ഒര്‍ലാന്റോയില്‍ ഇന്നലെ നടന്നത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ്

2007 ഏപ്രില്‍ 16ന് കൊറിയന്‍ വിദ്യാര്‍ത്ഥി വെര്‍ജീനിയ ടെക് സര്‍വകലാശാലയില്‍ നടത്തിയ വെടിവെപ്പില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരുക്കേറ്റു. ക്യാമ്പസിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. യു എസിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പായിരുന്നു അത്.

ഒര്‍ലാന്റോയില്‍ ഇന്നലെ നടന്നത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ്

ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ പള്‍സ് നിശാക്ലബില്‍ കഴിഞ്ഞ ദിവസം രാത്രി നടന്നത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ്. അന്‍പത് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.  അന്‍പതില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലര്‍ച്ച ക്ലബില്‍ എത്തിയ അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ നിരന്തരം നിറയൊഴിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ് അക്രമിയെ കീഴടക്കിയത്.

2007 ഏപ്രില്‍ 16ന് കൊറിയന്‍ വിദ്യാര്‍ത്ഥി വെര്‍ജീനിയ ടെക് സര്‍വകലാശാലയില്‍ നടത്തിയ വെടിവെപ്പില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരുക്കേറ്റു. ക്യാമ്പസിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. യു എസിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പായിരുന്നു അത്.


2012 ഡിസംബര്‍ 14ന് കണക്ടികട്ടിലെ സാന്‍ഡി ഹൂക്ക് എലിമന്ററി സ്‌കൂളില്‍ ഇരുപതുകാരനായ ആദം ലാസ നടത്തിയ വെടിവെപ്പില്‍ 20 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് യുവാവ് സ്‌കൂളിലെത്ത് കൂട്ടക്കുരുതി നടത്തിയത്. 1991ല്‍ ടെക്‌സാസില്‍ ഉണ്ടായ വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 1984 ല്‍ കാലിഫോര്‍ണിയയിലെ മെക്‌ഡൊനാള്‍ഡ്‌സ് ഷോറൂമിലുണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.

1966 ഓഗസ്റ്റില്‍ നാവിക ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. 2015 ഡിസംബറില്‍ കാലിഫോര്‍ണിയയില്‍ ദമ്പതികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2009 ല്‍ ടെക്‌സാസിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വെടിവെപ്പ് നടത്തിയ നിദാന്‍ ഹസന്‍ മിലിക്കിന് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അതേ വര്‍ഷം ഏപ്രില്‍ മൂന്നിന് ന്യൂയോര്‍ക്കിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 1999 ല്‍ കൊളറാഡോയിലെ സ്‌കൂള്‍ ലൈബ്രറിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ സഹപാഠികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ അധ്യാപിക ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

1983 ല്‍ വാഷിംഗ്ടണിലെ ചൂതാട്ടകേന്ദ്രത്തില്‍ അതിക്രമിച്ച് കയറിയ അക്രമി 14 പേരെ ബന്ദികളാക്കുകയും അതില്‍ 13 പേരെ വെടിവച്ച് കൊല്ലുകയും ചെയ്തു. 1982 സെപ്റ്റംബര്‍ ഇരുപത്തി അഞ്ചിന് പെന്‍സില്‍വാനിയയില്‍ ജയില്‍ വാര്‍ഡന്‍ സ്വന്തം മക്കള്‍ ഉള്‍പ്പെടെ 13 പേരെ വെടിവച്ച് കൊന്നു. 2013 സെപ്റ്റംബര്‍ അഞ്ചിന് വാഷിംഗ്ടണിലുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 2012 ജൂലൈ 20ന് കൊളറാഡോയിലെ സിനിമാ തീയറ്ററിലുണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 33,000 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് . ഒബാമ പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം പതിനഞ്ച് തവണയാണ് രാജ്യത്തുണ്ടായ വെടിവെപ്പിനെ അപലപിച്ച് പ്രസ്താവന നടത്തിയത്.