യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഫയലുകള്‍ പരിശോധിക്കാന്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി; പ്രതിഷേധവുമായി സിപിഐ മന്ത്രിമാര്‍

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇക്കാര്യം ചുമതലപ്പെടുത്തിയിരിക്കുന്നത് നിയമസെക്രട്ടറിയെയാണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച നിയമസെക്രട്ടറി വിവാദ ഫയലുകള്‍ പരിശോധിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് സിപിഐ മന്ത്രിമാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഫയലുകള്‍ പരിശോധിക്കാന്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി; പ്രതിഷേധവുമായി സിപിഐ മന്ത്രിമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരെ മാറ്റി നിയമിച്ചെങ്കിലും നിയമസെക്രട്ടറിയെ മാറ്റാത്തതിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. നിയമ സെക്രട്ടറിയെ മാറ്റാത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രിമാരാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇക്കാര്യം ചുമതലപ്പെടുത്തിയിരിക്കുന്നത് നിയമസെക്രട്ടറിയെയാണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച നിയമസെക്രട്ടറി വിവാദ ഫയലുകള്‍ പരിശോധിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് സിപിഐ മന്ത്രിമാര്‍.


ഇക്കാര്യത്തിലുള്ള അതൃപ്തി സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയെങ്കിലും നിയമസെക്രട്ടറിയെ മാറ്റേണ്ടെന്ന നിലപാടാണ് സിപിഐ(എം) സ്വീകരിച്ചത്. ഇതോടെയാണ് ഭിന്നത ഉടലെടുത്തത്. ഇക്കാര്യത്തില്‍ കടുത്ത അസംതൃപ്തി സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

കേരള ജുഡിഷ്യല്‍ അക്കാദമിയില്‍ അഡീഷണല്‍ ഡയറക്ടറും ജില്ലാ ജഡ്ജിയുമായിരുന്ന ബിജി ഹരീന്ദ്രനാഥിനെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് ആറിനാണ് ഡെപ്യൂട്ടേഷനില്‍ സംസ്ഥാന നിയമസെക്രട്ടറിയായി നിയമിച്ചത്. ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമോപദേശം നല്‍കിയത് നിയമസെക്രട്ടറി എന്ന നിലയില്‍ ഹരീന്ദ്രനാഥ് ആയിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദ ഫയലുകള്‍ ഹരീന്ദ്രനാഥ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് ഘടകകക്ഷി മന്ത്രിമാരുടെ അഭിപ്രായം.

എന്നാല്‍ നിയമസെക്രട്ടറിയെ മാറ്റണമെന്ന് ഇടതുമുന്നണിയിലും ആവശ്യമുയര്‍ന്നെങ്കിലും തത്കാലം മാറ്റേണ്ടതില്ല എന്ന തീരുമാനത്തിലാണ് സിപിഐ(എം).

മുന്‍ അഡ്വക്കേറ്റ് ജനറല്‍മാരായ രത്നസിംഗിന്റെയും കെ.പി ദണ്ഡപാണിയുടെയും ബന്ധുവായ ഹരീന്ദ്രനാഥിനെ പ്രമുഖ ചലച്ചിത്ര നിര്‍മാതാവും വ്യവസായിയുമായ പി.വി ഗംഗാധരന്റെയും സഹോദരനും മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്ററുമായ പിവി ചന്ദ്രന്റെയും താല്‍പര്യപ്രകാരമാണ് നിയമസെക്രട്ടറിയായി തുടരാന്‍ അനുവദിച്ചതെന്നാണ് സിപിഐ മന്ത്രിമാരുടെ ആക്ഷേപം.

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പ്രസ്താവിച്ച തിരുവനന്തപുരം മുന്‍ വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫയെ നിയമ സെക്രട്ടറിയായി നിയമിക്കണമെന്നു സിപിഐ(എം)ല്‍ നിന്നും ആവശ്യമുയര്‍ന്നതിനിടെയാണ് ഹരീന്ദ്രനാഥിനെ നിയമസെക്രട്ടറിയെ തുടരാന്‍ അനുവദിച്ചിരിക്കുന്നത്.

എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച നിയമ സെക്രട്ടറിയെ മാത്രമല്ല, റവന്യൂ സെക്രട്ടറിയേയും ഈ സര്‍ക്കാര്‍ മാറ്റിയിട്ടില്ലെന്ന് നിയമവകുപ്പ് മന്ത്രിയും മന്ത്രിസഭാ ഉപസമിതി അധ്യക്ഷനുമായ എകെ ബാലന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് കൈക്കൊണ്ട എണ്ണൂറോളം മന്ത്രിസഭാ തീരുമാനങ്ങളില്‍ ഏകദേശം പകുതിയോളം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. വിവാദ തീരുമാനങ്ങള്‍ നിയമ റവന്യൂ വകുപ്പ് സെക്രട്ടറിമാരുടെ കുറിപ്പോടുകൂടിയാണോ ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നത് എന്നത് പ്രധാന വിഷയമാണ്.

വിവാദ തീരുമാനങ്ങളില്‍ ചിലതില്‍ നിയമസെക്രട്ടറി നിയമോപദേശം നല്‍കിയിട്ടുണ്ടെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ മറ്റുചിലതില്‍ നിയമോപദേശം നല്‍കിയിട്ടില്ല. നിയമോപദേശം നല്‍കാത്ത ഫയലുകള്‍ എങ്ങനെയാണ് ക്യാബിനറ്റ് പരിഗണനയില്‍ വന്നതെന്ന് പ്രത്യേകമായി പരിശോധിക്കും.

അതോടൊപ്പം നിയമോപദേശം നല്‍കിയവയില്‍, എന്തിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് പരിശോധിച്ച് ഉപസമിതി റിപ്പോര്‍ട്ട് നല്‍കും. നിയമവകുപ്പ് സെക്രട്ടറി കണ്ടുപോയ ഫയലുകളില്‍ പലതിലും അനുമതി നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടും അതിനെല്ലാം കഴിഞ്ഞ മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ആ സെക്രട്ടറിയെ കൊണ്ടു തന്നെ പറയിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതം. അതിനാണ് കൂടുതല്‍ വിശ്വാസ്യത. അതിനാലാണ് സെക്രട്ടറിമാരെ മാറ്റാത്തതെന്നും  എകെ ബാലന്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു.

വിവാദ ഫയലുകളെക്കുറിച്ച് പരിശോധന നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എ.കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി നിയമസെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Read More >>