"ചമയങ്ങളുപേക്ഷിച്ചു പോകുന്ന നടനെപ്പോലെ സിനിമയും ശൽക്കങ്ങളുരിയണോ?" സെൻസർ ബോർഡിനോടു സംവിധായകന്റെ ചോദ്യം

സിനിമയിലെ ആദ്യ രണ്ടു കാര്യങ്ങളും എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാന്‍ ഞാന്‍ തയ്യാറായെങ്കിലും അവസാന ഭാഗം ഒഴിവാക്കാനാകില്ല. ക്ലോസ് ഷോട്ടുകള്‍ ഒഴിവാക്കി ബ്ലര്‍ ചെയ്ത് കൊടുത്തെങ്കിലും നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്ന നിലപാടായിരുന്നു റീജിണല്‍ ഓഫീസറുടേത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ കഥകളി വേഷങ്ങളും ചമയങ്ങളും ഉപേക്ഷിച്ച് കലാകാരന്‍ നടന്നു നീങ്ങുന്ന സീനുണ്ട്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കാതെ എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കില്ല എന്നതാണ് ഇവരുടെ നിലപാട്

"ചമയങ്ങളുപേക്ഷിച്ചു പോകുന്ന നടനെപ്പോലെ സിനിമയും ശൽക്കങ്ങളുരിയണോ?" സെൻസർ ബോർഡിനോടു സംവിധായകന്റെ ചോദ്യം

ഓരോ ദിവസവും ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ആന്‍കിലോസിസ് സ്പോണ്ടിലൈറ്റിസ് എന്ന രോഗം ബാധിച്ച യുവാവാണ് സൈജോ കണനൈക്കല്‍ .പതിനഞ്ചോളം ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായ സൈജോയുടെ പുതിയ ചിത്രമായ കഥകളിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിയമപോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് സൈജോ കണനൈക്കല്‍ നാരദാ ന്യൂസിനോട് വ്യക്തമാക്കി.

'കഥകളി'യില്‍ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് എന്താണ് സെന്‍സര്‍ ബോര്‍ഡില്‍ സംഭവിച്ചത്?പ്രതിഭ എന്ന സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയുടെ ദുര്‍വാശിയാണ് കഥകളി എന്ന ഫീച്ചര്‍ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതില്‍ എത്തിയത്.  അംഗപരിമിതനായ ഞാന്‍ വലിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഈ ചിത്രം ഒരുക്കിയത്. സെന്‍സര്‍ ചെയ്യാനായി സമര്‍പ്പിച്ചതനുസരിച്ച് പരിശോധനാ കമ്മിറ്റി 'കഥകളി' കാണാന്‍ തിരഞ്ഞെടുത്ത ഏപ്രില്‍ ഒന്നുമുതലാണ് പ്രശ്നങ്ങളും തുടങ്ങിയത്. ഏപ്രില്‍ ഒന്നിലെ തീരുമാനങ്ങളറിയിച്ച കത്ത് അതേമാസം 30ന് മാത്രമാണ് നല്‍കിയതെന്നും ഒന്നിന് സ്വീകരിച്ചെന്ന് എഴുതി വാങ്ങിയെന്നും അദ്ദേഹം പറയുന്നു. രണ്ടാം റീലിലെ അധിക്ഷേപ വാക്ക് ഒഴിവാക്കുക , മര്‍ദ്ദനത്തിനും തുണിയഴിക്കലിനുമൊടുവില്‍ ദാസന്‍ എന്ന കഥാപാത്രത്തിന്റെ നഗ്നത വെളിപ്പെടുന്നത് ഒഴിവാക്കുക , അവസാന റീലില്‍ ദാസന്റെ നഗ്നത എവിടൊക്കെ വെളിപ്പെടുന്നുവോ അവിടൊക്കെ ഒഴിവാക്കുക എന്നതായിരുന്നു ബോര്‍ഡിന്റെ നിര്‍ദ്ദേശം.

കമ്മിറ്റിയുടെ അദ്ധ്യക്ഷയാകേണ്ട റീജണല്‍ ഓഫീസര്‍ ഡോ. എ.പ്രതിഭ സിനിമ കാണാനുണ്ടായിരുന്നില്ല. കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ വിജയകൃഷ്ണനായിരുന്നു പകരം സ്ഥാനം. ആദ്യ രണ്ടു കാര്യങ്ങളും എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാന്‍ ഞാന്‍ തയ്യാറായെങ്കിലും അവസാന ഭാഗം ഒഴിവാക്കാനാകില്ല. ക്ലോസ് ഷോട്ടുകള്‍ ഒഴിവാക്കി ബ്ലര്‍ ചെയ്ത് കൊടുത്തെങ്കിലും നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്ന നിലപാടായിരുന്നു റീജണല്‍ ഓഫീസറുടേത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ കഥകളി വേഷങ്ങളും ചമയങ്ങളും ഉപേക്ഷിച്ച് കലാകാരന്‍ നടന്നു നീങ്ങുന്ന സീനുണ്ട്.  ഇത് പൂര്‍ണ്ണമായി ഒഴിവാക്കാതെ എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കില്ല എന്നതാണ് ഇവരുടെ നിലപാട്.

തിയേറ്റര്‍ പ്രദര്‍ശനത്തിലൂടെയുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ ചലച്ചിത്രമേളകള്‍ക്കായി ഒരുക്കിയ സിനിമയാണ് കഥകളി. ഏഴുദിവസം കൊണ്ട് രണ്ടു കാമറകളുടെ സഹായത്തോടെയാണു സിനിമ ചിത്രീകരിച്ചത്. ഭാരതപ്പുഴയുടെ തീരങ്ങളും കേരള കലാമണ്ഡലവുമാണു ലൊക്കേഷനുകള്‍. എന്നെപ്പോലെ രോഗ ബാധിതരായ ഒരുകൂട്ടം ചെറുപ്പക്കാരാണു സിനിമയുടെ നിര്‍മാണച്ചെലവുകള്‍ ഏറ്റെടുത്തത്.

ഇതുവരെ ഏകദേശം 60,000 രൂപ സെന്‍സര്‍ നടപടികള്‍ക്കായി ചെലവായിട്ടുണ്ട്. അനുമതിക്കായി ചെന്നൈ സെന്‍സര്‍ ബോര്‍ഡിലെ റിവ്യൂ കമ്മറ്റിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണു നിര്‍ദേശം നല്‍കിയത്. പക്ഷെ അതിനു പണച്ചെലവേറും.

ഫെഫ്ക പിന്തുണയുമായി എത്തുന്നത് എങ്ങിനെയാണ്?

കഥകളിയും നഗ്നതയുമായി എന്ത് ബന്ധമെന്നും ഇത് കുട്ടികളെ എങ്ങനെ കാണിക്കുമെന്നും ആണ് ഓഫീസര്‍ ചോദിച്ചത്. രക്തമെല്ലാം തീരാറായി, ഇനി മുന്നോട്ടുനീങ്ങാന്‍ ശക്തിയില്ലാത്ത അവസ്ഥയിലാണ് ചിത്രത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി 'ന്യൂഡ് സോങ്ങ് ഫോര്‍ ജസ്റ്റിസ് ഓഫ് കഥകളി മൂവി' എന്ന വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. ഇതു സിനിമ പ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധയില്‍ എത്തിയതോടെയാണു പിന്തുണയുമായി ഫെഫ്ക രംഗത്തെത്തുന്നത്.

എന്നെ അറിയാത്ത സംവിധായകൻ ബി ഉണ്ണികൃഷ്ണനെ പോലുള്ളവരൊക്കെ പിന്തുണയുമായി എത്തി. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സിനിമാപ്രവര്‍ത്തകര്‍ നിശബ്ദ പ്രതിഷേധം നടത്തിയിരുന്നു. അത് കൊണ്ടാണ് ഇപ്പോള്‍ അപേക്ഷ നല്‍കിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന് ബോര്‍ഡ് തിരുത്തുന്നത്.

ഇതിനോടകം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലേ?

നിലവില്‍ ഫ്രാന്‍സിലെ നീസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കും മികച്ച സിനിമറ്റോഗ്രാഫിക്കുമായി രണ്ടു ഔദ്യോഗിക നോമിനേഷന്‍ ലഭിച്ചിരുന്നു. മാത്രമല്ല അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ സിനി ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ കഥകളി വേഷം ഉരിഞ്ഞുകൊണ്ട് തികച്ചും ആത്മീയപരമായ പശ്ചാത്തലത്തിലാണ് ചിത്രം പര്യവസാനിക്കുന്നത്. ജര്‍മ്മന്‍ നടി ഐറീന ജേക്കബി നായികയാകുന്ന ചിത്രത്തില്‍ ബിനോയ് നമ്പാലയാണ് നായകനായെത്തുന്നത്.

റീലിസിംഗ് തീയതി നിശ്ചയിച്ച ശേഷം സെന്‍സറിങ്ങിനായി സമര്‍പ്പിക്കുന്ന കച്ചവട ചിത്രങ്ങള്‍ സ്വാധീനം ഉപയോഗിച്ച് ഒരു മാറ്റവും ഇല്ലാതെ തിയേറ്റുകളിലേക്ക് എത്തുമ്പോഴാണ് കലാമൂല്യമുള്ള സിനിമകളെ ഇങ്ങിനെ കുരുക്കുന്നത്. ഇനി എന്തായാലും കോടതിയും ഫെഫ്കയും പറയുന്നതനുസരിച്ചേ ഞാന്‍ നീങ്ങൂ. എന്നെപ്പോലുള്ളവര്‍ക്ക് പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തെ അറിയിക്കാനുള്ള സിനിമയാണ് കഥകളി. അത് പലര്‍ക്കും പ്രചോദനമാകും എന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കാത്തതിലാണ് വിഷമം.

ഓസ്‌കാര്‍ സൈജോ എന്ന പേരിലാണ് എഫ് ബി അക്കൗണ്ട് അല്ലേ ?

സിനിമയില്‍ എനിക്ക് വലിയ സ്വപ്നങ്ങളാണ്. അത് കൊണ്ടാണ് ഓസ്‌കാര്‍ എന്നു പേരിനൊപ്പം ചേര്‍ത്തത്. വളരെ ഗൗരവത്തോടെയാണ് ഞാന്‍ അതിനെ കാണുന്നത്. എന്റെ പേരിനൊപ്പം അത് കാണുമ്പോഴും കേള്‍ക്കുമ്പോഴും ലക്ഷ്യത്തെ കുറിച്ച്  ഓര്‍മ്മപ്പെടുത്തലുണ്ടാകും.