ഹരിപ്രസാദ് ചൗരസ്യ: മുളന്തണ്ടിലെ നാദവിസ്മയം

സംഗീത വിസ്മയം ഹരിപ്രസാദ് ചൗരസ്യയുടെ ജീവിതം. അന്ന പൂർണ്ണാദേവിയും ചൗരസ്യയും തമ്മിലുള്ള ഗുരുശിക്ഷ്യ ബന്ധം- രാജലക്ഷ്മി ലളിതാംബിക എഴുതുന്നു.

ഹരിപ്രസാദ് ചൗരസ്യ: മുളന്തണ്ടിലെ നാദവിസ്മയം

രാജലക്ഷ്മി ലളിതാംബിക

ലോകത്തിലെ എറ്റവും പഴയ സംഗീതോപകരണമാണ് പുല്ലാങ്കുഴൽ. കാട്ടിൽ താമസിച്ചിരുന്ന പ്രാചീനർ പാഴ്മുളം തണ്ടിൽ തീർത്ത സംഗീതമാണ് ഇന്ന് ബാംസുരി വാദനമായി വികസിച്ചു വന്നിരിക്കുന്നത്. ശാർങാകര ദേവന്റെ സംഗീതരത്‌നാകരത്തിൽ പതിനെട്ടുതരം ഓടക്കുഴലുകളെ കുറിച്ചു പറയുന്നു. വേദ സാഹിത്യത്തിൽ വേണു എന്നതിനെ വിശേഷിപ്പിക്കുന്നു. ബാംസുരിക്ക് ശാസ്ത്രീയ സംഗീതത്തിൽ സമുന്നതസ്ഥാനം നേടിക്കൊടുത്തത് പന്നലാൽ ഘോഷും അതിന്റെ പ്രശസ്തി ഇന്ത്യക്ക് പുറത്ത് എത്തിച്ചത് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമാണ്.


ഗുസ്തിയും സംഗീതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. എന്നാൽ ഇതേ ചോദ്യം ഹരിപ്രസാദ് ചൗരസ്യയോടാണ് ചോദിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ മറുപടി ഉണ്ട് എന്നാകും. കുട്ടിക്കാലത്ത് താൻ പഠിച്ച ആയോധനമുറകൾ കൊണ്ട് പേശികൾ തിടം വച്ചതുകൊണ്ടാണ് ഇന്നും ജീവവായു മുളംതണ്ടിലേക്ക് ഊതികയറ്റാൻ കഴിയുന്നതെന്ന് അദ്ദേഹം വിശ്വിസിക്കുന്നു. ഡോക്ടറുടെ മകൻ ഡോക്ടറും സിനിമാ നടന്റെ മകൻ സിനിമാ നടനും ആകുമ്പോലെ ഗുസ്തിക്കാരന്റെ മകൻ ഗുസ്തിക്കാരൻ ആകുമെന്ന ബന്ധുക്കളുടെ വിശ്വാസത്തെ തകർത്തുകൊണ്ട് ഹരിപ്രസാദ് ചൗരസ്യ എന്ന ഹരി ഒരു സംഗീതജ്ഞനായി. അച്ഛന്റെ ആഗ്രഹത്തെ ഹരി പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നില്ല. കുട്ടിക്കാലത്തൊക്കെ അതായത്, സംഗീതം ഭ്രാന്തമായി തലയിൽ പിടിക്കുന്നതിനു മുമ്പുള്ള കാലം വരെയും ഹരി പരിശീലനം മുടക്കിയിരുന്നില്ല.

1938 - ൽ അലഹബാദിൽ പണ്ഡിറ്റ് ഛേദിലാലിന്റെയും ലക്ഷ്മി ദേവിയുടെയും മൂന്നു പുത്രന്മാരിൽ ഒരാളായിരുന്നു ഹരി. ഹരിപ്രസാദ്, ശിവപ്രസാദ്, ഗണേഷ് പ്രസാദ് എന്നിവരായിരുന്നു സഹോദരങ്ങൾ. ഹരിയുടെ നേരെ മുതിർന്നത് ഒരു പെൺകുട്ടിയായിരുന്നു. ഭാനുശ്രീ എന്നായിരുന്നു പേര്. ഹരിയുടെ നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. ആ നഷ്ടബോധം ഹരിയുടെ തുടർന്നുള്ള ജീവിതത്തിൽ വല്ലാതെ ബാധിച്ചിരുന്നു.

പഠനത്തിലൊന്നും വലിയ താത്പര്യം ഉണ്ടായിരുന്ന കുട്ടി ആയിരുന്നില്ല ഹരി. ഹരിയുടെ വീടിനു മുകളിൽ ആയിരുന്നു പണ്ഡിറ്റ് രാജാറാം എന്ന സംഗീതജ്ഞൻ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നത്. അത് കേൾക്കുക എന്നതായിരുന്നു കുട്ടിക്കാലത്ത് ഹരി ഏറെ ഇഷ്ടത്തോടെ ചെയ്തിരുന്ന ജോലി.

അച്ഛനറിയാതെ രാജാറാമിൽ നിന്നും അദ്ദേഹം സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. അവിടെ പഠിക്കാൻ വന്ന കുട്ടിയുടെ കയ്യിൽ ഒരു പുല്ലാങ്കുഴൽ കണ്ടതോടെ അതുപോലൊന്ന് വേണമെന്ന് ഹരി ആഗ്രഹിച്ചു ആദ്യമായി അത് കയ്യിൽ കിട്ടിയപ്പോൾ അതിൽ നിന്ന് സംഗീതമുതിർക്കുന്നതെങ്ങനെയെന്ന് അറിയാനായി വെമ്പൽ രാജറാമിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു കഴിഞ്ഞപ്പോൾ അതിൽ കൂടുതൽ കൂടുതൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായി അദ്ദേഹത്തിന്.

പിതാവിന് ഹരി സംഗീതപഠനത്തിലേക്ക് തിരിയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല. സംഗീതം പഠിച്ച് ഒരു സംഗീതാധ്യാപകൻ ആകുമെന്നല്ലാതെ ഒരിക്കലും ഒരു ജീവിതവിജയം ഉണ്ടാകില്ലെന്ന് ഹരിയുടെ അച്ഛൻ ഭയന്നു. അദ്ദേഹം ഹരി തന്നേപ്പൊലൊരു ഗുസ്തിക്കാരനാവണമെന്നും, നന്നായി പഠിച്ച് ഒരു ജോലി സമ്പാദിച്ച് കുടുംബം ഭദ്രമാക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ ഹരി തന്നോടു തന്നെയും മറ്റുള്ളവരോയും പറഞ്ഞിരുന്ന വാക്കുകൾ ഇതായിരുന്നു.

ഇല്ല എനിക്ക് പറ്റില്ല, എനിക്കൊരിക്കലും
ഒരു ഗുസ്തിക്കാരൻ ആകാൻ കഴിയില്ല എന്നായിരുന്നു.

വളരെ കാലം ഹരി തന്റെ സംഗീതപഠനം വളരെ രഹസ്യമായി മുന്നോട്ടു കൊണ്ടുപോയിരുന്നു. ഒരിക്കൽ ഹരിയുടെ സുഹൃത്ത് ഹരിയെ തേടി വീട്ടിലെത്തി. ജഗന്നാഥൻ എന്നായിരുന്നു സുഹൃത്തിന്റെ പേര്. ഹരിയുടെ തന്നെ പ്രയാമായിരുന്നു ജഗന്നാഥനും. ഹരിയെപ്പോലെ തന്നെ ജഗന്നാഥനും സംഗീതത്തോട് അമിത താത്പര്യമായിരുന്നു. പക്ഷേ ഹരിയുടെ അച്ഛനെപ്പോലെ, ആഭരണവ്യാപാരിയായ ജഗന്നാഥന്റെ അച്ഛനും മകന്റെ സംഗീതാരാധനയോട് താത്പര്യമുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ജഗന്നാഥൻ ഹരിയോടൊപ്പം നാടുവിടാൻ ഒരു പദ്ധതി തയ്യാറാക്കി. അങ്ങനെ വീട്ടിൽ ആരുമില്ലാത്ത സമയം കുറച്ചു വസ്ത്രങ്ങളുമെടുത്ത്, കയ്യിൽ കാശുമില്ലാതെ ഹരി ജഗന്നാഥനോടൊപ്പം വീടുവിട്ടിറങ്ങി. ജഗന്നാഥന്റെ കയ്യിൽ കുറച്ചു കാശ് ഉണ്ടായിരുന്നു. അതും കൊണ്ട് അവർ ബോംബെയിലേക്ക് വണ്ടികയറി. അവിടെ നാലുദിവസം തങ്ങി. അമ്പലങ്ങളിൽ ആരതിവേളകളിൽ സംഗീതം ആലപിക്കാൻ ഹരിക്കും ജഗന്നാഥനും അവസരം ലഭിച്ചു. അതായിരുന്നു ഹരിയുടെ ആദ്യത്തെ സംഗീതവേദി. ഹരി ആദ്യമായി സദസ്സിനെ അഭിമുഖീകരിച്ചത് അന്നാണ്. കുറച്ചുദിവസം അവിടെ ചുറ്റിക്കറങ്ങി എന്നല്ലാതെ അവിടെ തുടരാൻ അവർക്കു കഴിയുകയില്ലായിരുന്നു. അപ്പോഴേക്കും കയ്യിൽ കരുതിയ കാശ് മുഴുവൻ തീർന്നിരുന്നു. സംഗീതത്തോടുള്ള ആരാധനകൊണ്ട് മാത്രം വരും വരായ്കകൾ ചിന്തിക്കാതെ വീട്ടിൽ നിന്ന് ഓടിപ്പോയ പക്വതയില്ലാത്ത കുട്ടികളാണ് തങ്ങളെന്ന് വളരെ വേഗം അവർക്കും ബോധ്യം വന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിക്കണമെന്നും അവർ കരുതി. ടിക്കറ്റ് എടുക്കാൻ കൂടി കാശില്ലാത്തതിനാൽ ബോംബെയിൽ നിന്ന് അലഹാബാദിലേക്ക് അവർക്ക് കള്ളവണ്ടി കയറേണ്ടി വന്നു.

തിരികെ വീട്ടിലെത്തിയ ഹരി പിതാവിനോട് മാപ്പ് പറഞ്ഞു എന്നാൽ അദ്ദേഹം അകത്ത് ചെന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞതല്ലാതെ മറ്റ് യാതൊന്നും പറഞ്ഞില്ല. സംഗീതത്തോടുള്ള മകന്റെ താത്പര്യം അദ്ദേഹം തിരിച്ചറിയുകയായിരുന്നു. കൂടുതൽ നിർബന്ധിച്ചും തല്ലിയും അവനെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചാൽ അവൻ തന്നിൽ നിന്ന് അകന്ന് ഓടി മാറുകയും ചെയ്യുമെന്ന് അദ്ദേഹം മനസ്സിലാക്കി.


ഒരിക്കൽ അഹലബാദിൽ സംഗീതപരിപാടിയ്ക്ക് വന്ന ഉസ്താദ് ബാബാ അല്ലാവുദീൻഖാനെ ഹരി കാണുവാൻ ഇടയായി. അദ്ദേഹത്തിൽ നിന്ന് സംഗീതം പഠിക്കാനുള്ള ആഗ്രഹവും ഹരി വ്യക്തമാക്കി.. അദ്ദേഹം ഹരിയെ മെയ്ഹറിലേക്ക് ക്ഷണിച്ചു. അവിടെ വരുമ്പോൾ ബാബയെ കാണാൻ കഴിഞ്ഞില്ലെങ്കിൽ ബോംബേയിൽ തന്റെ മകൾ ഉണ്ടെന്നും അവരിൽ നിന്ന് പഠനം തുടരാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരി അത് സമ്മതിക്കുകയും ചെയ്തു.

ഇന്റർമീഡിേയറ്റ് കഴിഞ്ഞ് സ്റ്റെനോഗ്രഫി പഠിച്ച് എന്തെങ്കിലും ജോലിനേടാനുള്ള ശ്രമവും ഹരി നടത്തുന്നുണ്ടായിരുന്നു. ആയിടയ്ക്ക് അച്ഛന്റെ ആഗ്രഹമനുസരിച്ച് ഹരിക്ക് ഒരു മില്ലിംഗ് കമ്പനിയിൽ ടൈപ്പിസ്റ്റായി ജോലി ലഭിച്ചു. എൺപത്തിയഞ്ച് രൂപ ആയിരുന്നു ആദ്യശമ്പളം. ഹരിയുടെ ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കപ്പെട്ടിരുന്ന പിതാവിന് ഈ സംഭവം വളരെ സന്തോഷം നൽകി.

അലഹബാദ് ആകാശവാണിയിലെ പണ്ഡിറ്റ് ബോലാനാഥിന്റെ ബാംസുരിവാദനത്തിനൊപ്പിച്ച് ഓടക്കുഴലൂതുക ഹരി ശീലമാക്കി. ഒരിക്കൽ അദ്ദേഹത്തെ നേരിട്ടുകണ്ടപ്പോൾ ഹരി ശിഷ്യനാകാനുള്ള തന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. ഒരു യഥാർത്ഥശിഷ്യനെ കണ്ടെത്തിയതിൽ ബോലാനാഥും സംതൃപ്തനായി. എട്ടു വർഷത്തോളം ബോലാനാഥിനു കീഴിൽ ബാംസുരി പഠിച്ചു. പിന്നെ സാമ്പത്തികസ്ഥിതി മോശമായപ്പോൾ ഒരു തൊഴിൽ തേടി ഒറീസ്സയിലേക്ക് വണ്ടികയറി. കട്ടക്ക് ആകാശവാണിയിൽ ബാംസുരി വായിക്കുന്നതിനും പരിപാടി ആവിഷ്‌കരിക്കുന്നതിനും അവസരം ലഭിച്ചു. അവിടെ വച്ചാണ് അനുരാധയെന്ന ഗായികയെ പരിചയപ്പെടുന്നത്. പിന്നീട് ഹരിയുടെ ജീവിതസഖിയായി മാറിയതും ഈ അനുരാധയാണ്. ആ സമയത്ത് സിനിമ മേഖലയിലും ഹരി സജീവസാന്നിദ്ധ്യമായിരുന്നു. നിരവധി സിനിമാഗാനങ്ങൾക്കു വേണ്ടിയും അദ്ദേഹം ബാംസുരി വായിച്ചു.

കട്ടക്കിൽ നിന്ന് ഹരിപ്രസാദിന് ബോംബോ ആകാശവാണിയിലേക്ക് മാറ്റമായി. അപ്പോഴും ക്ലാസിക്കൽ സംഗീതത്തിൽ കൂടുതൽ അവഗാഹം നേടണമെന്ന ആഗ്രഹം അടങ്ങിയിരുന്നില്ല. ബാബാ അല്ലാവുദീൻഖാനിൽ നിന്നും ശിക്ഷണം നേടാനുള്ള ശ്രമം അത്രവിജയിപ്പിച്ചില്ലെങ്കിലും മകൾ അന്നപൂർണ്ണദേവിയിൽ നിന്ന് അത് നേടിയെടുക്കണമെന്ന് ഹരി ആഗ്രഹിച്ചു. പിൽക്കാലത്ത് ഏറ്റവും മികച്ച ഗുരുശിഷ്യ ബന്ധങ്ങളിൽ ഒന്നായി മാറിയ അന്നപൂർണ്ണ - ഹരിപ്രസാദ് ബന്ധം പക്ഷെ അന്നപൂർണ്ണയിലേക്ക് അടുക്കാൻ ഹരി സഞ്ചരിച്ച വഴികൾ വളരെ ദുർഘടം നിറഞ്ഞതായിരുന്നു.

annapurna-deviബാബാ അല്ലാവുദ്ദീൻഖാന്റെ സംഗീതം ഏതാണ്ട് മുഴുവൻ തന്നെ പകർന്നുകിട്ടിയ മകളായിരുന്നു അന്നപൂർണ്ണ. എന്നാൽ ഭർത്താവ് രവിശങ്കറിന് അവർ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ഇഷ്ടമായിരുന്നില്ല. കാരണം അവർ രവിശങ്കറിനെക്കാൾ പ്രതിഭാശാലിയാണ് എന്നതുകൊണ്ട് തന്നെ. ആ കാലങ്ങളിൽ ഇതിനോടൊക്കെയുള്ള പ്രതിഷേധം എന്ന നിലയിൽ പൊതുവേദികൾ മാത്രമല്ല പുറത്തേക്കുള്ള വാതിലുകൾ തന്നെയും അവർ ഉപേക്ഷിച്ചിരുന്നു. ശ്രീരാമകൃഷ്ണദേവന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ നിങ്ങൾ മധുരമായിരിക്കുക ഉറുമ്പുകൾ തേടിയെത്തും എന്നതുപോലെ അന്നപൂർണ്ണ എന്ന മാധുര്യം വാതിലടച്ചിരുന്നപ്പോഴും ചൗരസ്യയെ പോലുള്ള ഉറുമ്പുകൾ തേടിയെത്തുക തന്നെ ചെയ്തു. അന്നപൂർണ്ണ എന്ന കർക്കശ്യക്കാരിയായ അധ്യാപികയെ അത്രവേഗം ഒന്നും തനിക്ക് ലഭിക്കില്ലെന്ന് ഹരിക്കും അറിയാമായിരുന്നു.

ആദ്യമായി ഹരി അന്നപൂർണ്ണയെ കാണാൻ അവരുടെ ഫ്‌ളാറ്റിൽ ചെല്ലുമ്പോൾ യാതൊരുവിധ ആർഭാടങ്ങളുമില്ലാത്തൊരു സ്ത്രീ വാതിൽ തുറന്നു. ആ സ്ത്രീയോടു അന്നപൂർണ്ണയുടെ ശിഷ്യത്വം സ്വീകരിക്കാനാണ് താൻ വന്നതെന്ന് ഹരിപറഞ്ഞു. അപ്പോൾ അവർ അന്നപൂർണ്ണ വളരെ തിരക്കിലാണെന്നും, രവിശങ്കറിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും ഹരിയോട് അന്വേഷിച്ചു. അവരോടി ഹരി ഇല്ലെന്ന് മറുപടി പറഞ്ഞ് തിരികെ പോയി. ബന്ധുക്കൾ ആരെങ്കിലുമാകാം എന്നാണ് ഹരി കരുതിയത്. കുറച്ചുദിവസം കഴിഞ്ഞ് ഹരി വീണ്ടും പോയി അന്നുവാതിൽ തുറന്നത് അന്നപൂർണ്ണാദേവിയുടെ മകനായ സുബഹേന്ദ്രശങ്കർ ആയിരുന്നു. അയാൾ ഹരിയെ അകത്തേക്ക് ക്ഷണിച്ചു. സുബഹേന്ദ്ര അമ്മയെ വിളിച്ചു. അന്നപൂർണ്ണാദേവിയെ കണ്ടപ്പോഴാണ് കഴിഞ്ഞതവണ താൻ വന്നപ്പോൾ വാതിൽ തുറന്ന് തന്നത് അന്നപൂർണ്ണാദേവി തന്നെയായിരുന്നു എന്ന് ഹരിക്ക് മനസ്സിലായത്. അവർ തന്നെ പറ്റിച്ചതാണെന്ന് ഓർത്തപ്പോൾ ഹരിക്ക് ചിരിവന്നു. അപ്പോൾ വീണ്ടും ഹരി സംഗീതം പഠിക്കണമെന്ന ആവശ്യം അന്നപൂർണ്ണയെ അറിയിച്ചു. പക്ഷെ അപ്പോഴും അവർ അത് നിഷേധിച്ചു. താങ്കൾ എന്റെ ഭർത്താവ് രവിശങ്കറുടെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നുണ്ടോ? അവർ വീണ്ടും ചോദിച്ചു. ഹരിയുടെ
മറുപടി ഇതായിരുന്നു. ബാബ പറഞ്ഞത് താങ്കളിൽ നിന്ന് പഠിക്കാനായിരുന്നു.

തുടർന്നുള്ള നാളുകളിലും ഹരിക്ക് ഒരു തരത്തിലും അന്നപൂർണ്ണാദേവിയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. അതോടെ ഹരി മനസ്സ് മടുത്ത് പരിശ്രമം ഉപേക്ഷിക്കാമെന്ന് കരുതി. പക്ഷെ സുഹൃത്തുക്കൾ ഉപദേശിച്ചത് ഇപ്രകാരമായിരുന്നു. അവർക്ക് നിന്നെ ഒഴിവാക്കാൻ കഴിയാത്തവിധം നീ അവരെ സമീപിച്ചുകൊണ്ടിരിക്കുക. അവർ തീർച്ചയായും അവരുടെ വാതിൽ നിനക്കുതുറന്നു തരും. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹരി വീണ്ടും അവിടെപോയി. അന്നപൂർണ്ണയോട് സുബഹേന്ദ്രയെ കാണാനാണ് വരുന്നതെന്ന് പറഞ്ഞു. ഈ കാലയളവിൽ സുബഹേന്ദ്രയും ഹരിയും തമ്മിൽ വളരെ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു. ഇങ്ങനെ വർഷങ്ങളോളം ഹരി അന്നപൂർണ്ണയുടെ ഫ്‌ളാറ്റിലേക്ക് പോയി വന്നു. ഇടയ്‌ക്കൊക്കെ അവിടെചെല്ലുമ്പോൾ അവിടെ രവിശങ്കറും ഉണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹം തന്റെ മുറിയിൽ പ്രാക്ടീസു ചെയ്യുകയോ മറ്റെന്തെങ്കിലും ജോലികളൽ ഏർപ്പെടുകയോ ചെയ്തിരുന്നു. പക്ഷെ ഒരിക്കൽപോലും രവിശങ്കറിന്റെ ശിഷ്യനാകുക എന്ന ആവശ്യം ഹരി മുന്നോട്ട് വച്ചിരുന്നില്ല.

അതിനിടയിൽ ഹരിയുടെ അച്ഛൻ മരിച്ചു. അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഹരി അലഹാബാദിലേക്ക് തിരിച്ചു. അലഹബാദിൽ നിന്നും തിരികെ എത്തിയശേഷം ഹരി വീണ്ടും അന്നപൂർണ്ണയെ കാണാനായിപോയി. പിതാവിന്റെ സംസ്‌കാരചടങ്ങുകൾക്ക് വേണ്ടി ഹരി തല മുണ്ഡനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആദ്യകാഴ്ചയിൽ ഹരിയെ അന്നപൂർണ്ണയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പിന്നീട് ഹരി തന്നെ സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് അവർക്ക് ആളെ പിടികിട്ടിയത് അതിനുശേഷം നിന്റെ മുടിക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ചപ്പോഴാണ് അച്ഛൻ മരിച്ച വിവരം ഹരി പറയുന്നത് അതിനുശേഷം പതിനഞ്ചുദിവസം കഴിഞ്ഞ് ഹരിവീണ്ടും അവിടം സന്ദർശിച്ചു അന്ന് അന്നപൂർണ്ണാദേവി ചോദിച്ചു. എന്ത്‌കൊണ്ടാണ് തന്നിൽ നിന്നു തന്നെ സംഗീതം പഠിക്കണമെന്ന് വാശിപിടിക്കുന്നതെന്ന്. അപ്പോഴും മറുപടി പഴയതുതന്നെയായിരുന്നു ബാബ പറഞ്ഞു. ഒരു ഗുരുവിന്റെ വാക്കിന് വർഷങ്ങളോളം മര്യാദ നൽകിയ ശിഷ്യൻ. അവനെ വീണ്ടും ഒഴിവാക്കാൻ അന്നപൂർണ്ണയ്ക്കു കഴിഞ്ഞില്ല. അവർ ഹരിയോട് അയാൾക്കറിയുന്ന സംഗീതം ആലപിക്കാൻ ആവശ്യപ്പെട്ടു. ഹരി തന്റെ ബാസുരിവാദനം തുടങ്ങി. മണിക്കൂറുകൾ നീണ്ട ആലാപനത്തിനുശേഷം അന്നപൂർണ്ണദേവി ചോദിച്ചു. നീയിനി എന്നിൽ നിന്ന് എന്ത് പഠിക്കാനാണ് ഇപ്പോൾ തന്നെ നീ ഈ കലയിൽ ഉസ്താദ് ആണ്. പക്ഷെ ആ വാക്കുകൾ ഹരിയുടെ ഹൃദയം തകർക്കുന്നവയായിരുന്നു. ഹരി അന്നപൂർണ്ണയെ അമ്മ (മാ) എന്നുവിളിച്ചു. അമ്മ തനിക്ക് വഴികാട്ടിയായിരിക്കണമെന്ന് അഭ്യർത്ഥിച്ചു. പക്ഷേ എല്ലാം പഠിച്ചു കഴിഞ്ഞ വ്യക്തിയെ വീണ്ടും പഠിപ്പിക്കാൻ അന്നപൂർണ്ണയ്ക്കു കഴിയുമായിരുന്നില്ല. ഒഴിഞ്ഞ പാത്രത്തിലെ എന്തെങ്കിലും നിറയ്ക്കാൻ സാധിക്കൂ എന്നതുപോലെ ഇതുവരെ പഠിച്ചതു മുഴുവൻ മറന്ന് കളയുക എന്നതുമാത്രമായിരുന്നു ചൗരസ്യയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന ഏകമാർഗ്ഗം. അതിന് എന്ത് ചെയ്യാം എന്ന ചിന്ത അന്നുവരെ വലതുകൈകൊണ്ട് വായിച്ചിരുന്ന പുല്ലാങ്കുഴലിനെ അദ്ദേഹം ഇടത്‌കൈയിലേക്ക് മാറ്റിപ്പിടിച്ചു. ഇടതുകൈകൊണ്ടുള്ള പുല്ലാങ്കുഴൽ വാദനം അത്ര എളുപ്പമായിരുന്നില്ല. എന്നാലും നിരന്തരമായ അഭ്യാസം കൊണ്ട് അത് നേടിയെടുത്തു.

ഇടതുകൈയ്യിൽ പിടിച്ച മുളന്തണ്ടുമായി ഹരിവീണ്ടും അന്നപൂർണ്ണയെ കാണാനെത്തി. അന്നപൂർണ്ണ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങളായ സ.രി.ഗ.മ മുതൽ ഹരിയെ പഠിപ്പിക്കാൻ തുടങ്ങി. ആ സമയത്ത് ഹരി റെക്കോർഡിംഗുകളും മുടക്കിയിരുന്നില്ല. വലതുകൈയിൽ നിന്ന് ഇടതുകൈയിലേക്ക് മാറ്റിപ്പിടിച്ച പുല്ലാങ്കുഴലുപോലെ ഹരിയുടെ ജീവിതവും അന്നുതൊട്ടവിടെ മാറുകയായിരുന്നു. ഹരിയുടെ വാക്കുകളിൽ പറഞ്ഞാൽ ബാംസുരി ഇടത്‌കൈയിലേക്ക് മാറ്റിപ്പിടിക്കുമ്പോൾ എനിക്കറിയാമായിരുന്നു ഇനി ഒരിക്കലും അതെനിക്ക് വലതുകൈയിലേക്ക് മാറ്റിപ്പിടിക്കാൻ കഴിയില്ലെന്ന്. ദേവിയുടെ ശിഷ്യനായതിൽ പിന്നെ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ഞാൻ ഇടതുകൈകൊണ്ട് ബാംസുരി വായിക്കുന്നു. ശരിക്കും ദേവിയെ കാണും മുൻപ് ഞാനെങ്ങനെയാണ് ബാംസുരി വായിച്ചിരുന്നതെന്ന് ഞാനിപ്പോൾ മറന്നുപോയിരിക്കുന്നു. പ്രതിഭാശാലിയായ ഗുരുവിനെ അധ്വാനശീലനായ ശിഷ്യനു ലഭിച്ചാൽ ശിഷ്യൻ എത്രവരെ വളരും എന്നതിന് ഉദാഹരണമാണ് ചൗരസ്യ.

ഹരി അന്നപൂർണ്ണയെ അമ്മ എന്നു വിളിച്ചതുതന്നെ നാലാംവയസ്സിൽ തനിക്ക് നഷ്ടപ്പെട്ട അമ്മയെ തിരിച്ചുകിട്ടി എന്ന വിശ്വാസത്തിലാണ്. ശരിക്കും അവർ ഗുരു മാത്രമായിരുന്നില്ല അമ്മകൂടി ആയിരുന്നു. ഹരിക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകുന്ന ഹരിയുടെ ആരോഗ്യത്തിൽ ശ്രദ്ധവയ്ക്കുന്ന അമ്മ വളരെ കർക്കശക്കാകരിയായ അധ്യാപികയുടെ മനസ്സിന്റെ ആർദ്രത അടുത്തറിയും തോറും ഹരിയെ അത്ഭുതപ്പെടുത്തി. ഹരിപ്രസാദ് ചൗരസ്യയിൽ നിന്ന് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയിലേക്കുള്ള യാത്രയ്ക്ക് സഹായിച്ചതിൽ പ്രധാനവ്യക്തി അന്നപൂർണ്ണാദേവിയാണെന്ന് അദ്ദേഹം എപ്പോഴും ഓർക്കുന്നു. ബാബ എന്ത്‌കൊണ്ട് അന്നപൂർണ്ണതയിൽ നിന്നു പഠിക്കണെ എന്നു പറഞ്ഞതിന്റെ അർത്ഥവും ഹരിക്ക് മനസ്സിലായി. കാരണം പൂർണ്ണത അവിടെ മാത്രമേ ഉള്ളൂ എന്നതുകൊണ്ട് തന്നെ.

അന്നപൂർണ്ണയിൽ നി്ന്നുള്ള സംഗീതാഭ്യാസനത്തിനുശേഷം അദ്ദേഹം ആകാശവാണിയിലെ ജോലി ഉപേക്ഷിച്ചു. അതിനുശേഷം മുഴുവൻ സമയവും ബാംസുരി വാദനത്തിലായി ശ്രദ്ധ. പന്നലാൽ ഘോഷ്, ബാംസുരിക്ക് ശാസ്ത്രീയ സംഗീതത്തിൽ മാന്യമായ സ്ഥാനം നേടി കൊടുത്തപ്പോൾ ഹരിപ്രസാദ് ചൗരസ്യ അതിന്റെ നാദം ലോകമെങ്ങും പരത്തുകയായിരുന്നു. യഹൂദി മെനുഹിൻ എന്ന ലോകപ്രസിദ്ധ വയലിനിസ്റ്റിനൊപ്പവും പ്രശസ്ത ജാസ് ഗിറ്റാർ വാദകനായ ജോൺ മാക്ലോലിനൊപ്പവും ജീൻ പീയറിക്കൊപ്പവും ചൗരസ്യ ബാംസൂരിയിൽ പല പരീക്ഷണങ്ങളും നടത്തി. പോപ്പ്, ജാസ്, റോക്ക്, ഫ്യൂഷൻ സംഗീതധാരകളും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും തമ്മിലുള്ള അസാധാരണമായ സംയോജനങ്ങൾ നടത്തി. ഹോളണ്ടിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സംഗീതപര്യടനം നടത്തി. അപ്പോഴും ജന്മാഷ്ടമിനാളുകളിൽ ഇരുപത്തിനാല് മണിക്കൂർ ബാംസുരി വാദനത്തിന് അദ്ദേഹം നാട്ടിലെത്തിയിരുന്നു. പണ്ഡിറ്റ് ശിവകുമാറുമായി ചേർന്ന് ശിവ ഹരി എന്ന പേരിൽ ചില സിനിമ സംഗീത സംരംഭങ്ങളും സന്തുറും ഓടക്കുഴലും ചേർന്ന സിംഫണികളും പുറത്തിറക്കി.

ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ബഹുമതിയായ പത്മവിഭൂഷൻ, സംഗീത നാടക അക്കാദമി അവാർഡ്, മഹാരാഷ്ട്ര ഗവൺമെന്റിന്റെ ഗൗരവ് പുരസ്‌കാർ, ഒറീസ സർക്കാരിന്റെ കൊർക്ക് സമ്മാൻ, യുപിയിലെ യശ്ഭാരതി സമ്മാൻ എന്നീ അംഗീകാരങ്ങൾ കൂടാതെ നെതർലണ്ടിലെ നോട്ടർഡാം മ്യൂസിക് കൺസർവേറ്ററിയിൽ ലോകസംഗീത വിഭാഗത്തിൽ ആർട്ടിസ്റ്റിക്ക് ഡയറക്ടറാണ് ചൗരസ്യ.

ഒരു മുളംതണ്ടിൽ അദ്ദേഹം ഈ ലോകത്തെ ഒതുക്കുകയായിരുന്നു. ചൗരസ്യയുടെ ആഗ്രഹപ്രകാരം അദ്ദേഹം സംഗീതജ്ഞനും അച്ഛന്റെ ആഗ്രഹപ്രകാരം അദ്ദേഹം ഒരു ഗുസ്തിക്കാരനുമായി എന്നതാണ് സത്യം. അദ്ദേഹം ഗുസ്തിപിടിച്ച് ജയിച്ചത് സംഗീതപഠനത്തിൽ നേരിടേണ്ടിവന്ന പ്രതിബദ്ധങ്ങളോടായിരുന്നു എന്നുമാത്രം.