ഓര്‍ലാന്റോ ആക്രമണം: ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധത വീണ്ടും തെളിയുന്നു

ഓര്‍ലാന്റോ ആക്രമണത്തെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആയുധമാക്കുന്ന ട്രംപ് യുഎസിലെ മുസ്ലീം കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഓര്‍ലാന്റോ ആക്രമണം: ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധത വീണ്ടും തെളിയുന്നു

യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവെപ്പില്‍ 50 കൊല്ലപ്പെട്ട സംഭവം വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മുതലെടുക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധത നേരത്തേ തന്നെ പ്രകടമായതാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണവും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആയുധമാക്കുകയാണ് ട്രംപ്. ആക്രമണമുണ്ടായ ഉടന്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും ആരംഭിച്ചതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.


ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഇസ്ലാം വിശ്വാസികളുടേയും യുഎസില്‍ കുടിയേറിയ മുസ്ലീങ്ങളുടേയും തലയില്‍ കെട്ടിവെക്കുന്ന തരത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ഓര്‍ലാന്റോ ആക്രമണത്തെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആയുധമാക്കുന്ന ട്രംപ് യുഎസിലെ മുസ്ലീം കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.പ്രസിഡന്റ് ബരാക് ഒബാമയേയും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണേയും രാഷ്ട്രീയമായി ആക്രമിക്കാനും ഓര്‍ലാന്റോ ആക്രമണത്തെ ട്രംപ് ഉപയോഗിക്കുന്നു. 'ഇസ്ലാം തീവ്രവാദം' എന്ന വാക്ക് ഒബാമ ഉപയോഗിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റുകള്‍. ഇസ്ലാം തീവ്രവാദം എന്ന വാക്ക് ഉപയോഗിക്കാത്ത ഒബാമ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇസ്ലാമിനെ കുറിച്ചുള്ള തന്റെ നിലപാട് ശരിയാണെന്നായിരുന്നു ഓര്‍ലാന്റോ ആക്രമണമുണ്ടായപ്പോള്‍ ട്രംപ് പ്രതികരിച്ചത്. ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ലോകം മുഴുവന്‍ നടുങ്ങിയ ആക്രമണം നടന്നപ്പോള്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ തലയില്‍ അതിന്റെ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള വ്യഗ്രതയും കടുത്ത ഇസ്ലാം വിരുദ്ധതയുമാണ് ട്രംപിന്റെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നത്.ട്രംപിന്റെ ഇസ്ലാം വിരുദ്ധതയ്ക്ക് നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കാലിഫോര്‍ണിയയില്‍ 14 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടന്നപ്പോള്‍ യുഎസിലേക്ക് മുസ്ലീങ്ങള്‍ എത്തുന്നത് താത്കാലികമായി നിരോധിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഓര്‍ലാന്റോയില്‍ ആക്രമണമുണ്ടായോപ്പോഴും മുസ്ലീങ്ങളെ നിരോധിക്കണമെന്ന ആവശ്യവുമായി ട്രംപ് വീണ്ടുമെത്തി.

ഓര്‍ലാന്റോയില്‍ ആക്രമണം നടത്തിയ ഒമര്‍ സാദിഖ് മതിന്റെ പിതാവ് അഫ്ഗാനിസ്ഥാനില്‍ നിന്നും കുടിയേറിയ വ്യക്തിയാണെന്നും അഫ്ഗാനിസ്ഥാനി താലിബാനെ പിന്തുണക്കുന്നുവെന്ന് തുറന്ന് പറഞ്ഞ വ്യക്തിയാണെന്നും ട്രംപ് ആരോപിക്കുന്നു.ട്രംപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ മറ്റൊരു പരാമര്‍ശം ഇങ്ങനെ, 'പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം 100,000 ആളുകളാണ് യുഎസില്‍ എത്തുന്നത്. നൂറ് കണക്കിന് കുടിയേറ്റക്കാരും അവരുടെ മക്കളും യുഎസില്‍ തീവ്രവാദം വളര്‍ത്തുന്നു'.

ഇസ്ലാം തീവ്രവാദത്തില്‍ നിന്നും അമേരിക്കന്‍ ജനതയെ രക്ഷിക്കണമെന്നും താന്‍ പ്രസിഡന്റായാല്‍ അമേരിക്കന്‍ ജനതയെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് ട്രംപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അമേരിക്കന്‍ ജനതയ്ക്കുള്ള മുസ്ലീം വിരുദ്ധതയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

കടുത്ത മുസ്ലീം വിരുദ്ധത നിലനില്‍ക്കുന്ന അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ കണക്കുകള്‍ എഫ്ബിഐയുടെ പക്കല്‍ പോലും ഇല്ലെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. 2015 മാര്‍ച്ച് മുതല്‍ 2016 മാര്‍ച്ചിനിടയില്‍ 180 ഓളം ആക്രമണങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയ്യേറ്റം, കൊലപാതകം, തീവെപ്പ്്, വെടിവെപ്പ് തുടങ്ങിയ ആക്രമണങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമുണ്ടായത്.

Read More >>