മേലാവിലെ അഴിച്ചുപണിയിൽ സ്ഥാനംതെറിക്കാതെ ധനകാര്യ സെക്രട്ടറി; എൻജിഒ യൂണിയനും ഡിവൈഎഫ്ഐയും അണികളോടിനി എന്തുപറയും?

പ്രതിപക്ഷത്തിരിക്കെ എൽഡിഎഫ് എതിർത്ത പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി പേരെടുത്ത ഉദ്യോഗസ്ഥനെ ധനകാര്യസെക്രട്ടറി സ്ഥാനത്തു നിലനിർത്തി ഇടതുമന്ത്രിസഭയുടെ തുടക്കം. മിക്ക സിവിൽ സർവീസ്, പൊലീസ് സർവീസ് ഉദ്യോഗസ്ഥരും മാറിയപ്പോഴാണ്, കസേരയിൽ യാതൊരിളക്കവും തട്ടാതെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം ഏബ്രഹാം തദ്സ്ഥാനത്തു തുടരുന്നത്. ധനമന്ത്രാലയത്തിലെ പിടിപ്പുകേടിന്റെ പേരിൽ കെ എം മാണിയെ വിചാരണ ചെയ്തവർ തന്നെ യുഡിഎഫ് നിയമിച്ച ഉദ്യോഗസ്ഥനെ തുടരാൻ അനുവദിക്കുന്നതിൽ സർവീസ്, യുവജന സംഘടനകളിൽ അമർഷം.

മേലാവിലെ അഴിച്ചുപണിയിൽ സ്ഥാനംതെറിക്കാതെ ധനകാര്യ സെക്രട്ടറി; എൻജിഒ യൂണിയനും ഡിവൈഎഫ്ഐയും അണികളോടിനി എന്തുപറയും?

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഐഎഎസ് - ഐപിഎസ് തലത്തിൽ നടത്തിയ വൻ അഴിച്ചുപണിയിൽ പല പ്രമുഖരുടെയും കസേര ഇളകിയപ്പോഴും ധനകാര്യ സെക്രട്ടറി കെ എം ഏബ്രഹാം ഐഎഎസിനു മാത്രം സ്ഥാനചലനമില്ല. പ്രതിപക്ഷത്തായിരിക്കെ സിപിഎമ്മുമായി ഇടഞ്ഞ ഒരാളെയും വെറുതെ വിടാതെ ഇരുന്നപ്പോഴാണ്, കെ എം ഏബ്രഹാം തന്റെ പദവി നിലനിർത്തിയത്.

ഇടതുപക്ഷം എതിർത്ത നിരവധി കാര്യങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗുഡ് ബുക്കിൽ സ്ഥാനം പിടിച്ച ഏബ്രഹാം ഭരണമികവിന് കേന്ദ്രസർക്കാരിന്റെ കയ്യടിയും കരസ്ഥമാക്കിയിരുന്നു.


തങ്ങൾക്ക് അഭിമതരായ വകുപ്പുസെക്രട്ടറിമാരെ നിയമിക്കാൻ മന്ത്രിമാർ താത്പര്യമെടുക്കുന്നത് പുതിയ കാര്യമല്ല. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് റവന്യൂ പിരിവിൽ റെക്കോഡിട്ട്, സംസ്ഥാനത്തിന്റെ ധനസ്ഥിതി സുഭദ്രമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മാരപാണ്ഡ്യൻ ഐപിഎസ് കേന്ദ്രസർവീസിലെ ഡെപ്യൂട്ടേഷനിൽ പോണ്ടിച്ചേരിയിൽ പോയിരുന്നെങ്കിലും അദ്ദേഹം ഇപ്പോൾ കേരള കേഡറിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇടതുമന്ത്രിസഭ അധികാരത്തിലെത്തിയാൽ ഇദ്ദേഹമാകും ധനകാര്യവകുപ്പു സെക്രട്ടറി എന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ വനം, എക്സൈസ് വകുപ്പുകളുടെ സെക്രട്ടറി സ്ഥാനമാണ് പുനഃസംഘടനയിൽ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളത്. അതേസമയം, മാരപാണ്ഡ്യനെ പോലെ ഒരുദ്യോഗസ്ഥനെ ലഭിക്കുമായിരുന്നിട്ടും പ്രതിപക്ഷത്തിരിക്കെ നഖശിഖാന്തം എതിർത്ത ഒരാളെ തന്നെ വകുപ്പുസെക്രട്ടറിയായി നിലനിർത്താൻ ധനകാര്യമന്ത്രി തയ്യാറായത് വെട്ടിലാക്കിയിരിക്കുന്നത് കേരള എൻജിഒ യൂണിയനെയും യുവജനസംഘടനയായ ഡിവൈഎഫ്ഐയേയുമാണ്.

2004ൽ കേന്ദ്രസർവീസിൽ അവതരിപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ആദ്യമായി സംസ്ഥാന സർവീസിൽ പൂർണ്ണ സ്കെയിലിൽ നടപ്പിലാക്കുന്നത് 2013ൽ കേരളത്തിലാണ്. കെ എം ഏബ്രഹാം എന്ന ഒറ്റ ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർബന്ധബുദ്ധിയായിരുന്നു, ഒരു വർഷം കൊണ്ട് എല്ലാ വകുപ്പുകളിലും റോൾ ഔട്ട് ചെയ്ത ഈ ഭരണപരിഷ്കാരം. സ്റ്റാട്യൂട്ടറി പെൻഷൻ നിർത്തലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സർവീസ് സംഘടനകളും ഡിവൈഎഫ്ഐ അടക്കമുള്ള യുവജനസംഘടനകളും വൻപ്രതിഷേധമുയർത്തിവരവേയാണ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ കോൺട്രിബ്യൂട്ടറി പെൻഷൻ എന്ന ഭരണപരിഷ്കാരത്തിന്റെ ബുൾഡോസർ ഉരുണ്ടത്. ഈ കാര്യക്ഷമതയുടെ പേരിലാണ് 2014ൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക പുരസ്കാരം കേരളത്തെ തേടിയെത്തിയതും.

അതേ സമയം ഈ മന്ത്രിസഭയിലും ധനകാര്യമന്ത്രിയിലും തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കേരള എൻജിഒ യൂണിയൻ പ്രസിഡന്റ് പി എച്ച് എം ഇസ്മയീൽ നാരദാ ന്യൂസിനോടു പ്രതികരിച്ചു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് പല തീരുമാനങ്ങളിലും വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു കെ എം എബ്രഹാം ഐഎഎസ്. എന്നാൽ ഇച്ഛാശക്തിയുള്ള മന്ത്രിക്ക് തീരുമാനങ്ങള്‍ നടപ്പിലാക്കാമായിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനമാണ് അന്ന് നടപ്പിലാക്കിയത്. സ്റ്റാട്യുട്ടറി പെന്‍ഷന്‍ സംബന്ധിച്ച വിഷയങ്ങളിലൊക്കെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഒരു സെക്രട്ടറിക്ക് മറികടക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എം മാണിയുടെ നേതൃത്വത്തിലുള്ള ധനകാര്യമാനേജ്മെന്റിന്റെ പാളിച്ചകളിൽ മന്ത്രാലയത്തിനൊപ്പം തന്നെ ഉത്തരവാദിയാണ്, വകുപ്പു സെക്രട്ടറിയും എന്ന് മുമ്പ് ഇടതുപക്ഷം കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷത്തായിരിക്കെ ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ തുറന്നെതിർത്ത ഇലക്ട്രോണിക് ലഡ്ജർ അക്കൗണ്ടിന്റെ ഉപജ്ഞാതാവും കെ എം ഏബ്രഹാം ആയിരുന്നു. പദ്ധതിപ്പണത്തിന്റെ സ്പിൽ ഓവർ ഇലക്ട്രോണിക് ലഡ്ജർ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതിയെന്നും വരുന്ന സാമ്പത്തികവർഷം അതുപയോഗിക്കാമെന്നും പഞ്ചായത്തുകൾക്ക് വാഗ്ദാനം നൽകുകയും സാമ്പത്തികവർഷം മാറിയപ്പോൾ നടപ്പുസാമ്പത്തികവർഷത്തിലെ ഗ്രാന്റിൽ നിന്നു പണം കണ്ടെത്തിയാൽ മതിയെന്ന് ഉത്തരവിറക്കുകയും ചെയ്തത് വിവാദമായിരുന്നു. ഒരു വർഷംകൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതികൾക്ക് ഒന്നരവർഷം സമയം നീട്ടിനൽകി ബാധ്യതകളെ മറച്ചുപിടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് വിമർശനം ഉയർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ട്രഷറി നിയന്ത്രണം മൂലം ദൈന്യംദിന ഭരണനിർവ്വഹണത്തിൽ പോലും തടസ്സമുണ്ടായതും ഇദ്ദേഹത്തിന്റെ കാലത്താണ്.

യുഡിഎഫ് സർക്കാർ പോകുന്നതിനു മുമ്പു തന്നെ കെ എം ഏബ്രഹാമിനെ ഗവർണറുടെ സെക്രട്ടറിയായി ലഭിക്കണമെന്ന് കേരള രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുഡിഎഫ് തന്നെ തിരിച്ചുവരുമെന്ന ധാരണയിൽ അദ്ദേഹത്തെ വിട്ടുനൽകാൻ ഉമ്മൻ ചാണ്ടി തയ്യാറായിരുന്നില്ല. ഗവർണറുടെ സെക്രട്ടറിയായിരുന്ന എ അജിത് കുമാറിനെ റബ്ബർബോർഡ് ചെയർമാനായി നിയമിച്ച ഒഴിവിൽ പകരം നിയമനത്തിനായി രാജ്ഭവൻ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പാനൽ നൽകിയിരുന്നെങ്കിലും അതിൽ കെ എം ഏബ്രഹാമിനെയാണ് താത്പര്യമെന്ന് ഗവർണർ പി സദാശിവം സർക്കാരിനെ അറിയിച്ചിരുന്നു. അതിനു നൽകിയ മറുപടിയിലാണ്, ഏബ്രഹാമിനെ വിട്ടുനൽകാനാവില്ല എന്ന നിലപാട് യുഡിഎഫ് സർക്കാർ വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ 25ന് മലയാളമനോരമ ദിനപ്പത്രത്തിൽ ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥനിൽ കോൺഗ്രസ് അർപ്പിച്ചിരുന്ന വിശ്വാസത്തിന് ഇതിൽപ്പരം തെളിവാവശ്യമില്ല.

ഇളക്കിപ്രതിഷ്ഠയിൽ സ്ഥാനംതെറിച്ച മുൻ ഡിജിപി സെൻകുമാർ അടക്കം പരസ്യപ്രതികരണവുമായി രംഗത്തുവന്നപ്പോഴും സുരക്ഷിതമായി പഴയ സ്ഥാനത്ത് തുടരുകയാണ്, അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം ഏബ്രഹാം ഐഎഎസ്. പ്രധാനപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ആകെ മാറ്റി പ്രതിഷ്ഠിച്ചപ്പോഴും കെ എം ഏബ്രഹാമിനെ തദ്സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ഇതിനോടകം തന്നെ ഇടതുപക്ഷ സർവീസ് സംഘടനകളുടെയും ഡിവൈഎഫ്ഐയുടെയും അംഗങ്ങൾക്കിടയിൽ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.

എന്നാൽ ഈ വിഷയം ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കാര്യങ്ങള്‍ പഠിച്ചശേഷം പ്രതികരിക്കാം എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യുവധാര എഡിറ്ററുമായ അഡ്വ. എ എ റഹീം നാരദാന്യൂസിനോടു പറഞ്ഞു. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയായിരുന്നതിനാൽ ഫോണിൽ കിട്ടിയില്ല.

Read More >>