ദളിതരുടെയും ആദിവാസികളുടേയും മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിക്കയറ്റുക; യുപി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡന പരീക്ഷണങ്ങള്‍

ദരിദ്രരും നിരാലംബരുമായ ഒരു കൂട്ടം ജനങ്ങളെ പലവിധത്തില്‍ പീഡിപ്പിച്ച് പുറത്താക്കുക എന്ന നയമാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

ദളിതരുടെയും ആദിവാസികളുടേയും മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിക്കയറ്റുക; യുപി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡന പരീക്ഷണങ്ങള്‍

ഇന്ത്യയില്‍ പരമ്പരാഗതമായി വനഭൂമിയില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെയും പട്ടികവര്‍ഗക്കാരുടെയും അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി 2006 ല്‍ പാര്‍ലമെന്റ് പാസാക്കിയ വനാവകാശ നിയമം ജനാധിപത്യ വ്യവസ്ഥയിലെ നാഴികക്കല്ലായിട്ടായിരുന്നു അടയാളപ്പെടുത്തിയിരുന്നത്. വനാവകാശ നിയമം അനുസരിച്ച് വനഭൂമിയില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും അവരുടെ കൈവശഭൂമിയുടെ അവകാശം നല്‍കുന്ന രേഖ നല്‍കണം. ഇതിനെ മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും സ്വാഗതം ചെയ്യുകയും ചെയ്തു.വനാവകാശ നിയമത്തിലൂടെ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നായിരുന്നു പ്രധാന പ്രതീക്ഷ. ആദിവാസികള്‍ക്കായുള്ള നിയമം രൂപീകരിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നിയമത്തിന്റെ ഗുണഭോക്താക്കളാക്കേണ്ട ആദിവാസി വിഭാഗങ്ങളുടെ അവസ്ഥയെന്താണ്?

ഉത്തര്‍പ്രദേശിലെ ദുദ്‌വ ദേശീയ പാര്‍ക്കില്‍ കഴിയുന്ന ആദിവാസികളെ കുറിച്ച് നാരദാന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് നിധീഷ് ജെ വില്ലാട്ട് നടത്തിയ അന്വേഷണത്തില്‍ വനാവകാശ നിയമം പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടത്തുന്ന ക്രൂരപീഡനങ്ങളുടെ കഥയാണ് വെളിപ്പെട്ടത്. കാലങ്ങളായി വനഭൂമിയില്‍ കഴിയുന്ന ജനങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി അവരെ ഉപയോഗിക്കുകയും ചെയ്ത് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള 490 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനഭൂമിയിലെ അധിപരായി കഴിയുകയാണ് ഉദ്യോഗസ്ഥര്‍.


വനഭൂമിയില്‍ കഴിയുന്ന ആദിവാസി-ദളിത്-പിന്നോക്ക മുസ്ലീം വിഭാഗത്തില്‍പെട്ട ജനങ്ങള്‍ കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടുന്നത്.

മേഖലയില്‍ നിധീഷ് ജെ വില്ലാട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നാരദാന്യൂസ് നാല് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുകയാണ്.

'പൈജാമ ഊരിമാറ്റിയതിന് ശേഷം അവര്‍ ഞങ്ങളുടെ അടിവസ്ത്രം നിര്‍ബന്ധപൂര്‍വം മാറ്റി. എന്നിട്ട് നിലത്ത് കമഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍, മൃഗങ്ങള്‍ക്ക് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചിലാക്കിയതിന് ശേഷം ഞങ്ങളുടെ കാലുകള്‍ ബലംപ്രയോഗിച്ച് അകത്തിവെച്ച് മലദ്വാരത്തിലേക്ക് കുത്തിക്കയറ്റി. ചിലരുടെ മലദ്വാരത്തിലേക്ക് പെട്രോള്‍ മുക്കിയ തുണി തിരുകിക്കയറ്റി'. കാഴ്ച്ചയില്‍ തന്നെ ദുര്‍ബലനായ തുളസീ റാമിന്റെ വാക്കുകളാണിത്.

തുളസി തുടര്‍ന്നു,

'വേദന സഹിക്കാന്‍ കഴിയാതെ ഞങ്ങളെല്ലാവരും വാവിട്ട് കരയുകയായിരുന്നു. ശരീരത്തിനകത്തേക്ക് പെട്രോളാണ് കുത്തിവെച്ചത്. വയര്‍ പൊട്ടിത്തെറിച്ച് പോകുന്നത് പോലെ വേദന. അല്‍പ്പം വെള്ളം ചോദിച്ചപ്പോള്‍ അവര്‍ വലിയൊരു ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചു. ദണ്ഡ് രണ്ട് കഷ്ണമാകുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. ശരീരത്തിനകത്തും പുറത്തുമുള്ള പീഡനം സഹിക്കാന്‍ കഴിയാതെ ഞങ്ങള്‍ ബോധരഹിതരായി. പിന്നെ ഒന്നും ഒര്‍മയില്ല. പിന്നീടെപ്പോഴോ ബോധം വന്നപ്പോള്‍ ഒരു ഓഫീസര്‍ ലാത്തിയുമായി വീണ്ടുമെത്തി. 'നിങ്ങള്‍ ഇവിടെ ഉറങ്ങാന്‍ വന്നതാണോ, ചമാര്‍'(ദളിത് ഉപവിഭാഗം) എന്നായിരുന്നു അയാളുടെ ചോദ്യം. 'ചമാര്‍ മായാവതി അധികാരത്തിലെത്തിയിതിന് ശേഷം നിങ്ങളുടെ ധിക്കാരം കൂടിയിട്ടുണ്ട്.' അയാള്‍ പറഞ്ഞു'.

2011 സെപ്റ്റംബര്‍ 22 ന് പുലര്‍ച്ചെ കാലികളെ മേച്ചുകൊണ്ടിരിക്കേ, ഒരു കൂട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി തങ്ങള്‍ക്ക് നേരെ നടത്തിയ പീഡനങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു തുളസി. ഇവര്‍ ചെയ്ത കുറ്റമാകട്ടെ, കാലിമേച്ചിലിന് വനംവകുപ്പ് നിയമവിരുദ്ധമായി ഏര്‍പ്പെടുത്തിയ കൈക്കൂലി(ഗാല/ഹഫ്ത) നല്‍കാതിരുന്നു.

500 രൂപയാണ് പ്രതിമാനം ഗ്രാമവാസികള്‍ കാലിമേച്ചില്‍ അനുവദിക്കാന്‍ വനംവകുപ്പിന് നല്‍കേണ്ടി വരുന്നത്. മറ്റ് പല ഗ്രാമങ്ങളിലും ഒരു വര്‍ഷത്തേക്കുള്ള ഗാല ഒന്നിച്ച് വാങ്ങിക്കുന്ന പതിവുമുണ്ട്. ഒരു ക്വിന്റല്‍ അരി, 20 കിലോഗ്രാം ഗോതമ്പ്, 25 കിലോ കടുക്, തേന്‍ എന്നിവയാണ് ഗാലയായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമവാസികള്‍ നല്‍കേണ്ടത്. ഇത് നല്‍കിയില്ലെങ്കില്‍ കടുത്ത പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വരിക.

'ഉദ്യോഗസ്ഥര്‍ക്ക് ഗാല നല്‍കാന്‍ ഞങ്ങളുടെ പക്കല്‍ ഒന്നുമുണ്ടാകില്ല. അതോടെ പീഡനം ആരംഭിക്കും. ഞങ്ങളുടെ ഗ്രാമം മുതല്‍ ബെലറയാന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെ മര്‍ദ്ദിച്ചു കൊണ്ടുപോകും. അവിടെയെത്തിയാല്‍ ഒരു 'പീഡനമുറി'യുണ്ട്. അവിടെയിട്ടും മര്‍ദ്ദിക്കും'. ഗ്രാമവാസിയായ ഡോറീ പറയുന്നു.

ഉത്തര്‍പ്രദേശിലെ ദുദ്‌വാ ദേശീയ പാര്‍ക്കിലെ രാംപൂര്‍ ബന്ധിയ ഗ്രാമവാസികളായ ആദിവാസി വിഭാഗങ്ങളിലെ ചിലരുമായി സംസാരിച്ചപ്പോള്‍ കേള്‍ക്കാന്‍ സാധിച്ചത് ഇതൊക്കെയാണ്.

ദുദ്‌വാ ദേശീയ പാര്‍ക്കില്‍ കാലങ്ങളായി താമസിച്ചു വരുന്ന ആദിവാസികളേയും ദളിത്-പിന്നോക്ക മുസ്ലീം വിഭാഗത്തില്‍പെട്ടവരേയും ഗ്രാമത്തില്‍ നിന്നും പുറത്താക്കാന്‍ ഫോറസ്റ്റ് വകുപ്പ് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് രാംപൂര്‍ ബന്ധിയയില്‍ ഞാനെത്തിയത്. ദേശീയ പാര്‍ക്കിലെ പരിസ്ഥിതി സംരക്ഷണ മേഖലയായി (ബഫര്‍ സോണ്‍) പ്രഖ്യാപിച്ച സ്ഥലത്താണ് ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതാണ് ഗ്രാമവാസികളെ പുറന്തള്ളാന്‍ ശ്രമിക്കുന്നതിന്റെ കാരണം. താരൂസ് വിഭാഗത്തില്‍പെട്ട ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്.

dudhwa111ദരിദ്രരും നിരാലംബരുമായ ഒരു കൂട്ടം ജനങ്ങളെ പലവിധത്തില്‍ പീഡിപ്പിച്ച് പുറത്താക്കുക എന്ന നയമാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

ദുദ്‌വാ വാസികള്‍ക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രൂരപീഡനങ്ങളെ കുറിച്ച് യുഎസിലെ മിനിസോട്ട സര്‍വകലാശാലയിലെ ബയോഎതിക്‌സ് പ്രൊഫസറായ സ്റ്റീവന്‍ മൈല്‍സുമായി ചര്‍ച്ച ചെയ്തിരുന്നു. മര്‍ദ്ദന-പീഡനമുറകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് വിശദമായി പഠിച്ച വ്യക്തിയാണ് സ്റ്റീവന്‍ മൈല്‍സ്. അദ്ദേഹത്തിന്റെ 'ഓത്ത് ബിട്രെയ്ഡ്: അമേരിക്കാസ് ടോര്‍ച്ചര്‍ ഡോക്ടേര്‍സ്' എന്ന പുസ്തകം അമേരിക്കന്‍ സൈന്യം നടത്തിയ പീഡനങ്ങളും അതിന്റെ പരിണിതഫലങ്ങളെ കുറിച്ചുമാണ് പറയുന്നത്.

മലദ്വാരത്തിലൂടെ ശരീരത്തിനകത്തേക്ക് പെട്രോള്‍ കയറ്റുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സ്റ്റീവന്‍ മൈല്‍സ് ചൂണ്ടിക്കാട്ടുന്നു.

'പീഡനമുറകള്‍ പീഡിപ്പിക്കുന്നവരെ സംബന്ധിച്ച് ഏറെ ആവേശകരവും അതില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരികയും ചെയ്യും. മലദ്വാരത്തിലൂടെയുള്ള പീഡനങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വാര്‍ധക്യം വരെ നീണ്ടു നിന്നേക്കാം. യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം ഉപയോഗിച്ചിരുന്ന രീതിയാണിത്. മലദ്വാരത്തിലൂടെ കുരുമുളക് കയറ്റിയുള്ള പീഡനമായിരുന്നു സൈനികര്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഈ പീഡനമുറ ലോകത്തിന്റെ പലഭാഗങ്ങളിലും പിന്നീട് ഉപയോഗിച്ചിരുന്നു. കുരുമുളകിന് പകരം പെട്രോള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരു ആശ്ചര്യവുമില്ല.

വളരെ തന്ത്രപൂര്‍വം ചെയ്യുന്നതാണ് പീഡനമുറകള്‍. മലാശയ-ലൈംഗിക പീഡനങ്ങള്‍ ലോകത്തെല്ലായിടത്തും സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണ്. പെട്രോള്‍ ഉപയോഗിച്ചുള്ള പീഡനമുറകള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നത് അസ്വാഭാവികമായി തോന്നുന്നു. വടിയോ ബാറ്റണോ ഉപയോചുള്ള ലൈംഗിക പീഡനങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍പോലും ആശ്ചര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഫ്‌ളൂറസെന്റ് ലൈറ്റ് ബള്‍ബ് വരെ മലദ്വാരത്തിലൂടെ കയറ്റാറുണ്ട്. എന്നിട്ടാണ് പലപ്പോഴും പെട്രോള്‍ കടത്തി വിടാറ്. മലദ്വാരം വഴി പെട്രോള്‍ കടത്തി വിടുന്ന വലിയ രീതിയിലുള്ള വ്രണങ്ങളും ഫിസ്റ്റുല പോലുള്ള അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകും. പെട്രോള്‍ രക്തവുമായി കൂടിക്കലരുമ്പോള്‍ വിഷമയമാകും. ഇത് കിഡ്‌നി, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനെത്തെ സാരമായി ബാധിക്കും.' മൈല്‍സ് പറയുന്നു.

[caption id="attachment_27646" align="aligncenter" width="640"]ഗ്രാമവാസികളെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കാന്‍ ഉപയോഗിക്കുന്ന സുഹേലി പുഴ ഗ്രാമവാസികളെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കാന്‍ ഉപയോഗിക്കുന്ന സുഹേലി പുഴ[/caption]

ദുദ്‌വവാസികളെ മലദ്വാര പീഡനം നടത്തുന്നതിന് മുമ്പ് വെള്ളത്തില്‍ തലമുക്കി നിര്‍ത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ എല്ലാ പീഡനങ്ങള്‍ക്കും പല രൂപങ്ങളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭീഷണി, മര്‍ദ്ദനം, ദാഹജലം നിഷേധിക്കല്‍ തുടങ്ങിയവയെല്ലാ പീഡനങ്ങളുടെ ഭാഗമാണ്. പീഡനത്തിനിരയാകുന്നവരില്‍ 15 ശതമാനത്തോളം പേരും ശ്വാസംമുട്ടലിന് വിധേയരായിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ ഫെറാരിയ എഴുതിയ 'കളേഴ്‌സ് ഓഫ് ദി കേജ്' എന്ന പുസ്തകത്തില്‍ പോലീസിന്റെ പെട്രോള്‍ പീഡനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ജയില്‍വാസകാലത്തെ അനുഭവങ്ങളെ കുറിച്ച് പറയുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകം. അതില്‍ മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെക്കുന്നതില്‍ 'വിദഗ്ധനായ' പോലീസ് ഉദ്യോഗസ്ഥനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

1990 കളില്‍ പോലീസ് പീഡനത്തിന് ഇരയായ ഗുലാം ഹസ്സന്‍ എന്ന കാശ്മീരി യുവാവും ഇത്തരത്തിലുള്ള പീഡനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത തീവ്രവാദിയെന്നാരോപിച്ചായിരുന്നു ഗുലാം ഹസ്സനെ പിടികൂടിയത്.

[caption id="attachment_27647" align="aligncenter" width="640"]ഫോറസ്റ്റ് ഓഫീസ് ഫോറസ്റ്റ് ഓഫീസ്[/caption]

ശാരീരിക പീഡനങ്ങള്‍ക്ക് പുറമേ, വേതനമില്ലാത്ത നിര്‍ബന്ധിത ജോലിയും ദുദ്‌വാ മേഖലയില്‍ സജീവമാണ്. മണ്‍സൂണ്‍ കാലത്തിന് ശേഷം റോഡുകളും മറ്റും വൃത്തിയാക്കേണ്ട ജോലി ഗ്രാമവാസികളെ കൊണ്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചെയ്യിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ടും ഉദ്യോഗസ്ഥര്‍ തന്നെയെടുക്കുന്നു. കൂലിയില്ലാതെ ജോലി ചെയ്യാന്‍ ഏതെങ്കിലും ഗ്രമവാസി വിമുഖത കാണിച്ചാല്‍ പിന്നെ പീഡനങ്ങള്‍ ആരംഭിക്കുകയായെന്നും ഗ്രാമവാസിയായ യശ്പാല്‍ സിംഗ് പറയുന്നു. എന്തുകൊണ്ട് ഈ കാലത്ത് പോലും ഇത്തരം മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ വാര്‍ത്തയാകുന്നില്ലെന്നും സിംഗ് ചോദിക്കുന്നു.

[caption id="attachment_27648" align="aligncenter" width="640"]വ്യാജ കേസിന്റെ ഇരകള്‍
വ്യാജ കേസിന്റെ ഇരകള്‍[/caption]

ഡല്‍ഹിയില്‍ നിന്നും ലഖ്‌നൗവില്‍ നിന്നും എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കാട്ടിലൂടെ സഫാരി നടത്താനാണ് താത്പര്യം. ഇവിടെയുള്ള പ്രാദേശിക മാധ്യമപ്രവര്‍ത്തകരാകട്ടെ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏറ്റവും അടുത്ത ആളുകളും. എനിക്കൊപ്പം വന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകന്‍ പറഞ്ഞു.

പ്രദേശത്തെ മറ്റൊരു ഗ്രാമത്തിലെത്തിയപ്പോള്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെ ജാതിബോധത്തിന്റെ വികൃതമായ മുഖമാണ് തരു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

വനാവകാശ നിയമപ്രകാരം കാട്ടില്‍ നിന്നും വിറക് ശേഖരിക്കുന്നത് അവരുടെ അവകാശമാണ്. എന്നാല്‍ അനധികൃതമായ 'മരംമോഷണം' എന്നാണ് പല മാധ്യമപ്രവര്‍ത്തകരും ഇതിനെ വാര്‍ത്തയാക്കാറെന്ന് ആദിവാസികള്‍ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെ നടക്കുന്ന നേപ്പാളിലേക്കുള്ള മരംകടത്തലിനെ പലതവണ ആദിവാസികള്‍ കൈയ്യോടെ പിടികൂടുകയും വാഹനങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അടുത്ത ദിവസം വാര്‍ത്തയായി വരുമ്പോള്‍, 'പാഴ്മരങ്ങള്‍' ആകും.

ദളിതുകള്‍ക്ക് നേരെയുള്ള പീഡനങ്ങളും മലദ്വാരത്തിലൂടെ പെട്രോള്‍ കുത്തിവെക്കുന്നതും ജാതി അധിക്ഷേപവുമെല്ലാം കോളനികാലഘട്ടം മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥവൃന്ദം തുടര്‍ന്നുവരുന്നതാണ്.

ആദിവാസികളുടെ വനാവകാശ നിയമം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമലംഘനം നടത്തുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത്.

മായാവതി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ, വനാവകാശ നിയമം വഴി വനപരിപാലനവും ഭരണവും ജനാധിപത്യപരമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഇക്കോ-ടൂറിസം മാഫിയയും ചില പ്രാദേശിക നേതാക്കളും ഒന്നിച്ച് നിന്ന് ചെറുക്കുകയാണുണ്ടായത്. ആദിവാസികള്‍ക്കും ദളിതുകള്‍ക്കും നേരെ ഭരണകൂടം നടത്തുന്ന ആക്രമങ്ങളുടെ ഭീകരമുഖമാണ് ഇവിടെ കാണാന്‍ സാധിക്കുക'. പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ അശോക് ചൗധര്യ പറയുന്നു.

dudhwa-national-park-mapപ്രദേശത്തെ ലഖിംപൂര്‍ ഖേരിയിലെ ഉള്‍വഴികളിലൂടെ അവിടുത്തെ ജീവിതം കണ്ട് നടത്തിയ യാത്രയില്‍ ഞാന്‍ കണ്ടതും വനംവകുപ്പ് നടത്തിയ ക്രൂരതകളുടെ വ്യത്യസ്ത ചിത്രങ്ങളാണ്.

'അവര്‍ ഇവിടെ സമാന്തര ഭരണം നടത്തുകയാണ്. വ്യാജ ഏറ്റുമുട്ടലുകളും കസ്റ്റഡി ബലാത്സംഗങ്ങളും സ്ഥിരം കഥയാണ്. വനം മാഫിയകളുമായി ചേര്‍ന്ന പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. പീഡനങ്ങള്‍ക്കായി പല വഴികളും അവര്‍ രൂപീകരിച്ചിട്ടുണ്ട്.' ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു വന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസറായ കിഞ്ചല്‍ സിംഗിന്റെ വാക്കുകളാണിത്.

[caption id="attachment_27650" align="aligncenter" width="640"]കിഞ്ചല്‍ സിംഗ് ഐഎഎസ് കിഞ്ചല്‍ സിംഗ് ഐഎഎസ്[/caption]

ലഖിംപൂര്‍ ഖേരിയിലെ വനംമാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിന്റെ പേരില്‍ സ്ഥലംമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥയാണ് കിഞ്ചല്‍ സിംഗ്.

ദുദ്‌വ പാര്‍ക്കില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള ആദിവാസികളുടെയും മറ്റുള്ളവരുടേയും നിരന്തരമായ പരാതിയെ തുടര്‍ന്ന് പോലീസ്, റവന്യൂ വകുപ്പുകളില്‍ കിഞ്ചല്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണ്.

ബഫര്‍സോണില്‍ സ്ഥിതി ചെയ്യുന്ന പച്ചേപാട റിച്ചായ, കുന്ദന്‍പൂര്‍, ഖൈരിഖഡ് തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നും വേരോടെ പിഴുതെടുത്ത അപൂര്‍വയിനം മരങ്ങള്‍ കൂട്ടിവെച്ചിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. മാര്‍ക്കറ്റില്‍ കോടിക്കണക്കിന് വിലയാണ് ഈ മരങ്ങള്‍ക്കുള്ളത്. വ്യാജ വാറ്റുചാരായവും ഇവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കളക്ടര്‍ കണ്ടെത്തി.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിലുള്ള നിരവധി കസ്റ്റഡി മരണങ്ങളെ കുറിച്ചും ബലാത്സംഗങ്ങളെ കുറിച്ചും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചും കിഞ്ചല്‍ അന്വേഷണം ആരംഭിച്ചു. ഇതോടെ കിഞ്ചല്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥ അധികൃതരുടെ കണ്ണിലെ കരടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരില്‍ നിന്നും പണം സ്വീകരിക്കുന്നതായി സംശയമുള്ള പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ കിഞ്ചലിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.

woodഇതുകൂടാതെ കിഞ്ചലിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ദുദ്വ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ജോലി ബഹിഷ്‌കരിച്ച് സമരം നടത്തുക വരെ ചെയ്തു. ഇതോടെ യുപി സര്‍ക്കാര്‍ കിഞ്ചല്‍ സിംഗിനെ ഫൈസാബാദിലേക്ക് സ്ഥലം മാറ്റി.'വനാവകാശ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് കിഞ്ചലിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശത്രുപക്ഷത്ത് നിര്‍ത്താന്‍ കാരണം. മൃഗമോഷണവും മരംകടത്തും  നടത്തുന്ന മാഫിയകള്‍ക്കൊപ്പമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ ഇവിടേക്ക് എത്തിയാല്‍ വനംമാഫിയയുടെ ഇടപാടുകള്‍ നടക്കില്ല. അതിനാല്‍ വനാവകാശ നിയമം നടപ്പാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.' ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ രജ്‌നീഷ് പറയുന്നു.