കോപ്പ അമേരിക്ക; ഉറുഗ്വെയ്ക്ക് തോല്‍വി

അരിസോണ - പരിക്കേറ്റ സൂപ്പർതാരം സുവാരസ് ഇല്ലാതെ കളത്തിലിറങ്ങിയ ഉറുഗ്വെയ്ക്ക് തിരിച്ചടി.

കോപ്പ അമേരിക്ക; ഉറുഗ്വെയ്ക്ക് തോല്‍വി

അരിസോണ - പരിക്കേറ്റ സൂപ്പർതാരം സുവാരസ് ഇല്ലാതെ കളത്തിലിറങ്ങിയ ഉറുഗ്വെയ്ക്ക് തിരിച്ചടി. ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിലെ അവരുടെ ആദ്യ മത്സരത്തിൽ ഉറുഗ്വെയ്‌ക്കെതിരെ ഇറങ്ങിയ മെക്‌സിക്കോയ്ക്ക് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ ഒരു സെൽഫ് ഗോളും മെക്‌സിക്കോയ്ക്ക് അനുകൂലമായി പിറന്നു.

മെക്‌സിക്കോയുടെ ഗാർഡെഡോ ഇടതുവിംഗിൽ നിന്നും ഉയർത്തി നൽകിയ ഒരു ക്രോസ് സെന്റർ മിഡ്ഫീൽഡർ ഹെരേര ഓടിയെടുക്കുന്നതിനിടെ ഉറുഗ്വെൻ ഡിഫൻഡർ ആൽവരോ പെരേര തലകൊണ്ട് കുത്തിയകറ്റിയത് അബദ്ധത്തിൽ സ്വന്തം വലയിലായി. 27-ാം മിനിറ്റിൽ കുറുമ്പു കാട്ടിയതിന് മഞ്ഞക്കാർഡ് കിട്ടിയ ഉറുഗ്വെൻ മിഡ്ഫീൽഡർമത്യാസ് വേഗിനോ 45-ാം മിനിറ്റിൽ വീണ്ടും മറ്റൊരാളെ ഫൗൾ ചെയ്തതോടെ റഫറിക്ക് ചുവന്ന കാർഡ് കാണിക്ക് പുറത്തേക്കുള്ള വഴികാണിക്കേണ്ടിവന്നു.


തുടർന്ന് ഇടവേളയ്ക്കുശേഷം പത്തുപേരുമായാണ് ഉറുഗ്വെ കളത്തിൽ നിറഞ്ഞത്. 73-ാം മിനിറ്റിൽ മെക്‌സിക്കോയുടെ ആൻഡ്രെസ് ഗാർഡെഡോയ്ക്കും ചുവന്ന കാർഡ് കിട്ടി പുറത്തേക്ക് വഴിയൊരുങ്ങി. മെക്‌സിക്കോയും പത്തുപേരായി ചുരുങ്ങിയശേഷം കാർലോസ് സാഞ്ചെസ് എടുത്ത ഫ്രീകിക്ക് ഉറുഗ്വെൻ ക്യാപ്ടൻ ഗോഡിൻ അത്യുഗ്രൻ  ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലെത്തിച്ചതോടെ ഉറുഗ്വെ സമനില പിടിച്ചു. മെക്‌സിക്കൻ ഗോളി തലവേരയെയും കബളിപ്പിച്ചായിരുന്നു ഗോഡിന്റെ സമനില ഗോൾ.


തുടർന്ന് ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഭാഗ്യം മെക്‌സിക്കോയ്‌ക്കൊപ്പം നിന്നു. 85-ാം മിനിറ്റിൽ മെക്‌സിക്കൻ ക്യാപ്ടൻ റഫേൽ മാർക്കേസിന്റെ വകയായിരുന്നു ഉറുഗ്വെയ്ക്ക് കിട്ടിയ അടുത്ത പ്രഹരം. കോർണറിൽ നിന്നും തനിക്ക് കിട്ടിയ പന്ത് അത്യുഗ്രൻ ഷോട്ടിലൂടെ മാർക്കേസ് വലയിലെത്തിച്ചു. പിന്നീട് നിശ്ചിത സമയത്തിനു ശേഷമുള്ള 92-ാം മിനിറ്റിൽ മിഗായേൽ ഹേരേര കൂടി ഉറുഗ്വെയ്‌ക്കെതിര അവസാന ആണിയടിച്ചപ്പോൾ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് സിയിൽ മൂന്നു പോയിന്റുകളോടെ ഒന്നാം സ്ഥാനം. പോയിന്റുകളൊന്നും ഇല്ലാത്ത ഉറുഗ്വെ നാലാം സ്ഥാനത്താണ്. മൂന്നു പോയിന്റുകളുമായി വെനിസ്വല രണ്ടാം സ്ഥാനത്തും പോയിന്റുകളൊന്നും നേടാനാകാത്ത ജമൈക്ക മൂന്നാം സ്ഥാനത്തുമുണ്ട്.


4-5-1 എന്ന എന്ന ലൈനപ്പിൽ ഇറങ്ങിയ ഉറുഗ്വെയെ 4-33 എന്ന ലൈനപ്പിലായിരുന്നു മെക്‌സിക്കോ നേരിട്ടത്. 61 ശതമാനം പന്ത് കൈയടക്കി വച്ച മെക്‌സിക്കോ 378 പാസുകളിലൂടെ കളം നിറഞ്ഞപ്പോൾ 208 പാസുകൾ മാത്രമാണ് ഉറുഗ്വെ പരസ്പരം കൈമാറിയത്. മെക്‌സിക്കോ ഏഴുതവണ ഗോൾമുഖത്തേക്ക് നിറയൊഴിച്ചപ്പോൾ മൂന്നുതവണ മാത്രമാണ് ഉറുഗ്വെൻ നിരയ്ക്ക് പന്ത് വലയ്ക്ക് നേർക്ക് പായിക്കാൻ കഴിഞ്ഞത്. ഇതിനിടെ ആറു കോർണറുകൾ മെക്‌സിക്കോയ്ക്ക് അനുകൂലമായും അഞ്ചെണ്ണം ഉറുഗ്വെയ്ക്ക് അനുകൂലമായും പിറന്നു.Read More >>