മറഡോണയിൽ നിന്നും മെസിയിലേക്കുള്ള ദൂരം

ലയണൽ മെസിയെന്ന ഫുടബോളിന്റെ ഇന്നത്തെ അപ്പോസ്തലൻ ഒടുവിൽ പടിയിറങ്ങുകയാണ്. താൻ വാഴ്ന്ന കാലത്തെ ഒരു പ്രധാന ടൂർണ്ണമെന്റിലും തന്റെ രാജ്യത്തിന് കപ്പ് സമ്മാനിക്കാനായില്ലെന്ന ദുഃഖവും പേറിയുള്ള പടിയിറക്കം. രതീഷ് പി എസ് എഴുതുന്നു

മറഡോണയിൽ നിന്നും മെസിയിലേക്കുള്ള ദൂരം

ശതാബ്ദി കോപ്പയിലെയെന്നല്ല ഫുട്ബോൾ ലോകത്തെ തന്നെ വിസ്മയങ്ങളിലൊന്നായിരുന്നു കോപ്പ സെമിയിൽ അമേരിക്കൻ വലയിലേക്ക് ഫ്രീകിക്കിലൂടെ പറന്നിറങ്ങിയ ആ മഴവിൽ ഗോൾ. കളിയാസ്വാദകർ ആ ഗോളിനെ പാടിപ്പുകഴ്ത്തിയപ്പോഴും അതിന്റെ ഉപജ്ഞാതാവ് പുഞ്ചിരിച്ച് വിനാത്വീതനായി മൈതാനത്ത് പാറിനടന്നു. തന്റെ മികവിലൂടെ തന്റെ ടീമിനെ ഫൈനൽ വരെ കൈപിടിച്ചു കയറ്റിയ ആ ഗോളിന്റെ ഉടമയെ, പക്ഷേ ഫൈനലിൽ കാത്തിരുന്നത് വൻ ദുരന്തവും. ലയണൽ മെസിയെന്ന ഫുടബോളിന്റെ ഇന്നത്തെ അപ്പോസ്തലൻ ഒടുവിൽ പടിയിറങ്ങുകയാണ്. താൻ വാഴ്ന്ന കാലത്തെ ഒരു പ്രധാന ടൂർണ്ണമെന്റിലും തന്റെ രാജ്യത്തിന് കപ്പ് സമ്മാനിക്കാനായില്ലെന്ന ദുഃഖവും പേറിയുള്ള പടിയിറക്കം.


തന്നെ ലോകമറിയുന്ന ഫുട്ബോൾ താരമായി വളർത്തിയെടുത്ത സ്പാനിഷ് ക്ലബായ ബാഴ്സലോണയ്ക്കുവേണ്ടി മെസി നേടിയെടുത്ത കിരീടങ്ങൾ മറ്റേതു കണക്കിനേക്കാളും മുകളിലാണ്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ കളി മറക്കുന്നവനെന്ന ആരോപണം നാനാതുറകളിൽ നിന്നും കേൾക്കേണ്ടി വന്ന വ്യക്തികൂടിയാണ് മെസി. അതിനെല്ലാമുള്ള ഉത്തരങ്ങൾ സ്വന്തം കാലിൽ ഉരുക്കൂട്ടിയാണ് മെസി നൂറ്റാണ്ടിന്റെ കോപ്പയ്ക്കായി അമേരിക്കയിൽ വിമാനമിറങ്ങിയത്. അർജന്റീന ഒരു വശത്ത് നിലക്കുമ്പോൾ മറുവശത്ത് സ്വഭാവികമായും സ്ഥാനം കിട്ടുന്ന ബ്രസീലിന്റെ ആദ്യറൗണ്ടിലെ പുറത്താകലിനിടയിലും ലോകം കോപ്പയ്ക്കു വേണ്ടി ഉറക്കമിളച്ചത് ആ കാലുകൾ കാത്തുവെച്ച മറുപടി കാണാനായിരുന്നു. ഒടുവിൽ സെമിഫൈനലിൽ ആതിഥേയരായ അമേരിക്കയുടെ വലയിൽ ഒരു തൂവൽ പോലെ പറന്നിറങ്ങിയ പന്തിലൂടെ മെസി അത് കാട്ടിക്കൊടുക്കുകയും ചെയ്തു. പക്ഷേ ഒരു മഹാദുരന്തത്തിന്റെ മുന്നോടിയായി മാത്രമേ അർജന്റീനയുടെ ആരാധകർ ആ മനോഹര ഗോളിനെ ഇപ്പോൾ ഓർക്കുന്നുണ്ടാകൂ.

കോപ്പ ഫൈനലിലെ ചിലിക്കെതിരെയുള്ള പെനാൽട്ടി കിക്ക് പാഴാക്കി മെസി തിരിഞ്ഞു നടന്നപ്പോൾ കോടിക്കണക്കിന് വരുന്ന ആരാധകർക്ക് ഒരുനിമിഷം ശ്വാസം നഷ്ടപ്പെട്ടു. അതിനേക്കാൾ ഹൃദയഭേദകമായിരുന്നു പിന്നാലെ വന്ന വിരമിക്കൽ വാർത്ത. ഒരുപക്ഷേ വേറെ ഒരു കായിക താരത്തിന്റെ പടിയിറക്കവും ഇത്രമേൽ വികാരാധീനമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടാകില്ല. നായകപദവിയിൽ രണ്ടാം സ്ഥാനക്കാർക്കുള്ള മെഡലുകൾ മാത്രം വാങ്ങുന്ന തങ്ങളുടെ മെസിയോട് ഫുട്ബോൾ ജീവവായുവാക്കിയ അർജന്റീനക്കാർക്ക് കോപ്പ ഫൈനലിനു ശേഷം അതിയായ നീരസമുണ്ടാക്കിയിരുന്നിരിക്കാം. പക്ഷേ ഈ വിരമിക്കൽ വാർത്ത അവരെ സംബന്ധിച്ച് കളം നിറഞ്ഞു കളിച്ച ഒരു സുവർണ്ണകാലത്തിന്റെ അവസാനം കൂടിയാണ്. ജയമല്ല, കളിയാണ് പ്രധാനമെന്ന് അർജന്റീനയുടെ എക്കാലത്തേയും ഫുട്ബോൾ ദൈവം സാക്ഷാൽ മറഡോണ അവർക്ക് ചൊല്ലിക്കൊടുത്തത് അങ്ങനെയാണ്.

മറഡോണയുടെ മാനസപുത്രനായിരുന്ന മെസിയെ അദ്ദേഹം തന്നെ ശാസിച്ച സമയമായിരുന്നു ഇത്. കപ്പില്ലെങ്കിൽ നാട്ടിലേക്കു വരേണ്ടെന്ന മുൻനായകന്റെ പ്രസ്താവന അന്ന് വിമർശകർ ഏറ്റെടുത്തു. മറഡോണയിൽ നിന്നുയർന്നത് ഓരോ അർജന്റീനക്കാരന്റേയും ശബ്ദമായിരുന്നു. അത്രമേൽ ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് കിരീടത്തിനപ്പുറം ചന്തിക്കാനാവുമായിരുന്നില്ല. എന്നാൽ ഈ പ്രസ്താവന മെസിയിൽ വളർത്തിയത് ആകുലതകളുടെ സമ്മർദ്ദമായിരുന്നു എന്നുള്ളതാണ് സത്യം. അതായിരുന്നു ഫൈനലിൽ ഒരു നിഴൽമാത്രമായ മെസിയിലൂടെ ലോകം കണ്ടതും. 23 വർഷത്തെ കിരീട വരൾച്ചയ്ക്ക് അവസാനമാകുമെന്നു കരുതിയ അർജന്റീനക്കാർ ചിലിയുടെ വിജയാഹ്ളാദങ്ങൾക്കിടയിൽ തങ്ങളുടെ നായകനെ ഒരു നിമിഷം വെറുത്തിട്ടുണ്ടാകണം. അത് അറിഞ്ഞുതന്നെയാകണം 29 മത്തെ വയസ്സിൽ ആ പ്രതിഭ രാജ്യന്തര ഫുട്ബോളിനോട് വിടപറയുന്നുവെന്ന തീരുമാനം കൈക്കൊണ്ടതിന് കാരണവും.

പ്രത്ഭർ ഒട്ടനവധി അർജന്റീനിയൻ ഫുട്ബോളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ഏറ്റവും ഉയരത്തിൽ നിൽക്കുന്ന മറഡോണയെന്ന ഇതിഹാസത്തിനെ മെസിയുമായി വേറിട്ടു നിർത്തുന്നത് സമ്മർദ്ദത്തിന് അടിമപ്പെടാത്ത കേളീശൈലിയായിരുന്നു. 1986 ലെ മെക്സിക്കോ ലോകകപ്പിൽ കിരീടം നേടിയെടുത്തത് ആ കുറിയ മനുഷ്യന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ദൈവത്തിന്റെ കൈയും അത്ഭുത ഗോളും പിറന്ന ഇംഗ്ലണ്ടുമായുള്ള ജൂൺ 22ലെ ക്വാർട്ടർ ഫൈനലിൽ കണ്ടതും നായകനെന്ന നിലയിൽ സമ്മർദ്ദത്തിനടിമപ്പെടാത്ത ആ പോരാട്ടവീര്യമാണ്. ഒടുവിൽ പടിഞ്ഞാറൻ ജർമ്മനിക്കെതിരെ 3-2ന് പോരാടി വിജയയിച്ചപ്പോൾ തന്റെ ടീമിനെ ഒത്തിണക്കത്തോടെ കളിപ്പിക്കുന്ന ഒരു നായകനിലേക്ക് മറഡോണയെത്തിയിരുന്നു. ഫൈനലിൽ ഗോളൊന്നും നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പാസുകളായിരുന്നു അർജന്റീനയ്ക്ക് കപ്പ് നേടിക്കൊടുത്തതെന്ന് ചരിത്രം. സംഘടിതമായി പോരാടി നേട്ടം കൊയ്യുകയെന്ന മറഡോണയുടെ പ്രാഗത്ഭ്യമാണ് ഒരർത്ഥത്തിൽ മെസിക്ക് ഇല്ലാതെ പോയതും.

കഴിഞ്ഞ തവണ തങ്ങൾ നേടിയെടുത്ത അഭിമാനത്തിന്റെ കോപ്പ അർജന്റീനയ്ക്കു മുന്നിൽ അടിയറവയ്ക്കുവാൻ ചിലി ഒരുക്കമല്ലായിരുന്നു എന്നുള്ളതു തന്നെയാണ് ചിലിയുടെ വിജയരഹസ്യവും. അതുകൊണ്ടു തന്നെ അവർ തികച്ചും ആക്രമണ സ്വാഭാവമാണ് ഫൈനലിൽ കൈകൊണ്ടതും. അതിലൂടെ കളിയിൽ അർജന്റീനയേക്കാൾ മികച്ചു നിന്നതും ചിലിതന്നെയാണ്. സാഞ്ചെസ്, വിദാൽ, വർഗാസ് തുടങ്ങിയവർ കളം നിറഞ്ഞു കളിച്ചപ്പോൾ കളിക്കിടയിൽ എപ്പോഴോ സംഭവിക്കുമായിരുന്ന മെസി മാജിക്കിനെ അടക്കിനിർത്തി മത്സരം ഷൂട്ടൗട്ടിൽ എത്തിക്കാൻ ചിലിക്കായി. ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയിൽ നിന്നേറ്റ തോൽവി ഫൈനലിലെത്തിയപ്പോൾ അവർ മറന്നിരുന്നു. ആ മറവിക്ക് അർജന്റീന നൽകിയത് വലിയ വിലയായിരുന്നു. ചിലിക്ക് ലഭിച്ചതാകട്ടെ നൂറ്റാണ്ടിന്റെ ആ പൊൻകിരീടവും.

Read More >>