ഗുല്‍ബര്‍ഗയിൽ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം

പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ മേല്‍ കോളജ് അധികൃതരുടെ ഭാഗത്തു നിന്നാണ് സമ്മര്‍ദ്ദമുള്ളത്. അതോടൊപ്പം കുറ്റക്കാരായ സീനിയര്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ ഉന്നത സ്വാധീനമുപയോഗിച്ചു കേസ് വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മലയാളി പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായാണ് വിവരം.

ഗുല്‍ബര്‍ഗയിൽ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം

കര്‍ണാടക ഗുല്‍ബര്‍ഗയിലെ അല്‍-ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗില്‍ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ക്രൂരമായ റാഗിംഗിനു വിധേയമാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ നീക്കം. പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ മേല്‍ കോളജ് അധികൃതരുടെ ഭാഗത്തു നിന്നാണ് സമ്മര്‍ദ്ദമുള്ളത്. അതോടൊപ്പം കുറ്റക്കാരായ സീനിയര്‍ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ ഉന്നത സ്വാധീനമുപയോഗിച്ചു കേസ് വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


സംഭവത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മലയാളി പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായാണ് വിവരം. എടപ്പാള്‍ കാലടി സ്വദേശിനി അശ്വതി (19)യെന്ന ദളിത് വിദ്യാര്‍ഥിനിയാണ് റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളില്‍ നിന്നാണ് അശ്വതിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്ന ലായനി പെണ്‍കുട്ടിയെക്കൊണ്ട് ബലമായി കുടിപ്പിച്ചതുമൂലം അന്നനാളം വെന്തുരുകി ഭക്ഷണം പോലും കഴിക്കാനാകാത്ത കവസ്ഥയിലാണ് അശ്വതി.

41 ദിവസമായി ജീവന്‍ നിലനിര്‍ത്താന്‍ ദ്രാവകരൂപത്തിലുളള ഭക്ഷണം ട്യൂബ് വഴിയാണ് അശ്വതിക്ക് നല്‍കുന്നതെന്ന് മാതാവ് ജാനകിയും ബന്ധുക്കളും പറയുന്നു. മേയ് ഒന്‍പതിനാണ് കോളേജില്‍ വെച്ച് അശ്വതിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ക്രൂരമായി റാഗ് ചെയ്തത്. റാഗിംഗിനിടെ നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ വിദ്യാര്‍ഥിനികള്‍ ബലമായി ലായനി ഒഴിക്കുകയായിരുന്നു. ഈ രംഗങ്ങളെല്ലാം വിദ്യാര്‍ഥിനികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും അശ്വതി പറയുന്നു.

റാഗിങ്ങില്‍ അവശനിലയിലായ അശ്വതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു സീനിയര്‍ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ജൂണിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിനെതിരേ പരാതി നല്‍കുകയും ചെയ്തു. ഗുല്‍ബര്‍ഗയില്‍ നാലു ദിവസം ഐസിയുവിലും ഒരു ദിവസം അത്യാഹിത വിഭാഗത്തിലും കഴിഞ്ഞ അശ്വതിയുടെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയിരുന്നെങ്കിലും പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ മൊഴിയെടുക്കല്‍ നടന്നിരുന്നില്ല. ഇതിനിടെ റാഗിങ് നടത്തിയ വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലെത്തുകയും സംഭവം പുറത്ത് പറയരുതെന്ന് അശ്വതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്ന് അറിഞ്ഞ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ അശ്വതിയെ ഡിസ്ചാര്‍ജ് ചെയ്ത് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അശ്വതിയെ അമ്മ ജാനകി എടപ്പാളുള്ള ആശുപത്രിയിലും തൃശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവരികയായിരുന്നു.

വിദ്യാഭ്യാസ ലോണ്‍ എടുത്താണ് നിര്‍ധന കുടുംബമായ അശ്വതി കര്‍ണാടകയിലേക്ക് പഠിക്കാന്‍ പോയത്. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ കറുത്തവളെന്ന് പറഞ്ഞാണ് തന്നെ റാഗ് ചെയ്തതെന്നും അശ്വതി കര്‍ണാടക മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, ഇടുക്കി സ്വദേശിനികളായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞതുള്‍പ്പെടെയുളള കാര്യങ്ങളും വിദ്യാര്‍ത്ഥിനി തന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമ്മയും ഒരു സഹോദരിയും മാത്രമാണ് അശ്വതിക്കുള്ളത്.

ഇതിനിടെ സംഭവത്തില്‍ പൊന്നാനി പോലീസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊന്നാനി എസ്‌ഐയുടെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയോടെ വീട്ടിലെത്തി ബന്ധുക്കളോടു വിവരങ്ങള്‍ തേടിയത്. ഡിജിപിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നു ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സംഭവം അന്വേഷിക്കുന്നത്. സംഭവം നടന്നിട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയോ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

Read More >>