നിരോധനമില്ലാത്ത രാജ്യങ്ങളില്‍ ഭഗഛേദം തുടരണമെന്ന് ബൊഹ്‌റ നേതാവിന്റെ ആഹ്വാനം

നിയമം മൂലം നിരോധിച്ച രാജ്യങ്ങളില്‍ സ്ത്രീകളെ ഭഗഛേദത്തിനു വിധേയരാക്കരുത്. എന്നാൽ നിരോധനം ഇല്ലാത്തിടങ്ങളിൽ അതു നിർബന്ധമാണ് - ബോഹ്റ മുസ്ലീങ്ങളുടെ ആത്മീയാചാര്യൻ പറയുന്നു.

നിരോധനമില്ലാത്ത രാജ്യങ്ങളില്‍ ഭഗഛേദം തുടരണമെന്ന് ബൊഹ്‌റ നേതാവിന്റെ ആഹ്വാനം

ഇസ്ലാം വിധിപ്രകാരം പുരുഷന്മാരുടെ ലിംഗാഗ്രചർമ്മം നീക്കം ചെയ്യുന്നതുപോലെ സ്ത്രീകളുടെ ഭഗശിശ്നിക ഛേദിക്കുന്ന പ്രാകൃതാചാരം നിയമപരമായ നിരോധനം നിലവിലില്ലാത്ത രാജ്യങ്ങളിൽ തുടരാന്‍ ബൊഹ്‌റ നേതാവ് സെയ്ദിനാ മുഫദ്ദല്‍ സെയ്ഫുദ്ദീന്റെ ആഹ്വാനം. പത്രക്കുറിപ്പിലൂടെയാണ് നേതാവിന്റെ ആഹ്വാനം. തിങ്കളാഴ്ച്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സ്ത്രീകളുടെ ലൈംഗികാവയവം ഛേദിക്കുന്നത് തുടരാനുള്ള നേതാവിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.


നിയമം മൂലം നിരോധിച്ച രാജ്യങ്ങളില്‍ ശിശ്നച്ഛേദം നടത്തരുതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സ്ത്രീകളുടെ ലിംഗച്ഛേദം നിരോധിച്ചിട്ടില്ല. ബൊഹ്‌റാ വിഭാഗത്തിനിടയില്‍ സ്ത്രീകളുടെ ശിശ്നച്ഛേദം ആചാരത്തിന്റെ ഭാഗമാണെന്നും ബൊഹ്‌റാ വിഭാഗത്തില്‍ പെട്ടവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ ആചാരം നിരോധിതമല്ലെങ്കില്‍ തുടരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്ത്രീകളുടെ ലൈംഗികാവയവം ഛേദിക്കുന്നതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടിയിലാണ് നേതാവിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.

പുരുഷന്മാരുടേയും സ്ത്രീകളുടേയും ലിംഗച്ഛേദം(ഖട്‌ന, ഖഫ്‌സ്) കാലങ്ങളായി നടത്തി വരുന്ന ആചാരമാണെന്നും ഇത് തുടരാന്‍ ബൊഹ്‌റാ വിഭാഗം ബാധ്യസ്ഥരാണെന്നും മുഫദ്ദല്‍ സെയ്ഫുദ്ദീന്‍ പത്ര പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ സ്ത്രീകളുടെ ലിംഗച്ഛേദം നിരോധിതമല്ലാത്തതിനാല്‍ നേതാവിന്റെ ആഹ്വാനം ഏത് രീതിയില്‍ ബൊഹ്‌റാ വിഭാഗത്തെ ബാധിക്കുമെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ ലിംഗച്ഛേദം നടത്തിയതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ കോടതി ബൊഹ്‌റാ വിഭാഗത്തില്‍ പെട്ട മൂന്ന് പേരെ ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെയുള്ളവരെയായിരുന്നു കോടതി ശിക്ഷിച്ചത്.

മുഫദ്ദല്‍ സെയ്ഫുദ്ദീന്റെ പത്രപ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ച് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ബൊഹ്‌റാ വിഭാഗത്തിലെ സ്ത്രീകളുടെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനമാണ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് വിഭാഗത്തിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത ലിംഗച്ഛേദത്തിന് വിധേയമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Read More >>