സ്ത്രീകളുടെ ചേലാകര്‍മം: ഓസ്‌ട്രേലിയയില്‍ ബൊഹ്‌റ നേതാവിന് ജയില്‍വാസം

ബൊഹ്‌റാ നേതാവിന് പുറമേ പെണ്‍കുട്ടികളുടെ മാതാവിനും ലിംഗച്ഛേദത്തിന് കൂട്ടു നിന്ന നഴ്‌സിനും കോടതി 15 മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചിരുന്നു. ഓസ്‌ട്രേലിയ സതേണ്‍ വാലി സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്.

സ്ത്രീകളുടെ ചേലാകര്‍മം: ഓസ്‌ട്രേലിയയില്‍ ബൊഹ്‌റ നേതാവിന് ജയില്‍വാസം

കാന്‍ബെറ: സ്ത്രീകളുടെ ചേലാകര്‍മം  നടത്തിയതിന്റെ പേരില്‍ ബൊഹ്‌റ നേതാവ് ശബീര്‍ മുഹമ്മദ്ബായ് വാസിരിക്ക് ജയില്‍ വാസം. 2009 ലും 2012 ലും സഹോദരിമാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിത ചേലാകര്‍മത്തിന് വിധേയരാക്കിയതിനാണ് ശിക്ഷ. നേരത്തേ ശബീറിനെ വീട്ടുതടങ്കലിലാക്കാനായിരുന്നു ഓസ്‌ട്രേലിയന്‍ കോടതി ഉത്തരവിട്ടത്. പിന്നീട് നേതാവിന് ജയില്‍വാസം തന്നെ കോടതി നല്‍കുകയായിരുന്നു.

സ്ത്രീകളുടെ ചേലാകര്‍മ(ഖട്‌ന)വുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ശിക്ഷ വിധിക്കുന്നത്. ബൊഹ്‌റാ നേതാവിന് പുറമേ പെണ്‍കുട്ടികളുടെ മാതാവിനും ലിംഗച്ഛേദത്തിന് കൂട്ടു നിന്ന നഴ്‌സിനും കോടതി 15 മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചിരുന്നു. ഓസ്‌ട്രേലിയ സതേണ്‍ വാലി സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്.


സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്ന ദാവൂദി ബൊഹ്‌റ വിഭാഗത്തിന് കടുത്ത മുന്നറിയിപ്പാണ് നേതാവിന്റെ ശിക്ഷയെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ ചേലാകര്‍മം ക്രിമിനല്‍ കുറ്റമാണെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്ത്രീകളുടെ ചേലാകര്‍മംനിയമം മൂലം നിരോധിക്കാത്ത രാജ്യങ്ങളില്‍ അത് തുടരണമെന്ന് ദാവൂദി ബൊഹ്‌റാ നേതാവ് സയ്യിദിനാ മുഫദ്ദല്‍ സെയഫുദ്ദീന്‍ ആഹ്വാനം ചെയ്തിരുന്നു. ഖട്‌ന നിരോധിച്ച രാജ്യങ്ങളില്‍ ആചാരം നടത്തരുതെന്നും നേതാവിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

പുരുഷന്മാരുടേയും സ്ത്രീകളുടേയും ലിംഗച്ഛേദം(ഖട്‌ന, ഖഫ്‌സ്) കാലങ്ങളായി നടത്തി വരുന്ന ആചാരമാണെന്നും ഇത് തുടരാന്‍ ബൊഹ്‌റാ വിഭാഗം ബാധ്യസ്ഥരാണെന്നും മുഫദ്ദല്‍ സെയ്ഫുദ്ദീന്‍ പത്ര പ്രസ്താവനയിലൂടെ പറഞ്ഞത്.