ഉഡ്ത പഞ്ചാബും, സെന്‍സര്‍ ബോര്‍ഡും തമ്മില്‍..

മുംബൈ ഹൈക്കോടതി വിധിക്ക് ശേഷം ഉഡ്ത പഞ്ചാബിന്റെ സെന്‍സര്‍ഷിപ്പില്‍, ബോര്‍ഡ്‌ പ്രകടിപ്പിച്ചത് അപക്വമായ രാഷ്ട്രീയ വിചാരങ്ങള്‍ ആയിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല

ഉഡ്ത പഞ്ചാബും, സെന്‍സര്‍ ബോര്‍ഡും തമ്മില്‍..

'ഉഡ്ത പഞ്ചാബ്' എന്ന ഹിന്ദി സിനിമയുടെ നിർമ്മാതാക്കളും, സെൻസർ ബോർഡും തമ്മിലുള്ള തർക്കം ബോംബേ ഹൈക്കോടതിയുടെ വിധിയോടു കൂടി അവസാനിച്ചെന്നു കരുതാം. ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സിനിമയുടെ ലോകവും കടന്നു രാഷ്ട്രീയത്തിന്റെ നിഴലിൽ ചർച്ച ചെയ്യപ്പെടുവാൻ തുടങ്ങിയപ്പോഴാണ് മാധ്യമങ്ങൾ ഈ വിഷയത്തിൽ അധികമായി ശ്രദ്ധ പതിപ്പിച്ചത്. നാളിതുവരെ ഉഡ്ത പഞ്ചാബിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതു?

മെയ് മാസത്തിന്റെ ഒടുവിൽ പതിവ് വാർത്ത പോലെ ഒരു ഹിന്ദി ചലചിത്രത്തിൽ സെൻസർ ബോർഡിന്റെ ഇടപ്പെടലുകൾ വാര്‍ത്തകളില്‍  പ്രത്യക്ഷപ്പെട്ടു. ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിൽ മയക്കുമരുന്നുകളുടെ അമിതോപയോഗം ചിത്രീകരിച്ചിരിക്കുന്നു എന്നു കാണിച്ചാണ് സെൻസർ ബോർഡ് ചില നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടത്. ഒരു ഗാനരംഗമുൾപ്പടെ 40 രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ചിത്രത്തിന്റെ നിർമ്മാതാക്കളോടു ആവശ്യപ്പെട്ടു. തുടർന്ന് ചിത്രം റിവ്യൂ കമ്മിറ്റിയ്ക്ക് അയച്ചു നൽകി. ചിത്രം നിരോധിക്കപ്പെട്ടു എന്ന വാർത്ത പരക്കുന്നതങ്ങനെയാണ്.


ഉഡ്ത പഞ്ചാബിന്റെ സഹ - നിർമ്മാതാവായ അനുരാഗ് കശ്യപ് ഇതിനു വ്യക്തതയുമായി രംഗത്തെത്തി. ചിത്രം നിരോധിക്കപ്പെട്ടിട്ടില്ലെന്നും, സെൻസർ ബോർഡിന്‍റെ  അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയുമാണ് എന്ന് കശ്യപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് കശ്യപ് തന്റെ പ്രതിരോധം ട്വിറ്ററിലേക്ക് മാറ്റി. ഉഡ്ത പഞ്ചാബിൻ മേൽ ആരോപിക്കപ്പെടുന്നതു പോലെ ഇത് ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിത്രമല്ല എന്ന് കശ്യപ് അവകാശപ്പെട്ടു. സെൻസർ ബോർഡ് തലവൻ നീലാനിക്കെതിരെയായിരുന്നു കശ്യപിന്റെ അമർശം മുഴുവൻ.

പഞ്ചാബിനെ കുറിച്ചും, അവിടെയുള്ള നഗരങ്ങൾ, അതിന്റെ രാഷ്ട്രീയം, തിരഞ്ഞെടുപ്പ് എന്നിവയെ കുറിച്ചെല്ലാമുള്ള പരാമർശങ്ങളും ഒഴിവാക്കി 89 രംഗങ്ങൾ ഒഴിവാക്കണമെന്നായിരുന്നു റിവ്യൂ കമ്മിറ്റിയുടെ നിർദേശം. നീലാനി ഒരു സ്വേച്ഛാധിപതിയെ പോലെ നടിക്കുന്നു എന്ന് അനുരാഗ് കശ്യപ് തുറന്നടിക്കുന്നതപ്പോഴാണ്.

ഉയരുന്ന പഞ്ചാബ്, നോട്ടമിട്ടു ആം ആദ്മി എന്ന ആരോപണം 

ഇതിനു മറുപടിയെന്നോണം സെൻസർ ബോർഡ് തലവന്റെ പ്രതികരണം രാഷ്ട്രീയമായ ഒരു ഒളിയമ്പിലൂടെയായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ആം ആദ്മി പാർട്ടി പണം നൽകിയെന്നായിരുന്നു നീലാനിയുടെ ആരോപണം.

" അനുരാഗ് കശ്യപ് ആം ആദ്മിയോടു പണം കൈപറ്റിയെന്നു ഞാൻ കേട്ടു. പഞ്ചാബിനെ മോശമായി ചിത്രീകരിക്കുവാനുള്ള ശ്രമമാണ് ചിത്രത്തിലുള്ളത്".. നീലാനി പറഞ്ഞു. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഈ സാഹചര്യത്തിൽ, ബി.ജെ.പി പിന്തുണയ്ക്കുന്ന സർക്കാറിനെ പ്രതിരോധത്തിലാക്കുകയാണ് ചിത്രം ചെയ്യുന്നതെന്നും, തന്മൂലമാണ് ആം ആദ്മി പാർട്ടിയുടെ ഇടപെടൽ എന്നും നീലാനി പറയാതെ പറഞ്ഞു.

ഹിന്ദി ചലചിത്രലോകത്തെ ഈ  തർക്കത്തിനു അപ്രതീക്ഷിതമായി രാഷ്ട്രീയ ചതുരംഗത്തിലെ കരു നീക്കത്തിന് സമാനമായ ആവേശമുണ്ടായത് പെട്ടെന്നാണ്.

"ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിനു സെൻസർ ബോർഡ് വിലങ്ങുതടിയാകുന്നു. മോഡി ഭരണത്തിൽ മറ്റെന്ത് പ്രതീക്ഷിക്കാനാണ്. എന്തു ഭക്ഷിക്കണമെന്നും, സംസാരിക്കണമെന്നും, വായിക്കണമെന്നും കാണണമെന്നും ആർ.എസ്.എസ് തീരുമാനിക്കും. ഭയാനകമായ സാഹചര്യമാണ് ഇത്."എന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രതികരണം.

ഒഴിവാക്കേണ്ട രംഗങ്ങളുടെ ഔദ്യോഗിക പട്ടിക സെൻസർ ബോർഡ് രേഖാമൂലം നൽകിയിട്ടില്ലാത്തതിനാൽ കോടതിയെ സമീപിക്കുവാനുള്ള തടസ്സത്തെ കുറിച്ചും കശ്യപ് സോഷ്യല്‍  മീഡിയയിൽ കുറിച്ചു. എന്നാൽ, നിർമ്മാതാക്കൾ സ്വയം ആ പട്ടിക വന്നു കൈപറ്റാതെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങളെ തേടി പോകുകയാണ് എന്നു നീലാനിയും മറുപടി നൽകി.

നിയമ പോരാട്ടം.

വിവാദങ്ങൾ ചിത്രത്തിന്റെ റീലിസിൽ നിന്നും വഴിമാറി പോകുന്നതറിഞ്ഞു ഉഡ്ത പഞ്ചാബിന്റെ നിർമ്മാതാക്കൾ പിന്നീടു കോടതിയെ സമീപിച്ചു. ഒഴിവാക്കേണ്ട ഭാഗങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച സെൻസർ ബോർഡിന്റെ ഔദ്യോഗിക അറിയിപ്പ് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചത്.

സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി, ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖയിൽ പക്ഷെ 13 രംഗങ്ങളിൽ മാത്രമാണ് തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നത്. മുൻപ് 89 ഭാഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നിടത്താണ് സെൻസർ ബോർഡിന്‍റെ ഈ മലക്കം മറിച്ചിൽ.

തുടർന്ന് കോടതി വാദം കേട്ടു. ചിത്രത്തിൽ നിന്നും പഞ്ചാബിന്റെ പേര് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത് ഏതു സാഹചര്യത്തിലാണെന്നു കോടതി ആരാഞ്ഞു. ഗോ ഗോവാ ഗോൺ (Go, Goa,Gone) എന്ന ചിത്രത്തിന്റെ പേരും കോടതി പരാമർശിച്ചു. ചലചിത്രങ്ങൾക്ക് അവയുടെ ഉള്ളടക്കമനുസരിച്ച് സർട്ടിഫിക്കേറ്റ് നൽകുവാനുള്ള അധികാരം മാത്രമേ സെൻസർ ബോർഡിനുള്ളൂ എന്നും, അവയിലെ രംഗങ്ങൾ ഒഴിവാക്കണമെന്നു നിർദ്ദേശിക്കുവാൻ കഴിയില്ലെന്നും കോടതി സൂചിപ്പിച്ചു. ആളുകൾക്ക് താൽപര്യമില്ലാത്ത രംഗങ്ങൾ വരുമ്പോൾ അവർ റിമോട്ട് ഉപയോഗിച്ചു ചാനൽ മാറ്റും എന്നും കോടതി പരിഹാസരൂപേണ പറഞ്ഞു.

ഒടുവില്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി വിധിയും വന്നു. ഒരു രംഗം മാത്രം ഒഴിവായി, ചിത്രം റീലീസിന്.അണിയറയിലെ കടമ്പകൾ കടന്നു ഉഡ്ത പഞ്ചാബ് ഇനി വെള്ളിത്തിരയിലേക്ക്..ശേഷം സ്ക്രീനിൽ !