവതരിപ്പിച്ച് ജനശ്രദ്ധ നേടുക എന്നതാണ് അതിന്റെ ഉദ്ദേശം. ജയയുടെ പ്രൊജക്റ്റ് ശ്രദ്ധിക്കപ്പെട്ടു എന്നത് അതിന്റെ വിജയത്തെയാണു കുറിക്കുന്നത്. രണ്ട് ബിനാലെകൾ നടന്ന കേരളത്തിൽ, അത്ര പരിചിതമല്ലാത്ത രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ പ്രോജക്ട് പുരോഗമനചിന്ത പുലർത്തുന്നവരുടെ പോലും വിമർശനങ്ങൾ കാരണമാകുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു- ശ്രീജേഷ് പുതിയതുറ എഴുതുന്നു.

ജയയെ കല്ലെറിയുന്നവരുടെ ശ്രദ്ധയ്ക്ക്

ശ്രീജേഷ് പുതിയതുറ

'ദളിത്' എന്ന വാക്കിന്റെ അർത്ഥം 'തകര്ക്കപ്പെട്ടത്' 'പൊടിയാക്കപ്പെട്ടത്' എന്നൊക്കെയാണ്. നൂറ്റാണ്ടുകളായി അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞ ഒരു ജനതക്ക് ചേരുന്ന വിശേഷണം തന്നെയാണു ഇത്. ഫൂലേക്കും അംബേദ്കർക്കും ശേഷം, അടുത്തിടെയാണ് ഒരു അക്കാഡമിക് പരിപ്രേക്ഷ്യത്തിൽ എങ്കിലും ദളിത് സ്വത്വവാദം ഉയര്ന്നു വന്നത്. തനത് സാഹിത്യം , സംഗീതം, സമരങ്ങൾ എന്നിങ്ങനെ സ്വത്വവാദത്തിൽ ഊന്നിയുള്ള കമ്പാർട്ട്‌മെന്റലൈസേഷനായി വാദിക്കുന്ന ഒരു വിഭാഗവും ദളിതർക്കിടയിലും അവരെ പിന്തുണക്കുന്ന സവർണ്ണർക്കിടയിലും ഉണ്ട്. ഇത് ഈ വിഷയത്തിന്റെ പശ്ചാത്തലം.


ഇനി, ജയയുടെ പ്രൊജക്റ്റ് 'പെർഫോർമൻസ് ആർട്ട്' എന്നറിയപ്പെടുന്ന കലയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സാമൂഹ്യ വിഷയങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള ടൂൾ ആയി കലാകാരന്മാർ ഈ രൂപം ഉപയോഗിച്ചിട്ടുണ്ട്. ബീജിംഗിലെ പോല്യൂഷനെതിരെ ബ്രദർ നട്ട് എന്ന കലാകാരന ചെയ്തത് 100 ദിവസം നഗരത്തിലെ ലാൻഡ്മാർക്കുകൾ വാക്വം ക്ലീൻ ചെയ്യുകയും കിട്ടിയ പൊടി കൊണ്ട് ഒരു ഇഷ്ടിക ഉണ്ടാക്കുകയും ആയിരുന്നു. സ്പാനിഷ് കലാകാരൻ ആയ സാന്റിയാഗോ സിയറ, നാസി ഹോളോകോസ്റ്റിനെതിരെ പ്രതിഷേധിച്ചത് ഒരു ജൂത സിനഗോഗിന്റെ മുറിയിലേക്ക് കാർബൺ മോണോക്‌സൈഡ് പമ്പ് ചെയ്ത്, ആ ശ്വസന അനുഭവം പങ്കിടാൻ താത്പര്യമുള്ളവർക്ക് അവസരം ഒരുക്കിക്കൊണ്ടായിരുന്നു.

ഈ രീതികൾ പലപ്പോഴും കഠിന വിമർശനം വിളിച്ചു വരുത്തിയിട്ടുണ്ട്. കൃത്യമായും ഇപ്പോൾ ജയക്കെതിരെ ഉയരുന്ന പോലെ, അനുഭവങ്ങളെ ന്യൂനവത്കരിക്കുന്നു എന്നാണു ഏറ്റവും പ്രധാന ആക്ഷേപങ്ങളിൽ ഒന്ന്. നമുക്ക് ഇതിന്റെ മറ്റൊരു വശം കൂടി ചിന്തിച്ച് നോക്കാം.

ഒരു സാമൂഹ്യ തിന്മക്കെതിരായ എത്ര പ്രതികരണങ്ങൾ അതിന്റെ നാനാവശവും കവർ ചെയ്ത്, ഗ്രാവിറ്റിയെ മുഴുവൻ ഉൾക്കൊണ്ടു കൊണ്ടുള്ളതാവും എന്നാണു ആദ്യ ചോദ്യം. അഹിംസാ സമരത്തിന്റെയും സിവിൽ നിയമ ലംഘനത്തിന്റേയും മികച്ച ഉദാഹരണമായി വാഴ്ത്തപ്പെടുന്ന ഉപ്പ് സത്യാഗ്രഹം, സ്വാതന്ത്ര്യ സമരത്തിന്റേയോ ബ്രിട്ടീഷ് നിയമവാഴ്ചയുടെ അടിച്ചമർത്തലുകളുടേയോ ഒരു അംശം പോലും ഉൾക്കൊണ്ടിരുന്നോ? മറ്റൊരു ഉദാഹരണം അടിയന്തരാവസ്ഥ കാലത്ത് വൻ ജനശ്രദ്ധ നേടിയ ജോണ് അബ്രഹാമിന്റെ ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം എന്ന തെരുവ് നാടകം. പ്രകൃത്യാ തന്നെ, പെർഫോർമൻസ് ആർട്ട് ഒരു അബ്‌സ്ട്രാക്റ്റ് കലയാണു. വിഷയത്തിലെ സ്‌ട്രൈക്കിംഗ് ആയ ഒരു അംശം അവതരിപ്പിച്ച് ജനശ്രദ്ധ നേടുക എന്നതാണ് അതിന്റെ ഉദ്ദേശം. ജയയുടെ പ്രൊജക്റ്റ് ശ്രദ്ധിക്കപ്പെട്ടു എന്നത് അതിന്റെ വിജയത്തെയാണു കുറിക്കുന്നത്. ഇനി അതിന്റെ ആഴത്തിലേക്ക് ഇറങ്ങേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണ്. അത് കലാകാരന്റെ ചുമലിൽ വെച്ചു കെട്ടുന്നത് നീതികരിക്കാൻ ആവില്ല.

രണ്ടാമത്തെ ആക്ഷേപം, ജയ ഈ പ്രശ്‌നം അവതരിപ്പിക്കാൻ തെരഞ്ഞെടുത്ത കറുപ്പ് എന്ന തൊലിനിറത്തിന്റെ സാംഗത്യമാണ്. കറുത്ത സവർണ്ണർ ഇല്ലേ എന്നാണു ചോദ്യം. ഉണ്ടാവും. പക്ഷേ ചരിത്രപരമായും സാമൂഹ്യമായും തൊലിയുടെ കറുപ്പ് ലോകമൊട്ടുക്കും തന്നെ ഡിസ്‌ക്രിമിനേഷന്റെ ഏറ്റവും പ്രത്യക്ഷമായ കാരണങ്ങളിൽ ഒന്നാണു എന്നത് വിസ്മരിക്കാൻ പാടില്ല. അതുകൊണ്ടു തന്നെ സ്വയം ഒരു 'ടാബൂ' ആയി പ്രത്യക്ഷപ്പെടുന്നത് ജയ ഉദ്ദേശിച്ച സ്‌ട്രൈക്കിംഗ് എഫക്റ്റ് കാണികൾക്ക് അനുഭവിപ്പിക്കാൻ സഹായകമായിട്ടുണ്ടാവും. ഇവിടെ അത് ഒരു പ്രശ്‌നത്തിന്റെ ന്യൂനവത്കരണം ആയല്ല , മറിച്ച് പ്രതീകമായാണ് കാണേണ്ടത്.

അടുത്തത്, ഈ പ്രൊജക്റ്റിലൂടെ ദളിത് പ്രശ്‌നങ്ങളോട് താദാത്മ്യം പ്രാപിക്കാൻ കലാകാരിക്കായി എന്ന അവകാശ വാദത്തെ മുന് നിർത്തിയുള്ള ചർച്ചയാണ്. തികച്ചും വ്യക്തിപരമായ ഒരു അനുഭവമാണ് ഈ താദാത്മ്യ പ്രാപ്തി എന്നാണു എന്റെ നിലപാട്. നേരത്തെ പറഞ്ഞ പോലെ 'ദളിത്' എന്ന പദത്തിന്റെ വാച്യാർത്ഥം തകർക്കപ്പെട്ടത് എന്നാണു. നമ്മിൽ ഓരോരുത്തർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഒരു നൈമിഷിക ദളിത് അനുഭവത്തിലൂടെയെങ്കിലും കടന്നു പോവേണ്ടി വന്നിരിക്കും. അത് വീട്ടിലാവാം, ജോലിയിലാവാം, പോലിസ് സ്റ്റേഷനിലാവാം, സമൂഹത്തിൽ മറ്റേതെങ്കിലും തുറയിലാവാം. ആ നൈമിഷിക അനുഭവത്തെ, അധികാര അധിനിവേശത്തിൽ നിന്ന് കുതറി മാറാൻ നമുക്ക് കഴിയാതെ പോവുന്ന നിസ്സഹായാവസ്ഥയെ, എക്സ്റ്റൻഡ് ചെയ്ത് തലമുറകൾ നീളുന്ന അധിനിവേശാനുഭവം മുഴുവനായി മനസ്സിലാക്കാൻ പറ്റും എന്നൊന്നും പറയുന്നില്ല. പക്ഷേ അത് തീര്ച്ചയായും ഒരു വാതിലാണ്. മനസ്സിലാക്കാൻ മനസ്സുള്ളവർക്ക് ചിന്തിക്കാൻ വഴി തുറന്നിടുന്ന ഒരു വാതിൽ. അത്തരം ഒരു എക്‌സ്ട്രപൊളേഷൻ ആഴ്ചകൾ നീണ്ടു നിന്ന പ്രൊജക്റ്റ് സമ്മാനിച്ച അനുഭവങ്ങളിൽ നിന്ന് ആർജ്ജിച്ചെടുക്കാൻ ജയക്ക് കഴിഞ്ഞിട്ടില്ല എന്ന് പറയാൻ നമുക്ക് ഒരു അവകാശവുമില്ല. വ്യവസ്ഥിതിക്കെതിരെ നീങ്ങുകയും അടിച്ചമർത്തവരുടെ റോൾ സ്വീകരിക്കുകയും തന്നെയാണു അവർ ചെയ്തിരിക്കുന്നത്. ആ എഫര്ട്ടിനെ തത്കാലത്തേക്കെങ്കിലും അംഗീകരിക്കേണ്ടതുണ്ട്.

അവസാനമായി, ഈ പ്രോജക്ടിൽ നിന്ന് വ്യക്തിപരമായി അവര്ക്ക് ലഭിച്ച ശ്രദ്ധ അവരുടെ ഉദ്ദേശമായിരുന്നു എന്ന ആക്ഷേപം. ഏതു പ്രവര്ത്തിയിലും അത് ഡിസ്‌കൗണ്ട് ചെയ്യാൻ പറ്റാത്ത എലമെന്റ് ആണു. ഒരു വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും ആ ശ്രദ്ധ അവരുടെ പ്രൊജക്റ്റ് ഡിമാന്റ് ചെയ്യുന്നതാണ്. മോസയിലെ കുതിരമീനുകളല്ല തങ്ങൾ എന്ന് ഭാവിക്കുന്നത് ഹിപ്പോക്രസിയാണു.

വൻ വിജയമായ രണ്ടു ബിനാലേകൾ കേരളത്തിനു കലാപരമായി വലിയ ഉൾക്കാഴ്ച നല്കി എന്നാണു ഞാൻ കരുതുന്നത്. അതേ നഗരത്തിൽ, അത്ര പരിചിതമല്ലാത്ത രീതിയിൽ അവതരിക്കപ്പെട്ട ഈ പ്രൊജക്റ്റ്, പക്ഷേ പുരോഗമന ചിന്ത പുലർത്തുന്നവരുടെ പോലും വലിയ വിമർശനത്തിനു കാരണമാവുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്.