ഫ്രഞ്ച് ഓപ്പൺ: കരിയർ ഗ്രാന്റസ്ലാം കഥകൾ

പീറ്റ് സാംപ്രസ്, സ്റ്റെഫാൻ എഡ്ബർഗ്, ബോറിസ് ബെക്കർ ഈ മൂന്ന് പ്രതിഭാശാലികളായ ടെന്നീസ് താരങ്ങൾക്കും കരിയർ ഗ്രാന്റ്സ്ലാം നേട്ടം നിഷേധിച്ചത് പാരീസിലെ കളിമൺ പ്രതലമായിരുന്നു. പ്രതലങ്ങൾക്കനുസരിച്ച് കളിയിൽ വേണ്ട വൈദഗ്ദ്യം മാറുന്നു എന്നത് ടെന്നീസിന്റെ പ്രത്യേകതയാണ്. നാല് ഗ്രാന്റ് സ്ലാമുകളും നാലുതരം പ്രതലങ്ങളിലാണ് നടക്കുന്നത് എന്നത് കരിയർ ഗ്രാന്റ്സ്ലാം ടെന്നീസ് പ്രതിഭയുടെ മാറ്റുരക്കുന്ന അളവുകോലാക്കി മാറ്റുന്നു. രാജേഷ് പരമേശ്വരൻ എഴുതുന്നു.

ഫ്രഞ്ച് ഓപ്പൺ: കരിയർ ഗ്രാന്റസ്ലാം കഥകൾ

രാജേഷ് പരമേശ്വരൻ 

പീറ്റ് സാംപ്രസ്, സ്റ്റെഫാൻ എഡ്ബർഗ്, ബോറിസ് ബെക്കർ ഈ മൂന്ന് പ്രതിഭാശാലികളായ ടെന്നീസ് താരങ്ങൾക്കും കരിയർ ഗ്രാന്റ്സ്ലാം നേട്ടം നിഷേധിച്ചത് പാരീസിലെ കളിമൺ പ്രതലമായിരുന്നു. പ്രതലങ്ങൾക്കനുസരിച്ച് കളിയിൽ വേണ്ട വൈദഗ്ദ്യം മാറുന്നു എന്നത് ടെന്നീസിന്റെ പ്രത്യേകതയാണ്. നാല് ഗ്രാന്റ് സ്ലാമുകളും നാലുതരം പ്രതലങ്ങളിലാണ് നടക്കുന്നത് എന്നത് കരിയർ ഗ്രാന്റ്സ്ലാം ടെന്നീസ് പ്രതിഭയുടെ മാറ്റുരക്കുന്ന അളവുകോലാക്കി മാറ്റുന്നു. ജൂൺ അഞ്ചിന് അവസാനിച്ച ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ മൂന്ന് താരങ്ങൾ ഈ നേട്ടം കൈവരിക്കുന്നതിന് സാക്ഷിയായി. പുരുഷ സിംഗിൾസിൽ നോവാക്ക് ദ്യോക്കൊവിച്ചും മിക്‌സഡ് ഡബിൾസിൽ ലിയാണ്ടർ പേസും മാർട്ടിന ഹിംഗിസും. ഹിംഗിസിന് സിംഗിൾസിൽ കരിയർ ഗ്രാന്റ്സ്ലാം നിഷേധിച്ചതും റോളാണ്ട് ഗാരോസിലെ കളിമൺ പ്രതലമായിരുന്നു എന്നത് രസകരമാണ്. സാംപ്രസും ബെക്കറും ഒരിക്കൽ പോലും ഈ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടില്ല.


1996 ൽ സെമിയിലെത്തിയ സാംപ്രസ് കഫൽനിക്കഫിനോട് പരാജയപ്പെട്ടപ്പോൾ എഡ്ബർഗ്, വിലാന്റാർ, അഗാസ്സി എന്നിവരാണ് ബെക്കർക്ക് തടസ്സമായത്. കളിച്ച ഒരേ ഒരു ഫൈനലിൽ എട്ബര്ഗ് പതിനേഴുകാരനായ മൈക്കൽ ചാങ്ങിനോട് പരാജയപ്പെട്ടു. അതാത് കാലഘട്ടത്തിലെ പ്രതിഭാധനരായ കളിക്കാരെ കളിമൺ പ്രതലത്തിൽ തോൽപ്പിക്കാൻ ക്ലേ കോർട്ട് സ്‌പെഷലിസ്റ്റ്കൾ എന്നും ഉണ്ടാകുമായിരുന്നു എന്ന് ഈ ഗ്രാന്റ്സ്ലാമിന്റെ ചരിത്രം പരിശോധിച്ചാൽ കാണാം. മരിയാണോ പ്യൂർട്ട, മാർട്ടിൻ വെർക്കെർക്ക്, ആൽബെർട്ടോ ബരാസട്ടെഗി തുടങ്ങിയ ഒരു ഗ്രാന്റ്സ്ലാം മാത്രം ഫൈനൽ കളിച്ച് പിന്നീട് മറവിയിലേക്ക് പോയ കളിക്കാർ ഫ്രഞ്ച് ഓപ്പണിന്റെ പ്രത്യേകതയാണ്. ഹാർഡ് കോർട്ടിന് അനുയോജ്യമായ ഒരു ശൈലിയാണ് പല പ്രമുഖ താരങ്ങളും പൊതുവേ അവലംബിക്കുന്നത്. പുല്ലിലും കളിമണ്ണിലും വളരെ ചെറിയ ഒരു കാലയളവിൽ മാത്രമാണ് ടൂർണമെന്റുകൾ നടക്കുന്നത്, ഗ്രാസ് കോർട്ട് സീസൺ വെറും ഒരു മാസമാണ്.

അതിനാൽ തന്നെ പ്രത്യേക വൈദഗ്ദ്യം വേണ്ട ഈ പ്രതലങ്ങളിലെ മോശം പ്രകടനം റാങ്കിങ്ങിനെ കാര്യമായി ബാധിക്കുന്നില്ല. വനിതാ പുരുഷ വിഭാഗങ്ങളിലെ മിക്ക കളിക്കാരും അവരുടെ ഗെയിം ഹാർഡ് കോർട്ടിന് അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുക്കുന്നു എന്നതും സ്‌പെഷലിസ്റ്റുകൾ പുൽകോർട്ടിലും കളിമൺ കോർട്ടിലും അരങ്ങു തകർക്കുന്നതിനു കാരണമായിരുന്നു.

റാഫേൽ നദാലാണ് 2005 മുതൽ 2014 വരെ 9 കിരീടങ്ങൾ നേടി പാരീസിനെ കീഴടക്കിയത്. അഗാസ്സിയും ഫെഡററും ഇപ്പോൾ ദ്യോക്കൊവിച്ചും പാരീസിലാണ് കരിയർ ഗ്രാന്റ്സ്ലാം പൂർത്തിയാക്കുന്നത്, നദാൽ ഏറെക്കുറെ ഒരു കളിമൺ കോർട്ട് സ്‌പെഷലിസ്റ്റ് ആയിരുന്നു എന്ന് പറയാം, ഒരുപക്ഷെ എക്കാലത്തെയും മികച്ച ക്ലേ കോർറ്റ് കളിക്കാരൻ, നദാൽ ഉള്ളിടത്തോളം ഫെടരരും ദ്യോക്കൊവിച്ചും നാല് സ്ലാമും നേടാനുള്ള ശ്രമത്തിൽ വിജയിക്കില്ല എന്ന് പല നിരീക്ഷകരും വിധിയെഴുതിയിരുന്നു. ഫെഡററെക്കാൾ സാധ്യത പലരും ദ്യോക്കൊവിച്ചിനാണ് നദാലിനെതിരെ കളിമൺ പ്രതലത്തിൽ നൽകിയിരുന്നത്. നദാലിന്റെ ടോപ് സ്പിൻ ഫോർഹാണ്ടുകളെ നേരിടാൻ ഫെഡററുടെ ഒറ്റക്കയ്യൻ ബാക്ക് ഹാണ്ടിനെക്കാൾ ദ്യോക്കോവിച്ചിന്റെ ഇരട്ടക്കയ്യൻ ബാക്ക് ഹാണ്ടുകൾക്ക് കഴിയും എന്നതായിരുന്നു ഇത്തരമൊരു വിലയിരുത്തലിന് കാരണമായത്.

എന്നാൽ 2009 ൽ റോബിൻ സോടർലിംഗ് നദാലിനെ നാലാം റൌണ്ടിൽ അട്ടിമറിച്ച് ഫെടരർക്ക് ചരിത്ര നേട്ടത്തിനുള്ള അവസരം തുറന്നുകൊടുത്തു. യു എസ ഓപ്പൻ ജയിച്ച് നദാലും കരിയർ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയപ്പോൾ ടെന്നീസിലെ ബിഗ് ഫോറിൽ ദ്യോക്കൊവിച്ചും ആൻഡി മറെയും ബാക്കിയായി. ഫെഡററെ പോലെ നാലാം ഫൈനലിൽ ദ്യോക്കൊവിച്ചും ചരിത്രനേട്ടം കൈവരിച്ചു. യുദ്ധത്തിന്റെ മുറിപ്പാടുകളുള്ള കൌമാരം, ടെന്നീസ് സ്വപ്ന സാക്ഷാൽക്കാരത്തിനായി ഒരു കുടുംബത്തിന്റെ അക്ഷീണ പ്രയത്‌നം, വാടക വീടുകൾ, കുടുംബത്തിന്റെ സ്വർണം പണയം വെച്ച് കടം വാങ്ങിയ പണവുമായി ജർമനിയിലെ അക്കാദമിയിലേക്കുള്ള യാത്ര ഇവയെല്ലാം ദ്യോക്കൊവിച്ച്ചിന്റെ ടെന്നീസ് യാത്രയുടെ സമാനതകൾ വില്യംസ് സഹോദരിമാരുടെ ടെന്നീസ് യാത്രകൾക്ക് സമാനമാകുന്നു. നോവാക്കിന്റെ മാതാപിതാക്കൾ ടെന്നീസ് ആഘോഷങ്ങളുടെ പാരമ്പര്യ ചട്ടക്കൂടുകൾ ലംഘിക്കുന്നതും നോവാക്കിന്റെ തന്നെ കോർട്ടിലെ ചില പ്രകടനങ്ങളും അയാളെ നദാലിൽ നിന്നും ഫെഡററിൽ നിന്നും വ്യത്യസ്തനാക്കുന്നു. സ്‌പെയിനിനെയോ സ്വിറ്‌സാർലണ്ടിനെയോ പോലെ സെർബിയ മുഖ്യധാര യൂറോപ്പിൽ നിന്ന് ഭിന്നമായത് പോലെ.

സെരീനയുടെ ഇരുപത്തിരണ്ടാം ഗ്രാന്റ്സ്ലാം ആയിരുന്നു വനിതാ വിഭാഗത്തിലെ ഏറ്റവും വലിയ ചോദ്യം. 2003 ൽ സെറീനയെ കൂവിത്തോല്പ്പിച്ച അതെ റോളണ്ട ഗാരോവിൽ സ്‌ട്ടെഫിക്കൊപ്പമെത്തുക എന്നാ നേട്ടം കൈവരിക്കാനായാൽ അത് കാവ്യനീതിയാകുമെന്ന് ആരാധകർ പലരും കരുതിയിരുന്നു. നെട്ടത്തിനടുത്തെത്തുംതോറും വംശീയവും സെക്‌സിസ്ടുമായ നിരവധി പരിഹാസങ്ങൾ വില്യംസ് സഹോദരിമാർക്കെതിരെ നീളുകയായിരുന്നു. 2001 ലെ ഇന്ത്യൻ വെൽസ് , 2003 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ പ്രഗൽഭ താരങ്ങളായ ഈ സഹോദരിമാർ നിറം ഒന്നുകൊന്റ്‌റ് മാത്രം അനുഭവിച്ച വിവേചനം അപലപനീയമാണ്. വനിതാടെന്നീസിൽ സമാനതകളില്ലാത്ത സ്ഥാനം അർഹിക്കുന്നു സെറീന, എങ്കിൽ പോലും കറുത്ത വർഗക്കാരി എന്നത് അധികപങ്കും വെള്ളക്കാരുടെ കളിയായ ടെന്നീസിൽ സെറീനയെ അപരയാക്കുന്നു. സഹകളിക്കാരുടെ മേൽ, പ്രത്യേകിച്ച് ആദ്യ പത്തിലുള്ള കളിക്കാരുമായുള്ള മുഖാമുഖത്തിൽ ഇത്രയേറെ മേധാവിത്വം പുലർത്തിയ മറ്റൊരു താരം ഉണ്ടോ എന്നത് സംശയമാണ്.

ഷറപ്പോവക്കെതിരെയുള്ള സെരീനയുടെ റെക്കോഡ് ഇതിന് ഒന്നാന്തരം തെളിവാണ്. അടുത്ത കാലത്തായി അസരെങ്കയും മുഗുരുദയുമാണ് സെരീനക്കെതിരെ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച രണ്ട്ട് താരങ്ങൾ. അമേരിക്കൻ ഓപ്പണിൽ റോബർട്ടാ വിഞ്ചിയും, ആസ്‌ത്രേല്യൻ ഓപ്പണിൽ കെർബറും സെരീനയുറെ റെക്കോർഡ് നേട്ടത്തെ തടുത്തു.വിഞ്ചിയുടെത് സെരീനക്കെതിരെ ആദ്യത്തെ വിജയമായിരുന്നെങ്കിൽ കെർബർക്ക് അത് രണ്ടാം ജയമായിരുന്നു. സെറീനക്കെതിരെ ഇറങ്ങുമ്പോൾ 2014 ൽ ഫ്രഞ്ച് ഓപ്പണിൽ സെറീനയെ തോല്പ്പിച്ചതിന്റെ ആത്മവിശ്വാസം സ്പാനിഷ് താരത്തിന് ഉണ്ടായിരുന്നു. മികച്ച ഓൾ കോർറ്റ് ഗെയിമുള്ള സ്പാനിഷ് താരം സെരീനയുടെ പിന്തുടര്ച്ച്ക്കാരിയാകുമെന്ന് കരുതപ്പെടുന്നു.

ഒരുപക്ഷെ ഷറപ്പോവ യോട് തോറ്റ വിംബിൾഡൺ ഫൈനലിന് ശേഷം ഇതാദ്യമാകണം സെറീന ഇത്രയും നിഷ്പ്രഭാമാക്കപ്പെട്ട മറ്റോരു സ്ലാം ഫൈനൽ. എന്തായാലും സെരീനയുടെ നേട്ടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനി ലണ്ടനിലേക്ക് നീളുന്നു.ആറു തവണ വിജയത്തിലെത്തിച്ച ഓൾ ഇംഗ്ലൺ്ട് ക്ലബ്ബിലെ പുൽത്തകിടികൾ 22 ആം ഗ്രാന്റ്സ്ലാം സെരീനക്ക് സമ്മാനിക്കുമേന്ന് നമുക്ക് ആശിക്കാം. ഭാവിയുടെ താരമായ മുഗുരുദ തന്നെ വീണ്ടും സെരീനയുടെ എതിരാളിയായെത്തിയാൽ അത്ഭുതപ്പെടാനില്ല.

ഡബിൾസിലും മിക്‌സഡ് ഡബിൾസിലും കരിയർ ഗ്രാന്റ്സ്ലാം നേടിയ അപൂർവ്വം താരങ്ങളുടെ നിരയിലേക്ക് ടെന്നീസിലെ നിത്യ യൌവ്വനമായ ലിയാണ്ടർ പേസും പാർട്ണർ മാര്ട്ടിനയും നടന്നുകയറി. 1997 ലെ വാശിയേറിയ പോരാട്ടത്തിൽ സ്റ്റെഫിയോട് പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ മൂന്നിനതിലും കരിയർ ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ താരമായേനെ മാർട്ടിന. പുരുഷ വനിതാ ഡബിൾസിൽ നിരാശയായിരുന്നു ഫലമെങ്കിലും ലിയാണ്ടർ - മാർട്ടിന കൂട്ടുകെട്ടിന് 2015 ലെ 3 കിരീടങ്ങൾക്കൊപ്പം ഒന്നുകൂടെ. 42 കാരനായ പേസ് ഇനിയും റെക്കോഡ് പുസ്തകങ്ങൾ തിരുത്തികൊണ്ടെയിരിക്കും, പേസിന്റെ ഊർജ്ജസ്വലത ഒരു അക്ഷയഖനിയായി ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഫ്രഞ്ച് ഓപ്പൻ നടക്കുമ്പോൾ ഫ്രാൻസിന്റെ തെരുവുകളെ പിടിച്ചുകുലുക്കിയ അധികമാരും ശ്രദ്ധിക്കാതെ പോയ Nuit Debout തൊഴിലാളി പ്രക്ഷോഭം മാധ്യമ ശ്രദ്ധയിൽ പെടാതെ കടന്നുപോവുകയായിരുന്നു. പഴയ കാലത്ത് മനുഷ്യന്റെ ശാരീരിക ശക്തിയുടെ മുന്നെറ്റത്തിന്റെ കൂടെ ആഘോഷമായിരുന്നു കായിക പ്രകടനങ്ങൾ. ഇന്ന് അതിജീവനത്തിന്റെ പ്രക്ഷോഭങ്ങളും കായിക മാമാങ്കങ്ങളും സമാന്തര ലോകങ്ങളിൽ നടന്നുപോകുന്നു. അഭയാർത്ഥി പ്രവാഹവും സാമ്പത്തിക ഞെരുക്കവും പ്രശ്‌നങ്ങളായി ഉയർന്ന് നിൽക്കുന്ന യൂറോപ്പ് അവരുടെ ഫുട്‌ബോൾ ജേതാവിനെ കണ്ടെത്താൻ വീണ്ടും ഫ്രാൻസിൽ ഒത്തു ചേരുന്നു.

അമേരിക്കയുടെ ജേതാവിനെ കണ്ടെത്താൻ ലാറ്റിൻ അമേരിക്കയും യു എസും മെക്‌സിക്കോയുമൊക്കെ കോപ്പ അമേരിക്കക്ക് വേണ്ടി പൊരുതുന്നു. സീക്ക വൈറസ് ബാധയും ആഭ്യന്തര രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളും നേരിടുന്ന ബ്രസീലിന് മാസങ്ങൾക്കകം ഒളിമ്പിക്‌സിന് വേദിയാകണം. കായികോൽസവങ്ങളുടെ നാളുകളാണ് ലോകമെമ്പാടും കായികപ്രേമികളെ കാത്തിരിക്കുന്നത്.