പ്രമുഖ ഖവ്വാലി ഗായകൻ അംജദ് സാബ്രിയെ അജ്ഞാതർ വെടിവച്ചുകൊന്നു

പാക്കിസ്ഥാനിലെ കറാച്ചിയിൽ കാറിനുള്ളിലേക്ക് വെടിയുതിർത്താണ് അംജദ് സാബ്രിയെ മതമൗലികവാദികൾ വകവരുത്തിയത്

പ്രമുഖ ഖവ്വാലി ഗായകൻ അംജദ് സാബ്രിയെ അജ്ഞാതർ വെടിവച്ചുകൊന്നു

കറാച്ചി: പ്രശസ്ത ഖവ്വാലി ഗായകൻ അംജദ് സാബ്രി (45) പാക്കിസ്ഥാനിലെ കറാച്ചിയിൽ വെടിയേറ്റ് മരിച്ചു. സാബ്രിയും സഹായിയും കാറിൽ സഞ്ചരിക്കവേയാണ്, മോട്ടോർ ബൈക്കിലെത്തിയ കൊലയാളികൾ കാറിനുള്ളിലേക്കു വെടിയുതിർത്തത്. തീവ്രവാദി ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്.


വെടിയേറ്റ ഇരുവരെയും സമീപത്തെ അബ്ബാസി ഷഹീദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അംജദ് സാബ്രിയുടെ ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിലെത്തിയ കൊലയാളിസംഘം 30-ബോർ പിസ്റ്റൽ ഉപയോഗിച്ച് അഞ്ചുതവണ സാബ്രിക്കു നേരെ വെടിയുതിർത്തു. രണ്ടു വെടിയുണ്ടകൾ തലയിലും ഒരെണ്ണം കാലിലും തറച്ചുകയറി. തലയിലേറ്റ വെടിയുണ്ടയാണ്, മരണകാരണമായത്. കാറിന്റെ രണ്ടു മുൻസീറ്റുകളുടെയും ചില്ല് വെടിവയ്പ്പിൽ തകർന്നു. കാറിന്റെ മുമ്പിലെ ചില്ലിൽ മൂന്നു വെടിയുണ്ടകൾ തുളച്ചുകയറിയിട്ടുണ്ട്. കാറിന്റെ ഒരുവശത്തു കൂടി ആദ്യം വെടിയുതിർത്ത ശേഷം ബൈക്കിൽ മറുവശത്തെത്തി വീണ്ടും വെടിയുതിർക്കുകയായിരുന്നു. തനിക്കു തീവ്രവാദഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഇദ്ദേഹം പാക് സർക്കാരിനോടു നേരത്തെ ആവശ്യപ്പെട്ടിരുന്നതായും ആഭ്യന്തരവകുപ്പ് ഒന്നും ചെയ്തില്ലെന്നും സിന്ധ് സെൻസർ ബോർഡ് ചെയർമാൻ ഫകർ-എ-അലാം ആരോപിച്ചു. എന്നാൽ അത്തരമൊരപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.


സൂഫി സംഗീതത്തിലെ ഭക്തിസാന്ദ്രമായ ധാരയാണ്, ഖവ്വാലി. തീവ്ര ഇസ്രാമിക മൗലികവാദികളുടെ ആക്രമണഭീഷണിയുടെ നിഴലിലാണ് പാക്കിസ്ഥാനിലെ മിക്ക സൂഫി ഗായകരും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ പ്രമുഖ ഖവ്വാലി ഗായകരുടെ പട്ടികയിലായിരുന്നു അംജദ് സാബ്രിയുടെ സ്ഥാനം.

ഇന്നു രാവിലെ പാക് ടെലിവിഷൻ ചാനലായ സമാ ടീവിക്കുവേണ്ടി അവതരിപ്പിച്ച ലൈവ് പ്രോഗ്രാമിലാണ് അംജദ് സാബ്രി അവസാനമായി പാടിയത്. സമാ പുറത്തുവിട്ട വീഡിയോ ചുവടെ:1950കൾ മുതൽ 70കൾ വരെ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സൂഫി സംഗീതരംഗത്തു നിറസാന്നിദ്ധ്യമായിരുന്ന ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജദ്. തനതുസൂഫി ശൈലിയിലൂടെ പാക് ഗാനപാരമ്പര്യത്തിന്റെ ഭാഗമായി മാറിയ സാബ്രി സഹോദരങ്ങളിലൊരാളാണ്, കൊല്ലപ്പെട്ട അംജദ് സാബ്രിയുടെ പിതാവ് ഗുലാം ഫരീദ് സാബ്രി. ഗുലാം ഫരീദും 2011ൽ മരണത്തിനു കീഴടങ്ങിയ സഹോദരൻ മഖ്ബൂൽ സാബ്രിയും ചേർന്നതായിരുന്നു, പ്രസ്തമായ സാബ്രി ബ്രദേഴ്സ് എന്ന ഖവ്വാലി ബാൻഡ്. ഉർദു, പേർഷ്യൻ ഭാഷകളിലെ ഗാനങ്ങളായിരുന്നു, ഇരുവരും പാടിയിരുന്നത്.

ന്യൂനപക്ഷമായ ഷിയ മുസ്ലീം വിഭാഗത്തിൽ പെട്ടയാളാണ് അംജദ് സാബ്രി. വഹാബി മുസ്ലീങ്ങളിൽ നിന്നു കനത്ത ഭീഷണിയാണ്, ഇദ്ദേഹം നേരിട്ടിരുന്നത്. 2014ൽ പാക് ടെലിവിഷൻ ചാനലായ ജിയോ ന്യൂസിന്റെ പ്രഭാത പരിപാടിയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു ഖവ്വാലിയുടെ പേരിൽ അംജദ് സാബ്രിക്കെതിരെ ഒരു അഭിഭാഷകൻ ഫയൽ ചെയ്ത കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി മതനിന്ദാ കുറ്റം (blasphemy charges) ചുമത്തി നോട്ടീസ് അയച്ചിരുന്നു. ഖവ്വാലി നിരോധിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

Read More >>