ടെക്നോപാര്‍ക്കിന്റെ പേരില്‍ ഐടി കമ്പനി വ്യാജ പ്രൊഫൈലുകളുമായി സര്‍ക്കാരിനേയും ജീവനക്കാരേയും കബളിപ്പിച്ചു

ടെക്നോപാര്‍ക്കിലെ ആംസ്റ്റര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബിസോണ്‍ ഇന്‍ഫോ സൊല്യൂഷന്‍ (ബി-ഓണ്‍) എന്ന കമ്പനിയാണ് വെബ്സൈറ്റില്‍ വ്യാജപ്രൊഫൈല്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നത്.

ടെക്നോപാര്‍ക്കിന്റെ പേരില്‍ ഐടി കമ്പനി വ്യാജ പ്രൊഫൈലുകളുമായി സര്‍ക്കാരിനേയും ജീവനക്കാരേയും കബളിപ്പിച്ചു

തിരുവനന്തപുരം: ലോക ഐ.ടി ഭൂപടത്തില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മറവില്‍ ഐ.ടി കമ്പനി വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച് സര്‍ക്കാരിനേയും ജീവനക്കാരേയും കബളിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ ഓഫീസും ആയിരത്തിലധികം പ്രോജക്ടുകളും ഉണ്ടെന്ന വ്യാജവിവരങ്ങള്‍ നല്‍കിയാണിത്. വ്യാജസര്‍ട്ടിഫിക്കറ്റുകളും വിദേശരാജ്യങ്ങളില്‍ ജോലിക്കാരുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് നിരവധി പേരെ ഐ.ടി സ്ഥാപനം വഞ്ചിച്ചത്. തുടര്‍ന്ന് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പ്രവര്‍ത്തനം തടയണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍ക്കാരിനും ടെക്നോപാര്‍ക്ക് സി.ഇ.ഒയ്ക്കും പരാതി നല്‍കി.


കമ്പനിയില്‍ തുടര്‍ന്ന് പോകുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് ഉറപ്പായതോടെ ആണ് പലരും രാജിവെച്ചുപോയത് എന്ന് പരാതി നൽകിയവരില്‍ ഒരാളായ ജഗദീഷ് നാരദാ ന്യൂസിനോട് പറഞ്ഞു.  എന്നാല്‍ പിന്നീട് ഇവര്‍ക്കെതിരേ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും പുതിയൊരു ജോലി ലഭിക്കാത്ത രീതിയില്‍ മോശം റിപ്പോര്‍ട്ട് നൽകുകയും ആണ് മാനേജിംഗ് ഡയറക്ടര്‍ ചെയ്തെതന്നും ജഗദീഷ് ഉള്‍പ്പെടുന്ന സംഘം ആരോപിക്കുന്നു.

ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് വര്‍ണപ്പകിട്ട് നല്‍കിയ മഹത്തായ ഒരു സംരംഭമാണ് തിരുവനന്തപുരം ടെക്നോപാര്‍ക്ക്. പ്രസിദ്ധമായ നിരവധി കമ്പനികളാണ് ഇവിടെയുള്ളത്. ഇന്‍ഫോസിസ്, യു.എസ്.റ്റി ഗ്ലോബല്‍ തുടങ്ങിയ കമ്പനികള്‍ പ്രത്യേകം കാമ്പസ് തന്നെ തയാറാക്കിയാണ് അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടയിലാണ് ടെക്നോപാര്‍ക്കിന്റെ മറവില്‍ വ്യാജ പ്രൊഫൈലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി കമ്പനി സര്‍ക്കാരിനെ കബളിപ്പിച്ചത്.

ടെക്നോപാര്‍ക്കിലെ ആംസ്റ്റര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബിസോണ്‍ ഇന്‍ഫോ സൊല്യൂഷന്‍ (ബി-ഓണ്‍) എന്ന കമ്പനിയാണ് വെബ്സൈറ്റില്‍ വ്യാജപ്രൊഫൈല്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നത്.  www.b-on.in, www.bongroup.org, www.bonplc.com എന്നീ വെബ്സൈറ്റുകളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുളളത്. പതിനാല് രാജ്യങ്ങളില്‍ കമ്പനിക്ക് ഓഫീസും ഇരുനൂറില്‍പ്പരം ജീവനക്കാരും 1721 പ്രൊജക്ടുകളും 934 ല്‍പ്പരം ക്ലയന്റുകളും ഉള്ളതായാണ് ഈ വെബ്സൈറ്റുകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പതിനഞ്ചില്‍ താഴെ ജീവനക്കാരും ഒരു ക്ലയന്റും മാത്രമാണ് കമ്പനിക്കുള്ളതെന്ന് ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.  ഇവരാകട്ടെ 2015 ല്‍ കമ്പനിയുമായുള്ള എല്ലാ ബിസിനസ് ഇടപാടുകളും റദ്ദാക്കിയിട്ടുണ്ട്.

2007 ല്‍ വലിയ നിലയില്‍ ആരംഭിച്ച കമ്പനിയാണിതെന്ന് വെബ്സൈറ്റില്‍ പറയുന്നുണ്ട്. കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ 2016 ജൂണ്‍ ആറിന് അവരുടെ ഒന്‍പതാമത് വാര്‍ഷികം ആഘോഷിച്ചുവെന്നും പറയുന്നു. എന്നാല്‍ 2012 ല്‍ ടെക്നോപാര്‍ക്കില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായാണ് ഇതു പ്രവര്‍ത്തനം തുടങ്ങിയത്. ഇത്തരത്തില്‍ വ്യാജമായ പ്രചാരണങ്ങള്‍ നല്‍കിക്കൊണ്ട് ഉദ്യോഗാര്‍ഥികളേയും ക്ലയന്റുകളേയും സര്‍ക്കാരിനേയും കബളിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഉന്നത ബിരുദം നേടിയവരെ ഓണ്‍സൈറ്റ് പ്രൊജക്ടിനു പുറം രാജ്യങ്ങളിലേക്ക് പോകാന്‍ അവസരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോലി നല്‍കുന്നത്. യു.കെ, ഇറ്റലി, നെതര്‍ലന്‍ഡസ്, സ്പെയിന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ, അര്‍ജന്റീനിയ, മെക്സികോ, ബ്രസീല്‍, ഇക്വഡോര്‍, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക എന്നിവയ്ക്ക് പുറമെ യു.എസ്.എയില്‍ മൂന്നിടത്തും ഓഫീസുണ്ടെന്നാണ് വെബ്സൈറ്റിലുള്ളത്. ബഹുരാഷ്ട്ര കമ്പനികള്‍ പങ്കാളികളാണെന്നും പറയുന്നുണ്ട്. 82 പ്രോഡക്ടുകള്‍ കമ്പനിക്കുണ്ടെന്നുള്ള വിവരവും വ്യാജമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രധാന ക്ലയന്റുകളോ പ്രൊജക്ടുകളോ ഇല്ലാത്ത കമ്പനി ഡമ്മി പ്രൊജക്ടുകളാണ് ചെയ്യുന്നത്. തൊഴില്‍ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. 12 മുതല്‍ 16 മണിക്കൂര്‍ വരെയാണ് ജീവനക്കാരെ ജോലി ചെയ്യിക്കുന്നത്. എന്നാല്‍ ഇതിനായി ഓവര്‍ടൈം അലവന്‍സ് നല്‍കുന്നില്ല. കമ്പനിക്ക് വിദേശരാജ്യങ്ങളില്‍ ജോലിക്കാരുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രൊഫഷണൽ നെറ്റ് വർക്കിംഗ് സൈറ്റായ ലിങ്ക്ഡിനിൽ  വിദേശികളുടെ പേരില്‍ പോലും പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ടെക്നോപാര്‍ക്കില്‍ ഇടം നേടിയതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും.

തട്ടിപ്പ് കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുത്തപ്പോഴും ഈ പ്രൊഫൈലുകളാണ് കമ്പനിയെ തുണച്ചത്. തുടര്‍ന്ന് നൂറോളം ജീവനക്കാരാണ് സ്ഥാപനത്തില്‍ കബളിപ്പിക്കപ്പെട്ട് ജോലി ഉപേക്ഷിച്ചത്. മാനേജിംഗ് ഡയറക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും വ്യാജമാണെന്നും പരാതിയില്‍ പറയുന്നു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജീവനക്കാരുടെ മേല്‍ അസഭ്യവര്‍ഷം നടത്തുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും ശബ്ദരേഖയും നാരദന്യൂസിന് ലഭിച്ചു.

ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ടെക്നോപാര്‍ക്ക് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  ബിസോണ്‍ ഇന്‍ഫോ സൊല്യൂഷനെതിരേ തങ്ങള്‍ക്ക് പരാതി ലഭിച്ചതായി ടെക്നോപാര്‍ക്ക് സിഈഒ രാംനാഥിന്റെ ഓഫീസ് നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചു.

Read More >>