കോഴ്സിന് അംഗീകാരമില്ല; എറണാകുളം ലോ കോളേജ് വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

എംജി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന എറണാകുളം സര്‍ക്കാര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളാണ് ഭാവി എന്തെന്ന് അറിയാതെ അങ്കലാപ്പില്‍ ആയിരിക്കുന്നത്.

കോഴ്സിന് അംഗീകാരമില്ല; എറണാകുളം ലോ കോളേജ് വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

കൊച്ചി: അഞ്ചു വര്‍ഷം കൊണ്ട് തീരേണ്ട കോഴ്സ് ആറാം വര്‍ഷത്തിലേക്ക് കടക്കുന്നു. കൂന്നിന് മേല്‍കുരുവെന്ന് പറയും പോലെ പഠിച്ചു തീരാറായപ്പോള്‍ പഠിച്ചത് കൊണ്ട് ഒന്നും കോടതിയില്‍ കയറാന്‍ കഴിയില്ലയെന്ന് ബാര്‍ കൌണ്‍സില്‍.

എംജി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന  എറണാകുളം സര്‍ക്കാര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളാണ് ഭാവി എന്തെന്ന് അറിയാതെ അങ്കലാപ്പില്‍ ആയിരിക്കുന്നത്.

അഞ്ചു വര്‍ഷം മുന്‍പാണ് ഈ ലോ കോളേജില്‍ ബിഎ ക്രിമിനോളജി (പഞ്ചവല്‍സര എല്‍എല്‍ബി) കോഴ്സ് ആരംഭിക്കുന്നത്. ആദ്യ ബാച്ച് പഠിച്ചിറങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തിലാണ്, ബിഎ ക്രിമിനോളജി  ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കോഴ്സല്ല എന്ന വാര്‍ത്ത ഇവിടത്തെ വിദ്യാര്‍ഥികള്‍ അറിയുന്നത്.


ഈ കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും വക്കീലായി എൻറോൾ ചെയ്യാന്‍ സാധിക്കില്ലയെന്ന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ബാര്‍ കൌണ്‍സില്‍ ചട്ടങ്ങള്‍ പ്രകാരം പഞ്ചവല്‍സര എല്‍എല്‍ബി വിദ്യാര്‍ഥികള്‍ ആദ്യമൂന്ന് വര്‍ഷം നിര്‍ബന്ധമായും പ്രീ ലോ പേപ്പറുകള്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ ക്രിമിനോളജി പഠിച്ച വിദ്യാര്‍ഥികള്‍ പഠിച്ച പ്രീ ലോ പേപ്പറുകളായ ഫോറന്‍സിക് സയൻസ് ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ ലോ പേപ്പര്‍ ആണെന്നും അവ പ്രീ ലോയല്ലെന്നും ബാര്‍ കൌണ്‍സില്‍ പറയുന്നു. അതുകൊണ്ടു തന്നെ ഈ കോഴ്സ് അംഗീകരിക്കാന്‍ സാധിക്കില്ലയെന്നാണ് അവരുടെ പക്ഷം.

ഒരു നിയമ വിദ്യാലയം പുതിയ കോഴ്സ് തുടങ്ങുമ്പോള്‍ അവിടെ ബാര്‍ കൌണ്‍സില്‍ വിസിറ്റ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ എറണാകുളം ലോകോളേജില്‍ ബിഎ ക്രിമിനോളജി എല്‍എല്‍ബി തുടങ്ങിയ സമയത്ത് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയെ വിവരം അറിയിച്ചിട്ട്‌ പോലും ഉണ്ടായിരുന്നില്ലെന്ന് സമര മുഖത്തുള്ള വിദ്യാര്‍ഥികള്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ രണ്ടര മാസമായി എസ്എഫ്ഐ സമര മുഖത്തുണ്ടെന്ന്എസ്എഫ്ഐ എറണാകുളം ലോ കോളേജ് യൂണിറ്റ് സെക്രട്ടറി ആര്‍ഷോം നാരദ ന്യൂസിനോട് പ്രതികരിച്ചു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്കും ബാര്‍ കൌണ്‍സില്‍ ഓഫ് കേരളയ്ക്കും എംജി സര്‍വകലാശാലയ്ക്കും പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തീരുമാനമാകുന്നത് വരെ പുതിയ ക്രിമിനോളജി ബാച്ചുകള്‍ക്ക് ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കോളേജില്‍ നിന്നും അനുകൂല പ്രതികരണങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് അനുകൂല വിധിയുണ്ടാകും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍.

വിഷയത്തില്‍ എംജി സര്‍വകലാശാല നിസ്സഹായരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാന്‍ സര്‍വകലാശാല തയ്യാറാണ്. എന്നാല്‍ ഇവരുടെ എൻറോള്‍മെന്റിന്‍റെ  കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ്.

അതെസമയം, മറ്റൊരു വിദ്യാര്‍ഥി സംഘടനയായ കെഎസ് യു, വിഷയത്തിലേക്ക് വിദ്യാര്‍ഥികളെ വലിച്ചിഴക്കേണ്ട എന്ന നിലപാടാണ് സ്വീകരിക്കുന്നത്. സമരം ചെയ്യുന്നതിന് പകരം ചര്‍ച്ചകളിലൂടെ വിഷയം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് എറണാകുളം ലോ കോളേജ് വിദ്യാര്‍ഥി യൂണിയന്‍  പ്രസിഡന്റ്‌ അനന്തവിഷ്ണു നാരദ ന്യൂസിനോടു പ്രതികരിച്ചു.

Read More >>