കറുപ്പല്ല ദളിതരുടെ പ്രശ്‌നം

ഈ പ്രതിഷേധ മുറ കൊണ്ട് ദളിതരുടെ എന്ത് പ്രശ്‌നമാണ് അഡ്രസ് ചെയ്തതെന്നും ചർച്ചാ വിഷയമാക്കിയതെന്നും വ്യക്തമാക്കിയാൽ നന്നായിരിക്കും. കറുപ്പ് നിറമാണ് അവരുടെ പ്രശ്‌നം എന്നതിലേക്ക് ചുരുക്കാൻ ആണെങ്കിൽ, അവരുടെ കാഴ്ചപ്പാടുകൾക്കു തന്നെ അല്പം പ്രശ്‌നം ഉണ്ടെന്നെ കരുതാൻ സാധിക്കൂ. ദീപു സദാശിവന്‍ എഴുതുന്നു

കറുപ്പല്ല ദളിതരുടെ പ്രശ്‌നം

ദീപു സദാശിവൻ

മുഖത്ത് കരി വാരി പുരട്ടി പി.എസ് ജയ നടത്തിയ പ്രതിഷേധം /പ്രകടനം/കലാരൂപത്തിനെ വിചിത്രാനുഭവമെന്നോ ജുഗുപ്ത്സാവഹം എന്നൊക്കെയേ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയു.

മനസ്സിൽ കടന്നു വന്ന ചില ചോദ്യങ്ങൾ ഇവിടെ കുറിക്കുന്നു: ജയയുടെ ഉദ്ദേശ ലക്ഷ്യം എന്താണെന്ന് വ്യക്തമായില്ല. അതാണ് ഏറ്റവും പ്രധാനപ്രശ്‌നം. പ്രതിഷേധമാർഗ്ഗം ആണെങ്കിൽ, മൂന്നാമത് ഒരാളെ മോശമായി ബാധിക്കാത്ത പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ അനൗചിത്യം ഇല്ലെന്നും, അതിനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കുണ്ടെന്ന് വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.


എന്നാൽ ഈ പ്രതിഷേധ മുറ കൊണ്ട് ദളിതരുടെ എന്ത് പ്രശ്‌നമാണ് അഡ്രസ് ചെയ്തത് എന്നും, ചർച്ചാ വിഷയമാക്കിയതെന്നും വ്യക്തമാക്കിയാൽ നന്നായിരിക്കും. കറുപ്പ് നിറമാണ് അവരുടെ പ്രശ്‌നം എന്നതിലേക്ക് ചുരുക്കാൻ ആണെങ്കിൽ, അവരുടെ കാഴ്ചപ്പാടുകൾക്കു തന്നെ അല്പം പ്രശ്‌നം ഉണ്ടെന്നെ കരുതാൻ സാധിക്കൂ. ജയ ശ്രമിക്കുന്നത് പോലെ കറുപ്പ് നിറം ദളിതർക്ക് മാത്രമല്ല ഉള്ളത്. കറുപ്പ് നിറത്തിൽ നിന്നും ഉടലെടുത്തു അതിൽത്തന്നെ അവസാനിക്കുന്ന ഒന്നല്ല അവരുടെ പ്രശ്‌നങ്ങളും.

കറുപ്പ് നിറമാണ് അവരുടെ പ്രധാന പ്രശ്‌നം എന്ന ബോധം ഒന്നുകൂടെ അരക്കിട്ടുറപ്പിക്കാൻ ഒരു പക്ഷെ ഉതകും, ജയയുടെ ഈ ഉദ്യമം. വർണ്ണ വിവേചനം ലോകം എമ്പാടും ഉണ്ടായിട്ടുണ്ട്. കറുപ്പ് നിറത്തോടുള്ള വിവേചനവും വെളുപ്പ് തൊലിയോടുള്ള അഭിനിവേശവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ നന്ദിതാദാസിനെ പോലുള്ള ആർട്ടിസ്റ്റുകൾ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ചർച്ചാ വിഷയമാക്കിയിട്ടുള്ളതാണ്. നന്ദിതാ ദാസ് ദളിതാണോ എന്നറിയില്ല, അറിയേണ്ട കാര്യവും ആർക്കും തോന്നിയിരിക്കാൻ വഴിയില്ല. കാരണം അവർ ഇരുണ്ട തൊലിയെ ദളിത് സ്വത്വവും ആയി ബന്ധിപ്പിച്ചല്ല അഡ്രസ് ചെയ്തത്.

ജയ പി എസിന്റെ 'സമര മുറ' അവസാനിക്കുമ്പോൾ എന്ത് ദളിത് പ്രശ്‌നമാണ് കേരളത്തിൽ ചർച്ച ആകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു. കുറഞ്ഞ പക്ഷം അവരെങ്കിലും എന്താണ് ചർച്ച ചെയ്യുക എന്ന് അറിയേണ്ടതുണ്ട്.

പ്രതിഷേധം തുടങ്ങാൻ കാരണം രോഹിത് വെമുലയുടെ മരണം ആണെങ്കിൽ, വെമുല എവിടെ എങ്കിലും തന്റെ തൊലിയുടെ നിറം പ്രശ്‌നമായി ഉന്നയിച്ചു കേട്ടിട്ടില്ല.

ഇതൊരു കലാരൂപമായി ചെയ്തതാണ് എന്ന ഒരു ഭാഷ്യവും കേട്ടു. എന്നാലും മനസിലാകാത്ത ചിലതുണ്ട്.

അവിടെയും കലാകാരിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. കറുപ്പ് വാരി പൂശിയാൽ ദളിതരെയും അവരുടെ പ്രശ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാം എന്ന് കരുതുന്നു എങ്കിൽ ആവട്ടെ.

പക്ഷെ ഏറ്റവും വിചിത്രമായ സംഗതിയും വികലമായ കാഴ്ചപ്പാടും കേട്ടത്, ദളിതരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ/ഉൾക്കൊള്ളാൻ ആണ് കരി വാരി പൂശി ഇറങ്ങിയത് എന്ന ഭാഷ്യം ആണ്. ദളിതയെന്നു കാണുന്നവർക്ക് തോന്നുന്ന രീതിയിൽ നാച്വറൽ ആയി മേക്കപ്പ് ഇട്ടു ഇറങ്ങാൻ കലാകാരിക്ക് എന്തെ കഴിഞ്ഞില്ല എന്ന ഒരു ചോദ്യം എനിക്കുണ്ട് (ഇന്നത് തികച്ചും സാധ്യമാണല്ലോ). കാലാകാരിക്ക് ശരിക്കും ദളിത ആണെന്ന് ആരേലും വിചാരിച്ചാലോ എന്നൊരു പേടി ഉണ്ടോ.

നിറം അല്പം മാറിയാലും പ്രശ്‌നമില്ലായിരുന്നു. പച്ചയോ, നീലയോ എന്തായാലും. ആ വിചിത്ര ജീവിയെ ആൾക്കാർ തുറിച്ചു നോക്കും. അതിനപ്പുറം ഈ വിചിത്ര വേഷം കെട്ടലിനെ ദളിത ആയി ആര് കണക്കാക്കും.

ഇരുണ്ട നിറമുള്ള ഒരാൾ എന്ന നിലയിൽ തന്നെ പറയാം, രാവിലെ ഒരുങ്ങി ബസ്സ് സ്‌റ്റോപ്പിൽ പോയി ബസ്സിൽ കയറി നാട് ചുറ്റിയാൽ എന്ത് വിവേചനം അറിയുമെന്നാണ്, പ്രത്യേകിച്ചും കേരളത്തിൽ. കേവല ഉപരിപ്ലവ ചിന്തകളിൽ നിന്ന് മാത്രമാണ് ഇതൊക്കെ ഇത്തരത്തിൽ വീക്ഷിക്കാൻ കഴിയുക. തൊലിപ്പുറത്തെക്കാൾ ആഴത്തിൽ വ്യക്തികളുടെ തലച്ചോറിൽ പിടിച്ചിരിക്കുന്ന പലതുമാണ് ദളിത് വിവേചനങ്ങൾക്ക് പിന്നിൽ. കേരളത്തിൽ ഒക്കെ ആവട്ടെ അത് വളരെ subtle ആയി operate ചെയ്യുന്നതും.

പേരിന്റെ കൂടെ ജാതി വാൽ ഇല്ലാത്തവരോടു ഉയരുന്ന ചോദ്യങ്ങൾ കേട്ടിട്ടുണ്ടോ? എന്താണ് മുഴുവൻ പേര്? അച്ഛന്റെ പേര്? ഇവിടുന്നും ക്ലൂ കിട്ടിയില്ലേൽ വീട്ടു പേര് ? ഇതും പറ്റിയില്ലേൽ നേരിട്ട് ചോദിക്കും അല്ലേൽ വളഞ്ഞ വഴിയിൽ ചില പ്രയോഗങ്ങൾ ഒക്കെ നടത്തും അങ്ങനെ തുരന്നു എടുത്തോക്കെയാണ് ജാതി കണ്ടു പിടിച്ചു തള്ളണോ കൊള്ളണോ എന്നൊക്കെ വിവേചിച്ചു തീരുമാനിക്കുന്നത്.

ഇരുണ്ട സ്‌കിൻ ഉള്ള കുമ്മനം രാജശേഖരനോ, തിരുവഞ്ചൂരിനോ ദളിത് അനുഭവങ്ങൾ ഉണ്ടാവുമോ? ദളിത് അനുഭവങ്ങൾ എവിടെ കിടക്കുന്നു. കറുപ്പ് ചായം തേയ്ക്കൽ എവിടെ? വംശനാശ ഭീഷണി നേരിടുന്ന കടുവയുടെ അനുഭവങ്ങൾ അറിയാൻ കടുവയുടെ വേഷം കെട്ടി നാട്ടിൽ നടന്നാൽ ആവുമോ എന്നൊക്കെ ട്രോൾ കണ്ടു അത്തരം ഒരു വാദഗതിയിലേക്ക് കടക്കുന്നില്ല.

ദളിത് അനുഭവങ്ങൾ നേരിട്ടറിയാൻ ഒരു ദളിതനെ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായി അവരെ ദളിതരായി വളർത്തിയാൽ ആവൂല്ലേ? എന്ന ചോദ്യവും ചോദിക്കുന്നില്ല (അതാവില്ല എന്നറിയാം വൈകിട്ട് കഴുകി കളയാൻ പറ്റില്ലല്ലോ ആ അവസ്ഥ) എന്നാൽ 'അസുഖകരമായ' ആ ചിന്ത ഒരു നിമിഷത്തേക്ക് ഉണർത്താൻ വേണ്ടി പറഞ്ഞു എന്നെ ഒള്ളൂ. അല്പം കൂടി ദോഷൈക ദൃക്കായി ചിന്തിച്ചാൽ പൈങ്കിളി തലത്തിലെ ഈ പ്രകടനം/പ്രതിഷേധം ഒക്കെ അവസാനിപ്പിക്കുന്നത്, ഇതിനെ പറ്റി എഴുതിയ ബുക്ക് പ്രകാശനത്തിലും കറുത്ത നിറം പൂശിയുള്ള നൃത്ത അവതരണത്തിലും ഒക്കെ ആണെന്ന് കേൾക്കുമ്പോൾ മറ്റു ചില താല്പര്യങ്ങളും ഇതിൽ ഉണ്ടെന്നു ചിന്തിച്ചു പോവും.

Story by