ഉള്‍കണ്ണിന്റെ കാഴ്ചയില്‍ അന്ധതയോട് പൊരുതി രാമകൃഷ്ണന്‍; അന്ധര്‍ക്ക് വഴികാട്ടിയാകാന്‍ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ചെറു പ്രായത്തില്‍ തന്നെ കാഴ്ച നഷ്ടപ്പെട്ട രാമകൃഷ്ണന്‍ വാണിയം കുളത്ത് അന്ധര്‍ക്കായി ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം ആരംഭിച്ചു. ഇതാണ് കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രം.

ഉള്‍കണ്ണിന്റെ കാഴ്ചയില്‍ അന്ധതയോട് പൊരുതി രാമകൃഷ്ണന്‍; അന്ധര്‍ക്ക് വഴികാട്ടിയാകാന്‍ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

പാലക്കാട്: ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്നിട്ടും സമാന ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ജീവിതം വെളിച്ചം പകര്‍ന്ന് നല്‍കി വാണിയംകുളം സ്വദേശി രാമകൃഷ്ണന്‍. കേരളത്തിന് അകത്തും പുറത്തും ജോലി ചെയ്യുന്ന ആയിരക്കണക്കിന് അന്ധര്‍ക്കാണ് രാമകൃഷ്ണന്‍ വഴികാട്ടിയായത്. പെട്ടന്നൊരുനാള്‍ ഇരുട്ടിന്റെ ലോകത്തേക്ക് വഴുതി വീണപ്പോഴാണ് കാഴ്ചയുള്ളവരെ പോലെ തന്നെ കാഴ്ചയില്ലാത്തവര്‍ക്കും ജീവിക്കാമെന്ന് പഠിച്ചത്. ചെറു പ്രായത്തില്‍ തന്നെ കാഴ്ച നഷ്ടപ്പെട്ട രാമകൃഷ്ണന്‍ വാണിയം കുളത്ത് അന്ധര്‍ക്കായി ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം ആരംഭിച്ചു. ഇതാണ് കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രം.


എന്നാല്‍ സര്‍ക്കാറിന്റെ നിയമം മൂലം രണ്ടു മാസം മുമ്പ്  മുതല്‍ അന്ധരെ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പദവി അതിന് ഇല്ലാതായി. 35 വയസ് കഴിഞ്ഞവരെ പഠിപ്പിക്കുന്ന സ്ഥാപനം  ഇന്‍സ്റ്റിറ്റ്യൂട്ട് ആയി പരിഗണിക്കില്ലെന്ന നിയമം വന്നതാണ് കാരണം. തുടര്‍ന്ന് സ്ഥാപനത്തെ തൊഴില്‍ പുനരധിവാസ കേന്ദ്രമാക്കി മാറ്റി.  ഇന്നിപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അന്ധര്‍ക്കുള്ള ഓര്‍ഫനേജ് കൂടിയായാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ 100 പേര്‍ക്ക് പരിശീലനവും താമസവും ഭക്ഷണവും സൗജന്യമായി നല്‍കിയിരുന്നു. ഇപ്പോള്‍ 57 പേരാണ് ഇവിടെ താമസിക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിലും മറ്റും രജിസ്ട്രര്‍ ചെയ്ത ശേഷമാണ് ഓര്‍ഫനേജ് ആക്കിയത്. എന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ഗ്രാന്റൊന്നും ലഭിക്കുന്നില്ല.

വിദ്യാഭ്യാസമുള്ളവര്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവാണ് ചെറുപ്പത്തിലെ കാഴ്ച നഷ്ടപ്പെട്ട രാമകൃഷ്ണന് അന്ധര്‍ക്കായി ഒരു സ്ഥാപനം തുടങ്ങാന്‍ പ്രചോദനമായത്. വാടാനംകുര്‍ശ്ശി സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് രാമകൃഷ്ണന് കാഴ്ച ശക്തി നഷ്ടമായത്. ഒരു ചെറിയ ഓപ്പറേഷനു ശേഷം നേരിയതോതില്‍ കാഴ്ച ശക്തി തിരികെ കിട്ടിയെങ്കിലും പിന്നീട് അത് ഇല്ലാതായി. തുടര്‍ന്ന് കുന്നംകുളത്ത് അന്ധര്‍ക്കായുള്ള വിദ്യാലയത്തില്‍ നിന്ന് ബ്രെയിൻ ലിപി പഠിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ ശേഷം ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.ഫില്‍ കരസ്ഥമാക്കി. തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് അന്ധര്‍ക്കായുള്ള സ്റ്റെനോഗ്രാഫി പഠിച്ചു. കുറച്ചു കാലം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫറായിരുന്നു. ഇവിടെ നിന്നാണ് അന്ധര്‍ക്കായുള്ള ഒരു സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ രാമകൃഷ്ണൻ ആരംഭിച്ചത്.

കുളപ്പുള്ളിയില്‍ 1992 ലാണ് ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന അന്ധര്‍ക്കായുള്ള സ്ഥാപനം രാമകൃഷ്ണന്‍ തുടങ്ങിയത്. തുടക്കത്തില്‍ അന്ധരെ കണ്ടെത്താനുള്ള രജിസ്ട്രേഷനാണ് നടന്നത്. 1993 ല്‍ 43 പേരുമായി സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. അന്നത്തെ സ്ഥലം എം.എല്‍.എ. വി.സി.കബീറാണ് ഉദ്ഘാടനം നടത്തിയത്. ചൂടി, കയര്‍ നിര്‍മ്മാണവും കസേര നെയ്ത്തുമാണ് തുടക്കത്തില്‍ പരിശീലിപ്പിച്ചത്. പിന്നീട് മോട്ടോര്‍ വൈന്റിംഗ്,  ഇലക്ട്രോണിക്സ് പഠനവും തുടങ്ങി. 2005 ല്‍ ഓഡിയോ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കാഴ്ചയില്ലാത്തവര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങി. 2005 ലാണ് സ്ഥാപനം പനയൂരിലേക്ക് മാറ്റിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ  സ്ത്രീകളും പുരുഷന്മാരും ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിച്ച്  ജോലിയില്‍ ഏര്‍പ്പെടുന്നുണ്ട്.

കാലത്ത് അഞ്ചര മണിക്ക് ബെല്ലടിക്കുന്ന ശബ്ദം കേട്ടാല്‍ എല്ലാവരും എഴുന്നേല്‍ക്കും. പ്രാഥമിക കാര്യങ്ങള്‍ക്ക് ശേഷം ഏഴു മണി മുതല്‍ എട്ടര വരെ മലയാളത്തിലെ പത്രങ്ങള്‍ ഒരാള്‍ മൈക്കുവഴി വായിച്ചു കേള്‍പ്പിക്കും. എട്ടരയ്ക്ക് ശേഷം കാലത്തെ പ്രാതല്‍. ഒമ്പതു മുതല്‍ പന്ത്രണ്ടേ മുക്കാല്‍ വരെയും രണ്ടു മുതല്‍ നാലരവരെയും  പരിശീലനവും തൊഴിലും ഉണ്ടായിരുന്നത് ഇപ്പോള്‍ പരിശീലനം ഇല്ലെന്നതു മാത്രമാണ് മാറ്റം. പക്ഷെ പെട്ടെന്ന് ഒരു നാള്‍ കാഴ്ച്ച നഷ്ടപ്പെടുന്നവര്‍ക്കായുള്ള പരിശീലന പരിപാടികള്‍ ഇപ്പോഴും നല്‍കുന്നുണ്ട്. വൈകുന്നേരത്തെ ചായ കഴിഞ്ഞാല്‍ എല്ലാവരും ടി വി ശബ്ദം കൊണ്ട് കാണും. ഒഴിവുദിവസങ്ങളില്‍ ജോലിയില്ലെങ്കിലും ബാക്കിയെല്ലാം പതിവുപോലെ. ഓണത്തിനും ക്രിസ്തുമസ്സിനും സ്ഥാപനത്തിലുള്ളവർക്ക് അവധിക്കാലമാണ്.

നേരത്തെ കേന്ദ്ര ഗവണ്‍മെന്റ് തൊഴില്‍ പരിശീലനത്തിനുള്ള ഗ്രാന്റ് നേരത്തെ നല്‍കിയിരുന്നു. . ബി.എഡ്., ടി.ടി.സി. തുടങ്ങിയ കോഴ്സുകള്‍ക്ക് പുറത്ത് വിട്ട് പരിശീലനം നല്‍കി വന്നിരുന്നു. എല്ലാ വര്‍ഷവും മൂന്നോ നാലോ വിദ്യാര്‍ത്ഥികളെങ്കിലും  എന്‍.എസ്.എസ്. ട്രെയിനിംഗ് കോളേജില്‍ ബി.എഡിന് ഉണ്ടാകാറുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലാതായതോടെ ഇതൊക്കെ നിന്നു.
രാമക്യഷ്ണന്‍ വഴി ജീവിതം ഇരുട്ടിലും ജീവിതം നയിക്കാമെന്ന് കണ്ടെത്തിയവര്‍ നിരവധിയാണ്. ക്രിക്കറ്റ്  പന്ത് കളിക്കുമ്പോള്‍ പന്ത് കൊണ്ട വിപിന് ഒരു രാത്രി കൊണ്ടാണ് തന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടത്. ജീവിതത്തിന് മുമ്പില്‍ പകച്ചു നിന്ന വിപിന് ആശ്രയമായത്  വാണിയംകുളത്തെ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. ഇവിടെ പഠനം പൂര്‍ത്തിയാക്കിയ വിപിന്‍ നാട്ടില്‍ സ്വന്തമായി സ്ഥാപനം തുടങ്ങി. റിഫ്‌ലെക്‌സോളജി കോഴ്സാണ് വിപിന്‍ പഠിച്ചിരുന്നത്. ഒരു ബൈക്ക് അപകടത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട മണികണ്ഠന്‍, ജനിക്കുമ്പോഴെ കാഴ്ച്ചയില്ലാതെ ബി.എഡ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച സുനിത തുടങ്ങി നൂറുകണക്കിന് പേരാണ് രാമക്യഷ്ണന്‍ വഴി ജീവിത വിജയം നേടിയത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രമുഖവ്യക്തിയും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. സാധാരണക്കാരായ നാട്ടുകാരുടെ സഹായത്താലാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. നാലുവര്‍ഷം മുമ്പ് ഇവിടെ വന്ന ജില്ലാ കലക്ടറാണ് വന്നവരില്‍ പ്രമുഖ വ്യക്തി. അവാര്‍ഡുകള്‍ക്ക് പുറകെ പോയിട്ടില്ലാത്ത അമ്പത്തിയാറുകാരനായ രാമകൃഷ്ണന് സ്ഥാപനം നല്ല നിലയില്‍ മുന്നോട്ട് പോകണം എന്ന ആഗ്രഹമേയുള്ളൂ.

Read More >>