യുവാവിനേയും കുടുംബത്തേയും ഊരു വിലക്കിയെന്ന വാര്‍ത്തകള്‍ തെറ്റ്; ഖിദാമത്തുല്‍ ഇസ്ലാം സംഘം ജുമാമസ്ജിദ് അധ്യക്ഷന്‍ കുഞ്ഞാവ നാരദ ന്യൂസിനോട്

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കത്ത് വായിക്കാതെയോ അര്‍ത്ഥം മനസ്സിലാക്കാതെയോ ആണ് പലരും പ്രതികരിക്കുന്നത്.

യുവാവിനേയും കുടുംബത്തേയും ഊരു വിലക്കിയെന്ന വാര്‍ത്തകള്‍ തെറ്റ്; ഖിദാമത്തുല്‍ ഇസ്ലാം സംഘം ജുമാമസ്ജിദ് അധ്യക്ഷന്‍ കുഞ്ഞാവ നാരദ ന്യൂസിനോട്

വയനാട്: ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിനേയും കുടുംബത്തേയും ഊരു വിലക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആനപ്പാറ നരിക്കുണ്ട് ഖിദാമത്തുല്‍ ഇസ്ലാം സംഘം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവ നാരദ ന്യൂസിനോട് പറഞ്ഞു.

ലബീബ് ആനപ്പാറ എന്ന യുവാവ് തന്റെ ഫേസ് ബുക്ക് പോസ്റ്റ് വഴി പാണക്കാട് തങ്ങളെ അപമാനിച്ചുവെന്നതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി ഊരു വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്തകള്‍ പരന്നിരുന്നു. ലബീബ് തന്നെയാണ് ജുമാ മസ്ജിദ് കമ്മിറ്റി തന്റെ പിതാവ് മൊയ്തീന്‍കുട്ടിക്ക് നല്‍കിയ കത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇത് ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെ കളിയാക്കുന്ന ചിത്രം ഫേസ് ബുക്ക് വഴി പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പള്ളി കമ്മിറ്റിയുടെ നടപടിയുണ്ടായത്. ഈ സംഭവത്തിലാണ് പള്ളി പ്രസിഡന്റ് കുഞ്ഞാവ നാരദ ന്യൂസിനോട് പ്രതികരിച്ചത്.


പാണക്കാട് തങ്ങളുടെ രാഷട്രീയം നോക്കിയല്ല പള്ളി കമ്മിറ്റി കാര്യങ്ങള്‍ ചെയ്യുന്നത്. പാണക്കാട് തങ്ങള്‍ മഹല്ലിന്റെ വയനാട് ജില്ലാ പ്രസിഡന്റാണ്. മഹല്ലിന്റെ ഏറ്റവും ആദരണീയനായ നേതാവുമാണ്. അതില്‍ രാഷട്രീയമില്ല. പാണക്കാട് മുസ്ലീംലീഗിന്റെ നേതാവാണ് ആയതു കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്ന വാദങ്ങള്‍ തെറ്റാണ്. അദ്ദേഹം ആത്മീയ നേതാവാണ് എന്ന ബഹുമാനമാണുള്ളത്. അങ്ങിനെയുള്ളയാളെ മഹല്ലില്‍ ഉള്ളവരും ബഹുമാനിക്കണം. പാണക്കാടെ തങ്ങളെ പെണ്ണായി ചിത്രീകരിച്ച് കുമ്മനം രാജശേഖരനെ കെട്ടിപിടിക്കുന്ന ചിത്രമാണ് ലബീബ് പോസ്റ്റ് ചെയ്തത്. ഇത് തെരഞ്ഞെടുപ്പ് വന്ന ശേഷമാണ് പള്ളി കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞപ്പോള്‍ വിഷയം സംസാരിക്കാന്‍ ഫോണില്‍ വിളിച്ചു. അവര്‍ വന്നില്ല. അവരുടെ വീട്ടില്‍ ലബീബിന്റെ കല്യാണ തിരക്കായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ ശേഷം 22 ാം തീയ്യതിയാണ് കത്ത് കൊടുത്തത്. കത്തില്‍ ഊരു വിലക്കെന്ന് പറയുന്നില്ല. അവരുടെ വീട്ടില്‍ നടക്കുന്ന കല്യാണം, വീട്ടില്‍ കയറി കൂടല്‍ എന്നിവയിലും മറ്റു പ്രധാന പരിപാടികളിലും ഉസ്താദുമാരുടേയും മഹല്ല് കമ്മിറ്റിക്കാരുടേയും പങ്കാളിത്തം ഉണ്ടാകാന്‍ പാടില്ലെന്നാണ് പറഞ്ഞത്. അത് ഊരു വിലക്കല്ല. ഊരു വിലക്ക്  മഹല്ല് കമ്മിറ്റി തീരുമാനിക്കുന്നതല്ല. പള്ളിക്കാര്‍ വരില്ലെന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ വരരുത് എന്നര്‍ത്ഥമില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കത്ത് വായിക്കാതെയോ അര്‍ത്ഥം മനസ്സിലാക്കാതെയോ ആണ് പലരും പ്രതികരിക്കുന്നത്. ശരിക്കും കത്ത് വായിച്ചു നോക്കിയാല്‍ മനസ്സിലാവുന്ന കാര്യമേയുള്ളുവെന്ന്   പ്രസിഡന്റ് കുഞ്ഞാവ പറഞ്ഞു.

നിരവധി പേര്‍ ഷെയര്‍ ചെയ്തതും പോസ്റ്റ് ചെയ്തതുമായ ചിത്രമാണ് താന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാട്ടസപ്പില്‍ കിട്ടിയ ചിത്രം ഡൗണ്‍ ലോഡ് ചെയ്ത് പോസ്റ്റ് ചെയ്തതാണ്. താന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന നിലയിലാണ് പള്ളി കമ്മിറ്റിയുടെ നടപടിയുണ്ടായതെന്ന് ലബീബ് നാരദ ന്യൂസിനോടു പറഞ്ഞു. മൂന്നു ദിവസം മുമ്പ് മെയ് 29 നാണ് ലബീബിന്റെ വിവാഹം ആനപ്പാറ തന്നെയുള്ള അസൈന്റെ മകള്‍ മുഹ്‌സീനയുമായി കഴിഞ്ഞത്. ഈ വിവാഹത്തില്‍ പങ്കാളിത്തം ഒഴിവാക്കാനാണ് മഹല്ല് കമ്മിറ്റി ഉസ്താദുമാരോടും മഹല്ല് കമ്മിറ്റിയംഗങ്ങളോടും നിര്‍ദ്ദേശിച്ചത്. എന്തായാലും വിഹാഹം നല്ല രീതിയില്‍ നടന്നതായി  ലബീബ് പറഞ്ഞു.

Read More >>