കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെ തുടങ്ങും

ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീന സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ വെനിസ്വേലയെയും സി ഗ്രൂപ്പിലെ ജേതാക്കളായ മെക്സിക്കോ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ചിലിയെയുമാണ് ക്വാര്‍ട്ടറില്‍ നേരിടുക.

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെ തുടങ്ങും

ശതാബ്ദി കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ യു.എസ്.എയും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴിനാണ് മത്സരം.
കൊളംബിയയും കോസ്റ്റാറിക്കയും പരാഗ്വെയും ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ ആറു പോയിന്റുകളോടെ ഒന്നാം സ്ഥാനക്കാരായാണ് യു.എസ്.എ നോക്കൗട്ട് റൗണ്ടിലേക്ക് എത്തുന്നത്. സെന്റിനറി കോപ്പയിലെ ആദ്യമത്സരത്തില്‍ കൊളംബിയയോട് 2 - 0 എന്ന ഗോള്‍ക്രമത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും കോസ്റ്റാറിക്കയ്ക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് യു.എസ്.എ മിന്നും ജയം നേടി. പരാഗ്വെയ്ക്കെതിരെയുള്ള ഗ്രൂപ്പ് തലത്തിലുള്ള അവസാന മത്സരത്തില്‍ 1 - 0 ന് ജയിച്ചതോടെ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.


ബി ഗ്രൂപ്പിലെ കരുത്തരായ ബ്രസീലിനെയും പെറുവിനും സമനിലക്കുരുക്കിട്ട് പൂട്ടിയാണ് രണ്ടാം സ്ഥാനക്കാരായി ഇക്വഡോര്‍ യു.എസ്.എയെ നേരിടാന്‍ ഒരുങ്ങുന്നത്. ബ്രസീലിനെതിരെയുള്ള ആദ്യമത്സരത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നുവെങ്കില്‍ പെറുവിനെതിരെ 2 - 2 എന്ന നിലയിലായിരുന്നു മത്സരഫലം. മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഹെയ്തിയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ അഞ്ചു പോയിന്റ് നേടിയ ഇക്വഡോറിന് ക്വാര്‍ട്ടര്‍ ബര്‍ത്ത്.
ഇക്വഡോറിനെതിരെ ഒരു സമനിലയും(0  0) ഹെയ്തിക്കെതിരെ ഒരു ജയവും (7  0) പെറുവിനെതിരെ തോല്‍വിയും (1  0) ഏറ്റുവാങ്ങിയ ബ്രസീല്‍ പുറത്തായ ബി ഗ്രൂപ്പില്‍ ഏഴു പോയിന്റുകളോടെ പെറുവാണ് ഒന്നാം സ്ഥാനത്ത്. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ കൊളംബിയയെ ആണ് പെറു ക്വാര്‍ട്ടറില്‍ നേരിടുക.
ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീന സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ വെനിസ്വേലയെയും സി ഗ്രൂപ്പിലെ ജേതാക്കളായ മെക്സിക്കോ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ചിലിയെയുമാണ് ക്വാര്‍ട്ടറില്‍ നേരിടുക.

Read More >>