വീണ്ടും ദൈവത്തിന്റെ കൈ; വീണത് ബ്രസീല്‍: കോപ്പയില്‍ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്ത്

1986 ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മാറഡോണ 'ദൈവത്തിന്റെ കൈ' ഗോളിനുശേഷം കായിക ലോകത്തെ ഞെട്ടിച്ച മറ്റൊരു ഗോളായി റൂഡിഡാസിന്റെ ഗോള്‍ മാറി.

വീണ്ടും ദൈവത്തിന്റെ കൈ; വീണത് ബ്രസീല്‍: കോപ്പയില്‍ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്ത്

കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍നിന്ന് ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്. 1987നുശേഷം ബ്രസീല്‍ കോപ്പയുടെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത് ഇതാദ്യമായാണ്.

വിവാദ ഗോളിലായിരുന്നു പെറുവിന്റെ ജയവും ബ്രസീലിന്റെ തോല്‍വിയും നിശ്ചിയിക്കപ്പെട്ടത്. 75-ാം മിനിറ്റില്‍ റൗള്‍ റൂയിഡാസാണ് പ്രസ്തുത ഗോള്‍ നേടിയത്. ആന്‍ഡി പോളോയുടെ ക്രോസ് ഗോളാക്കാനുള്ള ശ്രമത്തിനിടെ റൂയിഡാസിന്റെ വലത് കൈയില്‍ കൊണ്ടാണ് പന്ത് ഗോള്‍ ലൈന്‍ കടന്നത്. കൈകൊണ്ട് നേടിയ ഗോളിനെതിരേ ബ്രസീല്‍ ഗോളി അലിസണ്‍ ബീക്കര്‍ ഉയര്‍ത്തിയ അപ്പീല്‍ റഫറി ചെവിക്കൊള്ളാതെ ഗോള്‍ അനുവദിക്കുകയായിരുന്നു.


ഗ്രൂപ്പ് ബിയില്‍ പെറുവിനെതിരേ ഇറങ്ങിയപ്പോള്‍ ജയമോ സമനിലയോ നേടിയാല്‍ മാത്രമേ ബ്രസീലിന് ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, ദുംഗയുടെ ടീം തോല്‍വിയിലേക്ക് കൂപ്പുകുത്തിയതോടെ പെറു ഗ്രൂപ്പ് ചാമ്പ്യന്മാരായും ഇക്വഡോര്‍ രണ്ടാം സ്ഥാനത്തോടെയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. 1986 ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മാറഡോണ 'ദൈവത്തിന്റെ കൈ' ഗോളിനുശേഷം കായിക ലോകത്തെ ഞെട്ടിച്ച മറ്റൊരു ഗോളായി റൂഡിഡാസിന്റെ ഗോള്‍ മാറി.