ശതാബ്തി കോപ്പ കിരീടം ചിലിക്ക്: ജയം ഷൂട്ടൗട്ടില്‍ 4-2ന് ; അര്‍ജന്റീനയ്ക്ക് കണ്ണീര്‍മടക്കം

ആദ്യപകുതി അവസാനിച്ചപ്പോള്‍ പരുക്കന്‍ കളിയെ തുടര്‍ന്ന് ഇരുടീമുകളും പത്തുപേരായി ചുരുങ്ങിയിരുന്നു. ചിലിയുടെ മാര്‍സലോ ഡിയാസും അര്‍ജന്റീനയുടെ റോഹോയുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.

ശതാബ്തി കോപ്പ കിരീടം ചിലിക്ക്: ജയം ഷൂട്ടൗട്ടില്‍ 4-2ന് ; അര്‍ജന്റീനയ്ക്ക് കണ്ണീര്‍മടക്കം

23 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു കപ്പ് ഉയര്‍ത്താമെന്ന മോഹത്തോടെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ചിലി ഗോള്‍ കീപ്പര്‍ ബ്രാവോയുടെ വിലക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ 4 - 2ന് ചിലിക്ക് ജയം.
മത്സരത്തിലുടനീളം ഉഗ്രന്‍ സേവുകളുമായി ചിലി ക്യാപ്റ്റന്‍ ബ്രാവോ തിളങ്ങിയെങ്കിലും തന്റെ ബാഴ്‌സലോണ സഹതാരം കൂടിയായ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ മെസിക്ക് ഫൈനല്‍ സമ്മാനിച്ചത് കണ്ണീര്‍ മാത്രം. അര്‍ജന്റീനയ്ക്ക് വേണ്ടി മെസി എടുത്ത ആദ്യ കിക്ക് തന്നെ പുറത്തുപോയിരുന്നു. ചിലിക്ക് വേണ്ടി വിഡാല്‍ ആയിരുന്നു അദ്യം കിക്ക് എടുത്തത്. എന്നാല്‍ ഈ കിക്ക് അര്‍ജന്റൈന്‍ ഗോളി റോമെറോ തടഞ്ഞു. പിന്നീട് കിക്ക് എടുക്കാനെത്തിയ അര്‍ജന്റൈന്‍ ക്യാപ്റ്റനും പിഴച്ചു. ലയണല്‍ മെസി എടുത്ത കിക്ക് പോസ്റ്റിന്റെ വലതു വശത്തുകൂടെ പുറത്തേക്ക് പോകുകയായിരുന്നു.

പിന്നീട് ചിലിക്ക് വേണ്ടി കിക്ക് എടുത്ത കസ്റ്റിയോയും അരാഗ്വിസും ജീന്‍ ബ്യൂസ്ജറും സില്‍വയും പന്ത് വലയ്ക്കുള്ളിലെത്തിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മഷെറാനോയ്ക്കും അഗ്വിറോയ്ക്കും മാത്രമേ ലക്ഷ്യം നേടാനായുള്ളൂ. അര്‍ജന്റീനയുടെ നാലാം കിക്ക് എടുക്കാനെത്തിയ ലൂകാസ് ബിജിലിയ എടുത്ത കിക്ക് ചിലി ക്യാപ്റ്റന്‍ കൂടിയായ ഗോളി ബ്രാവോ തടഞ്ഞു. ബിജിലിയ പോസ്റ്റിന്റെ വലതു ഭാഗം ലക്ഷ്യമിട്ട് പായിച്ച പന്ത് ഒരു ഫുള്‍ ഡൈവിലൂടെ ബ്രാവോ തടഞ്ഞിടുകയായിരുന്നു. ഇതോടെ ക്യാപ്റ്റന്റെ കൈക്കരുത്തില്‍ ചിലിക്ക് ശതാബ്ദി കോപ്പ അമേരിക്കന്‍ കിരീടം.
തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം കൂടിയാണിത് ചിലിക്ക്. 2015ല്‍ കോപ്പയില്‍ കണ്ണീരണിഞ്ഞ അര്‍ജന്റീനയ്ക്ക് അതേ എതിരാളികളില്‍ നിന്നും വീണ്ടും തോല്‍വി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പ്രതിരോധനിരയും ഗോള്‍ കീപ്പര്‍മാരും ഗോള്‍ നേടുന്നതിന് വിഘാതം സൃഷ്ടിച്ചു. 16-ആം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയ മാര്‍സലോ ഡയസ് 28-ആം മിനിറ്റില്‍ മെസിയെ അപകടകരമാം വിധം മാര്‍ക്ക് ചെയ്തതിന് മറ്റൊരു മഞ്ഞ കൂടി ഏറ്റവുവാങ്ങിയതോടെ പുറത്തേക്കുള്ള ടിക്കറ്റ് വാങ്ങി. പിന്നീടങ്ങോട്ട് റഫറി റോബെര്‍ട്ടോ ലോപസിന്റെ കാര്‍ഡ് കളിയായിരുന്നു. 36-ആം മിനിറ്റില്‍ മഷെറാനോയും വിഡാലും പരസ്പരം വഴക്കടിച്ചതിന് ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് കിട്ടി. റഫറിയെ ചോദ്യം ചെയ്തതിന് 40-ആം മിനിറ്റില്‍ മെസിക്കും മഞ്ഞ കാണേണ്ടിവന്നു. പന്തുമായി മുന്നേറിയ വിഡാലിനെ പിറകില്‍ നിന്ന് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയുടെ മാര്‍കോസ് റോജോ 42-ആം മിനിറ്റില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങിയതോടെ അര്‍ജന്റീനയും പത്തുപേരായി ചുരുങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ (52ആം മിനിറ്റില്‍) ചിലിയുടെ ജീന്‍ ബ്യൂസ്ജറും മഞ്ഞക്കാര്‍ഡ് കണ്ടു.
ഇതിനിടെ ചിലി രണ്ട് മുന്നേറ്റം നടത്തി. 53-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും ഗോളാക്കാനായില്ല. പരിക്കില്‍ നിന്നും മോചിതനായി ആദ്യ ഇലവനില്‍ ഇറങ്ങിയ ഏയ്ഞ്ചല്‍ ഡി മരിയയെ കോച്ച് 56-ആം മിനിറ്റില്‍ തിരികെ വിളിച്ചു. 57-ആം മിനിറ്റിലും 62-ആം മിനിറ്റിലും അര്‍ജന്റീനയ്ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോളിയും ചിലി പ്രതിരോധ നിരയും നിഷ്പ്രഭമാക്കി. 67-ആം മിനിറ്റില്‍ ചിലി മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും അര്‍ജന്റൈന്‍ ഗോളി റോമെറോ തടഞ്ഞു. ഇതിനിടെ 68-ആം മിനിറ്റില്‍ ചിലിയുടെ അരാഗ്വിസിന് മഞ്ഞക്കാര്‍ഡും കാണേണ്ടിവന്നു. ഗോള്‍ നേടാനാകാത്തതില്‍ നിരാശനായ അര്‍ജന്റൈന്‍ കോച്ച് മാര്‍ട്ടിനോ മുന്നേറ്റനിരയില്‍ നിന്നും ഹിഗ്വെയ്‌നെ പിന്‍വലിച്ച് പകരം സെര്‍ജിയോ അഗ്വിറോയെ കളത്തിലയച്ചു. 72-ആം മിനിറ്റില്‍ അഗ്വിറോയ്ക്ക് ഒരു ചാന്‍സ് തുറന്നുകിട്ടിയെങ്കിലും പന്ത് പായിച്ചത് പോസ്റ്റിന് മുകളിലൂടെ കാണികളുടെ കൈകളിലേക്ക്.
79-ആം മിനിറ്റില്‍ ചിലിക്ക് ഉഗ്രന്‍ ചാന്‍സ് കിട്ടിയെങ്കിലും ഗോളിയും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് തടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ കോര്‍ണര്‍ ചിലിക്ക് മുതലാക്കാനും കഴിഞ്ഞില്ല. 83-ആം മിനിറ്റില്‍ അഗ്വിറോയ്ക്ക് മറ്റൊരു ഓപ്പണ്‍ ചാന്‍സ് കൂടി കിട്ടിയെങ്കിലും പുറത്തേക്ക് അടിച്ചുതുലച്ചു. പിന്നീട് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളിയുടെ തുടക്കത്തില്‍ അരാഗ്വിസിന് പരിക്കേറ്റെങ്കിലും ചിലി കോച്ച് പിസി അദ്ദേഹത്തെ പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഏതാനും മിനിറ്റ് ഒമ്പതുപേരുമായാണ് ചിലി കളത്തില്‍ നിറഞ്ഞത്. ഇതിനിടെ അര്‍ജന്റീനയുടെ മത്യാസ് ക്രാന്‍വിറ്റര്‍ മഞ്ഞക്കാര്‍ഡ് വാങ്ങി. 97-ആം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിലൂടെ ചിലി മുന്നേറ്റം നടത്തിയെങ്കിലും മഷെറാനോയില്‍ തട്ടിനിലച്ചു.
101-ആം മിനിറ്റില്‍ ഗോളെന്ന് ഉറപ്പിച്ച അഗ്വിറോയുടെ ഹെഡ്ഡര്‍ ചിലി ഗോളി ബ്രാവോ ഒരു ഫുള്‍ സ്‌ട്രെച്ച് ഡൈവിലൂടെ വലയ്ക്ക് മീതെ കുത്തിയകറ്റി. ഇതിനിടെ 104-ആം മിനിറ്റില്‍ ചിലിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അലെക്‌സിസ് സാഞ്ചെസിനെ പിന്‍വലിച്ച് പകരം ആന്‍ഡ്രിയാസ് സില്‍വയെ കോച്ച് കളത്തിലിറക്കിയിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ഇടവേളയ്ക്ക് ശേഷം 106-ആം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മറ്റൊരു കോര്‍ണര്‍ കൂടി കിട്ടിയെങ്കിലും ഫലവത്തായില്ല. 108-ആം മിനിറ്റില്‍ ചിലി ഒരു മുന്നേറ്റം നടത്തിയെങ്കിലും ഗോളി റോമെറോയുടെ കൈകളില്‍ പന്ത് വിശ്രമിച്ചു. 110-ആം മിനിറ്റില്‍ ചിലി പന്തുമായി മുന്നേറിയെങ്കിലും അര്‍ജന്റൈന്‍ ഗോളി റോമെറോ ബോക്‌സിന് പുറത്തേക്ക് ഓടിയെത്തി അപകടം ഒഴിവാക്കി. ഇതിനിടെ ചിലി വര്‍ഗാസിന് പകരം കാസിലോയെയും അര്‍ജന്റീന ബനേകയ്ക്ക് പകരം എറിക് ലാമെലയെയും കളത്തില്‍ ഇറക്കിയിരുന്നു. കളിയുടെ 113-ആം മിനിറ്റില്‍ ചിലിയുടെ പെനാല്‍റ്റി ബോക്‌സിന് തൊട്ടുമുന്നില്‍ ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും മെസിയുടെ കിക്ക് ചിലി പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ച് കോര്‍ണറായി. എന്നാല്‍ അധികസമയത്തിന്റെ അവസാനം കിട്ടിയ കോര്‍ണറും ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് വഴിമാറി. ഒടുവില്‍ ഷൂട്ടൗട്ടില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ തന്നെ കിരീടമണിഞ്ഞു. കളിയിലുടനീളം മികച്ച പാസുകളും പന്തടക്കവും കാഴ്ചവച്ച ചിലിക്കൊപ്പം തന്നെ അന്തിമജയവും നിന്നു. മെസിയും ഡി മരിയയും ഹിഗ്വയ്‌നും അഗ്വിറോയും ഉള്‍പ്പെട്ട അര്‍ജന്റൈന്‍ മുന്നേറ്റ നിരയെ ചിലി ഡിഫന്‍ഡര്‍മാര്‍ യഥാര്‍ത്ഥത്തില്‍ തളയ്ക്കുക തന്നെയായിരുന്നു. ഫൈനലില്‍ ഇരു ടീമുകളും 4-3-3 എന്ന ലൈനപ്പിലാണ് ഇറങ്ങിയത്.