വര്‍ഗീയതയ്ക്ക് വിത്തും വളവുമാകാന്‍ ഞാനില്ല, മതമുണ്ടെങ്കിലും മനുഷ്യനാണ്: ഷാഫി നവാസ്

അന്യ മതസ്ഥയില്‍ നിന്ന് വൃക്ക സ്വീകരിച്ചത് ബന്ധുക്കളില്‍ അവമതിപ്പുണ്ടാക്കിയെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് ഷാഫി നവാസ്. വൃക്ക ദാനം ചെയ്ത ലേഖ നമ്പൂതിരിയോട് നന്ദിയും കടപ്പാടുമുണ്ട്. ഇപ്പോള്‍ ഉയരുന്ന വാര്‍ത്തകള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. വൃക്ക ദാനത്തെ തുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെ കുറിച്ചു ഷാഫി നവാസ് നാരദ ന്യൂസിനോടു സംസാരിക്കുന്നു.

വര്‍ഗീയതയ്ക്ക് വിത്തും വളവുമാകാന്‍ ഞാനില്ല, മതമുണ്ടെങ്കിലും മനുഷ്യനാണ്: ഷാഫി നവാസ്

അഡ്വ. വി. ഗ്രീഷ്മ

പട്ടാമ്പി: അടക്കാനാകാത്ത ദുഃഖമുണ്ട്. കാര്യങ്ങള്‍ തുറന്നു പറയാതെ മരണത്തിനു കീഴടങ്ങേണ്ടി വന്നാല്‍ അത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേദനയുണ്ടാക്കും. പറയുന്നത് ഷാഫി നവാസ്. പാലക്കാട് വിളയൂര്‍ സ്വദേശി. വൃക്ക ദാനം ചെയ്ത ശേഷം രോഗാവസ്ഥയിലായ ലേഖ നമ്പൂതിരിയുടെ പരാമര്‍ശങ്ങളോടാണ് ഷാഫിയുടെ പ്രതികരണം. അന്യ മതസ്ഥയായ സ്ത്രീയില്‍ നിന്ന് വൃക്ക സ്വീകരിച്ചത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ അവമതിപ്പുണ്ടാക്കിയെന്ന വാര്‍ത്ത വന്നതോടെയാണ് ഷാഫി വീണ്ടും വേദനയുടെ ലോകത്തേക്ക് എത്തിയത്. വാര്‍ത്ത വ്യാജമാണെന്ന വിവരം വിളയൂരിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാമെങ്കിലും സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തതോടെ ഷാഫി 'വര്‍ഗ്ഗീയവാദിയായി'.


ലേഖ നമ്പൂതിരിയുടെ പ്രതികരണം മാത്രം വാര്‍ത്തയാകുമ്പോഴാണ് ഷാഫിക്ക് കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുന്നത്. വര്‍ഗ്ഗീയതയ്ക്ക് വിത്തും വളവുമാകാന്‍ ഞാനില്ലെന്ന് ഷാഫി നവാസ് പറയുന്നു. മതമുണ്ട് എന്നാല്‍ മനുഷ്യനാണ്. അന്യ മതസ്ഥയില്‍ നിന്ന് വൃക്ക സ്വീകരിക്കേണ്ടി വന്നതില്‍ ഒരു ദുഃഖവുമില്ല. അങ്ങനെയെങ്കില്‍ സ്വന്തം മതത്തില്‍നിന്നു തന്നെ വൃക്ക സ്വീകരിക്കാമായിരുന്നു. ലേഖാ നമ്പൂതിരിയോട് സ്നേഹവും ബഹുമാനവും കടപ്പാടുമുണ്ട്. വര്‍ഗീയ ചിന്തയും പ്രസ്താവനയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. വലിയ സന്ദേശമാണ് ലേഖാ നമ്പൂതിരി ചെയ്തത്. അതില്‍ മറ്റു വിഷയങ്ങള്‍ കടന്നുവന്നാല്‍ ഇപ്പോഴുള്ള രോഗികള്‍ക്ക് വൃക്ക ലഭിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുമെന്നും ഷാഫി പറയുന്നു.

ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ലേഖയാണെന്ന് വിശ്വസിക്കുന്നില്ല. സാമ്പത്തിക താല്‍പ്പര്യങ്ങളുള്ള സഹായികളാണ് അത്തരം പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും ഷാഫി പറയുന്നു. വൃക്ക സ്വീകരിച്ചതു മുതല്‍ ലേഖയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. നേരത്തെ ചികിത്സയ്ക്കായി എറണാകുളത്ത് പോകുമ്പോള്‍ ലേഖയെ കണ്ടിരുന്നു. ലേഖയും സുഹൃത്തുക്കളും നിരവധി തവണ വിളയൂരിലെ വീട്ടില്‍ വന്നിട്ടുണ്ടെന്നും വൃക്ക സ്വീകരിച്ച ശേഷം അവഗണിച്ചുവെന്നുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും ഷാഫി പറഞ്ഞു.

മതമല്ല പ്രശ്നം, ഇടനിലക്കാരാണ്. ലേഖയെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹമുണ്ടെന്ന് ഷാഫി പറയുന്നു. രണ്ടു പേരും ഒന്നിച്ചു കണ്ടാല്‍ തീരുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ വര്‍ഗ്ഗീയ ചിന്തകള്‍ക്കും അപ്പുറത്താണ് മനുഷ്യ സ്നേഹം. അതിനു മാത്രമാണ് വില നല്‍കുന്നത്. അന്യമതസ്ഥയില്‍ നിന്ന് വൃക്ക സ്വീകരിച്ചെന്ന തരത്തില്‍ ദൃശ്യ സാമൂഹിക മാധ്യമങ്ങള്‍ വഴിയുണ്ടായ തെറ്റിദ്ധാരണ നീക്കണമെന്ന ആഗ്രഹവും ഷാഫി പങ്കുവച്ചു.

വിളയൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഷാഫി ഏഴു വര്‍ഷം ഡയാലിസിസ് ചെയ്ത ശേഷമാണ് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വൃക്ക സ്വീകരിക്കാന്‍ തയ്യാറായത്. സുഹൃത്ത് മുഖേനയാണ് ലേഖ നമ്പൂതിരിയില്‍ നിന്ന് വൃക്ക സ്വീകരിക്കാന്‍ വഴിയൊരുങ്ങുന്നത്. അടുത്ത ബന്ധുക്കള്‍ അറിയാതെയാണ് വൃക്ക സ്വീകരിച്ചത്. അതു കൊണ്ടുതന്നെ വിവരം പുറത്തറിയാതിരിക്കാനും ശ്രമിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്.

ഭാര്യയും യു.കെ.ജി, എല്‍.കെ.ജി ക്‌ളാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഷാഫി. രോഗം ഭേദമാകുന്നതിന്റെ ആശ്വാസം വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ വന്നതോടെ ഇല്ലാതായി. സഹായത്തിന് കരിങ്ങനാട് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരുണ്ട്. വൃക്ക സംബന്ധമായ രോഗം ബാധിക്കുന്നതിനു മുന്‍പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന ഷാഫി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍.