'കഥകളി'യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമെന്ന് സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍

സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുക പോലും ചെയ്യാതെ ആണ് അവര്‍ കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തത്.

തിരുവനന്തപുരം : സൈജോ കണനൈക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദം തീര്‍ത്തും അനാവശ്യമാണെന്ന് സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ എ പ്രതിഭ. വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇനിയിപ്പോള്‍ കോടതി പറയുന്നത് പോലയെ കാര്യങ്ങള്‍ പോകൂ. അതിനാല്‍ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും എ പ്രതിഭ നാരദ ന്യൂസിനോട് പറഞ്ഞു.

നിയമങ്ങളും ആക്ടുമൊക്കെ അനുസരിച്ചാണ് സിനിമ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. ഞങ്ങളെ സംബന്ധിച്ച കലാമൂല്യമുള്ള സിനിമ എന്നോ കച്ചവട സിനിമയെന്നോ വേര്‍തിരിവില്ല. നിയമമെല്ലാം ഒരു പോലെ ആണ്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ  കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുക പോലും ചെയ്യാതെ ആണ് അവര്‍ കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തത്.


നഗ്നനായി നടന്നുപോകുന്ന രംഗം വ്യക്തമായി കാണാവുന്ന തരത്തില്‍ തന്നെയായിരുന്നു ചിത്രീകരിച്ചത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  മതിയെന്ന അപേക്ഷ നല്‍കിയശേഷം ഫീസടച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇത് ചെയ്യാതെയാണ് അവര്‍ കോടതിയില്‍ പോയത് .ഇനി കോടതി തീരുമാനിക്കട്ടെ എന്നും പ്രതിഭ പറഞ്ഞു.

സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ കഥാപാത്രം നഗ്നനായി നടന്നു പോകുന്ന ഭാഗം നീക്കം ചെയ്യണം എന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിനെതിരെ സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.