കോപ്പ അമേരിക്ക; കോസ്റ്റാറിക്ക പാരഗ്വായ് മത്സരം സമനില

ബൂണ്‍ 8ന് യുഎസ്എയുമായാണ് കോസ്റ്റാറിക്കയുടെ അടുത്ത മത്സരം. ജൂണ്‍ 11ന് കൊളംബിയയുമായാണ് പാരഗ്വായുടെ അടുത്ത മത്സരം.

കോപ്പ അമേരിക്ക; കോസ്റ്റാറിക്ക പാരഗ്വായ് മത്സരം സമനില

ഫ്ളോറിഡ: തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തീപാറുമെന്ന് ധരിച്ച് ശതാബ്ദി കോപ്പ അമേരിക്കയുടെ എ ഗ്രൂപ്പിലെ രണ്ടാം പോരാട്ടമായ കോസ്റ്റാറിക്ക-പരാഗ്വെ മത്സരത്തിന് ടിക്കറ്റെടുത്ത ഫുട്ബോള്‍ പ്രേമികള്‍ക്ക് പിഴച്ചു. അതിവിരസമായ പരുക്കന്‍ കളിക്കൊടുവില്‍ ഫലം, ഗോള്‍ രഹിത സമനില. ഓര്‍ലാന്‍ഡോയിലെ കാമ്പിംഗ് വേള്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് ഒടുവില്‍ നിരാശ മാത്രം സമ്മാനം.

കളിയുടെ 15-ാം സെക്കന്‍ഡില്‍ തന്നെ റഫറി ലോസ്റ്റോയ്ക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. കോസ്റ്റാറിക്കന്‍ താരം ടെജേദ വാല്‍വേഡിനാണ് ആദ്യം തന്നെ മുന്നറിയിപ്പ് കിട്ടിയത്. 15-ാം മിനിറ്റില്‍ ജോര്‍ഗ് ബെനറ്റിസിലൂടെ പരാഗ്വെ മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും കോസ്റ്റാറിക്കന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചതോടെ മുന്നേറ്റം വിഫലം. ഇതിനിടെ ബെനറ്റിസിന് നേരെയും റഫറിയുടെ മഞ്ഞക്കാര്‍ഡ് ഉയര്‍ന്നു. പിന്നീട് കളിയിലുടനീളം വിരസമായ മുന്നേറ്റങ്ങളും വിഫലമായ ശ്രമങ്ങളും മാത്രമായി.


പരാഗ്വെയ്ക്ക് ഒരു തവണ മാത്രമാണ് കോസ്റ്ററിക്കന്‍ ഗോള്‍ മുഖത്തിന് നേര്‍ക്ക് പന്ത് പായിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കോസ്റ്റാറിക്കയുടെ ശക്തമായ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്കായില്ല. പരാഗ്വെയ്ക്കെതിരെ കോസ്റ്റാറിക്കന്‍ മുന്നേറ്റനിര നാലുതവണ ഗോള്‍മുഖം ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും ഗോളി വില്ലറിലും ഡിഫന്‍ഡര്‍മാരുടെ കാലിലും തട്ടിമടങ്ങി.

5-4-1 എന്ന ലൈനപ്പിലാണ് കോസ്റ്റാറിക്ക കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. 4-4-2 എന്ന ലൈനപ്പിലായിരുന്നു പരാഗ്വെ കളത്തിലിറങ്ങിയത്. മത്സരത്തില്‍ പരാഗ്വെന്‍ കളിക്കാര്‍ മൂന്നു മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ ഒരു റെഡ് കാര്‍ഡും രണ്ട് മഞ്ഞക്കാര്‍ഡും ഉള്‍പ്പെടെ മൂന്ന് കാര്‍ഡുകള്‍ കോസ്റ്റാറിക്കയ്ക്കും കിട്ടി. പരാഗ്വെയുടെ വാള്‍ഡ്സ്, ഗോണ്‍സാലസ്, ബെനറ്റിസ് എന്നിവര്‍ക്കും കോസ്റ്റാറിക്കയുടെ മറ്റാറിറ്റ, ടെജേദ എന്നിവര്‍ക്കും മഞ്ഞക്കാര്‍ഡ് കിട്ടിയപ്പോള്‍ കോസ്റ്റാറിക്കന്‍ ഡിഫന്‍ഡര്‍ കെന്‍ഡല്‍ വാസ്റ്റനാണ് കളിയുടെ 94-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്.

Read More >>