'ബ്രിട്ടനെ പുതിയ തീരങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള കപ്പിത്താനല്ല ഞാന്‍' : ഡേവിഡ് കാമറൂണിന്റെ വികാര നിര്‍ഭരമായ പ്രസംഗം

''എന്റെ ചിന്തയില്‍ നിന്നും വിഭിന്നമായി സഞ്ചരിക്കാനാണ് ബ്രിട്ടനിലെ ജനങ്ങള്‍ തീരുമാനിച്ചത്. ബ്രിട്ടന് കൂടുതല്‍ കരുത്തുള്ള ഭരണാധികാരിയെ ലഭിക്കേണ്ട സമയമാണിത്. പ്രധാനമന്ത്രി എന്ന നിലയില്‍ ബ്രിട്ടണ്‍ എന്ന ഈ കപ്പലിനെ വരുന്ന കുറച്ച് നാളത്തേക്ക് ഉലയാതെ മുന്നോട്ട് നയിക്കാന്‍ ഞാനുണ്ടാകും. എന്നാല്‍ ബ്രിട്ടനെ പുതിയ തീരങ്ങളില്‍ എത്തിക്കാന്‍ പ്രാപ്തനായ കപ്പിത്താനായി എന്നെ ഞാന്‍ കാണുന്നില്ല''

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണം എന്ന ഹിത പരിശോധനാ ഫലം പുറത്ത് വന്നതോടെ ജനഹിതം മാനിച്ച് രാജി വയ്ക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടുകാരനായിരുന്ന ഡേവിഡ് കാമറൂണ്‍ ഇതിനായി ശക്തമായ പ്രചരണ പരിപാടകള്‍ സംഘടിപ്പിച്ചിരുന്നു. ഫലം പുറത്ത് വന്നതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് രാജി പ്രഖ്യാപനം.ഡേവിഡ് കാമറൂണ്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം


'' ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കാണ് രാജ്യം ഇന്ന് സാക്ഷിയായത്. ഇംഗ്ലണ്ട്, സ്‌കോട്‌ലന്റ്, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്റ്, ജിബ്രാള്‍ട്ടര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 33 മില്യണ്‍ ജനങ്ങളാണ് ജനഹിത പരിശോധനയുടെ ഭാഗമായി അഭിപ്രായം രേഖപ്പെടുത്തയത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പ്രചരണത്തിന് ഒപ്പം നിന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ചും രാഷ്ട്രീയ വ്യത്യാസം മറന്ന് കൂടെ നിന്നവര്‍ക്ക്. മാത്രമല്ല എതിര്‍പക്ഷത്ത് നിന്ന് ഏറെ വൈകാരികമായി പ്രചാരണം നയിച്ചവര്‍ക്കും നന്ദി പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ബ്രിട്ടീഷ് ജനതയുടെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടണം. വളരെ ലളിതമായി കാണേണ്ട ഒരു തീരുമാനമല്ല ബ്രിട്ടീഷ് ജനത കൈക്കൊണ്ടത്. ബ്രിട്ടണ്‍ ഇന്ന് കൈക്കൊണ്ട തീരുമാനം ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ഒന്നാണ്.

ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ ഏറെ ബലവത്താണെന്ന ഉറപ്പ് വിപണികള്‍ക്കും നിക്ഷേപകര്‍ക്കും നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ബ്രിട്ടീഷുകാരുടേയും ഇവിടെ ജീവിക്കുന്ന യൂറോപ്പുകാരുടേയും ജീവിത സാഹചര്യത്തില്‍ സമീപ ഭാവിയില്‍ തന്നെ പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന ഉറപ്പും ഈ അവസരത്തില്‍ നല്‍കുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനോ, ചരക്ക് നീക്കത്തിനോ, സേവനങ്ങള്‍ ലഭ്യമാകുന്നതിനോ ആദ്യ ഘട്ടത്തില്‍ തടസങ്ങളോ മാറ്റങ്ങളോ ഉണ്ടാകില്ല.

യൂറോപ്യന്‍ യൂണിയനുമായി ഒരു വിലപേശലിന് നാം തയ്യാറെടുക്കണം. യു.കെയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്‌കോട്‌ലന്റ്, വടക്കേ അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ സജീവമായി ഇടപെടലുകള്‍ നടത്തണം. ഇതിനെല്ലാം പുറമെ നമുക്ക് കരുത്തുറ്റ നേതൃത്വത്തിന്റെ ആവശ്യമുണ്ട്. കഴിഞ്ഞ ആറ് വര്‍ഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തുടരാന്‍ കഴിഞ്ഞത് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

വിദ്യാഭ്യാസം, ജീവിത നിലവാരം, അടിസ്ഥാന സൗകര്യം, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബ്രിട്ടണ്‍ മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്. ലിംഗ വ്യത്യാസമില്ലാതെ പ്രണയിക്കുന്ന എല്ലാവര്‍ക്കു വിവാഹം കഴിക്കാനുള്ള അവസരം ബ്രിട്ടണ്‍ നല്‍കി. ഇതിനെല്ലാം പുറമെ ബ്രിട്ടന്റെ സാമ്പത്തിക രംഗം സ്ഥിരതയോടെ നിലനിര്‍ത്താന്‍ സാധിച്ചു.

ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ദുര്‍ഘടമായ തീരുമാനങ്ങളെ അഭിമുഖീകരിച്ച ചരിത്രമാണ് ബ്രിട്ടണുള്ളത്. അതിനാലാണ് യുറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് ഞാന്‍ നിലപാട് സ്വീകരിച്ചത്. ഹൃദയവും ആത്മാവും ബുദ്ധിയും ഉപയോഗിച്ചാണ് അതിനായി പ്രചാരണം നടത്തിയത്. യൂറോപ്യന്‍ യൂണിയനുള്ളില്‍ ബ്രിട്ടണ്‍ കൂടുതല്‍ കരുത്തോടെ നിലനില്‍ക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഹിതപരിശോധന എന്നത് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനിലെ നിലനില്‍പ്പിനെ കുറിച്ച് മാത്രമായിരുന്നു. അല്ലാതെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാവിയെ കുറിച്ചുള്ളതായിരുന്നില്ല.

എന്റെ ചിന്തയില്‍ നിന്നും വിഭിന്നമായി സഞ്ചരിക്കാനാണ് ബ്രിട്ടനിലെ ജനങ്ങള്‍ തീരുമാനിച്ചത്. ബ്രിട്ടന് കൂടുതല്‍ കരുത്തുള്ള ഭരണാധികാരിയെ ലഭിക്കേണ്ട സമയമാണിത്. പ്രധാനമന്ത്രി എന്ന നിലയില്‍ ബ്രിട്ടണ്‍ എന്ന ഈ കപ്പലിനെ വരുന്ന കുറച്ച് നാളത്തേക്ക് ഉലയാതെ മുന്നോട്ട് നയിക്കാന്‍ ഞാനുണ്ടാകും. എന്നാല്‍ ബ്രിട്ടനെ പുതിയ തീരങ്ങളില്‍ എത്തിക്കാന്‍ പ്രാപ്തനായ കപ്പിത്താനായി എന്നെ ഞാന്‍ കാണുന്നില്ല. രാജ്യ താത്പര്യത്തിന്റെ കൂടി ഭാഗമായാണ് ഞാന്‍ ഇത്തരമൊരു തീരുമാനം എടുത്തത്. ഒരും ടൈം ടേബിള്‍ തയ്യാറാക്കി പൂര്‍ത്തികരിക്കേണ്ട കാര്യങ്ങളല്ല ഇത്. എന്നിരുന്നാലും ഒക്ടോബറില്‍ ചേരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറസിന് മുന്നോടിയായി പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും.

സാമ്പത്തിക വിപണി സ്ഥിരപ്പെടുത്താന്‍ ട്രഷറിയും ബാങ്കും സ്വീകരിക്കേണ്ട നയം തീരുമാനിക്കാന്‍ അടുത്ത തിങ്കളാഴ്ച മന്ത്രിസഭ ചേരും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ നയം പ്രഖ്യാപിക്കും. തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ബ്രിട്ടീഷ് രാജ്ഞിയുമായി സംസാരിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനുമായുള്ള വില പേശല്‍ ഒരു പുതിയ ഭരണാധികാരിക്ക് കീഴില്‍ നടക്കേണ്ട കാര്യമാണ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ പുതിയ പ്രധാനമന്ത്രിക്ക് കീഴില്‍ കൈക്കൊള്ളും. ബ്രിട്ടീഷ് പൗരന്‍മാരുടെ തീരുമാനവും എന്റെ സ്വന്തം തീരുമാനവും യൂറോപ്യന്‍ കൗണ്‍സിലിനെ അറിയിക്കും. ഇന്ന് ബ്രിട്ടീഷ് ജനത കൈക്കൊണ്ട തീരുമാനം മാനിക്കപ്പെടേണ്ടത് മാത്രമല്ല, അതിനെ എതിര്‍ത്ത, ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടപ്പാക്കേണ്ടത് കൂടിയാണ്.

ഒരുപാട് പ്രത്യേകതകളുള്ള രാജ്യമാണ് ബ്രിട്ടണ്‍. ജനാധിപത്യ പാര്‍ലമെന്റില്‍ നടക്കുന്ന സമാധാന പരമായ ചര്‍ച്ചകളിലൂടെ  രൂക്ഷമായ പ്രശ്‌നങ്ങള്‍ പോലും പരിഹാരം കാണാന്‍ കഴിയാറുണ്ട്. വാണിജ്യ, വ്യാപാര, ശാസ്ത്ര, സാങ്കേതിക രംഗത്തെ ബ്രിട്ടന്റെ നേട്ടങ്ങള്‍ ലോകം ബഹുമാനത്തോടെയാണ് കാണുന്നത്. പല നിറത്തിലുള്ളവരും വിവിധ മത വിശ്വാസികളും ഇടകലര്‍ന്ന് ജീവിക്കുന്നിടമാണ് ബ്രിട്ടണ്‍. കഴിയുള്ള ആര്‍ക്കും ഉയര്‍ന്ന് വരാനും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനും അവസരം നല്‍കുന്ന ഇടമാണിത്.

യൂറോപ്യന്‍ യൂണിയന് പുറത്താണെങ്കില്‍ പോലും ബ്രിട്ടന് അതിജീവിക്കാന്‍ കഴിയും. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. മുന്നോട്ട് പോകാനുള്ള ഏറ്റവും മികച്ച മാര്‍ഗം നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനായി എന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി എന്റെ സേവനം ലഭ്യമാക്കാന്‍ തയ്യാറാണ്. നന്ദി''

Read More >>