അറുതിയായത് ധൂര്‍ത്ത് ഭരണത്തിന്; ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പേരില്‍ പൊതു ഖജനാവില്‍ നിന്നും പ്രതിമാസം ധൂര്‍ത്തടിച്ചിരുന്നത് ലക്ഷങ്ങള്‍

ഇതിനിടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗങ്ങള്‍ക്കായി ആറ് ഇന്നോവ കാറുകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെയര്‍മാന് മാത്രമാണ് വാഹനം ലഭിച്ചത്. പക്ഷേ കാര്‍ കിട്ടുന്നതുവരെ അംഗങ്ങള്‍ക്കു പ്രതിമാസം 5000 രൂപ യാത്രാബത്ത അനുവദിച്ചിരുന്നു.

അറുതിയായത് ധൂര്‍ത്ത് ഭരണത്തിന്; ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പേരില്‍ പൊതു ഖജനാവില്‍ നിന്നും പ്രതിമാസം ധൂര്‍ത്തടിച്ചിരുന്നത് ലക്ഷങ്ങള്‍

പിണറായി സര്‍ക്കാരിന്റെ തുടക്ക പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ പിരിച്ചുവിടാനെടുത്ത തീരുമാനം. ആ ഒരു തീരുമാനത്തിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ലാഭിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബോര്‍ഡ് മുഖേന നിയമിക്കപ്പെടുന്നവര്‍ക്കു പ്രതിവര്‍ഷം നല്‍കേണ്ട ശമ്പളത്തേക്കാള്‍ അധികമാണു ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി പ്രതിമാസം ഖജനാവില്‍ നിന്നും ചെലവഴിക്കേണ്ടിയിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാര്‍, ശംഖുവിളി, സംബന്ധി തുടങ്ങി ആറു തസ്തികകളിലേക്കും ഗുരുവായൂര്‍ ദേവസ്വത്തിലെ ചില തസ്തികകളിലേക്കുമുള്ള നിയമനച്ചുമതലയാണു ബോര്‍ഡിനുണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം കൂടി പ്രതിവര്‍ഷം നൂറു നിയമനത്തില്‍ അധികം വരില്ല എന്നുള്ളതാണ് സത്യം.


സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ഇടമായാണ് സര്‍ക്കാരും അധികൃതരും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ ഉപയോഗിച്ചത്. സെക്രട്ടേറിയറ്റില്‍ നിന്നും ലക്ഷം രൂപയില്‍ താഴെ ശമ്പളം കിട്ടിയിരുന്ന അഡീഷണല്‍ സെക്രട്ടറി വിരമിച്ചപ്പോള്‍ അയാള്‍ നേരിട്ട് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗമായതും മറ്റൊന്നും കൊണ്ടല്ല. യുഡിഎഫ് സംഘടനാനേതാവായ അദ്ദേഹത്തിനു പുതിയ തസ്തികയില്‍ ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപയാണെന്നുള്ളത് ദൂര്‍ത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

പിഎസ്സിയില്‍നിന്നു വിരമിച്ച നാലുപേര്‍ ഉള്‍പ്പടെ രണ്ടു ഡസനോളം യുഡിഎഫ് അനുകൂലികള്‍ക്കാണ് ബോര്‍ഡില്‍ ജോലി ലഭിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ഫയര്‍ഫോഴ്സ് മുന്‍മേധാവി, കൊല്ലം ജില്ലയില്‍ പരാജയം രുചിച്ച യുഡിഎഫ് നിയമസഭാ സ്ഥാനാര്‍ഥിയുടെ ഭാര്യ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞതവണ ബോര്‍ഡ് അംഗത്വം നല്‍കിയത്.

ഇതിനിടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗങ്ങള്‍ക്കായി ആറ് ഇന്നോവ കാറുകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെയര്‍മാന് മാത്രമാണ് വാഹനം ലഭിച്ചത്. പക്ഷേ കാര്‍ കിട്ടുന്നതുവരെ അംഗങ്ങള്‍ക്കു പ്രതിമാസം 5000 രൂപ യാത്രാബത്ത അനുവദിച്ചിരുന്നു. കൂടാതെ എല്ലാ അംഗങ്ങള്‍ക്കും ലാപ്ടോപ്പും നല്‍കിയിരുന്നു. പ്രതിമാസം ഒന്നരലക്ഷം രൂപയ്ക്കാണ് ബോര്‍ഡ് ഓഫീസിനുവേണ്ടി 6000 ചതുരശ്രയടി സ്ഥലം വാടകയ്ക്കെടുത്തത്. ഇതേ സ്ഥലത്തു മുമ്പ് ഗ്രാമവികസന കമ്മിഷണറേറ്റ് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ വാടക ഇതിന്റെ പകുതിപോലുമുണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

ഇതുകൂടാതെ ഓഫീസ് നവീകരണത്തിനു 75 ലക്ഷം രൂപ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്താണ് ബോര്‍ഡ് തങ്ങളുടെ 'സേവനം' തുറന്നുകാട്ടിയത്. ഇതില്‍ 20 ലക്ഷം രൂപയ്ക്കു ഭരണാനുമതി നല്‍കി സര്‍ക്കാര്‍ തങ്ങളുടെ വാത്സല്യം കാട്ടുകയും ചെയ്തു. അതിനിടയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിയതും ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചതും.