ഹൈക്കോടതി ഉത്തരവിറക്കി ആറുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല; 6178.64 ഏക്കര്‍ കൈയേറിയ കമ്പനിയെ ഒഴിപ്പിക്കാതെ സര്‍ക്കാരിന്റെ കള്ളക്കളി

കൈയേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കള്ളക്കളി. ഇടുക്കയിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ കൈയേറ്റം ഒഴിപ്പിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കമ്പനിയെ സഹായിക്കുന്നത്. ഭൂമി ഒഴിപ്പിക്കാന്‍ 2015 ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായിട്ടില്ല.

ഹൈക്കോടതി ഉത്തരവിറക്കി ആറുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല;    6178.64 ഏക്കര്‍ കൈയേറിയ കമ്പനിയെ ഒഴിപ്പിക്കാതെ സര്‍ക്കാരിന്റെ കള്ളക്കളി

Narada Exclusive

കൈയേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കള്ളക്കളി. ഇടുക്കയിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ കൈയേറ്റം ഒഴിപ്പിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കമ്പനിയെ സഹായിക്കുന്നത്. ഭൂമി ഒഴിപ്പിക്കാന്‍ 2015 ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായിട്ടില്ല.


ഇടുക്കി പെരുവന്താനം വില്ലേജില്‍ 5737.81 ഏക്കറും കോട്ടയം ജില്ലയിലെ കൊരുത്തോട് വില്ലേജില്‍ 440.83 ഏക്കറും ചേര്‍ത്ത് ആകെ 6178.64 ഏക്കര്‍ ഭൂമിയാണ് ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി കൈയേറിയിട്ടുള്ളത്. കമ്പനി കൈവശംവച്ചിട്ടുള്ള കൂപ്പക്കയം എസ്‌റ്റേറ്റ് നേരത്തെ സര്‍ക്കാര്‍ പൊന്നുംവില നല്‍കി ഏറ്റെടുത്ത ഭൂമിയാണ്. 1955 ലെ ഇടവക റൈറ്റ്‌സ് അക്വസിസിഷന്‍ നിയമപ്രകാരം പെരുവന്താനം വില്ലേജിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങിയിരുന്നു. വഞ്ഞിപ്പുഴമഠത്തിന്റെ പക്കലുണ്ടായിരുന്ന പെരുവന്താനം വില്ലേജിലെ മുഴുവന്‍ ഭൂമിയും 4,15,356 രൂപ നല്‍കിയാണ് 1955ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിന്റെ വിലയാധാരം കാഞ്ഞിരപ്പള്ളി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ 1955 ഒക്‌ടോബര്‍ 10ന് 4541/1955 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിലയാധാര പ്രകാരം ആധാരത്തില്‍ പറയുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം സര്‍ക്കാര്‍ മാറ്റിവയ്ക്കുകയും അതില്‍ നിന്നുള്ള പലിശ തുക പ്രതിമാസ പെന്‍ഷനായി മഠാംഗങ്ങള്‍ക്ക് ഇപ്പോഴും നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഭൂമി എങ്ങനെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ കൈയിലെത്തിയത് എന്നത് ആര്‍ക്കും അറിയില്ല. ഹാരിസണ്‍ മലയളാം കമ്പനിക്കെതിരെ വിജിലന്‍സ് ഡിവൈഎസ്പി എന്‍.നന്ദന്‍പിള്ള നടത്തിയ അന്വേഷണത്തിലാണ് ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയും ഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. വ്യാജ മുദ്രപത്രങ്ങളുപയോഗിച്ചാണ് ആധാരം തയാറാക്കിയിട്ടുള്ളതെന്നും കണ്ടെത്തി.

തുടര്‍ന്നാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. ഇതിനിടെ ഹൈക്കോടതിയില്‍ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി എത്തുകയും ചെയ്തു. കമ്പനിയുടെ പ്രവര്‍ത്തനവും ഭൂമി കൈവശം വച്ചിരിക്കുന്നതും നിയമവിരുദ്ധമാണെന്ന് റവന്യൂ വകുപ്പിന്റെ ചുമതലയുള്ള സീനിയര്‍ അഭിഭാഷക സുശീലാ ഭട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്നാണ് കൈയേറ്റമാണെങ്കില്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് വന്ന് ആറു മാസത്തിനു ശേഷവും കൈയേറ്റം ഒഴിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. ആകെ ചെയ്തതാകട്ടെ എറണാകുളം ജില്ലകളക്ടറും സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്ത രാജമാണിക്യത്തിന് ഉത്തരവ് കൈമാറി എന്നതു മാത്രമാണ്. ഇതുവരെ കമ്പനിയുടെ രേഖകളോ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന ആധാരങ്ങളോ പരിശോധിച്ചിട്ടില്ല. ഈ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുത്താല്‍ മാത്രമേ എസ്‌റ്റേറ്റ് തിരിച്ചെടുക്കാന്‍ കഴിയൂ. ആറു മാസത്തിനിടയില്‍ കമ്പനിയെ സഹായിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവിന്റേയും സര്‍ക്കാര്‍ സ്‌പെഷ്യല്‍ റവന്യൂ പ്ലീഡറുടെ മെമ്മോയുടെയും വിജിലന്‍സ് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള ആദായം എടുക്കുന്നതിന് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തണം. എന്നാല്‍ ഇപ്പോഴും റബര്‍ ടാപ്പിംഗ് അടക്കമുള്ള മറ്റ് കൃഷികളില്‍ നിന്നും കമ്പനി വരുമാനം ഉണ്ടാക്കുകയാണ്.

ഇതു തടയാനുള്ള ഒരു ഉത്തരവും കൈയേറ്റം ഒഴിപ്പിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ ഓഫീസില്‍ നിന്നും നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റുന്നതും വിലക്കിയിട്ടില്ല.ഇവിടെ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയാലും സര്‍ക്കാരിന് തടയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ഭൂമിയാണെന്നും കമ്പനിയുടേത് കൈയേറ്റമാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടും ഭൂമിയുടെ ഉടമസ്ഥാവകാശം കമ്പനിക്കാണെന്ന തരത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുന്നത്.

Story by