ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻമേലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ കൈകടത്തലുകള്‍

ചിത്രത്തിന്റെ ക്ലൈമാക്സ് സീനില്‍ കഥകളി വേഷങ്ങളും ചമയങ്ങളും ഉപേക്ഷിച്ച് നഗ്‌നനായി കലാകാരന്‍ നടന്നു നീങ്ങുന്ന സീനുണ്ട്. ഇത് മുറിച്ച മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ിന്റെ ആവശ്യം. ക്ലൈമാക്സ് സീന്‍ ഒന്നാകെ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്. ക്ലൈമാക്സ് ഇല്ലാതെ എങ്ങനെ സിനിമ പുറത്തിറക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻമേലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ കൈകടത്തലുകള്‍

ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചലച്ചിത്രം മുഴുനീളെ വെട്ടിത്തിരുത്തണമെന്ന ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെയും പങ്കജ് നിഹലാനിയേയും തിരുത്തിയത് മുംബൈ ഹൈക്കോടതിയാണ്. കേരളത്തില്‍ മറ്റൊരു സിനിമയും സെന്‍സര്‍ ബോര്‍ഡിന്റെ അനീതിക്കെതിരെ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. ഭിന്നശേഷിയുള്ള സൈജോ കണ്ണനാക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയില്‍ നഗ്നതയുണ്ടെന്ന് ആരോപിച്ച് ആണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യു സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.  ഇതിനെതിരെ  സംവിധായകന്‍ നല്‍കിയ പരാതിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സീനില്‍ കഥകളി വേഷങ്ങളും ചമയങ്ങളും ഉപേക്ഷിച്ച് നഗ്‌നനായി കലാകാരന്‍ നടന്നു നീങ്ങുന്ന സീനുണ്ട്. ഇത് മുറിച്ച മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ിന്റെ ആവശ്യം. ക്ലൈമാക്സ് സീന്‍ ഒന്നാകെ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്.  ക്ലൈമാക്സ് ഇല്ലാതെ എങ്ങനെ സിനിമ പുറത്തിറക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍.


സെന്‍സറിങ്ങ്

സെന്‍സര്‍ ബോര്‍ഡാണ് ഇന്ത്യയില്‍ സെന്‍സറിങ്ങ് നടപ്പിലാക്കുന്നത്.ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. 1952ലെ സിനിമറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് ചലച്ചിത്രങ്ങളുടെ പൊതു പ്രദര്‍ശനത്തിന് അനുമതി നല്‍കുകയാണ് ബോര്‍ഡിന്റെ ഉത്തരവാദിത്തം. 1913 ല്‍ ദാദ സാഹിബ് ഫാല്‍ക്കേ ആദ്യത്തെ ചിത്രമായ രാജാ ഹരിശ്ചന്ദ്ര നിര്‍മ്മിച്ച കാലത്ത് തന്നെ സിനിമറ്റോഗ്രാഫ് ആക്ട് പാസായിരുന്നു. 1920 ല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. പിന്നീട് 1952 ലാണ് ബോര്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്ന നിലയിലേക്ക് രൂപപ്പെടുത്തുന്നത്. ഇന്ത്യയില്‍ ചലച്ചിത്രങ്ങളുടെ തീയറ്റര്‍ പ്രദര്‍ശനവും ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനവും ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.

പ്രായപൂര്‍ത്തിയാവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ കാണാനാവുന്ന ചിത്രങ്ങള്‍,പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനാവുന്ന ചിത്രങ്ങള്‍ , അച്ഛനമ്മമാര്‍ക്ക ഒപ്പമിരുന്ന് കുട്ടികള്‍ക്ക് കാണാനാവുന്ന ചിത്രങ്ങള്‍, പൊതുജനങ്ങല്‍ക്ക് കാണാനാവാത്ത ചിത്രങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കല്‍. യു, എ , യുഎ, എസ് എന്നിങ്ങിനെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് . എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം മുറിച്ചു മാറ്റലുകള്‍ക്ക് വിധേയമാക്കി റീ സര്‍ട്ടിഫൈ ചെയ്താണ് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ പാരന്റല്‍ ഗൈഡ് ലൈന്‍സാണ് ചലച്ചിത്ര ആസ്വാദനത്തിന് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. തങ്ങളുടെ കുട്ടികള്‍ ചിത്രം കാണണോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ഇവിടെയാണ് ഇന്ത്യയില്‍ മുറിച്ച് മാറ്റല്‍ തന്നെ നടപ്പിലാക്കുന്നത്. ആര് എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ചുരുക്കത്തില്‍ പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന ഒരു സംഘമാണ്.

രാഷ്ട്രീയവും ബോര്‍ഡും

സിനിമ സെന്‍സറിങ്ങ് എന്നത് സാമൂഹിക സേവനമായി ആണ് പൊതുവേ വിലയിരുത്തപ്പടുന്നത്. സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുന്ന കാലത്ത് അംഗങ്ങളായി നിയമിച്ചിരുന്നത് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ്. കലാരംഗത്തും സാംസ്‌കാരിക രംഗത്തും അവര്‍ നല്കിയിരുന്ന സംഭാവനകളെ വിലയിരുത്തി ആണ് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. പല പ്രമുഖ എഴുത്തുകാരോ, രാഷ്ട്രീയക്കാരോ ഒക്കെ പാനലില്‍ അംഗങ്ങളായിരുന്നു. ഇന്ന് ചിത്രം പാടെ മാറി. സെന്‍സര്‍ ബോര്‍ഡ് അംഗം എന്നത് സോഷ്യല്‍ സ്റ്റാറ്റസ് ആണ്. സേവനം എന്ന നിലയില്‍ കാണുന്നവരോ അര്‍ഹതയുള്ളവരോ അല്ല പദവിയിലേക്ക് എത്തുന്നത്. കലാരംഗത്തും സാംസ്‌കാരിക രംഗത്തും തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ മാത്രം എത്തണം എന്നത് പലപ്പോഴും ഭരിക്കുന്നവരുടെ ആവശ്യമായി മാറി. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്ക് ഗജേന്ദ്ര ചൗഹാനെ നിയമിച്ചതും സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പങ്കജ് നിഹ്ലാനിയെ നിയമിച്ചതുമൊക്കെ അടുത്തിടെ വിവാദമായിരുന്നു. ചെയര്‍പേഴ്സണ്‍ മുതല്‍ ബോര്‍ഡ് അംഗങ്ങളെ വരെ തീരുമാനിക്കുന്നത് രാഷ്ട്രീയ ചായ്‌വുകളാണ് .ചുരുക്കത്തില്‍ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമോ ഉള്ളടക്കമോ ഒന്നുമല്ല ഇവിടെ പ്രസക്തം. കേരളത്തില്‍ നിന്ന് 60 അംഗങ്ങള്‍ വരെയുണ്ടായിരുന്ന സ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചത് 12 പേരേ മാത്രമാണ് .എന്നാല്‍ ഇതൊന്നും റീലിസിംഗ് തിയതി നിശ്ചയിച്ചയിച്ച ശേഷം സെന്‍സറിങ്ങിനായി സമര്‍പ്പിക്കുന്ന കച്ചവട ചിത്രങ്ങളെ പലപ്പോഴും ബാധിക്കാറില്ല. ആ ചലച്ചിത്രങ്ങള്‍ മുറിച്ചുമാറ്റാതെ തിയേറ്റുകളിലേക്ക് എത്തുന്നു.

സെന്‍സര്‍ബോര്‍ഡ് വെറും വ്യക്തിയാകുമ്പോള്‍

സെന്‍സര്‍ബോര്‍ഡിന്റെ റീജിണല്‍ ഓഫീസറാണ് കേരളത്തില്‍ അവസാന വാക്ക്. അവര്‍ എടുക്കുന്ന തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണെ സമീപിക്കാവുന്നതാണ്. അതല്ലെങ്കില്‍ ആശ്രയം കോടതിയാണ്. കലാമൂല്യമുള്ള ചെറിയ സിനിമകള്‍ക്ക് പിന്നാലെ പായുന്നത് പലപ്പോഴും സാമ്പത്തികമായ ലാഭം ലക്ഷ്യം വച്ചല്ല. മാത്രമല്ല ഇത്തരം സിനിമകളുടെ നിര്‍മ്മാണത്തിന് തന്നെ ആളെ കിട്ടുന്നത് വലിയ വെല്ലുവിളിയുമാണ്. അതുകൊണ്ടു തന്നെ ഇത്തരം തുടര്‍ നടപടിക്ക് പിന്നാലെ പായാന്‍ ഇവര്‍ക്കാകില്ല. ഇന്ത്യയിലെ സെന്‍സര്‍ നിയമങ്ങളൊന്നും സോഷ്യല്‍ മീഡിയയെ ബാധിക്കുന്നില്ല. അവിടെ ഒരു സെന്‍സറിംഗും ഇല്ലാതെ സിനിമകള്‍ കാണാം എന്നുളളതും കൂട്ടിചേര്‍ത്ത് വായിക്കണം .

പോണ്‍ സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും നിരോധനമില്ലാത്ത നാട്ടില്‍ ആണ് ഈ കാലഹരണപ്പെട്ട് നിയമാവലിയെ വാക്യങ്ങളെ മാത്രം മുന്‍നിര്‍ത്തി ഒരു വ്യക്തി തീരുമാനമെടുക്കുന്നത്. ഇവിടെയാണ് സെന്‍സര്‍ ബോര്‍ഡ് ഒരു വ്യക്തിയാകുമ്പോള്‍ ഉണ്ടാകുന്ന അപകടം. സെന്‍സര്‍ ബോര്‍ഡ് എപ്പോഴും ഒരു സമൂഹത്തെ മുന്നില്‍ കണ്ടാണ് നിലകൊള്ളേതണ്ടതും തീരുമാനമെടുക്കേണ്ടതും. എന്നാല്‍ അതിനുപകരം സ്വന്തം ഇഷ്ടങ്ങളോ നിയമിക്കുന്ന രാഷ്ടീയക്കാരുടേ താല്‍പര്യമോ സംരക്ഷിക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍ കലയെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. തനിക്കോ തന്റെ പ്രിയപ്പെട്ടവര്‍ക്കോ സ്വീകാര്യമായതു മാത്രം ജനങ്ങള്‍ കണ്ടാല്‍ മതിയെന്ന ദുര്‍വാശിയാണ് ഇത്തരം അധികാര കേന്ദ്രങ്ങളെ നയിക്കുന്നത്. മുന്‍കാല സിനിമകളില്‍ നഗ്നതയല്ലാതിരുന്ന പലതും മലയാളിക്കിന്ന് നഗ്നതയും അരുതായ്മയുമാണ്. ഈ ഒരു കാഴ്ച്ചപ്പാടിലേക്ക് നമ്മുടെ സമൂഹവും മാറിയിട്ടുണ്ട്. മുമ്പ് ഷര്‍ട്ടിടാതെ ലുങ്കി മാത്രമുടുത്ത് പുരുഷന്മര്‍ പുറത്തിറങ്ങിയിരുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ അതുപോലും ഇന്ന് നഗ്നതയും അരുതായ്മയും ആകുന്നു. ഇതുെകാണ്ടുതന്നെ കലയേയും കലാകാരനേയും കുറിച്ചുള്ള ചര്‍ച്ചകളില്‍ സമൂഹത്തിന്റെ ഉത്തരവാദിതവം വളരെ വലുതാണ്. ഒരു പക്ഷെ, സര്‍ക്കാരിനേക്കാളും സെന്‍സര്‍ബോര്‍ഡിനേക്കാളും കലാമൂല്യമുള്ള സിനിമകളെ വിലയിരുത്തേണ്ടത് സമൂഹവും പ്രേക്ഷകനുമാണ്. എന്നാല്‍ മാത്രമേ മുന്നിലുള്ള പ്രതബന്ധങ്ങളെ മറികടന്ന് കലാമൂല്യമുള്ള സിനിമകള്‍ നിലനില്‍ക്കുകയുള്ളൂ.

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വുഡി അല്ലന്റെ ബ്ലു ജാസ്മിന്‍ എന്ന ചിത്രത്തിലെ അഭിനയം കേറ്റ് ബ്ലാന്‍കറ്റിന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടികൊടുത്തു. ഈ ചലച്ചിത്രം ഇന്ത്യയില്‍ റീലിസ് ആകാതിരുന്ന സാഹചര്യമാണിവിടെ പ്രസക്തം. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ചിത്രത്തില്‍ എഴുതി ചേര്‍ക്കാന്‍ വുഡി അല്ലന്‍ നിരസിക്കുകയായിരുന്നു.സിനിമയില്‍ പുകവലിക്കെതിരേയുള്ള സന്ദേശം എഴുതികാണിക്കുമ്പോള്‍ അത് പ്രേക്ഷക ശ്രദ്ധ തിരിച്ചുവിടുമെന്നായിരുന്നു വുഡി അലന്റെ പ്രതികരണം.അതിന് മുമ്പ് ഡേവിഡ് ഫിഞ്ചറും തന്റെ ദി ഗേള്‍ വിത്ത് ദി ടാറ്റു ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണ്ട എന്ന് തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വെട്ടിത്തിരുത്തലുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്.തങ്ങളുടെ കലാരുപങ്ങളില്‍ മാറ്റം വരാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത് കലാകാരന്മാരുടെ അവകാശമാണ്. രാഷ്ട്രീയ/ ഉദ്യോഗസ്ഥ താത്പര്യങ്ങള്‍ക്കനുസരിച്ച് മുറിച്ചു മാറ്റാനുള്ളതല്ല കലാസൃഷ്ടികള്‍. കലാരുപത്തില്‍ മാറ്റം വരുത്താന്‍ അതിന്റെ സൃഷ്ടാവിന് മാത്രമാണ് അവകാശം എന്ന് ചുരുക്കം.സമൂഹത്തിനോ രാജ്യത്തിനോ ദോഷം ചെയ്യുന്ന തീരുമാനങ്ങളില്‍ നിന്ന് സ്വയം വിട്ട് നില്‍ക്കാനുള്ള പ്രതിബദ്ധത പൗരനാണ് ഉണ്ടാകേണ്ടത്. എന്ത് കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരന് വിട്ടകൊടുക്കണം.

Story by