യുഡിഎഫ് സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വന്‍ പരാജയം

2013 സെപ്റ്റംബര്‍ 30 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2015 അവസാനിക്കുന്നതോടെ ഭൂമി ഇല്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത് . 36491 കുടുംബങ്ങള്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഭൂമി ലഭിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വന്‍ പരാജയം

തിരുവനന്തപുരം: ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പരാജയമാണെന്ന് കണക്കുകള്‍. ഭൂമി ഇല്ലാത്തവരെന്ന് കണ്ടെത്തിയവരില്‍ വെറും ആറിലൊന്ന് പേര്‍ക്ക് പോലും ഭൂമി നല്‍കാന്‍ പദ്ധതി വഴി സാധിച്ചിട്ടില്ല. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മാത്രമാണ് വളരെ ചുരുക്കം പേര്‍ക്ക് ഭൂമി നല്‍കിയത്. 2,43,928 പേര്‍ക്ക് ഇനിയും ഭൂമി നല്‍കാനുണ്ട്. പദ്ധതി പ്രഖ്യാപിച്ച സമയത്ത് സംസ്ഥാനത്താകെ 3,02,326 കുടുംബങ്ങള്‍ ഭൂരഹിതരായുണ്ടെന്നാണ് കണ്ടെത്തിയത്.


2013 സെപ്റ്റംബര്‍ 30 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2015 അവസാനിക്കുന്നതോടെ ഭൂമി ഇല്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത് . 36491 കുടുംബങ്ങള്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഭൂമി ലഭിച്ചത്. 2.43 ലക്ഷം പേര്‍ക്ക് കൂടി ഭൂമി ലഭിക്കാനുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഭൂമി നല്‍കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 35851 പേര്‍ക്കാണ് തലസ്ഥാനത്ത് ഭൂമി ലഭിക്കാനുള്ളത്. ഓരോ ജില്ലയിലും പട്ടയം നല്‍കാനുള്ള ഭൂമി സര്‍ക്കാരിന്റെ കൈയ്യില്‍ ഉണ്ടായിരുന്നിട്ടും നടത്തിപ്പിലെ അലംഭാവമാണ് പദ്ധതി പരാജയപ്പെടാന്‍ കാരണം.

ഭൂമി ലഭിച്ചവരില്‍ പലരും സ്ഥലം വാസയോഗ്യമല്ലാത്തതിനാല്‍ ഉപേക്ഷിച്ചു പോയി. ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമി മറ്റ് പലര്‍ക്കുമായി വീതിച്ചു നല്‍കുകയും ചെയ്തു. ആലുവ താലൂക്കില്‍  നല്‍കിയ പട്ടയം മറ്റൊരാള്‍ക്ക് പതിച്ചു നല്‍കിയതായി കണ്ടെത്തിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പദ്ധതി പരാജയപ്പെടാനുള്ള പ്രധാന കാരണം. വനം വകുപ്പും റവന്യു വകുപ്പും തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് പട്ടയവിതരണവുമായി ബന്ധപ്പെട്ട് നടന്നത്. മലപ്പുറം ജില്ലയില്‍ കണ്ടെത്തിയ ഭൂമി വനഭൂമിയാണെന്ന് തടസം വനം വകുപ്പ് ഉന്നയിച്ചതോടെ ജില്ലയിലെ ഭൂമി വിതരണം തടസപ്പെട്ടു.

പദ്ധതിയുടെ പേരില്‍ വന്‍തോതിലുള്ള പ്രചരണങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.പ്രചാരണത്തിനായി മെഗാ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ നടത്തി ഫണ്ടും സ്വരൂപിച്ചിരുന്നു.

Read More >>