'കഥകളി'ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വിജയകൃഷ്ണന്‍; തടഞ്ഞു വച്ചത് പ്രതിഭയുടെ ദുർവാശിയിൽ

യു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ രണ്ട് മുറിച്ചുമാറ്റലുകള്‍ മാത്രമാണ് താന്‍ നിര്‍ദ്ദേശിച്ചത്. ആ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിച്ച ശേഷവും എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാനാവില്ല എന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസറായ ഡോ എ പ്രതിഭ സ്വീകരിച്ചതെന്ന് സെൻസർ ബോർഡംഗം വിജയകൃഷ്ണന്‍

ഭിന്നശേഷിയുള്ള സൈജോ കണനൈക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന ഹ്രസ്വ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് തന്നെയാണ് താന്‍ നിര്‍ദ്ദേശിച്ചത് എന്നു പാനലിന്റെ പ്രിസൈഡിങ്ങ് ഓഫീസറും സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍. ഇതോടെ കഥകളിക്കു സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനു പിന്നിൽ സെൻസർ ബോർഡ് ഉദ്യോഗസ്ഥയായ പ്രതിഭ മാത്രമാണെന്ന സംവിധായകന്റെ വാദത്തിനു ബലമേറി. നേരത്തെ സംവിധായകൻ കമലും ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു.


IMG_0210നിരവധി ചിത്രങ്ങള്‍ ഒരുമിച്ച് സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിക്കപ്പെട്ടിരുന്നതിനാല്‍, തന്നെയാണ് കഥകളിയുടെ പ്രിവ്യുവിന് പ്രിസൈഡിങ്ങ് ഓഫീസറായി നിയമിച്ചിരുന്നത്. യു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍  രണ്ട് മുറിച്ചുമാറ്റലുകള്‍ മാത്രമാണ് താന്‍ നിര്‍ദ്ദേശിച്ചത്. ആ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിച്ച ശേഷവും എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാനാവില്ല എന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസറായ ഡോ എ പ്രതിഭ സ്വീകരിച്ചതെന്നും വിജയകൃഷ്ണന്‍ നാരദാ ന്യൂസിനോട് വ്യക്തമാക്കി.

പ്രിസൈഡിങ്ങ് ഓഫീസറുടെ നിര്‍ദ്ദേശമനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഓഫീസര്‍ക്ക് ചെയ്യാനുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് എന്നോട് സംസാരിച്ച മുന്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്. ഇനിയിപ്പോള്‍ കോടതിയും നിയമനടപടികളും ഒക്കെ ആയപ്പോള്‍ കാര്യങ്ങള്‍ ലളിതമല്ല. ഉദ്യോഗസ്ഥ കുഴപ്പത്തില്‍ പെടുമെന്ന് തോന്നിയത് കൊണ്ട് ഇന്നലെയും ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ചിത്രത്തിന്റെ സംവിധായകന്‍ സൈജോ അപേക്ഷ നല്‍കിയില്ല  തുടങ്ങിയ ന്യായങ്ങളാണ് അവര്‍ ഉന്നിയിക്കുന്നത്. ഈ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്ന അഭിപ്രായം തന്നെയാണ് ഇപ്പോഴും തനിക്കുള്ളത് എന്നും വിജയകൃഷ്ണന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

ഡോ. പ്രതിഭ എന്ന സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയുടെ ദുര്‍വാശിയാണ് കഥകളി എന്ന ഫീച്ചര്‍ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതില്‍ എത്തിയത് എന്ന് സൈജോ നാരദ ന്യൂസിന് നല്‍കിയ
അഭിമുഖത്തില്‍
പറഞ്ഞിരുന്നു. സിനിമ കാണാന്‍ പ്രതിഭയ്ക്ക് പകരം വിജയകൃഷ്ണനായിരുന്നു ഉണ്ടായിരുന്നത്. നിര്‍ദ്ദേശ പ്രകാരം ക്ലോസ് ഷോട്ടുകള്‍ക്ക് പകരം ബ്ലര്‍ ചെയ്ത് നല്‍കിയിട്ടും റീജണല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് തരാന്‍ തയ്യാറായില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴുയര്‍ന്ന് വന്നത് അനാവശ്യ വിവാദമാണെന്നായിരുന്നു ഡോ.എ പ്രതിഭയുടെ പ്രതികരണം. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതെ ആണ് സംവിധയകന്‍ നിയമനടപടി സ്വീകരിച്ചതെന്നും ഡോ പ്രതിഭ കുറ്റപ്പെടുത്തി.

സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ സംവിധായകന്‍ കമലും ഫെഫ്കയും സൈജോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.  കഥകളിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഫെഫ്കയും സൈജോയും നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.