ഗോപി സുന്ദറിന്റെ 'ബാന്‍ഡ് ജി' നാളെ ദുബായില്‍ അരങ്ങേറുന്നു

"റെക്കോർഡ് ഗാനത്തിനൊപ്പം ചുണ്ടനക്കി പ്രേക്ഷകരെ കബളിപ്പിക്കാനൊന്നും ശ്രമിക്കില്ല. ഇത്തരത്തിൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ ഏത് സംഗീതവും ഏത് ഇസവും പരാജയപ്പെടും"

ഗോപി സുന്ദറിന്റെഒരു ദശാബ്ദത്തിലേറെയായി മലയാള സംഗീതലോകത്തിന് വ്യത്യസ്തമായ ഈണങ്ങള്‍ സമ്മാനിക്കുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ബാൻഡ് 'ബിഗ് ജി'  ദുബായിൽ അരങ്ങേറ്റം കുറിക്കുന്നു.

അഫ്സൽ, ഹരിചരൺ, നജീം അർഷാദ്, മഖ്ബൂൽ മൻസൂർ, ദുബായിൽ നിന്ന് കണ്ടെത്തിയ യുവ ഗായകൻ റംഷി, അർജുൻ, ശ്രേയ, ദിവ്യ, ശ്രുതിലക്ഷ്മി, നിമ്മി, മീനാക്ഷി തുടങ്ങിയ ഗായകരാണ് മൂന്നര മണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഗോപീസുന്ദറിനൊപ്പം അണിനിരക്കുക. ഗോപി സുന്ദറിൻെറ ഗാനങ്ങൾക്കൊപ്പം മറ്റു സംഗീത സംവിധായകരുടെ ഹിറ്റ് മലയാള ഗാനങ്ങളും ഹിന്ദി ഗാനങ്ങളുടെ കവര്‍ വെര്‍ഷനുകളും മറ്റും അവതരിപ്പിക്കും. കൂണ്‍ പോലെ സംഗീത ബാൻ‍ഡുകൾ പൊട്ടിമുളക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തിലേത്. അതുകൊണ്ടുതന്നെഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ പുതുമയാര്‍ന്ന എലമെന്റുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ബാന്‍ഡ് ജിയുടെ വരവ്. ഒാരോ സ്ഥലത്തെ പരിപാടിയിലും സംഗീത സംവിധായകരും ഗായകരും മാറിക്കൊണ്ടിരിക്കും എന്ന പ്രത്യേകതയും ബാൻഡ് ബിഗ് ജിക്കുണ്ട്.


"സ്റ്റേജിൽ പാടുമ്പോഴുണ്ടാകുന്ന ചില മാറ്റങ്ങളും പരീക്ഷണങ്ങളും എല്ലാ ഗാനങ്ങളിലുമുണ്ടാകും. എന്നാൽ, റെക്കോർഡ് ചെയ്ത ഗാനത്തിനൊപ്പം ചുണ്ടനക്കി പ്രേക്ഷകരെ കബളിപ്പിക്കാനൊന്നും ശ്രമിക്കില്ല. ഇത്തരത്തിൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ ഏത് സംഗീതവും ഏത് ഇസവും പരാജയപ്പെടും. ഇവർക്കെതിരെ ആസ്വാദകർ ഉടൻ പ്രതികരിക്കും. ആസ്വാദകരോട് കള്ളം പറയേണ്ട ആവശ്യമില്ല. തൻറെ കൈയിൽ ഇത്രയേയുള്ളൂ എന്ന് തുറന്നു സമ്മതിച്ചാൽ മലയാളികൾ ക്ഷമിക്കാനും പൊറുക്കാനും തയ്യാറാവുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും." ഗോപി സുന്ദര്‍ പറയുന്നു

ഇത് വേഗത്തിന്‍റെ കാലമാണെന്നും പഴയത് പോലെ പാട്ടുകള്‍ പലതും ആളുകളുടെ ഹൃദയത്തില്‍ ശാശ്വതമായി നില്ക്കാത്തതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ലെന്നുമാണ് ഗോപി സുന്ദറിന്റെ അഭിപ്രായം. "പണ്ട് സിനിമകൾക്കും പാട്ടുക്കുമിടയിൽ ഇടവേളകളുണ്ടായിരുന്നു. പാട്ട് ഹൃദയത്തിലേറ്റാൻ എല്ലാവർക്കും ഇഷ്ടംപോലെ സമയം. എന്നാലിന്ന് നിത്യേന പുതിയ പാട്ടുകളിറങ്ങുന്നു. ഒന്ന് ശരിക്ക് ആസ്വദിക്കുന്നതിന് മുൻപേ അടുത്തത് വരുന്നു." ഗോപി സുന്ദര്‍ വിശദീകരിച്ചു.

അതേസമയം പാട്ട് കേള്‍ക്കാനും പ്രചരിപ്പിക്കാനുമുള്ള മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമേറി എന്നത് സന്തോഷം പകരുന്ന കാര്യമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അമല്‍ നീരദിന്റെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട ശേഷമാണ് ഗോപി സുന്ദര്‍ തന്റെ ബാന്‍ഡിന്റെ കന്നി പ്രകടനത്തിനുവേണ്ടി ദുബായിലെത്തിയത്.നാളെ രാത്രി എട്ടിന് ദുബായ് അൽ നാസർ ലെഷര്‍ലാൻഡിലാണ് 'ബാന്‍ഡ് ജി'യുടെ ആദ്യ പെര്‍ഫോമന്‍സ്.