പനാമയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ച് ചിലി ക്വാര്‍ട്ടറിലേക്ക്

ക്വാര്‍ട്ടറില്‍ ചിലി മെക്‌സിക്കോയെ നേരിടും

പനാമയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ച് ചിലി ക്വാര്‍ട്ടറിലേക്ക്

ഫിലാഡല്‍ഫിയ: ഇക്വര്‍ഡോ വര്‍ഗാസിന്റെയും അലെക്‌സിസ് സാഞ്ചസിന്റെയും ഇരട്ട ഗോളുകളില്‍ പനാമയ്‌ക്കെതിരെ ചിലിക്ക് രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ചിലി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. മെക്‌സിക്കോയെ ആകും ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ പനാമയുടെ മിഗായേല്‍ കാമര്‍ഗോ ചിലിയുടെ വല കുലുക്കിയെങ്കിലും ആ ലീഡിന് പത്തുമിനിറ്റിന്റെ ദൈര്‍ഘ്യമേ ഉണ്ടായുള്ളൂ. 15-ാം മിനിറ്റില്‍ ഇക്വര്‍ഡോ വര്‍ഗാസ് ആണ് ചിലിക്ക് ആശ്വാസമായ സമനിലഗോള്‍ നേടിയത്.


30 വാര അകലെ നിന്ന് കാമര്‍ഗോ തൊടുത്തുവിട്ട മിന്നല്‍ വേഗത്തിലുള്ള ഷോട്ട് തടയുന്നതിന് ചിലിയുടെ ഗോളി ബ്രാവോയ്ക്ക് കഴിഞ്ഞില്ല. കളിയുടെ തുടക്കത്തില്‍ പനാമയ്ക്ക് കിട്ടിയ ആശ്വാസം പിറന്നത് അങ്ങനെയാണ്. ആദ്യമിനിറ്റിലെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഉണര്‍ന്ന് കളിച്ച ചിലി 15-ാം മിനിറ്റില്‍ വര്‍ഗാസിലൂടെ സമനില കണ്ടെത്തി. മത്സരത്തിന്റെ ആദ്യപാദ ഇടവവേളയ്ക്ക് രണ്ടു മിനിറ്റ് ശേഷിക്കേ ചിലി ഫോര്‍വേഡ് വര്‍ഗാസ് വീണ്ടും വല കുലുക്കിയതോടെ ചാമ്പ്യന്‍മാര്‍ക്ക് ലീഡ്.

ഇടവേളയ്ക്ക് കളി അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയില്‍ ചിലിക്ക് അനുകൂലമായിരുന്നു. കളി പുനരാരംഭിച്ച് 50-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചെസിന്റെ വകയായിരുന്നു പനാമയ്ക്കുള്ള അടുത്ത പ്രഹരം. വര്‍ഗാസ് ഉയര്‍ത്തി നല്‍കിയ ഒരു അത്യുഗ്രന്‍ പാസ് സ്വീകരിച്ച് കിടിലന്‍ വോളിയിലൂടെ വലയ്ക്കുള്ളിലാക്കിയതോടെ ചിലി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.

75-ാം മിനിറ്റില്‍ അബ്ദിയേല്‍ അറോയോ പനാമയ്ക്ക് വേണ്ടി ചിലിയുടെ ഗോള്‍വല വീണ്ടും കുലുക്കി പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും 89-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസ് തന്റെ രണ്ടാം ഗോള്‍ കൂടി നേടി ചിലിയുടെ വിജയം ഉറപ്പാക്കി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വിജയം ചിലിക്കൊപ്പം. ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ ആകും ചിലി നേരിടുക.

Story by
Read More >>