വെയർഹൗസിങ്ങ് നിയമനത്തട്ടിപ്പിൽ വിജിലൻസ് അന്വേഷണം; 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

കേരള സ്റ്റേറ്റ് വെയർഹൗസിങ്ങ് കോർപ്പറേഷനെതിരെ ഉയർന്ന കോടികളുടെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. വെയർഹൗസിങ്ങ് കോർപ്പറേഷനിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ അനധികൃത നിയമനങ്ങളും കോടികളുടെ കൈക്കൂലിയുമാണ് അന്വേഷണപരിധിയിൽ പെടുന്നത്.

വെയർഹൗസിങ്ങ് നിയമനത്തട്ടിപ്പിൽ വിജിലൻസ് അന്വേഷണം; 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് വെയർഹൗസിങ്ങ് കോർപ്പറേഷനെതിരെ ഉയർന്ന കോടികളുടെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. വെയർഹൗസിങ്ങ് കോർപ്പറേഷനിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ അനധികൃത നിയമനങ്ങളും കോടികളുടെ കൈക്കൂലിയുമാണ് അന്വേഷണപരിധിയിൽ പെടുന്നത്. മുൻ എംഡി സുബൈർ ഖാൻ, മുൻ ചെയർമാൻ ജി മോഹൻ ദാസ്, മുൻ അഡീഷണൽ സെക്രട്ടറി പി കെ മോഹനൻ എന്നിവർക്കെതിരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് കോടതി ജഡ്ജി ടി മാധവനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടു ഉയർന്ന കോടികളുടെ അഴിമതിയെ സംബന്ധിച്ച് വിജിലൻസ് ഡി.വൈ.എസ്. പി തലത്തിൽ അന്വേഷണം നടത്തി 30.06.2016 ൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. സ്ഥാപനത്തിലെ മുൻ ഉദ്യോഗസ്ഥനായ  ജയന്ത് അഡ്വക്കേറ്റ്  പി. കെ. ബാബു മുഖാന്തിരം സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. എറണകുളം വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇടനിലക്കാരെ ഉപയോഗിച്ച് വൻ തുക കൈപ്പറ്റിക്കൊണ്ട് വെയർഹൌസിംഗ് കോർപ്പറേഷനിൽ നിയമനം നടത്തിയത് വലിയ വിവാദമായിരുന്നു.

അറുപത് ക്ലാസ് ജീവനക്കാരുടെയും അമ്പത് അസിസ്റ്റന്റ് നിയമനങ്ങളിലും നടന്ന അഴിമതിയാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് പരാതി കൊടുക്കുന്നതിന് മുൻകൈ എടുത്ത വെയർഹൗസിങ്ങ് മുൻ ജീവനക്കാരൻ വി ചന്ദ്രകാന്ത് നാരദ ന്യൂസിനോട് പറഞ്ഞു.

110 പേരെയാണ് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ അനധികൃതമായി നിയമിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ കെ ബാലകൃഷ്ണന്റെ അനന്തരവൻ ആർ കെ ഉദയഭാനു, കെ എം മാണിയുടെ ഭാര്യയുടെ സഹോദരി മോളി ജോസ്, ജെഎസ്എസ് നേതാവ് ആർ പൊപ്പന്നന്റെ സഹോദരി, ചെയർമാൻ ജി മോഹൻ ദാസിന്റെ ബന്ധുക്കൾ തുടങ്ങിയവരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധുക്കളൊഴികെ ഉള്ളവരോട് 5 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയാണ് നിയമനം നടത്തിയിരിക്കുന്നതെന്നാണ് പരാതിക്കാർ ആരോപിച്ചിരുന്നത്.

യുഡിഎഫ് ഭരണകാലത്ത് വെയർഹൗസിങ്ങ് കോർപ്പറേഷനിൽ നടന്നത് കോടികളുടെ നിയമനത്തട്ടിപ്പ്

2001 മുതൽ 2006 വരെയും പിന്നീട് 2011 മുതൽ 2016വരെയുള്ള രണ്ട് യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് അനധികൃത നിയമനങ്ങളും വൻ തോതിലുള്ള അഴിമതിയും നടന്നിരിക്കുന്നത്. ദീർഘകാലം വെയർഹൗസിങ്ങ് കോർപ്പറേഷനിലെ ജീവനക്കാരായിരുന്ന ബി ജയന്ത്, വി ചന്ദ്രകാന്ത്, കെ പി ജയരാജൻ എന്നിവർ നൽകിയ പരാതിയിലാണ് വിജിലൻസ് കോടതിയുടെ അന്വേഷണ ഉത്തരവ്.

കോടികളുടെ നിയമനത്തട്ടിപ്പിന് പുറമെ സ്ഥാപനത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ മറ്റ് നടപടികളും അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആലുവയിൽ പ്രാദേശിക ഓഫീസ് വാടകയ്ക്ക് എടുത്ത സംഭവം, ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ അനധികൃത സ്ഥാനക്കയറ്റങ്ങൾ, ചെയർമാനും എംഡിയും സർക്കാരിന്റെ അനുമതിയില്ലാത്ത യാത്രകൾ, ടിഎ, ഡിഎ ഇനത്തിൽ ലക്ഷങ്ങൾ എഴുതിയെടുത്ത സംഭവങ്ങൾ എ്ന്നിവയും അന്വേഷിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

വെയർഹൗസിങ്ങ് കോർപ്പറേഷന്റെ അഴിമതിക്ക് നേതൃത്വം നൽകിയ മോഹൻ ദാസിനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗമായ എം ജോസഫൈൻ നാരദ ന്യൂസിനോട് പറഞ്ഞു. ചെയർമാൻ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സമർപ്പിച്ചശേഷം മോഹൻ ദാസ് അവിടെയുള്ള ജീവനക്കാരുടെ സഹായത്തോടെ പല ഫയലുകളുടെയും കോപ്പികൾ എടുത്തതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭകളുടെ കാലത്താണ് ആരോപണവിധേയനായ മോഹൻ ദാസിന് പല സ്ഥാപനങ്ങളിലും നിയമനം ലഭിക്കുന്നത്. ഇതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നും എം ജോസഫൈൻ പറഞ്ഞു.

Story by