കണ്ണൂരില്‍ ജയിലിലടച്ച രണ്ട് ദളിത് യുവതികള്‍ക്ക് ജാമ്യം

തലശേരി കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അഖില,അഞ്ജന എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

കണ്ണൂരില്‍ ജയിലിലടച്ച രണ്ട് ദളിത് യുവതികള്‍ക്ക് ജാമ്യം

കണ്ണൂര്‍: സിപിഐഎം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുന്ന ദളിത് യുവതികള്‍ക്ക് ജാമ്യം ലഭിച്ചു. തലശേരി കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അഖില,അഞ്ജന എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇതില്‍ അഖില കൈക്കുഞ്ഞുമായാണ് ജയിലില്‍ കഴിയുന്നത്. ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചത്.  ഇരുവരും ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ശനിയാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലയുടേയും അഞ്ജനയുടേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിറകേ ഇവര്‍ സിപിഐഎം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ച യുവതികളെ റിമാന്റ് ചെയ്തത്.


തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് യുവതികള്‍ക്കെതിരെയുള്ള കേസ്. കുട്ടിമാക്കൂല്‍ ഡിവൈഎഫ്ഐ തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഐഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളെ ബ്രാഞ്ച് ഓഫീസിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അസഭ്യം പറയുകയായിരുന്നുവെന്നും അതു ചോദിക്കാനായി ചെന്നപ്പോള്‍ കൈയേറ്റം ചെയ്തതായും യുവതികള്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയാണ് പ്രതികരിച്ചത് എന്നാണു യുവതികള്‍ പറയുന്നത്.

സംഭവത്തില്‍ സംസ്ഥാന പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ കേസെടുത്തു. മാത്രമല്ല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എഡിജിപിക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

Story by