അമിറുൾ ഇസ്ലാമിന്റെ റിമാൻഡ് റിപ്പോർട്ടിലും ഡിഎൻഎ ചേർന്നതായി പരാമർശമില്ല; ശാസ്ത്രീയ പരിശോധന ഇനിയും ബാക്കി

സംശയിച്ചു കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത് ഡിഎൻഎ ഒത്തുനോക്കിയ ശേഷമോ? പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി അമിറുൾ ഇസ്ലാം കൊലപാതകിയാണെന്നുറപ്പിക്കാൻ പൊലീസ് അവലംബിച്ച മാനദണ്ഡമെന്ത്? ദൃൿസാക്ഷിയില്ലാത്ത കൊലപാതകത്തിൽ, ജിഷയുടെ രക്തം പുരണ്ട് ഉപേക്ഷിക്കപ്പെട്ട ചെരിപ്പ് പ്രതിയുടേതാണെന്ന സാക്ഷിമൊഴിക്കപ്പുറം ശാസ്ത്രീയമായ മറ്റു തെളിവുകൾ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളോ?

അമിറുൾ ഇസ്ലാമിന്റെ റിമാൻഡ് റിപ്പോർട്ടിലും ഡിഎൻഎ ചേർന്നതായി പരാമർശമില്ല; ശാസ്ത്രീയ പരിശോധന ഇനിയും ബാക്കി

 തിരുവനന്തപുരം: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി അമിറുൾ ഇസ്ലാം കൊലപാതകിയാണെന്നുറപ്പിക്കാൻ പൊലീസ് അവലംബിച്ച മാനദണ്ഡമെന്ത്? ദൃൿസാക്ഷിയില്ലാത്ത കൊലപാതകത്തിൽ, ജിഷയുടെ രക്തം പുരണ്ട് ഉപേക്ഷിക്കപ്പെട്ട ചെരിപ്പ് പ്രതിയുടേതാണെന്ന സാക്ഷിമൊഴിക്കപ്പുറം ശാസ്ത്രീയമായ മറ്റു തെളിവുകൾ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളോ?

പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പ്രകാരമാണെങ്കിൽ കൃത്യം നടന്ന വീട്ടിലെ കട്ടിളപ്പടിയിൽ നിന്നു ലഭിച്ച രക്ത സാമ്പിളിലെ ഡിഎൻഎയും ജിഷ ധരിച്ചിരുന്ന ചുഡീദാറിലെ കടിപ്പാടിൽ കിനിഞ്ഞ ഉമിനീരിൽ അടങ്ങിയ ഡിഎൻഎയും കൊലയാളിയെന്നു സംശയിക്കുന്ന പുരുഷന്റേതാണെന്നുറപ്പിക്കാം. സമീപത്തുനിന്നു ലഭിച്ച ചെരുപ്പിൽ പതിഞ്ഞത് ജിഷയുടെ രക്തമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ടി ചെരുപ്പ് അമിറുൾ ഇസ്ലാമിന്റേതാണെന്ന സാക്ഷിമൊഴി ഉണ്ട്. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

റിമാൻഡ് റിപ്പോർട്ടിലെ പ്രസ്തുതഭാഗം ഇങ്ങനെയാണ്: “അന്വേഷണത്തിൽ ജിഷ കൃത്യസമയം ധരിച്ചിരുന്ന വസ്ത്രത്തിൽ കാണപ്പെട്ട ബൈറ്റ്മാർക്ക് ശാസ്ത്രീയ പരിശോധന നടത്തിയതിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന പുരുഷന്റെ ഡിഎൻഎ കിട്ടിയിട്ടുള്ളതും അതോടൊപ്പം തന്നെ വാതിലിനോട് ചേർന്നുള്ള കട്ടില ഭാഗത്തുനിന്നും ലഭിച്ച രക്തസാമ്പിളിൽ അതേ വ്യക്തിയുടെതന്നെ ഡിഎൻഎ സാമ്പിൾ കിട്ടിയതായി അറിവായിട്ടുള്ളതാണ്. അതുപോലെ തന്നെ കൃത്യസ്ഥലത്തിനുസമീപം കനാലിൽ കാണപ്പെട്ട ഡിഎൻഎ പരിശോധിച്ചതിൽ ആയതിൽ കാണപ്പെട്ട രക്തം ജിഷയുടേതാണെന്ന് അറിവായിട്ടുള്ളതാണ്. കൃത്യസ്ഥലത്തുനിന്നു കിട്ടിയ ചെരുപ്പിനെപ്പറ്റി അന്വേഷിച്ചതിൽ വൈദ്യശാലപ്പടിയ്ക്കടുത്ത് താമസിക്കുന്ന അമിറുൾ ഇസ്ലാം എന്നയാൾ ഉപയോഗിച്ചിരുന്നതാണെന്ന് ടിയാനൊടൊപ്പം താമസിക്കുന്ന സഹപ്രവർത്തകരായ മുനറുൾ ജമാൽ സുജലും മറ്റും തിരിച്ചറിഞ്ഞ് പറഞ്ഞിട്ടുള്ളതും കൂടാതെ ടിയാൻ കൃത്യദിവസം 28.04.2016 രാത്രി തന്നെ പെരുമ്പാവൂരിൽ നിന്ന് സ്ഥലം വിട്ടിട്ടുള്ളതും ആലുവയിൽ നിന്ന് ട്രെയിൻ മാർഗ്ഗം പോയിട്ടുള്ളതായി അറിവായിട്ടുള്ളതാണ്.”

ഇതു കൂടാതെ റിമാൻഡ് റിപ്പോർട്ടിലെ അഞ്ചാം പേജിൽ ഇങ്ങനെയും പറയുന്നു: “പ്രതിയെ, പ്രതിയുടെ സമ്മതപ്രകാരം പൊട്ടൻസി പരിശോധനയുൾപ്പെടയുള്ള മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതും ഡിഎൻഎ പരിശോധനയ്ക്കും മറ്റും ആവശ്യമായ രക്തസാമ്പിൾ, മുടിയുടെ സാമ്പിൾ, ബക്കൽ സ്വാബ് എന്നിവയും മറ്റും ശേഖരിച്ചിട്ടുള്ളതാണ്.”

അതായത് പ്രസ്തുത പരിശോധന ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരുന്ന വാർത്തകളിൽ നിന്നു വ്യത്യസ്തമാണ് റിമാൻഡ് റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ. കുറ്റവാളിയുടേതെന്നു സംശയിക്കുന്ന ഡിഎൻഎ സാമ്പിളുകൾ പ്രതി അമിറുൾ ഇസ്ലാമിന്റേതുമായി മാച്ച് ചെയ്തു എന്ന നിലയിലായിരുന്നു വാർത്ത വന്നത്. ഈ വിവരം ആരു നൽകി, എന്തിനു നൽകി എന്നത് അവ്യക്തമാണ്.

നേരത്തെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത ചിലരെ വിട്ടയച്ചത്, അവരുടെ രക്തവും മുടിയും ഉമിനീരും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ അതും കൃത്യസ്ഥലത്തെ സാമ്പിളും തമ്മിൽ യോജിക്കാത്തതിനാലാണ് എന്ന് മുഖ്യധാരാ മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൊലീസ് ഔദ്യോഗികമായി അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടെന്നും പറയാനാവില്ല. അതേപോലെയുള്ള പരിശോധന അമീറുൾ ഇസ്ലാമിന്റെ കാര്യത്തിൽ ഇതേവരെ പൂർത്തിയായിട്ടില്ല എന്നുവേണം റിമാൻഡ് റിപ്പോർട്ടിൽ നിന്നു മനസ്സിലാക്കാൻ. നേരിട്ടു സാക്ഷികളില്ലാത്ത സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ എന്നിരിക്കെ ഈ പരിശോധനകൾ പൂർത്തിയാക്കാതെ പ്രതിയെ റിമാൻഡ് ചെയ്തത്, പ്രതിയെ പിടിച്ചു എന്നു പൊലീസിനു മേന്മ പറയാനോ അതോ മറ്റെന്തെങ്കിലും കാരണത്താലോ എന്ന സംശയത്തിന് ഉത്തരമില്ല.

പൊലീസിന്റെ ഇന്നലത്തെ പത്രക്കുറിപ്പിൽ തന്നെ സമാനമായ ഒളിച്ചുകളി ഉള്ളതായി കാണാം. കേരള പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തെ കുറിച്ച് പത്രക്കുറിപ്പിൽ പറയുന്നത് ഇതാണ്: “അന്വേഷണത്തിനിടയിൽ സംഭവസ്ഥലത്ത് കനാലിൽ കാണപ്പെട്ട ചെരുപ്പിൽ നിന്നും ലഭ്യമായ രക്തം മരണപ്പെട്ട ജിഷയുടേതാണെന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകിൽ കാണപ്പെട്ട ബൈറ്റ് മാർക്കിൽ നിന്നും ലഭ്യമായ ഉമിനീരും, ചെരിപ്പിൽ കാണപ്പെട്ട രക്തവും വാതിലിന്റെ കട്ടളയിൽ നിന്നും കാണപ്പെട്ട രക്തവും ഒരാളുടേതാണ് എന്ന് ഡിഎൻഎ പരിശോധനയിലൂടെ മനസ്സിലായതിനാൽ പോലീസിന് പ്രതിയിലേക്ക് കൂടുതൽ അടുക്കാനായി.” വാക്കുകളുടെ തെരഞ്ഞെടുപ്പിലെ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. പ്രതിയിലേക്കു കൂടുതൽ അടുക്കാനായി എന്നതിലൂടെ അതേ ഡിഎൻഎ തന്നെയാണ് പ്രതിയുടേതും എന്നു തിരിച്ചറിഞ്ഞതായ ധ്വനി തീർച്ചയായുമുണ്ട്. എന്നാൽ അങ്ങനെയൊട്ടു പറഞ്ഞിട്ടുമില്ല.

“തുടർന്ന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചെരിപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ ചെരുപ്പ് ഉപയോഗിക്കുന്നത് അസ്സാം കാരനായ ഒരാളാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അയാളെ കേന്ദ്രീകരിച്ച് അന്വേഷിച്ചതിൽ ജിഷയുടെ വീടിനു സമീപം താമസ്സിച്ചിരുന്ന അസ്സാം കാരനായ പ്രതി സംഭവദിവസം രാത്രി സ്ഥലം വിട്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി,” പത്രക്കുറിപ്പ് തുടരുകയാണ്.

“ഡിഎൻഎ പരിശോധനകളും (sic) ഉൾപ്പടെയുള്ള മറ്റു ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടുത്തി അന്വേഷണം പൂർത്തിയാക്കേണ്ടതുമുണ്ട്,” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതായത്, പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും പ്രതിയുടെ ഡിഎൻഎ, സംഭവസ്ഥലത്തുനിന്നു ലഭിച്ച സാമ്പിളുമായി മാച്ച് ചെയ്യുന്നതായി പറയുന്നില്ല. മറിച്ച്, അതുസംബന്ധിച്ച ശാസ്ത്രീയ അന്വേഷണ ഫലം അടക്കം ഇനിയും ലഭിക്കേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നുമുണ്ട്.

ഈ പത്രക്കുറിപ്പിൽ ആദ്യം ചെരുപ്പിലെ രക്തം ജിഷയുടേതാണെന്നും രണ്ടാമത് അതേയാളുടെ തന്നെയാണ് ഉമിനീരിലും കട്ടിളപ്പടിയിലെ രക്തത്തിലും ഉള്ള ഡിഎൻഎ എന്നും പറയുന്നു. ഇത് പത്രക്കുറിപ്പു തയ്യാറാക്കിയപ്പോഴുണ്ടായ പിഴവാണെന്നു സമ്മതിക്കാം. കൂടുതൽ ആധികാരികം റിമാൻഡ് റിപ്പോർട്ട് ആയ സ്ഥിതിക്കു പ്രത്യേകിച്ചും.

എന്നാൽ പൊലീസ് ഭാഷ്യത്തെ ഇനിയും വിടാതെ പിന്തുടരേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നുണ്ട്, റിമാൻഡ് റിപ്പോർട്ട് എന്ന കോടതി രേഖയും ഇന്നലത്തെ പത്രക്കുറിപ്പും.

പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാലാണ് കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. ജിഷയെ ലൈംഗികമായി ആക്രമിക്കണമെന്ന ഉദ്ദേശത്തോടെ ആണ് പ്രതി ജിഷയുടെ വീട്ടില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി എത്തിയത്. ജിഷയെ ഏത് വിധേനയും കീഴ്‌പ്പെടുത്തണം എന്ന ഉദ്ദേശത്തോടെ മൂക്കും വായും പൊത്തിപ്പിടിച്ച് തറയില്‍ വീഴ്ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് ജിഷ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത വിദ്വേഷം മൂലമാണ് ജിഷയുടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി ആന്തരികാവയവങ്ങള്‍ പുറത്തു ചാടത്തക്ക വിധത്തില്‍ മുറിവേല്‍പ്പിച്ചതെന്നും കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാല്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അതേ സമയം പത്രമാദ്ധ്യമങ്ങളിൽ വന്ന കുളിക്കടവിലെ വഴക്കും പ്രതിയെ ഒരു സ്ത്രീ അടിച്ചപ്പോൾ ജിഷ നോക്കിനിന്നു ചിരിച്ചു എന്ന കഥയും റിമാൻഡ് റിപ്പോർട്ടിലില്ല എന്നതും ശ്രദ്ധേയമാണ്.

കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ആലുവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടു എന്നും പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കാഞ്ചീപുരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമീറുല്‍ ഇസ്ലാമിനെ തിരച്ചറിയല്‍ പരേഡിന് വിധേയനാക്കാൻ കോടതി അനുമതി നല്‍കി. ആലുവ റൂറല്‍ എസ്പി ഉണ്ണിരാജന്‍ നല്‍കിയ അപേക്ഷയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് അനുമതി നല്‍കിയത്. കാക്കനാട് ജില്ലാ ജയിലിനുള്ളില്‍ തിങ്കളാഴ്ച ആകും തിരിച്ചറിയല്‍ പരേഡ് നടത്തുക. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും പരേഡ്. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, സമീപവാസികള്‍, പ്രതി താമസിച്ചിരുന്ന ലോഡ്ജ് ഉടമ, കൂടെ താമസിച്ചവര്‍, ചെരുപ്പ് കടക്കാരന്‍, കരാറുകാരന്‍ എന്നിവരെ തിരിച്ചറിയല്‍ പരേഡില്‍ ഹാജരാക്കിയേക്കും.

പത്രക്കുറിപ്പിന്റെയും റിമാൻഡ് റിപ്പോർട്ടിന്റെയും പകർപ്പ് നാരദാ ന്യൂസിന്റെ ഫേസ്ബുൿ പേജിൽ ലഭ്യമാണ്.

ജിഷ വധക്കേസിലെ പ്രതി അമറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത വിവരം അറിച്ചുള്ള പൊലീസിന്റെ പത്രക്കുറിപ്പും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടും

Posted by Narada News Malayalam on 18 June 2016

Read More >>