യൂറോ കപ്പ്: ആദ്യ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും പോളണ്ടും നേര്‍ക്കുനേര്‍

മരണഗ്രൂപ്പുകളിലൊന്നായി അറിയപ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത്. റൊണാള്‍ഡോ, നാനി, റെനാറ്റോ സാഞ്ചസ്, പെപെ എന്നിവരുടെ കാലുകളില്‍ തന്നെയാകും പോര്‍ച്ചുഗലിന്റെ പ്രതീക്ഷ.

യൂറോ കപ്പ്: ആദ്യ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും പോളണ്ടും നേര്‍ക്കുനേര്‍

യൂറോ കപ്പിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പോളണ്ടും തമ്മില്‍ ഏറ്റുമുട്ടും. വ്യാഴാഴ്ച രാത്രി 12.30നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സ്റ്റാര്‍ സ്ട്രൈക്കറെയും പെപെ എന്ന ഡിഫന്‍ഡറെയും ഒഴിച്ചുനിറുത്തിയാല്‍ പോളണ്ടും പോര്‍ച്ചുഗലും തമ്മില്‍ ശക്തിയില്‍ ബലാബലം.

എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ക്രിസ്റ്റിയാനോയ്ക്ക് അത്ഭുതങ്ങളൊന്നും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. എന്നിരുന്നാലും റൊണാള്‍ഡോ, നാനി, റെനാറ്റോ സാഞ്ചസ്, പെപെ എന്നിവരുടെ കാലുകളില്‍ തന്നെയാകും പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെയും രണ്ടു ഗോള്‍ നേടിയ യാക്കൂബ് ബ്ലാസിക്കോവ്സ്‌കിയുടെയും കളിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പോളണ്ടിന്റെ സെമി മോഹം.


പ്രീക്വാര്‍ട്ടറില്‍ സ്വിറ്റസര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോളണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും 1 -1 എന്ന നിലയില്‍ സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 4-5നായിരുന്നു പോളണ്ടിന്റെ ജയം. ക്രൊയേഷ്യയെ അധിക സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ എത്തുന്നത്.

ജര്‍മനിയും വടക്കന്‍ അയര്‍ലണ്ടും ഉക്രൈനും അടങ്ങിയ സി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് പോളണ്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രാഥമിക റൗണ്ടില്‍ വടക്കന്‍ അയര്‍ലണ്ടിനെയും ഉക്രൈനെയും തോല്‍പ്പിച്ച പോളണ്ട് ശക്തരായ ജര്‍മനിയെ സമനിലയിലും കുരുക്കി. ലോക ചാമ്പ്യന്‍മാരെ പോലും പിടിച്ചുകെട്ടിയ പോളണ്ടിനെ എങ്ങനെ മെരുക്കും എന്നു തന്നെയാകും പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണ്ണാണ്ടോ സാന്റോസിന്റെയും തലവേദന.

മരണഗ്രൂപ്പുകളിലൊന്നായി അറിയപ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത്. പ്രാഥമിക റൗണ്ടിലെ മൂന്നു കളികളും സമനിലയില്‍ കുടുങ്ങിയ പോര്‍ച്ചുഗല്‍ ഭാഗ്യത്തിന്റെ തുമ്പ് പിടിച്ചാണ് മുന്നോട്ടുനീങ്ങിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഹംഗറിയോടും രണ്ടാം സ്ഥാനക്കാരായ ഐസ്‌ലണ്ടിനോടും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ഓസ്ട്രിയയോടും ആദ്യറൗണ്ടില്‍ സമനില പാലിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു ഗോളുകള്‍ മാത്രമേ നേടിയിട്ടുള്ളൂ എങ്കിലും ഒമ്പതു തവണ പോസ്റ്റിന് നേര്‍ക്ക് പന്ത് പായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ക്രിസ്റ്റ്യാനോയ്ക്ക്. 13 തവണ നേരിയ വ്യത്യാസത്തിന് പന്ത് ഗോളാകാതെ പുറത്തുപോയി. ഇതിനിടെ 11 തവണ ഗോളടിക്കുന്നതില്‍ നിന്നും ഡിഫന്‍ഡര്‍മാര്‍ റൊണാള്‍ഡോയെ പൂട്ടി. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ക്രിസ്റ്റിയാനോ എന്ന താരത്തില്‍ നിന്നും അത്ഭുതം വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എന്നാല്‍ 2004ല്‍ സ്വന്തം മൈതാനത്ത് ഗ്രീസിന്റെ പ്രതിരോധത്തിന് കീഴടങ്ങി യൂറോ ഫൈനലില്‍ കപ്പ് വിട്ട ദുഷ്പേരും ക്രിസ്റ്റ്യാനോയുടെ സംഘത്തിനുണ്ട്. മൂന്നാം തവണ യൂറോ കപ്പിന് യോഗ്യത നേടിയ പോളണ്ട് ടീം കോച്ച് ആദം നവാല്‍ക്കയുടെ ശിക്ഷണത്തില്‍ കപ്പ് കൈയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ്.

മെസിയെ പോലെ തന്നെ സ്വന്തം പേരില്‍ ഒരു പ്രധാന ടൂര്‍ണമെന്റ് രാജ്യത്തിന് വേണ്ടി ജയിക്കുക എന്നു തന്നെയാകും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആഗ്രഹം. തുല്യശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മൈതാനത്ത് തീപാറുമെന്ന് ഉറപ്പ്.

Read More >>