ഗസ്റ്റ് അദ്ധ്യാപനം എന്ന ചൂഷണം

ഗസ്റ്റ് അദ്ധ്യാപക നിയമനമെന്ന പേരിൽ നടക്കുന്ന ചൂഷണത്തെക്കുറിച്ച് നിവാസ് സെൽവരാജ് വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്ന തുറന്ന കത്ത്

ഗസ്റ്റ് അദ്ധ്യാപനം എന്ന ചൂഷണം

നിവാസ് സെൽവരാജ്

ബഹുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അറിയാൻ,

താങ്കളുടെ വകുപ്പിൻ കീഴിൽ വരുന്ന കേരളത്തിലെ ഏറ്റവും പഴയ സർവ്വകലാശാലയായ കേരളാ യൂണിവേർസിറ്റി എന്ന പ്രശസ്ത സർവ്വകലാശാലയിൽ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ച് കൊണ്ടുള്ള പരസ്യം കണ്ടു, താങ്കളുടെ ശ്രദ്ധയിൽ അത് പെടുത്തണം എന്ന് തോന്നുന്നതിനാൽ അതിവിടെ ഷെയർ ചെയ്യുന്നു.

ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും നിർബന്ധിതവും, ഗവേഷണ ബിരുദം കാമ്യവും ആയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യത്തിൽ ശമ്പളം പറഞിരിക്കുന്നത് 21600 രൂപ. ഇത്രയും കുറഞ തുക ശമ്പളം കൊടുത്ത് ഒരു പക്ഷെ അദ്ധ്യാപകരെ ക്ഷണിക്കുന്നത് വളരെ ശോചനീയമാണു എന്ന് പറയട്ടെ. നമ്മൾ ഏറെ കുറ്റം പറയുന്ന തമിഴ്‌നാട്ടിലെയും കർണ്ണാടകയിലേയും പ്രൈവറ്റ് എഞ്ചിനിയറിംഗ് ലോബികൾ പോലും ഇതിലും അധികം ശമ്പളം കൊടുക്കുന്നുണ്ട്. എന്തിനു നമ്മുടെ കേരളത്തിലെ എയ്ഡഡ് കോളെജുകൾ പോലും ഗസ്റ്റ് അദ്ധ്യാപകർക്ക് ഇതിലും അധികം ശമ്പളം കൊടുക്കുന്നു.

ഇതിൽ രണ്ട് പ്രശ്‌നങ്ങൾ ഉണ്ട്

1. ഗസ്റ്റ് അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ കുറഞ കൂലി കൊടുത്ത് ചൂഷണം ചെയ്യൽ.
2. അങ്ങനെ ജോലിയെടുക്കുന്നവർ ഇതിലും മെച്ചപ്പെട്ട തൊഴിൽ ലഭ്യമാവുന്ന വേളയിൽ ഒഴിയുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന അനാഥാവസ്ഥ.

കേരളാ യൂണിവേസിറ്റി ക്യാമ്പസ്സിൽ ഫിസിക്‌സ് ഡിപ്പാർട്ട് മെന്റിൽ ഇപ്പോൾ ആകെയുള്ള അദ്ധ്യാപകരുടെ എണ്ണം 4!, ഏതൊരു ഗവണ്മെന്റ്/ എയ്ഡഡ് കോളെജിൽ പോലും അഞ്ചിലധികം അദ്ധ്യാപകർ ഉള്ള ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് ഉണ്ട് എന്നറിയുമ്പോഴാണു കേരളത്തിന്റെ മുഖമുദ്രയാവേണ്ട സർവ്വകലാശാലാ ആസ്ഥാനത്തിന്റെ അവസ്ഥ ശോചനീയമാണെന്ന് അറിവാകുന്നത്.

അവിടെ മതിയാവോളം അദ്ധ്യാപകരെ നിയമിച്ച് വിദ്യാർത്ഥികളുടെ ആശങ്ക ഒഴിവാക്കും എന്ന് ആശിക്കുന്നു. മാത്രമല്ല ഈ ഗസ്റ്റ് അദ്ധ്യാപനം എന്ന ചൂഷണം ഒഴിവാക്കാൻ എന്തെങ്കിലും പദ്ധതി ദീർഘ കാലാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന പക്ഷം വിദ്യാർത്ഥികളുടെയും, അദ്ധ്യാപനത്തിന്റെയും നിലവാരം ഉയർത്തി നമ്മുടെ കലാശാലകളെ, കഴിഞ ദിവസം യൂണിവേർസിറ്റി കോളെജിൽ സഖാവ് പിണറായി പറഞ പോലെ, മികവിന്റെ കേന്ദ്രങ്ങൾ ആക്കാനുള്ള നടപടിയും അങ്ങ് കൈക്കൊള്ളണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള കേരള യൂണിവേഴ്സിറ്റിയുടെ നോട്ടിഫിക്കേഷൻ