സൗജന്യ ചികിത്സ നിഷേധിക്കുന്ന സ്വകാര്യആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ ശിക്ഷാനടപടി

ആം ആദ്മി എന്നാല്‍ സാധാരണക്കാരന്‍ എന്നാണ് അര്‍ത്ഥം. സാധാരണക്കാരനും,പാവപ്പെട്ടവനും സൗജന്യ ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ താക്കീത്..

സൗജന്യ ചികിത്സ നിഷേധിക്കുന്ന  സ്വകാര്യആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ ശിക്ഷാനടപടി

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന  5 മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രികള്‍ക്ക് 600 കോടി രൂപ പിഴ ചുമത്തി ഡല്‍ഹി സര്‍ക്കാരിന്റെ മറ്റൊരു ജനപ്രിയ നീക്കം.

ആതുര സേവനത്തിന്‍റെ സൗജന്യ വാഗ്ദാനം നല്‍കി, സര്‍ക്കാരിന്റെ വിവിധങ്ങളായ ആനുകൂല്യങ്ങള്‍ കൈപറ്റുകയും കാശുള്ളവരുടെ മാത്രം ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഉള്ള താക്കീതാണ് ഈ നടപടി എന്ന് അധികൃതര്‍ വ്യക്തമാക്കി.


ഡല്‍ഹിയിലെ പ്രമുഖരായ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ , ശാന്തി മുകുന്ദ് ഹോസ്പിറ്റല്‍, ധര്‍മ്മ ശില ഹോസ്പിറ്റല്‍, ഫോര്‍ട്ട്‌ എക്സ്കോട്ട് ഹാര്‍ട്ട്‌ ഹോസ്പിറ്റല്‍ പുഷ്പവാടി സിങ്ങാനിയ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട് എന്നിവയ്ക്കാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്. 1960 മുതല്‍ ഈ ആശുപത്രികള്‍ എല്ലാം, സൗജന്യ നിരക്കില്‍ സര്‍ക്കാരില്‍ നിന്നും ഭൂമി പതിച്ചു കൈപറ്റിയിരുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തു സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ഈ ഭൂമി സ്വകാര്യ ആശുപത്രികള്‍ കൈകലാക്കിയത്. എന്നാല്‍, കാലക്രമേണ ഈ വ്യവസ്ഥ പാലിക്കുന്നതില്‍ ആശുപത്രികള്‍ മാറ്റം വരുത്തി.

തുടര്‍ന്ന് 2015 വിശദീകരണം ആവശ്യപ്പെട്ടു സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നോട്ടീസ് അയച്ചുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ പറയുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിലെ, അഡിഷനല്‍ ഡയറക്ടര്‍ ഡോ: ഹേം പ്രകാശിന്റെ ഉത്തരവിലാണ് ആശുപത്രികളോട് പിഴ അടയ്ക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 9 നകം പിഴ തുക അടയ്ക്കണം എന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് നോട്ടീസ് ലഭിച്ച ആശുപത്രികള്‍.

ജനകീയമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഈ നടപടിയിലൂടെയും വര്‍ദ്ധിപ്പിക്കുവാന്‍ കേജരിവാള്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.