യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കം

പോളണ്ട്, പോര്‍ച്ചുഗല്‍, വെയില്‍സ്, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഐസ് ലന്‍ഡ് എന്നീ ടീമുകളാണ് യൂറോയില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. ജൂണ്‍ 30ന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പോളണ്ടും പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ ക്വാര്‍ട്ടര്‍. വെയില്‍സ് ബെല്‍ജിയത്തെയും ജര്‍മനി ഇറ്റലിയെയും ഫ്രാന്‍സ് ഐസ് ലന്‍ഡിനെയും ക്വാര്‍ട്ടറില്‍ നേരിടും

യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കം

അമേരിക്കന്‍ ഭൂഖണ്ഡപ്പോരാട്ടത്തില്‍ കണ്ണീരണിഞ്ഞ് മടങ്ങിയ മെസിയെയും കൂട്ടരെയും തത്കാലത്തേക്ക് മറക്കാം. തുടര്‍ച്ചയായി രണ്ടാം കോപ്പ കിരീടം നേടിയ ബ്രാവോയുടെ ടീമിന് ചിലിയില്‍ കിട്ടുന്ന അംഗീകാരങ്ങളും വിട്ടുകളയാം. ഇനി കണ്ണുകളെല്ലാം പന്തുരുളുന്ന ഫ്രാന്‍സിലേക്ക്... യൂറോപ്പിന്റെ കിരീടം ആരണിയുമെന്ന ആവേശത്തിലാണ് ഫുട്ബോള്‍ ലോകം.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്‍മാറുന്നതും കാണികളുടെ ആവശം കളത്തിലേക്ക് കൂടി വ്യാപിക്കുന്നതും യൂറോ കപ്പിനിടെ നാം കണ്ടു. പ്രാഥമിക റൗണ്ടും അത്യാവേശം നിറഞ്ഞ പ്രീക്വാര്‍ട്ടറും കഴിഞ്ഞ് യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും.

പോളണ്ട്, പോര്‍ച്ചുഗല്‍, വെയില്‍സ്, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഐസ് ലന്‍ഡ് എന്നീ ടീമുകളാണ് യൂറോയില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. ജൂണ്‍ 30ന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പോളണ്ടും പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ ക്വാര്‍ട്ടര്‍. വെയില്‍സ് ബെല്‍ജിയത്തെയും ജര്‍മനി ഇറ്റലിയെയും ഫ്രാന്‍സ് ഐസ് ലന്‍ഡിനെയും ക്വാര്‍ട്ടറില്‍ നേരിടും. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോളണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എന്നാല്‍ എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ ബര്‍ത്ത്.

വടക്കന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ഗാരത് ബെയിലിന്റെ വെയില്‍സ് അവസാന എട്ടിലെത്തിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഹംഗറിയെ തോല്‍പ്പിച്ചാണ് ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ആതിഥേയരായ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ പൊട്ടിച്ച് ക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ യൂറോയുടെ പടി കടത്തിയാണ് ഐസ് ലന്റ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത് . കഴിഞ്ഞ തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിനിനെ തോല്‍പ്പിച്ചെത്തിയ ഇറ്റലി ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ നേരിടും. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയോട് സ്പെയിനിന്റെ പരാജയം. സ്ലൊവാക്യയെ 3 - 0 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് ജര്‍മനി എത്തുന്നത്.
പ്രാഥമിക റൗണ്ട് മുതല്‍ ആവശേവും അനിശ്ചിതത്വവും നിറഞ്ഞുനിന്ന യൂറോ കപ്പില്‍ ആര് മുത്തമിടും എന്നറിയാന്‍ ഇനി രണ്ടാഴ്ച കൂടി കാത്തിരിക്കണം. ജൂണ്‍ പത്തിന് ഫ്രാന്‍സിലെ സെന്റ് ഡെന്നീസില്‍ കപ്പ് ഉയര്‍ത്താന്‍ ഇനി എട്ടു ടീമുകള്‍ മാത്രം. കാത്തിരിക്കാം... സിദാന്റെ നാട്ടിലെ മൈതാനത്ത് തീപടരുന്നതും നോക്കി....!

Read More >>