ഗുല്‍ബര്‍ഗ് കൂട്ടക്കൊല; നാള്‍വഴികള്‍

2002 ഫെബ്രുവരി 28 നാണ് 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊല നടത്തിയത്. മുസ്ലീം ഭൂരിപക്ഷമുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റിയിലേക്ക് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എത്തുകയായിരുന്നു.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല; നാള്‍വഴികള്‍

2002 ലെ ഗുജറാത്ത് കലാപ സമയത്ത്  അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റി കൂട്ടക്കൊല. 2002 ഫെബ്രുവരി 28 നാണ് സംഭവം നടന്നത്. കൂട്ടക്കൊലയില്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്രിയടക്കം  35 പേരെ ചുട്ടുകൊല്ലുകയും 31 ഓളം പേരെ കാണാതാവുകയും ചെയ്തു. പിന്നീട് കാണാതായവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. 69 പേരാണ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.


ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗിലുണ്ടായത്.  ഗോധ്ര തീവെപ്പിന് പിന്നാലെ 2002 ഫെബ്രുവരി 28  നാണ് 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊല നടത്തിയത്. മുസ്ലീം ഭൂരിപക്ഷമുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റിയിലേക്ക് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എത്തുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം സൊസൈറ്റിയുടെ മതിലുകള്‍ തകര്‍ത്ത് വീടുകള്‍ക്ക് തീവെക്കുകയും, താമസക്കാരെ ആക്രമിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്. കേസില്‍ ബിജെപി കോര്‍പറേഷന്‍ കൗണ്‍സിലറായ ബിപിന്‍ പേട്ടല്‍ അടക്കം 66 പേര്‍ കുറ്റാരോപിതരായിരുന്നു. പട്ടേലിനെയടക്കം 36 പേരെ വെറുതെ വിട്ടാണ് ഇന്ന് അഹമ്മദാബാദ് പ്രത്യേക എസ്‌ഐടി കോടതി വിധി വന്നിരിക്കുന്നത്.

ഗോധ്ര സംഭവം, നരോദ പാട്യ കൂട്ടക്കൊല, ഗുല്‍ബര്‍ഗ് കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി കേസ്, സര്‍ദാര്‍പൂര്‍ കൂട്ടക്കൊല, തുടങ്ങിയ കേസുകള്‍ പുനരന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇഹ്‌സാന്‍ ജെഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുടെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു കോടതി ഉത്തരവ്.

കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നായിരുന്നു സാക്കിയ ജെഫ്രിയുടെ ആരോപണം. കലാപം തടയാന്‍ മോദിയോ മറ്റ് മന്ത്രിമാരോ ഉദ്യോഗസ്ഥരോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കലാപകാരികളെ സഹായിച്ചതായും സാക്കിയ ജെഫ്രി നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പരാതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്ന് 2009 ഏപ്രില്‍ 27 ന് സാക്കിയ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് സാക്കിയയ്ക്ക് അനുകൂലമായി ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കി.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവായ മേഘ്‌സിംഗ് ചൗധരിയെ അറസ്റ്റ് ചെയ്തു. കൂട്ടക്കൊലയില്‍ മേഘ്‌സിംഗും ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2010 ല്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ കമ്മീഷന്‍ ചോദ്യം ചെയ്തു. സാക്കിയാ ജഫ്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ മോദിയോട് ആവശ്യപ്പെട്ടത്. ഇതുകൂടാതെ, കലാപ സമയത്ത് മോദിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നിഷ്‌ക്രിയരായിരുന്നുവെന്ന് അന്നത്തെ ഗുജറാത്ത് ഇന്റലിജന്‍സ് മേധാവി ആര്‍ബി ശ്രീകുമാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. രൂപാ മോദി, ഇംതിയാസ് പഥാന്‍ എന്നീ ദൃക്‌സാക്ഷികളും മോദിക്കെതിരേ വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല സമയത്ത് ജെഫ്രി സഹായത്തിനായി മോദിയെ വിളിച്ചിരുന്നുവെന്നും, സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും സഹായത്തിന് എത്തിയില്ലെന്നായിരുന്നു ഇംതിയാസിന്റെ മൊഴി. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കുടുംബത്തിലെ 6 പേരെയാണ് ഇംതിയാസ് പഠാന് നഷ്ടമായത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത 100 പേരില്‍ 20 പേരെ ഇംതിയാസ് തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍ സംഭവത്തില്‍ നരേന്ദ്ര മോദിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നായിരുന്നു 2012 ല്‍ പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇതിനെതിരെ സാക്കിയ ജെഫ്രി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പരാതിക്കെതിരെ കമ്മീഷന്‍ രംഗത്തെത്തി. സാക്കിയയുടെ പരാതിയില്‍ കഴമ്പുമില്ലെന്നും ആളുകളെ കൂട്ടക്കൊല ചെയ്യാന്‍ നരേന്ദ്ര മോദി ഒരിടത്തു പറഞ്ഞിട്ടില്ലെന്നമായിരുന്നു കമ്മീഷന്റെ വാദം. എന്നാല്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് വിഎന്‍ ഖാരെ അടക്കമുള്ളവര്‍ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. മോദിയുടെ അറിവില്ലാതെ ഗുജറാത്ത് കലാപം നടക്കില്ലെന്നായിരുന്നു വിഎന്‍ ഖാരെയുടെ പരമാര്‍ശം. താനായിരുന്നെങ്കില്‍ നരേന്ദ്ര മോദിക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ടനുസരിച്ച് കേസെടുക്കുമായിരുന്നുവെന്നും ഖാരെ പറഞ്ഞു. സാക്കിയയുടെ പരാതിയില്‍ ഫലം കണ്ടില്ല.

അഹമ്മദാബാദ് പോലീസ് കമ്മീഷണറായിരുന്ന പിസി പാണ്ഡേ, ജോയിന്റ് കമ്മീഷണറായിരുന്ന എംകെ ടണ്ടനും കലാപത്തില്‍ പങ്കുണ്ടെന്നതിന് തെളിവുമായി മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ് കോടതിയെ സമീപിച്ചു. പിസി പാണ്ഡേയും എംകെ ടണ്ടനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ കലാപാത്തില്‍ ഇവരുടെ പങ്കിന്റെ വ്യക്തമായ തെളിവായിരുന്നു. കലാപം തടയാനുള്ള എല്ലാ സാധ്യതകളും ടണ്ടന് ഉണ്ടായിരുന്നുവെങ്കിലും നിഷ്‌ക്രിയമായി ഇരിക്കുകയും സ്ഥലം വിട്ട് പോവുകയുമാണ് ടണ്ടന്‍ ചെയ്തതെന്നും ടണ്ടന്റെ അസാന്നിധ്യമാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്നും ടീസ്റ്റ സെതല്‍വാദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

2010 മെയ് 14നാണ് പ്രത്യേക അന്വേഷണ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇഹ്‌സാന്‍ ജെഫ്രി ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത് കൊണ്ടാണ് അക്രമം ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കൂട്ടക്കൊലയില്‍ ജീവനോടെ ചുട്ടുകൊല്ലപ്പെട്ട ജെഫ്രിക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ അന്വേഷണ കമ്മീഷന്‍ പരാമര്‍ശിച്ചത്. ജെഫ്രി ജനക്കൂട്ടത്തിനു നേരെ വെടിവെച്ചതായും ഇത് ജനക്കൂട്ടത്തെ അക്രമാസക്തരാക്കുകയും അവര്‍ സൊസൈറ്റിക്ക് തീവെക്കുകയും ചെയ്തുവെന്നുമായിരുന്നു പ്രത്യേകാന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ഏഴ് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ്  കേസില്‍ ഇന്ന് വിധി വന്നിരിക്കുന്നത്. സെപ്റ്റംബറിലാണ് കേസിലെ വിചാരണ പൂര്‍ത്തിയായത്. ബിജെപി നേതാവടക്കം കുറ്റാരോപിതരായ 36 പേരെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന നിലപാടിലാണ് സാക്കിയ ജെഫ്രി.

അതേസമയം, കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റിയില്‍ കത്തിക്കപ്പെട്ട 18 വീടുകളില്‍ ഒരെണ്ണം മാത്രമാണ് പുനര്‍നിര്‍മിക്കപ്പെട്ടത്.