വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി; ഫേസ്ബുക്ക് തന്നെ സസ്പെൻഡ് ചെയ്തതെന്ന് വിഎസിന്റെ ഓഫീസ്; കരുതലോടെ പാർട്ടി

ഫേസ്ബുക് വേരിഫിക്കേഷനു ശേഷം പേജ് വീണ്ടും തുറക്കുമെന്ന് വിഎസിന്റെ ഓഫീസ് അറിയിച്ചു

വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി; ഫേസ്ബുക്ക് തന്നെ സസ്പെൻഡ് ചെയ്തതെന്ന് വിഎസിന്റെ ഓഫീസ്; കരുതലോടെ പാർട്ടി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ പേരിൽ ആരംഭിച്ച ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു കാലത്ത് നിരന്തരം വാർത്തകൾ സൃഷ്ടിക്കുകയും ഇടതുമുന്നണി പ്രവർത്തകർക്കിടയിൽ ആവേശം വാരിവിതറുകയും ചെയ്ത മുൻ മുഖ്യമന്ത്രിയും സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് ആണ് ഫേസ്ബുക്കിൽ നിന്ന് കാണാതായത്.

തെരഞ്ഞെടുപ്പുകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടികൾ നൽകി സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞു നിന്നത് വിഎസ് ആയിരുന്നു. സിപിഎമ്മിന്റെ മറ്റു പല നേതാക്കന്മാരും ഫേസ്ബുക്കിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പുകാലത്തു മാത്രം തുടങ്ങിയ വിഎസിന്റെ പേജ് ആയിരുന്നു, ശരിക്കും താരം. പല ട്രോൾ പേജുകളെ പോലും അതിശയിക്കുന്നതായിരുന്നു, അതിലെ പോസ്റ്റുകൾ.


https://www.facebook.com/OfficialVSpage/  എന്നതായിരുന്നു പേജിന്റെ യുആർഎൽ. ഈ പേജിൽ കയറി നോക്കുന്നവർക്ക് ഇപ്പോൾ ലഭിക്കുന്ന സന്ദേശം ചുവടെ കാണുന്നതാണ്.

Screen Shot 2016-06-26 at 10.26.32 PM

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാർത്താസമ്മേളനം, വിഎസിനെക്കുറിച്ചുള്ള ആലപ്പുഴയിലെ സമ്മേളന പ്രമേയത്തിൽ തട്ടി വിവാദമായതിനു പിന്നാലെ അദ്ദേഹത്തിനു പരോക്ഷ മറുപടിയുമായി ഇതേ ഫേസ്ബുക്ക് പേജിലൂടെ വിഎസ് രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതയെ ഓർമ്മപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.  ഈ വിവാദത്തെ തുടർന്ന് തിരഞ്ഞെടുപ്പുകാലത്തെ വാർത്താസമ്മേളങ്ങൾ ഉപേക്ഷിക്കാൻ സിപിഐ(എം) നേതാക്കന്മാർ നിശ്ചയിച്ചതോടെ ഇലക്ഷനുമായി ബന്ധപ്പെട്ട വാക് പയറ്റ് അപ്പാടെ ഫേസ്ബുക്കിലൂടെയായിരുന്നു മാദ്ധ്യമശ്രദ്ധയിൽ എത്തിയത്.

തിരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാരിന് അഭിവാദ്യമർപ്പിച്ചും താൻ ജനങ്ങളുടെ കാവലാളായി തുടർന്നുമുണ്ടാകും എന്നു വാഗ്ദാനം ചെയ്തും വിഎസ് പോസ്റ്റ് ഇട്ടിരുന്നു. ഈ ഫേസ്ബുക് പേജാണ് രണ്ടുദിവസം മുമ്പ് യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ചുപൂട്ടിയത്. ഗൂഗിൾ ക്യാഷിൽ നിന്നു വീണ്ടെടുത്ത പേജിന്റെ സ്ക്രീൻ ഷോട്ട് അനുസരിച്ച് ജൂൺ 1നാണ് ഈ പേജിൽ നിന്ന് അവസാനമായി ഒരു അപ്ഡേറ്റ് വന്നിട്ടുള്ളത്. തന്റെ വീടുമാറ്റം സംബന്ധിച്ച വിവാദങ്ങളോടുള്ള വിഎസിന്റെ പ്രതികരണമായിരുന്നു അത്. മംഗളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഷെയർ ചെയ്തുകൊണ്ടുള്ള ഈ കുറിപ്പ് 3447 പേർ ഷെയർ ചെയ്തിരുന്നു.

വിഎസിന്റെ പേജ് അപ്രത്യക്ഷമായ സംഭവം പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണറിയുന്നത്. തിരുവനന്തപുരത്ത് എകെജി സെന്റർ കേന്ദ്രമാക്കി, പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഇലക്ഷൻകാല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയ സോഷ്യൽ മീഡിയ സെന്ററിന്റെ ശ്രദ്ധയിൽ ഇക്കാര്യം വരികയുണ്ടായി. തുടർന്ന് ഇന്നലെത്തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് പാർട്ടി സെന്ററിനു കൈമാറിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. തത്ക്കാലം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കൂടുതൽ വിവാദങ്ങളിലേക്കു പോകേണ്ടതില്ല എന്നാണ് തീരുമാനം എന്നറിയുന്നു.

മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ വിഎസിന്റെ സന്തതസഹചാരിയും ഓഫീസിലെ പ്രധാനിയുമായിരുന്ന ശശിധരൻ നായരുടെ മേൽനോട്ടത്തിലായിരുന്നു ഇലക്ഷൻ കാലത്ത് പേജിൽ സ്റ്റാറ്റസ് പബ്ലിഷ് ചെയ്തിരുന്നത്. എന്നാൽ പലയിടത്തുനിന്ന് പലർ ലോഗിൻ ചെയ്തതിനാൽ പേജിന്റെ ഉടമസ്ഥത തെളിയിക്കാൻ ആവശ്യപ്പെട്ട് ഫേസ്ബുക്ക് നോട്ടീസ് നൽകുകയും താത്ക്കാലികമായി ബാൻ ചെയ്യുകയുമായിരുന്നു എന്നാണ് ശശിധരൻ നായർ ഇതുസംബന്ധിച്ച് നാരദ ന്യൂസിനോടു പ്രതികരിച്ചത്. ഫേസ്ബുക്കിൽ വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകൾ ഒരേ സമയം ഒരാൾ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ. അതേസമയം പേജുകളാവുമ്പോൾ ഒന്നിലേറെ അഡ്മിൻമാരെ നിയമിക്കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വിഎസ് അച്യുതാനന്ദന്റെ പേരിലുണ്ടായിരുന്നത് പേഴ്സണൽ അക്കൗണ്ട് ആയിരുന്നു എന്നും പേജ് ആയിരുന്നില്ല എന്നുമാണ്, ശശിധരൻ നായർ നാരദാ ന്യൂസിനോടു പറഞ്ഞത്.

പേജ് അപ്രത്യക്ഷമായതിനെ തുടർന്ന് തങ്ങൾ ഫേസ്ബുക്ക് അധികൃതരെ മെയിൽ മുഖാന്തിരം ബന്ധപ്പെട്ടിരുന്നു. വിഎസ് അച്യുതാനന്ദന്റെ തിരിച്ചറിയൽ രേഖകൾ നൽകാനാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. അത് ഉടൻ തന്നെ അയച്ചുകൊടുക്കും. അതോടെ പേജ് വീണ്ടെടുക്കാനാവും എന്ന് ശശിധരൻ നായർ വിശദീകരിച്ചു. വ്യാജ അക്കൗണ്ട് ആണെന്ന സംശയം വരുമ്പോൾ ഫേസ്ബുക്ക് നടത്തുന്ന വെരിഫിക്കേഷൻ പ്രോസസ് ആണിത്. മൾട്ടിപ്പിൾ ലൊക്കേഷനുകളിൽ നിന്ന് ഒരേ സമയം ലോഗിൻ ചെയ്തതുമൂലമാണ് ഇതുവേണ്ടിവന്നതെന്നും ഇതുസംബന്ധിച്ച നിയമം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം നാരദാ ന്യൂസിനോട് പറഞ്ഞു.

എന്നാൽ വാട്സ് ആപ്പിൽ വന്ന ചില ട്രോളുകളിലൂടെയാണ് താൻ പേജ് അപ്രത്യക്ഷമായ വിവരം അറിഞ്ഞതെന്നും കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും സോഷ്യൽ മീഡിയ ഇലക്ഷൻ ഡെസ്കിന്റെ കൺവീനറുമായിരുന്ന വി ശിവദാസൻ നാരദ ന്യൂസിനോടു പറഞ്ഞു.

വിഎസിന്റെ ട്വിറ്റർ അക്കൗണ്ട് അതേപടി നിലനിൽക്കുന്നുണ്ട്. ആകെ 23 ട്വീറ്റുകൾ മാത്രമാണ് അതിൽ നിന്ന് വന്നിട്ടുള്ളത്. അതിൽ അവസാനത്തെ ട്വീറ്റ് മെയ് 25നാണ്. പുതിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് ചുവന്ന അഭിവാദ്യം അർപ്പിക്കുന്ന ട്വീറ്റ്, കേരളത്തിന്റെ പ്രകാശമാനമായ ഭാവിക്കായി മുന്നോട്ടു നീങ്ങാം എന്നു പ്രത്യാശിക്കുന്നു.