സര്‍ക്കാര്‍ ഭൂമി സൗജന്യമായി കൈവശപ്പെടുത്താനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു; അപേക്ഷ നല്‍കിയത് കേരള കോണ്‍ഗ്രസ് നേതാവ്

മെത്രാന്‍ കായല്‍ നികത്തല്‍, സന്തോഷ് മാധവന്റെ കമ്പനിക്കുള്ള ഭൂമിദാനം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് കേരളകോണ്‍ഗ്രസ് നേതാവും അവരുടെ കര്‍ഷക സംഘടനയായ കെ.ടി.യു.സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.തോമസ് ഭൂമിക്കു വേണ്ടി അപേക്ഷ നല്‍കിയത്. ക്രമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കണമെന്നായിരുന്നു ആവശ്യം. 1960ല്‍ യുവാക്കള്‍ക്ക് റബര്‍ കൃഷി നടത്താനായി മൂന്നര ഏക്കര്‍വീതം സര്‍ക്കാര്‍ പതിച്ചു നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഭൂമി സൗജന്യമായി കൈവശപ്പെടുത്താനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു;  അപേക്ഷ നല്‍കിയത് കേരള കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി സൗജന്യമായി കൈവശപ്പെടുത്താനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു. റബര്‍ കൃഷിക്കു നല്‍കിയതും ക്രമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമി പോക്കുവരവ് ചെയ്തു നല്‍കാനുള്ള നീക്കമാണ് റവന്യൂ വകുപ്പ് തടഞ്ഞത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതാവാണ് ഇതിനായി അപേക്ഷ നല്‍കിയത്.

മെത്രാന്‍ കായല്‍ നികത്തല്‍, സന്തോഷ് മാധവന്റെ കമ്പനിക്കുള്ള ഭൂമിദാനം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് കേരളകോണ്‍ഗ്രസ് നേതാവും അവരുടെ കര്‍ഷക സംഘടനയായ കെ.ടി.യു.സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.തോമസ് ഭൂമിക്കു വേണ്ടി അപേക്ഷ നല്‍കിയത്. ക്രമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കണമെന്നായിരുന്നു ആവശ്യം. 1960ല്‍ യുവാക്കള്‍ക്ക് റബര്‍ കൃഷി നടത്താനായി മൂന്നര ഏക്കര്‍വീതം സര്‍ക്കാര്‍ പതിച്ചു നല്‍കിയിരുന്നു. ഇതു കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥകളോടെ ആണ്  ഭൂമി നല്‍കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സര്‍ക്കാരിനായിരുന്നു. ഭൂമിയില്‍ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കൃഷി ഭൂമിയായി തന്നെ ഇതുപയോഗിക്കണമെന്നും സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വ്യവസ്ഥ ലംഘിച്ച് മിക്കവരും ഭൂമി മറിച്ചു വിറ്റു. ഇങ്ങനെ ഭൂമി വാങ്ങിയ പലരും 1960 ല്‍ ലഭിച്ച ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ പലര്‍ക്കും ഭൂമി മറിച്ചു വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ ഇതില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി സര്‍ക്കാരിന്റെ പേരിലായതിനാല്‍ സ്വന്തം പേരില്‍ കരം അടയ്ക്കാന്‍ കഴിയില്ല. റവന്യൂ രേഖകളില്‍ സര്‍ക്കാരിന്റെ പേരിലാണ് ഭൂമി ഇപ്പോഴുമുള്ളത്.


1961 ലെ കേരള ഭൂ നികുതി നിയമപ്രകാരം സര്‍ക്കാര്‍ ഭൂമിയെ കരം ഒടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമത്തിലെ 2 (1)(1) സെക്ഷനിലാണ് സര്‍ക്കാര്‍ ഭൂമിയെ കരം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നത്. ഇതിനാല്‍ ഭൂമിക്ക് കരം അടയ്ക്കാനോ പുതിയ തണ്ടപ്പേര് ചേര്‍ക്കാനോ കഴിയുന്നില്ല. അതിനാല്‍ പോക്കുവരവ് ചെയ്തു കൊടുത്താല്‍ കൈവശക്കാരന് ഭൂമിയുടെ കരം അടയ്ക്കാന്‍ സാധിക്കും. ഇതോടെ ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന വിഭാഗത്തില്‍ നിന്നും മാറി കൈവശക്കാരന്റെ പേരിലാകും. പിന്നീട് ഇതു വില്‍ക്കാന്‍ കഴിയും. ഇങ്ങനെ പോക്കുവരവ് ചെയ്തു നല്‍കാനാണ് കേരള കോണ്‍ഗ്രസ് നേതാവ് അപേക്ഷ നല്‍കിയത്. ഇതോടെ വ്യവസ്ഥകള്‍ ലംഘിച്ച് കൈമാറ്റം ചെയ്ത എല്ലാ ഭൂമിയിടപാടുകളും നിയമവിധേയമായി മാറും.

ഈ അപേക്ഷ പരിശോധിച്ച റവന്യൂ വകുപ്പ് അപേക്ഷ അനുവദിച്ചാല്‍ വലിയതോതിലുള്ള ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്ന് വലിയിരുത്തി. റബര്‍ കൃഷി ചെയ്യുന്നതിന് ലൈസന്‍സ് വഴി ലഭിച്ച ഭൂമി പോക്കുവരവ് ചെയ്യാന്‍ കഴിയില്ല. റബര്‍ കൃഷിക്കായി ലൈസന്‍സ് വഴി ലഭിച്ച ഭൂമി ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ടെന്ന അപേക്ഷ തള്ളിക്കൊണ്ട് റവന്യൂ വകുപ്പ് വ്യക്തമാക്കി. പോക്കുവരവ് ചെയ്തു കൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. ഇതിനാല്‍ അപേക്ഷ തള്ളുകയാണെന്ന് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി എച്ച്.നജീബ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് (സാധാ)നമ്പര്‍. 2305/16/റവന്യൂ എന്ന നമ്പരിലാണ് അപേക്ഷ തള്ളി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Story by
Read More >>