പ്രമുഖ ആശുപത്രിയിലെ ബലാത്സംഗകഥ: ചില സംശയങ്ങൾ

അമൃത ആശുപത്രിയായതിനാൽ ബലാത്സംഗം നടന്നിരിക്കും എന്നാണോ? ആരുമറിയാതെ ഒളിപ്പിച്ചിരിക്കും എന്നാണോ? അങ്ങനെ ചിന്തിക്കാൻ എന്റെ യുക്തി സമ്മതിക്കുന്നില്ല. അമൃത ആശുപത്രിയെ എത്രമാത്രം സംശയിക്കാമോ, അത്രമാത്രം അവർക്കു സംശയത്തിന്റെ ആനുകൂല്യവും നൽകാം. സെബിൻ എ ജേക്കബ് എഴുതുന്നു.

പ്രമുഖ ആശുപത്രിയിലെ ബലാത്സംഗകഥ: ചില സംശയങ്ങൾ

'മാധ്യമങ്ങളെ സ്വാധീനിച്ചുകൊണ്ട് അമൃതയും പോലീസും ചേർന്ന് നടത്തുന്ന ഈ ഒത്തുകളിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' - വാട്‌സ് ആപ്പിൽ പറന്നുകളിക്കുന്ന ഒരു സന്ദേശത്തിലെ വരികളാണിത്. കൂടുതലൊന്നും പറയാതെ തന്നെ വിഷയം എന്താണ് എന്നെല്ലാവർക്കും തിരിയും. ആ ഒരു സെൽഫ് സെൻസർഷിപ് ഏർപ്പെടുത്തിക്കൊണ്ടേ ഞാനടക്കം ഭീരുക്കളായ നമ്മളിൽ പലരും ഈ വിഷയം അപരിചിതരുടെ മുമ്പിൽ കെട്ടഴിക്കുകയുള്ളൂ. അതേ സമയം തന്നെ, നമുക്കു വിശ്വസിക്കാവുന്ന ആളുകളുടെ സമീപത്താവുമ്പോൾ ഹൈവോൾട്ടേജിൽ രോഷം കൊള്ളാനും നമ്മളുണ്ടാവും.


ആ 'പ്രമുഖ' ആശുപത്രിയെ സംരക്ഷിക്കണം എന്നതുകൊണ്ടല്ല മാദ്ധ്യമങ്ങളിൽ ആദ്യഘട്ടത്തിലൊന്നും പേരുവച്ചു വാർത്തവരാതിരുന്നത്. ഇപ്പോഴും അമൃത ആശുപത്രി സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കേസ് കൊടുത്ത കാര്യം പറഞ്ഞാണു വാർത്തകൾ. ഇതിനു കാരണം ആരോപിക്കപ്പെടുന്ന കൃത്യം നടന്നു എന്നതിന് ഊഹാപോഹമല്ലാതെ തെളിവില്ല എന്നതുതന്നെയാണ്.

അമൃതയിലെ ജോലിക്കാരോ ബലാത്സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന അജ്ഞാതയായ പെൺകുട്ടിയോ അവരുടെ അടുത്തതോ അകന്നതോ ആയ ബന്ധുക്കളോ സുഹൃത്തുക്കളോ സഹപാഠികളോ അവിടെ ചികിത്സയിലിരിക്കുന്നവരോ ദൃക്‌സാക്ഷികളോ ആരും തന്നെ ഇതേ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. നഴ്‌സിങ് സംഘടന പോലും ഞങ്ങളുടെ സംഘടനയിൽ പെട്ടയാളല്ല എന്നുപറഞ്ഞൊഴിയുകയാണ് ചെയ്തത്. വേറെ ആരാണ്, അവരുടെ പേരെന്താണ് തുടങ്ങി ഒരു വിവരവും ഇല്ല. ഇതൊന്നുമില്ലാതെ ഈ മാദ്ധ്യമപ്രവർത്തകർ എന്തുകണ്ട് വാർത്തയെഴുതുമെന്നാണ്? അവരെ ഇരുമ്പും ഉരുക്കും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. പച്ചമാംസവും അതിലൂടൊഴുകുന്ന ചുടുരക്തവും അവർക്കുമുണ്ട്. വീട്ടിൽ കുടുംബമുണ്ട്. അവരുടെ സുരക്ഷിതത്വമോർത്തുള്ള ഭീതിയുണ്ട്. അവരെ സംരക്ഷിക്കാൻ പൊലീസുമുണ്ടാവില്ല, സ്ഥാപനവുമുണ്ടാവില്ല എന്നവർക്കുറപ്പുണ്ട്. വാലും തുമ്പുമില്ലാത്ത വാർത്ത എഴുതുന്നത് ഒരു ഗൂഢസാമ്രാജ്യത്തിനെതിരെയാണെന്നോർക്കണം.

ഇനി ഈ കുശുകുശിപ്പ് വെറും അഭ്യൂഹം മാത്രമാണെങ്കിലോ? അങ്ങനേയും ഒരു വശമില്ലേ? അമൃത ആശുപത്രിയായതിനാൽ ബലാത്സംഗം നടന്നിരിക്കും എന്നാണോ? ആരുമറിയാതെ ഒളിപ്പിച്ചിരിക്കും എന്നാണോ? അങ്ങനെ ചിന്തിക്കാൻ എന്റെ യുക്തി സമ്മതിക്കുന്നില്ല. അമൃത ആശുപത്രിയെ എത്രമാത്രം സംശയിക്കാമോ, അത്രമാത്രം അവർക്കു സംശയത്തിന്റെ ആനുകൂല്യവും നൽകാം.

ഇതിൽ അന്വേഷണം നടന്നു എന്നു തന്നെ ഇരിക്കട്ടെ. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിൽ? സത്‌നാംസിങ് സംഭവത്തിൽ അന്വേഷണത്തിനെത്തിയ ബി സന്ധ്യ ഐപിഎസ് മാതാ അമൃതാനന്ദമയിയെ നേരിൽകണ്ട് അനുഗ്രഹം വാങ്ങിയിട്ടാണത്രേ, അന്വേഷണം നടത്തിയത്. അങ്ങനെയുള്ള ഒരു പൊലീസ് സംവിധാനത്തിൽ നിന്ന് എന്തെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കും എന്നു സ്വബോധമുള്ളവരാരും ധരിക്കില്ല. യഥാർത്ഥത്തിൽ നടന്നിട്ടില്ല എന്നുതന്നെയിരിക്കട്ടെ. (അതെ, അങ്ങനെ വിശ്വസിക്കാൻ നമുക്കു പാടാണ്. അതു നടന്നിരിക്കണേ എന്ന്, പുറത്തുവരണേ എന്ന്, അങ്ങനെ അമൃതാ ആശുപത്രി നാറണേ എന്നുമാത്രമാണ് നമ്മുടെയൊക്കെ വികാരം) അപ്പോഴുള്ള നില എന്തായിരിക്കും? അവരുടെ റെപ്യൂട്ടേഷൻ അവിടെ നിൽക്കട്ടെ. എന്റെയും നിങ്ങളുടെയും മനസ്സിൽ അവർക്കു വലിയ റെപ്യൂട്ടേഷനൊന്നുമില്ല. എന്നാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ, അവിടെ പണിയെടുക്കുന്ന നഴ്‌സുമാർ, ഡോക്ടർമാർ, ഇതരജോലിക്കാർ, അവരുടെയൊക്കെ കുടുംബാംഗങ്ങൾ, അവരൊക്കെ എന്തേറെ തീതിന്നുന്നുണ്ടാകും? പിന്നീട് അവിടെ എന്തെങ്കിലും യഥാർത്ഥത്തിൽ നടന്നാൽ തന്നെ, പുലിവരുന്നേ പുലി എന്ന കഥയിലെ അവസ്ഥയാവില്ലേ? അന്വേഷിക്കാൻ ആരെങ്കിലും കാണുമോ?

വേട്ടക്കാരന്റെ പേരു പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമപ്രവർത്തനത്തെ പറ്റി പല സുഹൃത്തുക്കളും വാചാലരാവുന്നുണ്ട്. അത്തരം വൻകിട എക്‌സ്‌ക്ലൂസീവികളൊന്നും വെറുതെ ഉണ്ടാവുന്നതല്ല. ലാർജർ പവർ പ്ലേയിൽ പങ്കാളികളാകുന്നതിലൂടെ ചില പത്രപ്രവർത്തകർക്ക് വീണുകിട്ടുന്ന വാർത്തകളാണവ. അവിടെ അവർ ഉപയോഗിക്കപ്പെടുകയോ അതിനായി അവർ സ്വമേധയാ നിന്നുകൊടുക്കുകയോ ആണ്. അപ്പോഴൊക്കെയും ഒന്നുകിൽ വാർത്തയ്ക്ക് ആധാരമായ രേഖകൾ കൈയിൽ കാണും. ഇല്ലെങ്കിൽ അവ ലഭിക്കാനുള്ള വഴി തുറന്നിട്ടുണ്ടാവും. അതുമല്ലെങ്കിൽ തക്കതായ കാരണം കാണും. ഒരു പവർ സെന്ററിനോടുള്ള ബന്ധുത്വത്തിനു പുറത്താണ് അതിന് അവർക്കു ധൈര്യം കിട്ടുക. പണി പാളിയാലും ആ പവർ സെന്റർ തന്റെ രക്ഷയ്ക്കുണ്ടാവും എന്ന വിശ്വാസം അയാൾക്കുണ്ടാവും.

അങ്ങനെ ഒരു ലാർജർ സ്ട്രഗിൾ പൊതുസമൂഹത്തിൽ നടക്കാത്തിടത്തോളം കാലം പത്രപ്രവർത്തകരെല്ലാം സ്വതവേ ഭീരുക്കളായ വെറും മനുഷ്യരാണെന്ന ഇളവു കൊടുക്കണം സർ. ഭീതിയില്ലാത്ത എല്ലാം തികഞ്ഞവരായ രാഷ്ട്രീയസാമൂഹ്യ പ്രവർത്തകർക്ക് കഴിയാത്ത കാര്യം എന്തിന് സ്വന്തം കാര്യം പോലും നോക്കാനറിയാത്ത, സമരം ചെയ്യാൻ പോലും ത്രാണിയില്ലാത്ത, തങ്ങളുടെ തൊഴിൽമേഖലയെക്കുറിച്ച് നെഗറ്റീവ് ആയ ഒരു വാർത്തപോലും എങ്ങും വരുത്താൻ ശേഷിയില്ലാത്ത ആ പേനയുന്തികളുടെ തലയിലേക്ക് വച്ചുകൊടുക്കണം?

#bedNo5 എന്ന ഹാഷ് ടാഗുമിട്ട് ഒരു ക്യാമ്പെയ്ൻ കണ്ടു. ഈ ഹാഷ് ടാഗ് ഇട്ടവർക്ക് അവരുടെ ബെഡ് നമ്പർ വരെ അറിയാമെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി വാലുംതലയുമുള്ള ഒരു പരാതി കൊടുക്കുന്നതിൽ എന്താണു പ്രശ്‌നം? പരാതിയുണ്ട് എന്നു പറഞ്ഞ് ആർഎംപിക്കാർ ഒരു വാറോല ഉയർത്തിപ്പിടിക്കുന്നതു കണ്ടു. എന്താണ്, അതിൽ എഴുതിയിരിക്കുന്നത്? പെൺകുട്ടി അമൃത ആശുപത്രിയിൽ നഴ്‌സ് ആണെന്നും അവിടെ തന്നെ ചികിത്സയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട് എന്നല്ലേ അതിൽ പറയുന്നത്. എറണാകുളത്തെ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നു മാത്രമേ അല്ലാത്തിടത്തു പറയുന്നുള്ളൂ. സ്ഥിരീകരിക്കാത്ത വിവരത്തിനു പുറത്ത് എന്ത് അന്വേഷണം നടത്താനാണ്?

ഇപ്പോൾ ആ കുട്ടി മരിച്ചുവെന്നും പറയുന്നു. ഏതു കുട്ടി? അവരുടെ പേരറിയാമോ? നാടറിയുമോ? അതുപോലുമറിയാതെ എങ്ങനെ ഹേബിയസ് കോർപസ് എങ്കിലും കൊടുക്കാനാവും? പോട്ടെ, മരിച്ചെങ്കിൽ അവരുടെ മൃതദേഹമെങ്കിലും കാണില്ലേ? സംശയമുള്ളപക്ഷം പോസ്റ്റ്‌മോർട്ടം ചെയ്യരുതോ? ഇനി ആ മൃതദേഹം തന്നെ പുറംലോകത്തെത്തുമോ? യഥാർത്ഥത്തിൽ അതു നടന്നിരിക്കുകയും മൃതദേഹം ആരുമറിയാതെ മറവു ചെയ്യുകയുമാണ് ഉണ്ടായതെങ്കിൽ അതെന്തുതരം അധോലോകമായിരിക്കും? ആ അധോലോകത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ഊരുറപ്പിച്ച് വാർത്തയെഴുതാൻ ഏതു ലേഖകൻ തയ്യാറാകും?

അമൃത ആശുപത്രിക്കെട്ടിടം ലാബറിന്ത് പോലെയാണെന്നു ചിലർ പറയുന്നു. അകത്തുകയറിയാൽ വഴി തെറ്റുമത്രേ. ഇതെന്താണ്, പ്രത്യേകമൊരു റിപ്പബ്ലിക്കോ? ആശുപത്രി കെട്ടുമ്പോൾ അതിനൊരു പ്ലാൻ ഉണ്ടാവില്ലേ? അതു ടൗൺ പ്ലാനർ അംഗീകരിച്ചിട്ടുണ്ടാവില്ലേ? അതനുസരിച്ചു തന്നെയാണ് കൺസ്ട്രക്ഷൻ നടന്നതെന്ന്, അവിടെ രഹസ്യമുറികളൊന്നുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടാവില്ലേ? ഇല്ലെങ്കിൽ എന്തു സുരക്ഷയാണ്, ആ കെട്ടിടത്തിനുള്ളത്? അവിടെ എങ്ങനെയാണ് ആളുകൾ ജോലി ചെയ്യുന്നത്? പഠിക്കുന്നത്? ചികിത്സ തേടുന്നത്? ഇത്രയും ആൾപ്പെരുമാറ്റമുള്ളയിടത്ത് എവിടെവച്ചാവും ആരോപിക്കപ്പെടുന്നതുപോലെ ഇത്ര ക്രൂരമായ സംഘം ചേർന്നുള്ള ബലാത്സംഗം നടന്നിരിക്കുക? ആരും ശബ്ദം കേട്ടില്ലേ? സൗണ്ട് പ്രൂഫ് ആണോ അവിടുത്തെ മുറികൾ? അതിനുശേഷം എങ്ങനെയാവും ആരുമറിയാതെ ആ ശരീരം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചിരിക്കുക? അതിനുശേഷം എങ്ങനെയാവും ആ ശരീരം ആരും കാണാതെ ആരൊക്കെയോ ചേർന്ന് അതേ ആശുപത്രിയിലെ രഹസ്യ ഐസിയുവിൽ എത്തിച്ചിട്ടുണ്ടാവുക?

എനിക്കെന്തോ, ഇതെല്ലാംകൂടി പൊരുത്തപ്പെടുന്നതായി തോന്നുന്നില്ല. അത് ഞാൻ വേട്ടക്കാരന്റെ പക്ഷം നിൽക്കുന്നതുകൊണ്ടല്ല. എന്റെ ബുദ്ധി അതിന് അനുവദിക്കാത്തതുകൊണ്ടാണ്.

ഇവിടെ കുറ്റവാളി നമ്മളൊക്കെത്തന്നെയാണ്. മതത്തിന്റെ മറവിൽ ആർക്കും വളർന്നുമുറ്റാനുള്ള അവസരമൊരുക്കിക്കൊടുത്ത, വിദ്യാഭ്യാസത്തിന്റെ പേരിൽ ഏതു കച്ചവടവും വകവച്ചുകൊടുത്ത, ആരോഗ്യത്തിന്റെ പേരിൽ ആശുപത്രികളിലെ കൊള്ളക്കൊടുക്കകൾ ശരിവച്ചുകൊടുത്ത, വലിയ വായിൽ പുരോഗമനം പറയുകയും ശാസ്ത്രം കാണാപ്പാഠം പഠിച്ചു പരീക്ഷ ജയിക്കുകയും ജീവിതത്തിലൊരിക്കലും ശാസ്ത്രീയത കൊണ്ടുവരില്ലെന്നു ശഠിക്കുകയും ചെയ്യുന്ന തൃണങ്ങളായ നമ്മൾ. അങ്ങനെയൊന്നും സംഭവിച്ചിട്ടുണ്ടാവരുതേയെന്ന്, അമൃത ആശുപത്രിയെ പ്രതിയല്ല, എന്റെ സഹജീവിയെ പ്രതി ഞാൻ ആഗ്രഹിക്കുന്നു. അത്രയേ പറയാനുള്ളൂ.

നാരദാന്യൂസ് ആണ് ഈ പ്രശ്‌നത്തിൽ ആദ്യമായി ആശുപത്രിയുടെ പേരു പറഞ്ഞ് വാർത്ത പ്രസിദ്ധീകരിച്ചത്. അമൃതയിലെ സെക്യൂരിറ്റി ഓഫീസർ പോരാളി ഷാജിക്കെതിരെ കൊടുത്ത പരാതിയിലൂടെ അതിനുള്ള സാഹചര്യം ഒരുങ്ങിയതുകൊണ്ടാണ് അതു ചെയ്യാൻ സാധിച്ചത്. പ്രമുഖ ആശുപത്രി എന്നു ഞങ്ങൾ ഒരിക്കൽ പോലും എഴുതിയില്ല. എന്നാൽ അങ്ങനെ ചിലരൊക്കെ എഴുതിയതുകൊണ്ടാണ്, ഇപ്പോൾ പേരിനെങ്കിലും അന്വേഷണം തുടങ്ങുന്നതിലേക്കും ആ അന്വേഷണത്തെ കുറിച്ചു പേരുവച്ച് വാർത്ത വരുന്നതിലേക്കും നയിച്ചത്.

ആ വാർത്തകളെ അടിസ്ഥാനമാക്കി ജാസ്മിൻ ഷായും മറ്റു ചിലരും പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുകയും അതിൻപ്രകാരം അന്വേഷണം തുടങ്ങിയതായി ലോക്‌നാഥ് ബെഹ്‌റ അറിയിക്കുകയും ചെയ്തു. ശ്രീരേഖ ഐപിഎസിനാണ് അന്വേഷണ ചുമതല എന്നും അറിയുന്നു. അതായിരുന്നില്ല, ആദ്യം സ്ഥിതി. എങ്കിലും സംഭവം സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് പൊലീസ് ഈ ഘട്ടത്തിലും പറയുന്നത്.

ഈ വിഷയത്തിൽ എഴുതാവുന്നിടത്തോളം പേരുവച്ചു തന്നെ എനിക്കു സ്വാധീനമുള്ളിടങ്ങളിൽ എഴുതും. അപ്പോഴും മൗനം പാലിക്കുന്നവരെ വെറും തൊലിയാർമണിയന്മാർ എന്ന മട്ടിൽ ആക്ഷേപിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. അവർക്കും ജീവിക്കണം സാർ.